Home | Community Wall | 

Kerala.myparish.net
Posted On: 02/10/18 14:00

 

അവിശ്വസനീയവും ഉൾക്കൊള്ളാനാവാത്തതുമായ സംഭവ വികാസങ്ങൾ കേരളസഭയിൽ ഓരോ ദിവസവും ഉണ്ടാകുമ്പോൾ, വിശ്വാസികൾ കൂടുതൽ ആശയക്കുഴപ്പത്തിൽ ആവുന്നു. ധാർമ്മിക പ്രതിസന്ധിയിൽ നിന്ന് കേരളം സഭ ഒരു വിശ്വാസ പ്രതിസന്ധിയിലേക്ക് വികസിച്ചു കൊണ്ടിരിക്കുന്നു. നിരവധി യുവാക്കൾ സഭയിലെ സംഭവ വികാസങ്ങളെ ചോദ്യം ചെയ്യുകയോ സംശയിക്കുകയോ ചെയ്യുന്നു. വിവിധ മേഖലകളിൽ വിശാരദരായ വിശ്വാസികൾ തുറന്നു പ്രതികരിച്ചു തുടങ്ങുന്നു. മുതിർന്ന പത്രപ്രവര്‍ത്തകനും ക്രൈസ്തവനുമായ ജയ്‌മോന്‍ ജോസഫിന്റെ തുറന്നെഴുത്ത്. ഭാരത കത്തോലിക്കാ സഭയിലെ അഭിവന്ദ്യ പിതാക്കന്‍മാര്‍ക്കും വൈദികര്‍ക്കും മറ്റ് സന്യസ്തര്‍ക്കും വേണ്ടി എഴുതുന്ന തുറന്ന കത്ത്. ഈ കത്ത്, നാണംകെട്ട് മുണ്ട് പറിച്ച് മുഖം മറച്ചു നടക്കേണ്ട ഗതികേടിലായിപ്പോയ ഒരു അവശ ക്രിസ്ത്യാനിയുടെ വിലാപമായി കരുതേണ്ടതില്ല. നല്ല നിലത്തുവീണ വിത്തുപോലെ ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച,് ക്രൈസ്തവ പാരമ്പര്യത്തില്‍ വളര്‍ന്ന് ക്രിസ്തുവിനേയും പരിശുദ്ധ അമ്മയേയും നെഞ്ചോട് ചേര്‍ത്ത് ജീവിക്കുന്ന ഒരു സത്യ ക്രിസ്ത്യാനിയുടെ അവകാശമായി മാത്രം കാണുക. ‘പത്രോസേ…നീ പാറയാകുന്നു. ഈ പാറമേല്‍ ഞനെന്റെ സഭ സ്ഥാപിക്കും. നരക കവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല’ എന്ന് അരുള്‍ ചെയ്ത് ക്രിസ്തു സ്ഥാപിച്ച ഈ തിരുസഭയില്‍ ഞാന്‍ വിശ്വസിക്കുന്നത് ബിഷപ്പുമാരുടേയോ അച്ചന്‍മാരുടേയോ കന്യാസ്ത്രീകളുടേയോ ഓശാരം കൊണ്ടല്ല. ഒരു ഉത്തമ ക്രൈസ്തവ വിശ്വാസി എന്ന നിലയില്‍ സഭ എന്റെ അവകാശമാണ്. ആ അവകാശ ബോധം വ്യക്തമായി തിരിച്ചറിഞ്ഞുകൊണ്ട് സഭയുടെ നടത്തിപ്പുകാരായ പിതാക്കന്‍മാരോടും വൈദികരോടും ഇനിയെങ്കിലും ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ല. നിങ്ങള്‍ക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?… ആരുടെ സുവിശേഷമാണ് നിങ്ങള്‍ പ്രഘോഷിക്കുന്നത്?