വീഴ്ചകള്‍ ആത്മവിമര്‍ശനത്തിനൊരവസരം
ഒരു സീറോ മലബാര്‍ സഭയുടെ സന്താനം എന്ന് ഏറ്റവും കൂടുതല്‍ അഭിമാനിച്ചിരുന്ന ഞാന്‍ അതേ കാരണത്താല്‍ ഏറെ വേദനിക്കുന്നു. ഇത് എന്റെ മാത്രം വികാരമല്ലെന്നെനിക്കുറപ്പുണ്ട്. റോമില്‍ വത്തിക്കാനില്‍ നിന്നധികം ദൂരെയല്ലാതെ ഒരു മാദ്ധ്യമകാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഒരു പുരോഹിതനാണ് ഞാന്‍. ആദ്യമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ നിന്നാരംഭിച്ച വഴിവിട്ട ഒരു ചര്‍ച്ച അതിന്റെ തരംഗങ്ങള്‍ ലോകമെല്ലായിടത്തും ഉയര്‍ത്തിക്കഴിഞ്ഞു. നമ്മള്‍ വാര്‍ത്തകള്‍ വായിക്കുന്നുണ്ട്, റോമില്‍ നിന്ന്, യൂറോപ്പിലെ മറ്റ് മാദ്ധ്യമങ്ങളില്‍ നിന്ന്, അമേരിക്കയില്‍ നിന്ന്, കാനഡയില്‍ നിന്ന്, ലാറ്റിനമേരിക്കയില്‍ നിന്ന്...ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്തയിലെ പ്രധാന വ്യക്തി ആഗോള കത്തോലിക്കാ സഭയിലെ ജീവിച്ചിരിക്കുന്ന 216 കര്‍ദ്ദിനാളന്മാരില്‍ ഒരാള്‍. മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. പ്രശ്‌നം സാമ്പത്തിക തിരിമറി. വാര്‍ത്തകള്‍ കൈമറിഞ്ഞ് 10 മില്യണ്‍ യു. എസ്. ഡോളറിന്റെ ക്രമക്കേട് കാണിച്ച വ്യക്തിയായി ലോകമാധ്യമങ്ങള്‍ ഈ മനുഷ്യനെ ഇകഴ്ത്തിക്കാട്ടുന്നു. (Crux, March 7, 2018, Catholic Herald UK, March 8, 2018, National Cathoci Reporter, Kansas, March 8, 2018, Gulf News, March 6, 2018...etc). വാര്‍ത്തയുടെ വസ്തുതാപരമായ വശങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് മലയാളികളും, കേരളസഭയും കാണുകയും കേള്‍ക്കുകയും ചെയ്ത ദിവസങ്ങളാണ് കടന്നു പോയത്. സാമ്പത്തികതിരിമറിയുടെ ആരോപണത്തില്‍ തകര്‍ന്നടിഞ്ഞത് ഏത്ര കോടികള്‍ കൊടുത്താലും തിരിച്ചെടുക്കാന്‍ കഴിയാത്ത ആത്മാഭിമാനമാണ്. മുറിപ്പെട്ടത് ഏത്ര ധ്യാനങ്ങള്‍ നടത്തിയാലും കുര്‍ബാനകള്‍ ചൊല്ലിയാലും ഭേദമാക്കാന്‍ കഴിയാത്ത ഹൃദയങ്ങളാണ്. ഇവിടെ ചില മനുഷ്യരുടെ വിവേകമില്ലായ്മയും അനാരോഗ്യകരമായ ഇടപെടലും കൊണ്ട് തകര്‍ക്കപ്പെട്ടത് ഒരു രൂപതയുടെ മുഖമോ, സഭയുടെ മുഖമോ മാത്രമല്ല, ക്രിസ്തുവിന്റെ മുഖമാണ്. കൊടിപിടിക്കുകയും പരസ്പരം ചെളിവാരിയെറിയുകയും ചെയ്ത സഭാനേതാക്കന്മാരും, വൈദികരും, അല്മായ നേതാക്കന്മാരും അതില്‍ നിന്ന് കോടി ലൈക്കുകളും ഒരൂപാട് ചാനല്‍ റേറ്റിംഗും ഉണ്ടാക്കാന്‍ മത്സരിച്ച മാധ്യമപ്രവര്‍ത്തകരും നില കൊള്ളുന്നത് ആര്‍ക്കുവേണ്ടിയാണ്?

