Kerala.myparish.net
Posted On: 21/03/19 17:45
🌸🌸 ക്രിസ്തുവിനുവേണ്ടിയും സഭയ്ക്കുവേണ്ടിയും സോഷ്യൽമീഡിയായിൽ മറ്റുള്ളവരെ അസഭ്യം പറയാമോ?

" ഫേസ് ബുക്കിൽ ഒരു ഗ്രൂപ്പ് അല്ലെങ്കിൽ പേജ് നിങ്ങൾ തുടങ്ങണം..സഭയ്ക്കുവേണ്ടി എഴുതണം...തെറ്റായ പ്രബോധനങ്ങളെ എതിർക്കണം...വിശ്വാസം സംരക്ഷിക്കണം...യേശുവിനെ സോഷ്യൽ മീഡിയ വഴി പ്രഘോഷിക്കണം... അവസരവും കഴിവും ഉണ്ടായിട്ടും ഇതൊന്നും ചെയ്യാതെ സ്വന്തം കാര്യം നോക്കി ജീവിക്കുന്ന വിശ്വാസി നിസ്സംഗത എന്ന പാപം ചെയ്യുന്നു...മറ്റാത്മാക്കളെ രക്ഷിക്കുവാൻ യാതൊന്നും ചെയ്യാത്ത ജീവിതത്തിന് ദൈവത്തിനുമുൻപിൽ കണക്കുകൊടുക്കേണ്ടിവരും…" ഈ പറഞ്ഞ കാര്യങ്ങൾ പല ധ്യാനപ്രസംഗങ്ങളിലും ശക്തമായ ഭാഷയിൽ പറയുന്നത് ബഹുമാനപ്പെട്ട സേവ്യർഖാൻ വട്ടായിൽ അച്ചനാണ്. ഈ സന്ദേശവും മറ്റു സഭാപിതാക്കന്മാരുടെ സന്ദേശങ്ങളും ഏറ്റെടുത്തുകൊണ്ട്, സഭയ്ക്കുവേണ്ടിയും യേശുവിനുവേണ്ടിയും ആയിരക്കണക്കിനാളുകൾ സോഷ്യൽ മീഡിയ വഴി പ്രേഷിതവേല ചെയ്യുന്നുമുണ്ട്. പക്ഷേ ഇതിന്റെ പേരിൽ സ്വയം കുഴിയിൽ ചാടി പിശാചിന്റെ പിടിയിൽപെട്ടുപോകുന്നവർ നിരവധി!!! അക്ഷരങ്ങളായി മാറുന്ന ദുഷിച്ച നാവുതന്നെ ഇതിനു കാരണം!!!

സഭാവിരോധികളും സാത്താൻപ്രീണിതരും ഏറ്റവും മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ച് വിശ്വാസികളെ നേരിടുമ്പോൾ, അതിനെ സമചിത്തതയോടെ നേരിടാൻ ഭൂരിപക്ഷം വിശ്വാസികൾക്കും സാധിക്കുന്നില്ല. എതിർപക്ഷത്തുനിന്ന് കേട്ടാലറയ്ക്കുന്ന തെറിവിളികൾ കേൾക്കുമ്പോഴും കുടുംബാംഗങ്ങളെചേർത്ത് അശ്ലീലം പറയുമ്പോഴും, എല്ലാവരോടും ക്ഷമിക്കുവാനും ശത്രുക്കളെ സ്നേഹിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും നമ്മെ പഠിപ്പിച്ച...കുരിശിൽ അതു കാണിച്ചുതന്ന ക്രിസ്തുവിന്റെ വാക്കുകൾ വെറും പാഴ്വാക്കായി മാറുന്നു. തന്നിലെ അഹങ്കാരവും ആത്മരോക്ഷവും പിശാചിന്റെ രൂപംകൊണ്ട് സടകുടഞ്ഞെണീക്കുകയും, എതിർപക്ഷം പറയുന്ന അതേ നാണയത്തിൽത്തന്നെ തിരിച്ചടിക്കുകയും ചെയ്യുന്ന വിശ്വാസീ...നീയിതു ചെയ്യുന്നത് ക്രിസ്തുവിനുവേണ്ടിയോ? നിന്റെ നാവിനെയും ചിന്തയെയും പിശാചിന് വിട്ടുകൊടുത്ത് സുവിശേഷം അറിയിക്കുവാനും സഭയെ സംരക്ഷിക്കുവാനും ക്രിസ്തു എവിടെയും പറഞ്ഞിട്ടില്ല. മോശപ്പെട്ട വാക്കുകളുപയോഗിച്ച് ഉരുളയ്ക്കുപ്പേരിപോലെ നീ മറുപടി കൊടുക്കുമ്പോൾ ക്രിസ്തു കരയുകയാണെന്ന് നീ അറിയുന്നുണ്ടോ? തിരിച്ചു ചീത്തവിളിക്കുമ്പോൾ നിനക്കു ലഭിക്കുന്ന ആത്മസന്തോഷം, സമാധാനത്തോടെ കിടന്നുറങ്ങാൻ നിന്നെ സഹായിക്കുന്നുണ്ടെങ്കിൽ, നിന്നിൽ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നില്ല എന്നാണതിന്റെ അർഥം. സാത്താൻ തരുന്ന സംതൃപ്തിയിലാണ് നീ കിടന്നുറങ്ങുന്നത്. വിധിദിനത്തിൽ നിന്റെ ഓരോ വാക്കിനും കണക്കുബോധിപ്പിക്കേണ്ടിവരും എന്ന് യേശു പറഞ്ഞത് ഓർക്കുക.

തെറ്റായ പ്രബോധനങ്ങളും പ്രവർത്തനങ്ങളും തടയുക എന്നത് ഓരോ വിശ്വാസിയുടെയും ചുമതലതന്നെയാണ്. പക്ഷേ അത് ക്രിസ്തു പഠിപ്പിച്ച പാതയിലൂടെ മാത്രമായിരിക്കണമെന്നുമാത്രം. എത്രപേർക്ക് ഇത് സാധിക്കും? സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തി മറ്റൊരാത്മാവിനെ നേടാൻ നിങ്ങൾക്കാവില്ല. നിങ്ങളുടെ പ്രകടനത്തിന് ലോകമനുഷ്യരുടെ കൈയ്യടി കിട്ടുമായിരിക്കും. പക്ഷേ ദൈവസന്നിധിയിൽ ഈ പാപകരമായ പ്രവൃത്തിക്ക് പ്രതിഫലമില്ല. പകരം, സഭയെയും ക്രിസ്തുവിനെയും സംരക്ഷിക്കുന്നു എന്നു വിശ്വസിച്ച് ചെയ്യുന്ന ഈ പ്രവൃത്തിക്ക് ശിക്ഷാവിധിയാണ് നിങ്ങളെ കാത്തിരിക്കുന്നത്. വെറുപ്പ്, ദേഷ്യം, കുറ്റപ്പെടുത്തൽ, ദുഷിപ്പ്‌, പരിഹാസം, ചീത്തവിളിക്കൽ, അപമാനിക്കൽ തുടങ്ങിയ നിരവധിയായ പാപങ്ങൾ കൂടാതെ ഇത്തരം പാപങ്ങൾ ചെയ്യാൻ മറ്റുള്ളവർക്കു കൊടുക്കുന്ന പ്രേരണയ്ക്കുമുള്ള ശിക്ഷാവിധി!!!

ഒരു കാര്യം ഓർക്കുക.. നിങ്ങൾ വിശുദ്ധിയിൽ ജീവിക്കുന്നവരാണെങ്കിൽ നിങ്ങളെ തൊടാൻ സാത്താന് സാധിക്കില്ല. പക്ഷേ പാപം ചെയ്‌ത്‌ ജീവിക്കുന്ന ഒരാളെ നിങ്ങൾക്കെതിരെ നിർത്തുവാൻ സാത്താന് നിഷ്പ്രയാസം സാധിക്കും. അവർ വഴി നിങ്ങളുടെ വിശുദ്ധി നഷ്ടപ്പെട്ടാൽ സാത്താൻ അവിടെ വിജയിച്ചു. നിങ്ങളും അവന്റെ അടിമയായി മാറുന്നു. അതുകൊണ്ട് ജാഗരൂകരായിരിക്കുക.

അതിനാൽ എതിർപക്ഷത്തുള്ളവരെ വെറുക്കാതെ, ക്രിസ്തുവിനെപ്രതി ക്ഷമിച്ചുകൊണ്ടും അപമാനങ്ങൾ സഹിച്ചുകൊണ്ടും സഭയ്ക്കുവേണ്ടി സംസാരിക്കുവാനും ക്രിസ്തുവിനെ പ്രഘോഷിക്കുവാനുമുള്ള കൃപ നിങ്ങൾക്കില്ല എന്നുതോന്നുന്നുവെങ്കിൽ സോഷ്യൽമീഡിയ വഴിയുള്ള ഈ പ്രവൃത്തിയിൽനിന്ന് അകന്നുനിൽക്കുക. പ്രാർത്ഥനയുടെയും ഉപവാസത്തിലൂടെയും വിശുദ്ധിയിലൂടെയും ഈ കൃപ ദൈവത്തിൽനിന്നും ലഭിച്ചുകഴിഞ്ഞതിനുശേഷംമാത്രം ദുഷിപ്പും അപവാദവും പറയാൻ ഒരു മടിയുമില്ലാത്ത സാത്താന്റെ അനുയായികൾക്കിടയിലേയ്‌ക്ക്‌ യേശുവിന്റെയും മാതാവിന്റെയും കൈപിടിച്ചിറങ്ങുക. അപ്പോൾ സ്വന്തം ആത്മാവിന്റെ രക്ഷയും മറ്റാത്മാക്കളുടെ രക്ഷയും സ്വർഗ്ഗം നിങ്ങൾവഴി സാധ്യമാക്കും.

"ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥവാക്കിനും വിധിദിവസത്തിൽ കണക്കുകൊടുക്കേണ്ടിവരും." (മത്തായി 12:36)

"നിന്റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും."(മത്തായി 12:37)

ദൈവനാമം മഹത്വപ്പെടട്ടെ.. ആമേൻ
(...റെനിറ്റ്...)

# യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌸🌸
Article URL:
 

 
Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy