Kerala.myparish.net
Posted On: 18/05/19 23:35
#ഇനി #പന്തക്കുസ്താദിനത്തിനുവേണ്ടി #എങ്ങനെ #ഒരുങ്ങാം?

"അന്യരുടെ ആത്മരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കാത്ത കൃസ്ത്യാനിയെപ്പോലെ തണുത്ത ഒരു വസ്തു ലോകത്തിലില്ല." - (വി.ജോൺ ക്രിസോസ്തം)

ദൈവത്തോടുള്ള സ്നേഹം വർദ്ധിക്കുമ്പോൾ, ആത്മാക്കളോടുള്ള സ്നേഹവും വർദ്ധിക്കുമെന്ന് വിശുദ്ധൻ കൂട്ടിച്ചേർക്കുന്നു. സഹായകനായ പരിശുദ്ധാത്മാവില്ലാതെ ഇതുരണ്ടും നമുക്ക് സാധ്യമല്ല.

കേരളസഭയെ പന്തക്കുസ്തയ്ക്കുവേണ്ടി ഒരുക്കുന്നതിന്റെ ഭാഗമായി 1600 നു മുകളിൽ ദൈവരാജ്യശുശ്രൂഷകർ പങ്കെടുത്ത അഭിഷേകാഗ്നി ലീഡേഴ്‌സ് കോൺഫറൻസ് അട്ടപ്പാടി സെഹിയോനിൽ സമാപിതമായി. സെഹിയോൻ മാളികയിൽ സമ്മേളിച്ച് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ അപ്പസ്തോലന്മാരെപ്പോലെ, പരിശുദ്ധാത്മാവിനാൽ ജ്വലിക്കുന്ന 1600 പേർ സെഹിയോൻമലയിൽനിന്ന് കേരളസമൂഹത്തിലേയ്ക്കിറങ്ങിക്കഴിഞ്ഞു. യേശുവിനുവേണ്ടി ആത്മാക്കളെനേടാൻ ദാഹിക്കുന്നവരാണ് അവിടെ സ്വമനസ്സാലെ സമ്മേളിച്ചതെന്ന് നിസംശയം പറയാം. അവരോടൊപ്പം ആയിരക്കണക്കിന് മറ്റു ശുശ്രൂഷകരും ചേരുമ്പോൾ, പന്തക്കുസ്തയ്ക്കുവേണ്ടി സാധാരണവിശ്വാസികൾക്കൊരുങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല.

ക്രിസ്തു എന്ന നാമം വഴിയല്ലാതെ രക്ഷകിട്ടില്ല എന്നു പറയാനുള്ള തന്റേടം നമുക്കില്ലെന്ന് റാഫേൽ തട്ടിൽ പിതാവ്, സെഹിയോനിൽ സമ്മേളിച്ച ദൈവരാജ്യ ശുശ്രൂഷകരോടു സൂചിപ്പിച്ചു. സുവിശേഷം ഉളുപ്പുകൂടാതെ കണ്ടുമുട്ടുന്നവരോട് പറയാനുള്ള ചങ്കൂറ്റമാണ് ഇവാഞ്ചലൈസേഷൻ എന്ന് തട്ടിൽപിതാവ് കൂട്ടിച്ചേർത്തു.

നമുക്കും വേണ്ടേ ഈ ധൈര്യം? ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കേണ്ടേ? ജീവിതം ഒരു സുവിശേഷമാക്കേണ്ടേ? മാമ്മോദീസയിൽ നമുക്കു ലഭിച്ച പരിശുദ്ധാത്മാവെവിടെ? ഇപ്പോഴുള്ള നമ്മുടെ രഹസ്യവും പരസ്യവുമായ ജീവിതം പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നതാണെന്ന് എത്രപേർക്കു പറയാൻ സാധിക്കും? ചാരത്തിൽ പൂണ്ട കനലെന്നപോലെ കിടക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കും ജ്വലിപ്പിച്ചെടുക്കേണ്ടേ? ഒരേയൊരു വഴി മാത്രം. പരിശുദ്ധാത്മാവിന്റെ അഭിഷേകാഗ്നി നേടിയെടുക്കുക.