ഇന്നലെ (മാര്‍ച്ച് 9) കുറച്ചു വൈദികര്‍ പൊതുനിരത്തിലൂടെ നടത്തിയ പ്രകടനം, നമ്മെ വേദനിപ്പിക്കുക തന്നെ ചെയ്തു. ക്രിസ്തിയ മുഖം ലോകത്തിനു കാണിച്ചു കൊടുക്കേണ്ട ആത്മീയപാലകര്‍ വെളിവാക്കിയത് ആത്മീയ നേതൃത്വങ്ങള്‍ക്കിടിയില്‍ വേരുപിടിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്റെ വിലപേശല്‍ സംസ്‌കാരമാണ്. കാലങ്ങള്‍ക്കു മുന്‍പ് ശരീരം വിറ്റ് ജീവിച്ച ഒരു സ്ത്രീ പിടിക്കപ്പെട്ട് കല്ലെറിയപ്പെടാന്‍ ജനക്കൂട്ടത്തിനിടിയിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ അവളുടെ ആത്മാഭിമാനത്തെ പുനരുദ്ധരിച്ച് 'നിങ്ങളില്‍ പാപമില്ലാത്തവര്‍ ഇവളെ കല്ലെറിയട്ടെ' എന്ന വചനങ്ങള്‍ കൊണ്ട് മനുഷ്യകുലത്തെ ചിന്തിപ്പിച്ചവന്‍ ഇവിടെ പക്ഷേ പരാജയപ്പെട്ടു പോയി. സാമ്പത്തികക്രമക്കേടിന്റെ പേരില്‍ സഭാതലവനെ ഇത്രമേല്‍ കല്ലെറിയാന്‍ ഒരു ക്രമക്കേടും കാണിക്കാത്ത ആരെങ്കിലും നമ്മുടെ ഇടയിലുണ്ടോ? തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടതില്ലെന്നു പറയുന്നില്ല. തെറ്റു പറ്റിയെന്നു സമ്മതിച്ചതിനുഷശേഷം, അതിലുമുപരി ആത്മാഭിമാനത്തിന്റെ സകല വസ്ത്രങ്ങളും വലിച്ചു കീറിയതിനുശേഷം വീണ്ടും സ്ഥാനം കൊണ്ട് പിതാവായ ഒരു വയോധികനെ പരസ്യമായി വിചാരണചെയ്യുകയും മാധ്യമങ്ങളിലൂടെ ആക്രമിക്കുകയും ചെയ്യുന്നതിനെ ഹിംസയെന്നല്ലാതെ മറ്റെന്താണ് പറയേണ്ടത്? ഇദ്ദേഹത്തെ നിഷ്‌കാസനം ചെയ്താല്‍ തീരുന്നതാണ് പ്രശ്‌നമെങ്കില്‍, നാളെ ഉദയം ചെയ്യപ്പെടുന്നത് പുതിയൊരു കീഴ് വഴക്കമായിരിക്കും. ഒരോ രൂപതയിലെയും പ്രശ്‌നങ്ങള്‍ പൊതുവേദികളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയും മെത്രാന്‍മാര്‍ നിഷ്‌കാസിതരാവുകയും ചെയ്യും, ഓരോ ഇടവകയിലെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ഇടവകക്കാര്‍ കൊടിപിടിക്കുമ്പോള്‍ വൈദികര്‍ സ്ഥലം മാറ്റപ്പെടുകയോ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയോ ചെയ്യും, വിശ്വാസപരിശീലനത്തിന് നിര്‍ബന്ധിക്കുകയും അതില്‍ പരാജയപ്പെടുകയും ചെയ്യന്ന അപ്പനമ്മമാര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടും. അത് ശരിയാണന്നല്ലേ നമ്മില്‍ ചിലര്‍ പറയാതെ പറഞ്ഞുവെയ്ക്കുന്നത്? മാര്‍ച്ച് ഒന്‍പതിന് മനോരമ ന്യൂസില്‍ മാധ്യമപ്രവര്‍ത്തകനായ ജേക്കബ് ജോര്‍ജ് പറഞ്ഞത് എത്ര സത്യമാണ്. 'ദൈവവചനം പറയേണ്ട പുരോഹിത ശ്രേഷഠന്മാര്‍, കാര്യങ്ങള്‍ കുഞ്ഞാടുകളെ വചനം പഠിപ്പിക്കാന്‍ ബാധ്യതപ്പെട്ടവര്‍, അവരാണ് തെരുവിലിറങ്ങി, ഗോ, ഗോ, വിളിച്ചത് എന്നു പറയുമ്പോള്‍, നമ്മള്‍ മലയാളിസമൂഹം നാണിച്ചു പോവുകയല്ലേ? നാണമില്ലാതെ, സ്വന്തം സമുദായത്തെക്കുറിച്ചഭിമാനമില്ലാതെ, അതിന്റെ അന്തസ്സിനെക്കുറിച്ച് ബോധമില്ലാതെ, സ്വന്തം വിഴുപ്പലക്കുമ്പോള്‍ നമ്മളൊക്കെ നാണം കെട്ട് നോക്കി നില്‍ക്കുകയല്ലേ? എന്താണ് ഇവരു പറയുന്നത്, ഈ വെള്ളക്കുപ്പായത്തിനുള്ളിലെ ജീര്‍ണത ഇവര്‍ പുറത്തു കൊണ്ടുവരികയല്ലേ?' ഇങ്ങനെയൊന്നും സംഭവിക്കരുതായാരുന്നു. ജേക്കബ് ജോര്‍ജ് പറയുന്നതില്‍ കാര്യമുണ്ട്. കാരണം വസ്തുതകളെ അല്പം മാറിനിന്നു വീക്ഷിക്കുമ്പോഴേ, കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാട് ഉണ്ടാവുകയുള്ളൂ. സാമ്പത്തിക ഇടപാട് ഒരു രൂപതയുടെ മാത്രം പ്രശ്‌നമായിരിക്കാം. പക്ഷേ അതിന്റെ പേരില്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ ഇപ്പോള്‍ ഒരു രൂപതയുടെ മാത്രം പ്രശ്‌നമല്ല. ഇതിനെ മാധ്യമങ്ങളിലൂടെ ലോകം മുഴുന്‍ എത്തിച്ചത് അത് ലോകം ഏറ്റെടുക്കാനായിരുന്നല്ലോ. ഒരു കര്‍ദ്ദിനാളോ, കുറെ മെത്രാന്മാരോ, ഒരു രൂപതയോ, കുറെ വൈദികരോ, അല്ല സീറോ മലബാര്‍സഭ. ഇതിനു ചോരയും നീരും നല്‍കി അതിന്റെ ശരീരമായി നില്‍ക്കുന്ന അമ്പതു ലക്ഷത്തോളം വരുന്ന വിശ്വാസികളുണ്ട്. ഈ സമൂഹത്തെ ആദരവോടും സ്‌നേഹത്തോടും വീക്ഷിക്കുന്ന മലയാളി സമൂഹവും, ആഗോളകത്തോലിക്കാസഭയുമുണ്ട്. ഇപ്പോള്‍ സഭയുടെ ആന്തരികപ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന മലയാളി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വൈദികരെ എല്ലാക്കാര്യങ്ങളിലും ആശ്രയിച്ചു നിലകൊണ്ടിരുന്ന ലളിതഹൃദയനും അറിവുകുറഞ്ഞവനുമായ വ്യക്തിയല്ല. പല കാര്യങ്ങളിലും ഇന്നത്തെ വൈദികരെക്കഴിഞ്ഞും അറിവും പ്രായോഗികജ്ഞാനവും പക്വതയമുള്ള സമൂഹമാണ് മാധ്യമങ്ങളിലൂടെ കാര്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്നതും അഭിപ്രായം പറയുന്നതും. അവര്‍ സഭയെ സ്‌നേഹിക്കുന്നത് ക്രിസ്തുവിനെ, അവന്റെ പഠിപ്പിക്കലുകളെ ഇഷ്ടപ്പെടുന്നതുകൊണ്ടും അവന്റെ വാക്കുകളില്‍ വിശ്വസിക്കുന്നതുകൊണ്ടുമാണ്. വാചകക്കസര്‍ത്തുകള്‍കൊണ്ട് സഭയെ പുനരുദ്ധരിക്കാന്‍ കഴിയില്ല. ക്രിസ്തുവിന്റെ മൂല്യവ്യവസ്ഥകള്‍ പാലിക്കുന്നതിലൂടെ മാത്രമേ അതിനു കഴിയൂ.