…ക്രൂശിതനായ ക്രിസ്തുവിന്റേയോ, അതോ, ദുഷ്ടനായ ലൂസിഫറിന്റേയോ? ക്രിസ്തു പറഞ്ഞ കല്ലും മുള്ളും നിറഞ്ഞ വഴികള്‍ ഇപ്പോള്‍ മെത്രാന്‍മാര്‍ക്ക് ഇടയ ലേഖനത്തിലെ ആലങ്കാരികതയും വൈദികര്‍ക്ക് പള്ളിയിലെ ഞായറാഴ്ച പ്രസംഗത്തില്‍ ഇടയ്ക്കിടെ തട്ടാനുള്ള ഡയലോഗുകളില്‍ ഒന്നുമായി മാറി. ബെന്‍സിലും ജാഗ്വാറിലുമൊക്കെ സഞ്ചരിക്കുന്നവര്‍ അത്തരം വഴികളിലൂടെ പോകാറില്ല. ആ വഴികളിലൂടെ ഇന്നും സഞ്ചരിക്കുന്നവര്‍ കൈവണ്ടി വലിയ്ക്കുന്ന ചുരുക്കം ചില വിശ്വാസികള്‍ മാത്രമാണ്. വെറും വിശ്വാസികളല്ല. വിശ്വാസത്തില്‍ പാറപോലെ അടിയുറച്ചവര്‍. അവര്‍ ക്രിസ്തുവിന്റെ പ്രഘോഷകരാകണമെന്നില്ല; പക്ഷേ, ക്രിസ്തുവിന്റെ പ്രവര്‍ത്തകരാണ്. സ്വന്തം ജീവിതംകൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്നവര്‍. ഒരു കാതം നടക്കാനാവശ്യപ്പെടുന്നവര്‍ക്കൊപ്പം രണ്ട് കാതം നടക്കുന്നവര്‍. മെത്രാന്‍മാരും അച്ചന്‍മാരും സന്യാസിനികളുമെല്ലാം ഇംപോസിഷനെഴുതി പഠിക്കണം അവരുടെ ജീവിത വഴികള്‍. ആഢംബരമാണ് പൗരോഹിത്യത്തിന്റെ ഇന്നത്തെ ഏറ്റവും വലിയ ശാപം. ആത്മീയതയില്‍ നിന്ന് ഭൗതീകതയിലേക്കുള്ള ഈ ചുവടുമാറ്റം സഭയെ കുറച്ചൊന്നുമല്ല പിന്നോട്ടടിച്ചത്. ആഢംബരത്തിന്റെ ഉപോല്‍പ്പന്നങ്ങളാണ് ദ്രവ്യാസക്തിയും മദ്യാസക്തിയും ലൈംഗീകാസക്തിയുമെല്ലാം. പാശ്ചാത്യ രാജ്യങ്ങളില്‍ ക്രൈസ്തവ വിശ്വാസത്തിനേറ്റ തിരിച്ചടികളുടെ കാരണങ്ങളും മറ്റൊന്നായിരുന്നില്ല. എന്നാല്‍ വിശ്വാസം തകര്‍ന്നടിഞ്ഞ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലുമെല്ലാം വീണ്ടും വിശ്വാസത്തിന്റെ കൈത്തിരിനാളം തെളിയിച്ചുകൊണ്ടിരിക്കുന്നത് ഭാരത കത്തോലിക്കാ സഭയിലെ പ്രത്യേകിച്ച,് കേരളത്തില്‍ നിന്നുള്ള മിഷണറിമാരാണന്നുള്ള കാര്യം വിസ്മരിക്കാനാവില്ല. പക്ഷേ, അവരുടെപോലും വിശ്വാസ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന നാണംകെട്ട സംഭവങ്ങളാണ് ഇപ്പോള്‍ ഭാരത കത്തോലിക്കാ സഭയില്‍ നടക്കുന്നത്. എറണാകുളം – അങ്കമായി അതിരൂപതയിലെ ഭൂമി വിവാദമാണ് അടുത്തയിടെ സഭയെ വല്ലാതെ പ്രതിരോധത്തിലാക്കിയ സംഭവം. കര്‍ദ്ദിനാള്‍ അടക്കമുള്ളവര്‍ കോടതി കയറിയിറങ്ങുന്നത് നമ്മള്‍ കണ്ടു. തീര്‍ത്ഥാടന കേന്ദ്രമായ കൊരട്ടി പള്ളിയിലെ വികാരിക്കെതിരേ സ്വര്‍ണം അടിച്ചുമാറ്റിയതുള്‍പ്പെടെയുള്ള കോടികളുടെ അഴിമതിക്കഥകള്‍ പിന്നാലെയെത്തി. ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമായതിനാല്‍ വൈദികരുടെ പീഡന കഥകള്‍ നമുക്കിപ്പോള്‍ പുതുമയില്ലാത്തതായി. കണ്ണൂര്‍, വിയ്യൂര്‍, പൂജപ്പുര ജയിലുകളില്‍ അത്തരക്കാരുടെ നിരന്തര സാന്നിധ്യമുണ്ട്. കുമ്പസാരമെന്ന കൂദാശയെപ്പോലും ഒറ്റുകൊടുത്ത ‘മാംസഭോജികളുടെ’ ഒമ്പതാം കല്‍പ്പനയുടേയും (അന്യന്റെ ഭാര്യയെ മോഹിക്കരുത്) ആറാം കല്‍പ്പനയുടേയും (വ്യഭിചാരം ചെയ്യരുത്) പരസ്യമായ ലംഘന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിന്ന് മാറിത്തുടങ്ങിയപ്പോഴാണ് ബിഷപ്പിന്റെ ഊഴമെത്തുന്നത്. കാത് കുത്തിയവന് പിന്നാലെ കടുക്കനിട്ടവന്‍ തന്നെ പീഡനക്കേസിലെ പ്രതിയായി എത്തിയപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും കത്തോലിക്കാ സഭയുടെമേല്‍ പൊങ്കാലയിട്ടു. അതിന് മാധ്യമങ്ങളോട് കലിപ്പ് കാണിച്ചിട്ട് കാര്യമില്ല. നാട്ടില്‍ നടക്കുന്ന സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകതന്നെ ചെയ്യും. അതവരുടെ കടമയാണ്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയുടെ മുഖ്യ ലക്ഷ്യങ്ങളടങ്ങിയ ആദ്യ എഡിറ്റോറിയലില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടല്ലോ. പിന്നെ, വാര്‍ത്ത അല്‍പ്പം ഇക്കിളി ജനിപ്പിക്കുന്നതായതിനാല്‍ ചിലര്‍ ലേശം പൊടിപ്പും തൊങ്ങലുമൊക്കെ ചേര്‍ത്തെന്നു വരാം. ‘എല്ലാം സഹിക്കാന്‍ ഇനിയും ചന്തുവിന്റെ ജീവിതം ബാക്കി’ എന്ന് വടക്കന്‍ വീരഗാഥയില്‍ പണ്ട് മമ്മൂട്ടി പറഞ്ഞതുപോലെ എല്ലാം സഹിക്കാന്‍ സഭയും അതിന്റെ ചരിത്രവും ബാക്കി…. ഇതിനൊക്കെ കാരണക്കാര്‍ ആരെന്ന് ഇനിയെങ്കിലും തിരിച്ചറിയുക. തിരുവസ്ത്രമണിഞ്ഞ പീഡന വീരന്‍മാര്‍ ജയില്‍വസ്ത്രമണിഞ്ഞ് മുടിഞ്ഞ പുത്രന്‍മാരായി നില്‍ക്കുമ്പോള്‍ കുറ്റകരമായ മൗനം അവലംബിക്കുന്ന സഭാ നേതൃത്വത്തോട് സത്യത്തില്‍ പരമ പുച്ഛമാണ് തോന്നുന്നത്. ‘ചെരങ്ങ് നുള്ളി സമുദ്രമാക്കുക’ എന്നൊരു പഴഞ്ചൊല്ല് പഴയ കാരണവന്‍മാര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരത്തിലാണ് സഭാ നേതൃത്വത്തിന്റെ ഓരോ നിലപാടും എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. 2014 മെയ് അഞ്ച് മുതല്‍ 13 വട്ടം ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീ 2016 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പല പിതാക്കന്‍മാര്‍ക്കും പരാതി നല്‍കിയതാണ്. അന്ന് ഒഴിവുകഴിവുകള്‍ പറഞ്ഞ് മാറി നില്‍ക്കാതെ ഈ പിതാക്കന്‍മാര്‍ കന്യാസ്ത്രീയുടെ പരാതിയില്‍ എന്തെങ്കിലും വാസ്തവമുണ്ടോയെന്ന് അന്വേഷിച്ചിരുന്നുവെങ്കില്‍, പ്രശ്‌നത്തില്‍ ആത്മാര്‍ത്ഥമായി ഇടപെട്ടിരുന്നുവെങ്കില്‍ വൈദികര്‍പോലും അറിയാതെ ഒത്തുതീര്‍ന്നു പോകേണ്ട സംഭവമായിരുന്നില്ലേ ഇത്? തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ഫ്രാങ്കോയ്‌ക്കെതിരേ സഭാ തലത്തില്‍ നടപടിയെടുക്കാമായിരുന്നില്ലേ? പുറത്താരുമറിയാതെ ഇത്തരക്കാരെ നല്ല നടത്തിപ്പിന് വിടാന്‍ റോമിന് അധികാരവും സംവിധാനങ്ങളുമില്ലേ? അപ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതെ പൂച്ചയ്ക്ക് ആര് മണികെട്ടും എന്ന മാതിരി അഴകൊഴമ്പന്‍ രീതിയിലിരുന്ന് വെടക്കാക്കി തനിയ്ക്കാക്കിയിട്ട് ഇപ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. മഠത്തിന്റെ അകത്തളങ്ങളില്‍ നിന്നും കന്യാസ്ത്രീകളെ തെരുവിലെത്തിച്ചതിന് പിന്നില്‍ സഭാ നേതൃത്വത്തിന്റെ നീതി നിക്ഷേധമില്ലെന്ന് പറയാനാകുമോ? അവര്‍ തെരുവിലിറങ്ങി സമരം ചെയ്തപ്പോള്‍ പലരും ഒപ്പം കൂടി. അതില്‍ കന്യാസ്ത്രീകളോട് ദയാനുകമ്പ ഉള്ളവരുണ്ടാകാം…. ബിഷപ്പ് ഫ്രാങ്കോയോട് വ്യക്തി വൈരാഗ്യമുള്ളവരുണ്ടാകാം…. കത്തോലിക്കാ സഭയെ പൊതുജന മധ്യത്തില്‍ അവഹേളിക്കാന്‍ അവസരം പാര്‍ത്തിരുന്നവരുണ്ടാകാം…. കലക്കവെള്ളത്തില്‍ മീന്‍ പിടിച്ചവരുമുണ്ടാകാം. പക്ഷേ, അവിടെവരെ കാര്യങ്ങള്‍ എത്തിച്ചത് ആരുടെ പിടിപ്പുകേടുകൊണ്ടാണന്ന് സ്വയം തിരിച്ചറിയാന്‍ ഇനിയെങ്കിലും സഭാ നേതൃത്വം തയ്യാറാകണം. വീഴ്ചകള്‍ തിരുത്തുക തന്നെ വേണം. കാരണം സഭാ സംവിധാനങ്ങള്‍ നിങ്ങളുടെ ആരുടേയും സ്വകാര്യ സ്വത്തല്ല…. ക്രൈസ്തവ വിശ്വാസികളുടെ പൊതുസ്വത്താണ്….അതവരുടെ വികാരമാണ്…..