കേരളത്തിലെ ഒട്ടുമിക്ക ദൈവാലയങ്ങളും ധ്യാനകേന്ദ്രങ്ങളും ശുശ്രൂഷാകേന്ദ്രങ്ങളും പന്തക്കുസ്തദിനത്തിനായി ഒരുക്കശുശ്രൂഷ മെയ് 30 മുതൽ ആരംഭിക്കും. എങ്കിലും, ഇതിലൊന്നും സംബന്ധിക്കുവാൻ സാഹചര്യമില്ലാത്തവർക്കുവേണ്ടി, മെയ് 30 യേശുവിന്റെ സ്വർഗ്ഗാരോഹണദിനം മുതൽ ജൂൺ 9 പന്തക്കുസ്ത വരെയുള്ള ദിവസങ്ങൾ എങ്ങനെയൊക്കെ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി ഒരുങ്ങാം എന്ന് ചുരുങ്ങിയ രീതിയിൽ വിവരിക്കുന്നു. (ഓർക്കുക, ഒരുക്കശുശ്രൂഷയുടെ മുഴുവൻ വിവരണമല്ല ഇത്. ഇതിൽക്കൂടുതൽ ഒരുങ്ങുവാൻ സാധിക്കുന്നവർ തീർച്ചയായും നിങ്ങളുടെ രീതിയിൽ ചെയ്യുക)

1.) പരിശുദ്ധാത്മാവിന്റെ അഭിഷേകം എനിക്കും വേണമെന്ന തീഷ്ണമായ ആഗ്രഹമാണ് ആദ്യം വേണ്ടത്.

2.) പശ്ചാത്താപത്തോടെയുള്ള ഒരു കുമ്പസാരം നടത്തുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട പ്രവൃത്തി.

3.) സ്വർഗ്ഗാരോഹണം മുതൽ പന്തക്കുസ്താവരെയുള്ള എല്ലാ ദിവസവും മുടങ്ങാതെ വി.കുർബാനയിൽ സംബന്ധിക്കുക; വി. കുർബാന സ്വീകരിക്കുക.

4.) വലിയ നോമ്പെടുക്കുന്ന അതേ തീഷ്ണതയിൽ ഈ പത്തു ദിവസവും നോമ്പെടുക്കുക. സാധിക്കുന്നവർ ഉപവസിക്കുകയും ചെയ്യുക.

5.) പരിശുദ്ധാത്മാവിന്റെ കൊന്ത ചൊല്ലിത്തുടങ്ങാത്തവർ ഇന്നുതന്നെ തുടങ്ങുക. (കൊന്ത ഇതിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്നു)

6.) ഒരു മണിക്കൂറെങ്കിലും നിത്യാരാധനാചാപ്പലിലോ ദൈവാലയത്തിലോ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ ചിലവഴിക്കുക.

ആ സമയം എങ്ങനെയൊക്കെ ചിലവഴിക്കാം…?

6a.) പരിശുദ്ധാമാവിനാൽ നിറഞ്ഞവളായ പരിശുദ്ധ അമ്മയുടെ ശക്തമായ മധ്യസ്ഥം യാചിച്ചുകൊണ്ട് ജപമാല ചൊല്ലുക.

6b.) അപ്പസ്തോലപ്രവർത്തനങ്ങൾ അധ്യായം 2 വായിച്ചു ധ്യാനിക്കുക.

6c.) താഴെ പറയുന്ന വചനങ്ങളോ പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ട മറ്റു വചനങ്ങളോ അവിടെ വച്ചുകൂടാതെ, ഇരിക്കുമ്പോഴും നടക്കുമ്പോഴും ഓർമിക്കുമ്പോഴെല്ലാം ആവർത്തിച്ചുപറയുകയും "ആമ്മേൻ" പറഞ്ഞുള്ളിൽ സ്വീകരിക്കുകയും ചെയ്യുക.

"എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേൽ വന്നുകഴിയുമ്പോൾ നിങ്ങൾ ശക്തിപ്രാപിക്കും." (അപ്പ. 1 :8 ) ആമ്മേൻ..

"പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും." (ലൂക്ക 1:35) ആമ്മേൻ...

d.) ഇത്രയും സമയമുള്ള നമ്മുടെ പ്രാർത്ഥനകൾ ഈശോ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. എല്ലാം പറഞ്ഞിട്ട് പെട്ടെന്നിറങ്ങിപോകാതെ, ഈശോ തിരിച്ചെന്തെങ്കിലും നമ്മോടു പറയുന്നുണ്ടോ എന്നുകൂടി നമ്മൾ ശ്രദ്ധിക്കണം. അതിനായി അവസാന 10 മിനിറ്റെങ്കിലും മൗനമായിരുന്ന് ദൈവസ്വരം ശ്രവിക്കാൻ ശ്രമിക്കുക. അതിനുശേഷം മാത്രം ദിവ്യകാരുണ്യസന്നിധിയിൽനിന്നു മടങ്ങുക.