ഈ നാളുകളിലെ മാധ്യമവിചാരണകളും വാര്‍ത്തകളും സാധാരണവിശ്വാസികളിലുണര്‍ത്തുന്ന ചില ആശങ്കകളുണ്ട്. സീറോ മലബാര്‍സഭയുടെ യഥാര്‍ത്ഥ ഭരണസംവിധാനം എന്താണ്? ആര് ആരെയാണ് അനുസരിക്കണ്ടത്? സിനഡാണ് സീറോമലബാര്‍സഭയുടെ അവസാനവാക്ക് പറയേണ്ടതെങ്കില്‍ എന്തു കൊണ്ട് സിനഡും മെ്ത്രാന്‍മാരും ഈ പ്രശ്‌നത്തില്‍ മൗനം പാലിക്കുന്നു? സിനഡിലെടുക്കുന്ന തീരുമാനങ്ങള്‍ സഭയില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ സഭാമക്കള്‍ എന്തിന് സഭാനേതൃത്വത്തെ അനുസരിക്കണം? ഇതൊന്നും അത്ര എളുപ്പത്തില്‍ അവഗണിച്ച് തള്ളാവുന്ന ചോദ്യങ്ങളല്ല. ഇവയെ ഗൗരവമായി സമീപിക്കുകയും വിശ്വാസ്യമായ ഒരു ഭരണസംവിധാനം സഭയില്‍ രൂപപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ കെട്ടുറപ്പും ഐക്യവുമില്ലാത്ത സീറോമലബാര്‍സഭ ഗൗരവമായ പ്രതിസന്ധികളിലേയ്ക്ക് കൂപ്പുകുത്തും. ഒരു സഭാതലവനെ ഏതാനും ചില വ്യക്തികള്‍ക്ക് മുള്‍മുനയില്‍ നിര്‍ത്താമെങ്കില്‍, സമയോചിതമായി പ്രശ്‌നപരിഹാരങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഭയുടെ അധികാരസംവിധാനങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ എന്തെങ്കിലുമൊക്കെ അഴിച്ചു പണികള്‍ക്ക് നാം വിധേയരാവേണ്ടതുണ്ട്. ആലഞ്ചേരി പിതാവ് വ്യക്തിപരമായി കുറവുകളുള്ള വ്യക്തിയായിരിക്കാം. ഒരു പക്ഷേ സ്വന്തം വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ട് ചിലരെയെങ്കിലും അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടാവാം. പക്ഷേ സഭാതലവനെന്ന അദ്ദേഹത്തിന്റെ സ്ഥാനം സിനഡ് അദ്ദേഹത്തില്‍ നിക്ഷേപിച്ചതാണ്. അതുകൊണ്ട് ഈ പ്രതിസന്ധി പരിഹരിക്കേണ്ട ഉത്തരവാദിത്വം സീറോമലബാര്‍ സിനഡിനുണ്ട്. അത് ഒരു ആഭ്യന്തരപ്രശ്‌നം മാത്രമല്ല. ലോകമെങ്ങും ചിതറിക്കിടക്കുന്ന സീറോമലബാര്‍സഭാവിശ്വാസികളോടുള്ള ധാര്‍മിക ഉത്തരവാദിത്വം കൂടിയാണ്. സ്ഥാപനവത്കരിക്കപ്പെട്ട് ആത്മീയനിലപാടുകള്‍ നഷ്ടമായ സഭയുടെ മെലിഞ്ഞുണങ്ങിയ രൂപമാണ് ഇന്ന് നാം കാണുന്നത്. പ്രശ്‌നകലുഷിതമായ സഭയുടെ നിലവിളികളാണ് അതിനുള്ളിലെ ജീര്‍ണതകളും വീഴ്ചകളും. ദുഖിതന്റെയും ദരിദ്രന്റെയും പാപികളുടെയും പക്ഷം പിടിച്ച് ലോകദൃഷ്ടിയില്‍ പരാജിതനായി കടന്നുപോയ ദരിദ്രനായ ക്രിസ്തുവന്റെ സംസ്‌കാരം നമുക്ക് തിരിച്ച് പിടിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പു തരില്ല.

ഈ കാലഘട്ടത്തില്‍ നാം മറക്കരുതാത്ത ഒരു കാര്യമുണ്ട്. പണ്ടത്തേക്കാള്‍ അധികമായി നമ്മളെല്ലാവരും മറ്റുള്ളവരാല്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന കാര്യം. ഒരു മിഴിയനക്കത്തില്‍ നിന്ന് പോലും ഇന്ന് മനുഷ്യന് പരസ്പരം മനസ്സിലാക്കാന്‍ കഴിയും. മനുഷ്യന്റെ വാക്കും നോട്ടവും പണ്ടത്തേക്കാള്‍ എത്രയോ അധികമായി വിലയിരുത്തപ്പെടുന്ന ആധുനികമാധ്യമസംസ്‌കാരത്തില്‍ എഴുതപ്പെടുന്നതോ പറയപ്പെടുന്നതോ അല്ല ഭാഷ. അതിനെല്ലാം ഇടയിലൂടെ കാണപ്പെടുന്നതാണ്. വാക്കുകള്‍ക്കും മുന്‍പേ നാം എന്താണ് എന്നത് ലോകം തിരിച്ചറിയുന്നുണ്ട്. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിന്റെ നിറവില്‍ നിന്ന് നന്മപുറത്തെടുക്കുന്നു. ചീത്ത മനുഷ്യനോ തിന്മയും. സ്‌നേഹത്തിന്റെയും, അനുസരണത്തിന്റെയും ക്ഷമയുടെയും, ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും ഭാഷ ആത്മീയ നേതൃത്വങ്ങളില്‍ നിന്ന് വരുന്നില്ലെങ്കില്‍ വിശ്വാസികളില്‍ നിന്ന് അത് ഒരിക്കലും പ്രതീക്ഷിക്കരുത്. എല്ലാവരും ആഗ്രഹിക്കുന്നത് സ്‌നേഹവും ക്ഷമയും വിട്ടുവീഴ്ചയുമാണ്. അത് വാക്കുകളിലല്ല, പ്രവൃത്തിയിലാവണം. അല്ലെങ്കില്‍ വിശ്വാസികള്‍ സംഘടിത മതത്തില്‍ നിന്ന് അകലം പാലിക്കുന്ന കാലം വിദൂരമല്ല. മുറിപ്പെടുത്തിയും, ചവിട്ടിത്താഴ്ത്തിയും നമുക്ക് എന്താണ് നേടാന്‍ കഴിയുക?

ഇത് തെറ്റുകള്‍ പറ്റാത്തവരുടെ ലോകമല്ല. തെറ്റുകള്‍ പറ്റുന്നവരൂടേതാണ്. ക്രിസ്തുമതം ശത്രുവിനോടു പോലും ക്ഷമിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളുടെ കൂട്ടായ്മയാണ്. തനിക്കുപോലും ഇപ്പോഴും തെറ്റുപറ്റാറുണ്ടെന്നു പറഞ്ഞ് എളിമപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മാതൃകയിലൂടെ നമ്മോടാവശ്യപ്പെടുന്നത് എളിമപ്പെടാനാണ്. ലോകദൃഷ്ടിയില്‍ മാനുഷികഭാഷയില്‍ പരാജിതനായിരുന്നു ക്രിസ്തു. ലോകത്തിന്റെ നേട്ടങ്ങളുടെ പിന്നാലെ പോകരുതെന്ന് പഠിപ്പിച്ച ക്രിസ്തുവിന്റെ സഭയ്ക്ക് തെറ്റുപറ്റുന്നില്ലേ. ദരിദ്രരോടും ദുഖിതരോടും പാപികളോടും പക്ഷം ചേര്‍ന്ന ക്രിസ്തുവിനെ സഭയില്‍ കണ്ടെത്താന്‍ ലോകത്തിനു കഴിയുന്നുണ്ടോ? ഈ ചോദ്യങ്ങളൊക്കെ ആത്മാര്‍ത്ഥമായി ചോദിക്കാന്‍ നമ്മുടെ ഈ സമൂഹത്തിന്റെ വീഴ്ചകളെ നമുക്ക് അവസരമായിട്ടെടുക്കാം. ഒരു വ്യക്തിയെയും പരാജയപ്പെടുത്തി വിജയിക്കാന്‍ ക്രിസ്തു നമ്മെ പഠിപ്പിച്ചിട്ടില്ല, തിന്മയെയല്ലാതെ. ഇത് നമുക്കെല്ലാം ശരിയായ ഒരു വിചിന്തനത്തിനും തീരുമാനങ്ങള്‍ക്കുമള്ള സമയമാാണ്. ഈ നോമ്പുകാലത്ത് ഒരു പക്ഷേ ഇങ്ങനെയൊക്കെ സംഭവിക്കേണ്ടിയിരിക്കാം. നമ്മുടെ തന്നെ വീഴ്ചകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ദൈവം നല്‍കുന്ന കൃപ ഈ അവസരത്തില്‍ വിനിയോഗിച്ചാല്‍ വേദനകളില്‍ നിന്നുരുത്തിരിയുന്ന വികാരങ്ങളെ മഹത്വത്തിനുപകരിക്കത്തക്ക രീതിയില്‍ നമുക്ക് പരിണമിപ്പിക്കാം

ഫാ. ബിജു മഠത്തിക്കുന്നേല്‍, സി. എസ്. എസ്. ആര്‍
 

 



 Latest Updates - More Articles
 
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ?
യുഗാന്ത്യത്തെക്കുറിച്ച് ഒരു വിശ്വാസി ഭയപ്പെടണമോ? പലപ്പോഴും യുഗന്ത്യത്തെക്കുറിച്ചു പറയുമ്പോൾ ചിരിക്കുന്നവരെയും കളിയാക്കുന്നവരെയും കണ്ടിട്ടുണ്ട്. യേശുവിന്റെ രണ്ടാമത്തെ ആഗമനം എന്നു പറഞാൽ... ....
 
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന
പത്ത് കൊമ്പും ഏഴു തലയുമുള്ള കടലിൽ നിന്ന് കയറി വരുന്ന മൃഗം - ഫ്രീമേസൺ സംഘടന   കടലില്‍നിന്നു കയറിവരുന്ന ഒരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളി... ....
 
വ്യാഘ്ര തുല്യമായ മൃഗം - ഫ്രീമേസണിനെക്കുറിച്ചു പരിശുദ്ധ അമ്മയുടെ വെളിപ്പെടുത്തലുകൾ - ജൂൺ 13
വെളിപാട് പുസ്തകത്തിലെ ചുവന്ന സർപ്പം മാർക്സിസ്റ്  കമ്യൂണിസമാണെങ്കിൽ കറുത്ത മൃഗമാകട്ടെ മിണ്ടവേദമെന്നറിയപ്പെടുന്ന ഫ്രീമേസൺ  സംഘടനയാണ്. സർപ്പം അതിന്റെ ശക്തിയുടെ വമ്പലം പ്രകടമാക്കുമ്പോൾ കറുത്ത... ....
 
അബദ്ധ സിദ്ധാന്തത്തെ സഹായിക്കുന്നതിന് വേണ്ടി സുവിശേഷത്തെ ഒറ്റിക്കൊടുത്ത എന്റെ ഈ വൈദീക പുത്രന്മാർ
ജൂലൈ 29, 1973  സന്ദേശം 8 നമ്മുടെ ദിവ്യനാഥാ വൈദീകരോട് സംസാരിക്കുന്നു എന്ന പുസ്തകത്തിൽ നിന്ന്. ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ മാർക്സിസത്തിന്റെ ഗുരുതരവും പൈശാചികവുമായ അബദ്ധ സ... ....
 
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക
ഈശോമിശിഹാ സ്ഥാപിച്ച ഏക സത്യസഭയെ തിരിച്ചറിയുക: ക്രിസ്തുവിൻറെ അനുയായികളെ ശക്തമായും കിരാതമായും നിർമാർജനം ചെയ്തിരുന്ന റോമാ സാമ്രാജ്യത്തിന്റെ ചക്രവർത്തിമാരിൽ (എ ഡി 64 ൽ നീറോ ചക്രവർത്തി ആരംഭിച്ച മത മർദ്ദ... ....
 
മരിയ ഭക്തിയുടെ രഹസ്യം ഫുൾട്ടൻ ജെ ഷീനിന്റെ ജീവിതാ നന്ദംഎങ്ങനെ കണ്ടെത്താം എന്ന പുസ്തകത്തിൽ നിന്നും
ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്ത... ....
 
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ
മലാക്കി പ്രവാചനങ്ങളെക്കുറിച്ചു ഫുൾട്ടൻ ജെ ഷീൻ അറിയപ്പെട്ട സുവിശേഷ പ്രഘോഷകനും കത്തോലിക്ക സഭയിലെ ഒരു മെത്രാനുമായിരുന്ന ഫുൾട്ടൻ ജെ ഷീൻ എഴുതിയ "മണ്പാത്രത്തിലെ നിധി" എന്ന ആത്മകഥയിൽ മലാക്കി പ്രവാചനത്തി... ....
 
അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതിങ്കൽ അച്ചന്
  ക്രിസ്തുവിൽ പ്രിയരേ, അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറായ ബഹു. സേവ്യർഖാൻ വട്ടായിലച്ചന്റെയും സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ബഹു. ബിനോയി കരിമരുതി ങ്കൽ അച്ചന്റെയും നേ... ....
 
റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീകരിക്കുന്ന " കത്തോലിക്ക സഭ " ഏപ്രിൽ 2018 ലക്കം) ദൈവവചനത്തിന് എതിരാണ്
വിഗ്രഹാർപ്പിത ഭക്ഷണം ഭക്ഷിക്കാമെന്നും കത്തോലിക്ക സ്ത്രീകൾ പൊട്ട് കുത്തുന്നതിൽ മാരക പാപമായി കാണേണ്ടതില്ലെന്നും പറഞ്ഞു കൊണ്ടുള്ള റവ ഡോക്ടർ ഡെന്നി താണിക്കലച്ചന്റെ ലേ ഖനം ( തൃശ്ശൂർ അതിരൂപത പ്രസിദ്ധീക... ....
 
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം
ഭാരതകത്തോലിക്കാ സഭയുടെ ശ്ലൈഹിക ഉത്ഭവം - ഡോ. ജോസഫ് കൊല്ലാറ (സഭാചരിത്ര പണ്ഡിതന്‍) സമൂഹത്തിന്റെ ഗതകാലസംഭവങ്ങളെക്കറിച്ചുളള ഓര്‍മ്മയാണ് ചരിത്രം. ഓര്‍മ്മ നഷ്ടപ്പെട്ടയാള്‍ക്ക് താന്‍ ... ....
More Articles

Ocat Ads

Home    |   Contact Us    |   Read Books    |   Articles
Kerala.myparish.net | Powered by myparish.net, A catholic Social Media