അവകാശമാണ്…. അതിനെ പൊതുനിരത്തിലിട്ട് വലിച്ചുകീറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് സഭാ നേതൃത്വത്തിന്റെ കടമയാണ്. അതുമാത്രമാണ് നിങ്ങളുടെ പ്രധാന കടമ. ക്രിസ്തു വിശ്വസിച്ചേല്‍പ്പിച്ചു തന്ന പരിശുദ്ധ കത്തോലിക്കാ സഭയുടെ മുഖം വികൃതമാക്കിയിട്ട് പള്ളിയും മെഡിക്കല്‍/എന്‍ജീയറിംഗ് കോളജുകളുമൊക്കെ പണിത് പണത്തിന് പിന്നാലെ പായുന്നവരുടെ സ്ഥാനം മുപ്പത് വെള്ളിക്കാശിന് അവനെ ഒറ്റിക്കൊടുത്ത സാക്ഷാല്‍ യൂദാസിന്റെ ഗണത്തിലാണന്ന് മറക്കാതിരിക്കുക. അള്‍ത്താരയില്‍ നിന്നും ബിഷപ്പ് അഴിക്കുള്ളിലായതിനുശേഷം കെസിബിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിനെപ്പറ്റിയും ഇവിടെ പരാമര്‍ശിക്കാതിരിക്കാനാവില്ല. അതിലും പീഡനക്കേസില്‍ പ്രതിയായ ബിഷപ്പിനെ വെള്ളപൂശാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തിയത്. കന്യാസ്ത്രീകള്‍ നടത്തിയ സമരം ക്രൈസ്തവ മൂല്യങ്ങള്‍ക്കെതിരാണ് എന്നാണ് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ‘ നീതിയ്ക്കു വേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍. എന്തെന്നാല്‍ അവര്‍ക്ക് സംതൃപ്തി ലഭിക്കും’ (മത്തായി: 5/6) എന്ന തിരുവചനം അള്‍ത്താരയില്‍ നിന്നും ഘോരഘോരം പ്രഘോഷിക്കുന്നവര്‍ക്ക് കന്യാസ്ത്രീകളുടെ സഹന സമരം എങ്ങനെ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരായി എന്ന് പറയാനാകും? സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അതിലെ സാംഗത്യം മനസിലാക്കാനാകുന്നില്ല. മനസുകൊണ്ട് പീഡകനായ ബിഷപ്പിനൊപ്പം നിന്നിട്ട് ഇരയായ കന്യാസ്ത്രീക്കുവേണ്ടി പ്രാര്‍ത്ഥിക്കും എന്നു പറയുന്നത് നടി ആക്രമിയ്ക്കപ്പെട്ട കേസില്‍ നടിയ്‌ക്കൊപ്പം നില്‍ക്കും, ദിലീപിന് വേണ്ടി പ്രാര്‍ത്ഥിക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞതിലും കടന്ന കൈയ്യായിപ്പോയി. സഭാ വസ്ത്രമണിഞ്ഞ് ദുര്‍നടത്തയ്ക്ക് പോകുന്നവരെ എന്തിനാണ് സഭ സംരക്ഷിക്കുന്നത്? അവര്‍ കന്യാസ്ത്രീകളായാലും അച്ചന്‍മാരായാലും ബിഷപ്പുമാരായാലും പുറത്താക്കണം. അപ്പോള്‍ തെറ്റ് ചെയ്തു എന്നതിന് എന്താണ് തെളിവ് എന്ന ചോദ്യമുയരാം. കാരണം തോമാ ശ്ലീഹായുടെ പിന്‍ഗാമികളാണല്ലോ നമ്മള്‍. തോമാ ശ്ലീഹായെ കര്‍ത്താവ് അടുത്തുവിളിച്ച് തന്റെ തിരുവിലാപ്പുറത്തെ തിരുമുറിവില്‍ വിരലുകള്‍ ഇടാന്‍ ആവശ്യപ്പെട്ട് സംശയ നിവാരണം നടത്തി. പക്ഷേ, പീഡനക്കേസുകളില്‍ ഇരകളാകുന്നവര്‍ക്ക് അത്തരത്തില്‍ സംശയ നിവാരണം നടത്തിക്കൊടുക്കാന്‍ ആവില്ലല്ലോ. അപ്പോള്‍പ്പിന്നെ അവര്‍ പറയുന്നതും സാഹചര്യത്തെളിവുകളും കണക്കിലെടുക്കുക. ഏതൊരു രാജ്യത്തേയും നിയമ – നീതി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും അത്തരത്തിലല്ലേ. ഇത്തരം സംഭവങ്ങളില്‍ സഭ നിഷ്പക്ഷ നിലപാട് സ്വീകരിക്കും എന്ന് പറയുന്നതുതന്നെ തെറ്റാണ്. സഭ പക്ഷം ചേരണം. പക്ഷേ, അത് സത്യത്തിന്റെ പക്ഷമാകണം എന്നു മാത്രം. അല്ലെങ്കില്‍ തീപ്പന്തമായി കത്തിയെരിഞ്ഞും വറചട്ടിയിലെ തിളയ്ക്കുന്ന എണ്ണയില്‍ മൊരിഞ്ഞമര്‍ന്നും ജീവത്യാഗം ചെയ്ത് സഭയെ കെട്ടിപ്പടുത്ത പുണ്യാത്മാക്കളോട് ചെയ്യുന്ന മാപ്പര്‍ഹിക്കാത്ത അപരാധമാകും അത്. ഇനിയുമേറെ പറയാനുണ്ടെങ്കിലും തല്‍ക്കാലം അവസാനിപ്പിക്കുകയാണ്. അതിനുമുമ്പ് ഒരു കാര്യംകൂടി. അന്ത്യത്താഴ വേളയില്‍ വീഞ്ഞും മുറിച്ച അപ്പവും ശിഷ്യന്‍മാര്‍ക്ക് നല്‍കി ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്ന് അരുള്‍ ചെയ്താണ് കര്‍ത്താവീശോ മിശിഖാ വിശുദ്ധ കുര്‍ബാന സ്ഥാപിച്ചത്. അപ്പം ശരീരത്തിന്റെ പ്രതീകവും വീഞ്ഞ് രക്തത്തിന്റെ പ്രതീകവും. കാര്‍മ്മികന്‍ അപ്പവും വീഞ്ഞും ഉയര്‍ത്തി വാഴ്ത്തി തിരുശരീര രക്തങ്ങളായി മാറ്റുന്നതാണ് നമ്മുടെ ദേവാലയങ്ങളില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളില്‍ ഏറ്റവും പരമ പ്രധാനമായ മുഹൂര്‍ത്തം. കുമ്പസരിച്ച് പാപമോചനം നേടിയ വിശ്വാസികള്‍ക്ക് പിന്നിടവ വിഭജിച്ചു നല്‍കുന്നു. അപ്പോള്‍ വൈദികന്‍ പറയുന്നത് ‘ മിശിഖായുടെ ശരീരവും രക്തവും പാപങ്ങളുടെ മോചനത്തിനും നിത്യ ജീവനും കാരണമാകട്ടെ’ എന്നാണ്. എന്നാല്‍ വിശുദ്ധ കുര്‍ബാനയിലെ ഏറ്റവും പ്രധാനപ്പെട്ട ആ തിരുക്കര്‍മ്മം പൂര്‍ണതയോടെ ചെയ്യാത്തവരാണ് വൈദികരില്‍ ഭൂരിപക്ഷവും. കാരണം തിരുശരീരം മാത്രമാണ് വൈദികര്‍ വിശ്വാസികള്‍ക്ക് നല്‍കുന്നത്. തിരുരക്തം നല്‍കാറില്ല. അപ്പോള്‍ വൈദികന്‍ ഉച്ഛരിക്കുന്നതില്‍ പാപങ്ങളുടെ മോചനമാണോ, നിത്യ ജീവനാണോ വിശ്വാസിക്ക് ലഭിക്കാതെ പോകുന്നത് എന്ന സംശയം ബാക്കിയാവുകയാണ്. എന്തായാലും അര്‍ഹതപ്പെട്ട രണ്ടില്‍ ഏതെങ്കിലുമൊന്ന് വിശ്വാസിക്ക് ലഭിക്കാതെ പോകുന്നുണ്ട്. അത് ഏതാണന്ന് വ്യക്തമാക്കാന്‍ പൗരോഹിത്യത്തിന് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യം പല വൈദികരോടും ചോദിച്ചപ്പോള്‍ അപ്പം വീഞ്ഞില്‍ മുക്കി കൊടുക്കുമ്പോള്‍ കൂടുതല്‍ സമയമെടുക്കും എന്ന മറുപടിയാണ് ലഭിച്ചത്. അപ്പോള്‍ ‘ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന് കല്‍പ്പിച്ച് കര്‍ത്താവ് സ്ഥാപിച്ച വിശുദ്ധ കുര്‍ബാന അതിന്റെ അര്‍ത്ഥതലങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് അര്‍പ്പിക്കാന്‍ വൈദികര്‍ക്ക് സമയമില്ല എന്ന് ചുരുക്കം. കാരണം കുര്‍ബാന എങ്ങിനെയെങ്കിലും ചൊല്ലി തീര്‍ത്തിട്ടുവേണം തെരക്കിട്ട മറ്റ് പല കാര്യങ്ങളിലേക്കും കടക്കാന്‍. പ്രീയപ്പെട്ട വൈദികരേ, പിതാക്കന്‍മാരേ…. നിങ്ങള്‍ ആര്‍ക്കു വേണ്ടിയാണ് ഇത്ര തിരക്കിട്ട് പരക്കം പായുന്നത്. വിശ്വാസികള്‍ക്കു വേണ്ടിയോ അതോ സ്വന്തം വയറ്റിപ്പിഴപ്പിന് വേണ്ടിയോ? നന്‍മ തിന്‍മകള്‍ പറഞ്ഞു മനസിലാക്കി വിശ്വാസ സമൂഹത്തെ വിശുദ്ധിയുടെ മാര്‍ഗത്തില്‍ നയിക്കുക എന്നതല്ലേ പൗരോഹിത്യത്തിന്റെ മുഖ്യ ധര്‍മ്മം. അതിനുശേഷം പോരേ പഞ്ച നക്ഷത്ര ഹോസ്പിറ്റലുകളും തലവരി മെഡിക്കല്‍/ എന്‍ജിനീയറിംഗ് കോളജുകളും മറ്റ് ബിസിനസുകളുമൊക്കെ?… ജീവിക്കാന്‍ വളരെ കുറച്ച് കാര്യങ്ങള്‍ മതി എന്ന് സ്വന്തം ജീവിതത്തിലൂടെ നമ്മെ പഠിപ്പിച്ച വ്യക്തിയാണ് യേശു ക്രിസ്തു. ദൈവപുത്രനായിട്ടും പിറക്കാന്‍ വെറും കാലിത്തൊഴുത്ത്, ഭക്ഷിക്കാന്‍ എന്തെങ്കിലും, ജീവിക്കാന്‍ കൂലിപ്പണി, കൂടെക്കൂട്ടാന്‍ മീന്‍ പിടിത്തക്കാര്‍, തലയില്‍ വയ്ക്കാന്‍ മുള്‍ക്കിരീടം, അവസാനം മരിച്ച് കബറടക്കപ്പെടാന്‍ വാടക കല്ലറ. നിത്യ ജീവിതത്തില്‍ ഇത്ര അത്യുന്നതങ്ങളായ, സമാനതകളില്ലാത്ത ലളിത ഭാവങ്ങള്‍ വേറെ എന്തുണ്ട്? ആ ക്രിസ്തുവിനെയാണ് നിങ്ങള്‍ പ്രഘോഷിക്കുന്നതെങ്കില്‍ സ്വയം എളിമപ്പെടണം….കച്ചവട ചിന്തകളും സുഖലോലുപതയും ഒഴിവാക്കണം….കല്ലും മുള്ളും നിറഞ്ഞ പാതകളിലൂടെ നടക്കാന്‍ തയ്യാറാകണം….ഒരു കാതം നടക്കാനാവശ്യപ്പെടുന്നവര്‍ക്കൊപ്പം രണ്ട് കാതം നടക്കാന്‍ മനസ്സ് കാണിക്കണം. എങ്കില്‍ മാത്രമേ മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്താനാകൂ Jaimon Joseph


വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.
സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്
ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.
ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?
ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading
Article URL:

free counter


Quick Links

Kerala.myparish.net - Catalogue
Contact Us | സോഷ്യല്‍ മീഡിയാവഴി ഇടപെടുന്ന ദൈവത്തെ തിരിച്ചറിയുക അവനെ സ്‌നേഹിക്കുക. | തിരുസഭ എന്താകണം എന്ന് ചിന്തിക്കേണ്ടത് അശുദ്ധിയിലിരിക്കുന്നവരോ വ്യാജം പറയുന്നവരോ അല്ല | നിങ്ങളുടെ വികലമായ വാദങ്ങളെ ഖണ്ഡിക്കാൻ ഒരു അൽമായർ തിരുവചനം quote ചെയ്താൽ അത് നിങ്ങളെ അസ്വസ്ഥ പ്പെടുത്തുന്നു എങ്കിൽ അൽമായർ സന്തോഷിക്കട്ടെ! | ഇത്തിൾക്കണ്ണികൾ പൂത്തുതുടങ്ങിയിരിക്കുന്നു....!! | കേരള കരിസ്മാറ്റിക്, ആത്മീയ മുന്നേറ്റത്തിൽ ഇത്തിൾകണ്ണി എന്ന ചെടിയുടെ പ്രസക്തി? | സഭയിലെ "തിന്മ മരങ്ങളുടെ" വളർച്ചക്ക് തടസ്സം നിൽക്കുന്നവർ "ഇത്തിൾക്കണ്ണികൾ" ...... | സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ .... | ദൈവഹിതം എങ്ങനെയറിയാം, എല്ലാക്കാര്യങ്ങളും ദൈവഹിതമനുസരിച്ചു ചെയ്യുവാൻ എന്ത് ചെയ്യണം?. | നോക്കിലെ കുഞ്ഞാടിന്റെ അമ്മ (Our Lady of knock) | പരിശുദ്ധ കുർബാനയെ കുറിച്ചും അതിന്റെ പവിത്രയ്ക്ക് കളങ്കം വരുത്തുന്ന അനുവദനീയമല്ലാത്ത അനുഷ്ടാനങ്ങളെ കുറിച്ചും | സഭയുടെ അന്തിമ പരീക്ഷ -CCC 675 | അനുഗ്രഹീതയായ ആന്‍ കാതറീന്‍ എമറിക്ക് (റ. 1824) ഒരു ദാര്‍ശനികയും പഞ്ചക്ഷതധാരിയുമായിരുന്നു. | ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈസമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗ | കള പറിക്കുന്നതില്‍ സായൂജ്യമടയുന്നവര്‍ |
Kerala.myparish.net   |