7.) ദൈവാലയത്തിലോ ധ്യാനകേന്ദ്രത്തിലോ സഭയോടുചേർന്നുള്ള ആത്മീയകൂട്ടായ്മയിലോ ചേർന്നുപ്രാർത്ഥിക്കുവാൻ പരമാവധി ശ്രമിക്കുക. അതിനു സാധിക്കാത്തവർ കുടുംബമായി ഒന്നിച്ചിരുന്നു പ്രാർത്ഥിക്കുക. എന്തെന്നാൽ രണ്ടോ അതിലധികമോ പേർ യേശുവിന്റെ നാമത്തിൽ ചോദിച്ചാൽ അതു നിറവേറ്റപ്പെടും എന്ന് ഈശോ പറഞ്ഞിട്ടുണ്ടല്ലോ… സെഹിയോൻ മാളികയിലും ശിഷ്യന്മാർ കൂട്ടായ്മയിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോഴാണ് പരിശുദ്ധാത്മാവിന്റെ അഭിഷേകം ലഭിച്ചത്.

പരിശുദ്ധാമാവിന്റെ സഹായമില്ലാതെ പാപത്തെ ഉപേക്ഷിക്കുവാൻ ഒരു മനുഷ്യനുമാകില്ല.

പാപത്തെ ഉപേക്ഷിക്കാതെ വിശുദ്ധജീവിതം നയിക്കുവാനും സാധ്യമല്ല.

വിശുദ്ധികൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാൻ സാധിക്കുകയില്ല.(ഹെബ്രായർ 12 :14 )

ദൈവത്തെ ദർശിക്കുവാൻ യോഗ്യതയില്ലാത്തവന്, ദൈവത്തെ സ്നേഹിക്കാത്തവന് അന്യരുടെ ആത്മരക്ഷയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാനുവാനോ പ്രവർത്തിക്കുവാനോ ആകില്ല.

"ദൈവത്തോടുള്ള സ്നേഹം വർദ്ധിക്കട്ടെ...അപ്പോൾ ആത്മാക്കളോടുള്ള സ്നേഹം വർദ്ധിക്കും." (വി.ജോൺ ക്രിസോസ്തം)

ആത്മാക്കളോടുള്ള സ്നേഹം വർദ്ധിച്ചവർ ദൈവകരുണയുടെ കൂട്ടായ്മ ആരംഭിച്ചുകഴിഞ്ഞു. ആത്മാക്കളോടുള്ള ദാഹം വർദ്ധിച്ചവർക്ക് ഈശോ കൊടുത്ത സമ്മാനമാണ് കരുണയുടെ ജപമാല. ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന്, ഓരോരുത്തർക്കും കൊടുത്തിരിക്കുന്ന രാജ്യത്തിനുവേണ്ടി കരുണകൊന്ത ചൊല്ലി പ്രാർത്ഥിക്കുന്ന ഈ വാട്സാപ്പ് ഗ്രൂപ്പിൽ വൈദികരും കന്യാസ്ത്രീകളുമടക്കം 2000 അംഗങ്ങളിലേയ്ക്കടുക്കുന്നു. പന്തക്കുസ്തയ്ക്കു മുൻപുള്ള മറ്റൊരു പന്തക്കുസ്ത അനുഭവത്തിലൂടെ ഇതിലെ അംഗങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നുവെന്ന് അംഗങ്ങളുടെ സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ വ്യക്തമാകുന്നു. എല്ലാം ദൈവത്തിന്റെ കരുണ. (ദൈവകരുണയുടെ കൂട്ടായ്മയിൽ ചേരുവാൻ ആഗ്രഹിക്കുന്നവർക്ക് 00971 558626387 or 00965 66536968 ബന്ധപ്പെടാവുന്നതാണ്.. യേശുവിനുവേണ്ടി നമുക്കൊന്നിച്ച് ആത്മാക്കളെ നേടാം)

സകല ആത്മാക്കളുടെ രക്ഷ സാധ്യമാക്കുന്ന ഒരു പന്തക്കുസ്ത അഭിഷേകം നമ്മൾ നേടിയെടുത്തേ പറ്റൂ..വേറെ ഒരു കുറുക്കുവഴിയും നമ്മുടെ മുൻപിൽ ഇല്ല. അതിനാൽ, വരാൻപോകുന്ന പന്തക്കുസ്തദിനത്തിനുവേണ്ടി തീഷ്ണതയോടെ...പ്രാർത്ഥനയോടെ… നമുക്കൊരുങ്ങാം.ദൈവനാമം മഹത്വപ്പെടട്ടെ…ആമ്മേൻ..
(✍ റെനിറ്റ് അലക്സ് ..)
Article URL:
 

 
Quick Links

Kerala.myparish.net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy