സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?
ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ പ്രശ്നപരിഹാത്തിനായി കരങ്ങൾ കോർത്ത് അവരോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.ആ നിർദേശം അവർക്ക് സ്ഥീകാര്യമായില്ല.. അവസാന പ്രയോഗമെന്ന നിലയിൽ തോബിത്തിന്റെ പുസ്തകം എന്നും വായിക്കാൻ നിർദ്ദേശിച്ചു.. അതിനു ആ ദമ്പതികൾ നൽകിയ മറുപടി കേട്ടു ബോധം പോയ കൗൺസിലർ ഇതുവരെ ഉണർന്നിട്ടില്ല... ചോദ്യം സിംപിളായിരുന്നു " തോബിത്തിന്റെ പുസ്തകമോ? അത് ഏതു കടയിൽ കിട്ടും ബ്രദറേ.. ?? "
സംസ്കാരം കൊണ്ടും, പാരമ്പര്യം കൊണ്ടും വീമ്പു പറയുന്ന ക്രിസ്ത്യാനിയുടെ അവസ്ഥയാണ് ഇത്. ബൈബിൾ വായിച്ചു നോക്കാറില്ല ,അതിലെ പുസ്തകങ്ങളെക്കുറിച്ച് ബോധ്യവുമില്ല.
രണ്ടു കൊല്ലമായി ഒരു ധ്യാനകേന്ദ്രത്തിൽ ശുശ്രൂഷ ചെയ്യുന്നൊരു സ്നേഹിതൻ പറഞ്ഞ ഒരു സങ്കടം പറയട്ടെ.. ഇക്കാലത്തിനിടയിൽ ഒരിക്കൽ പോലും , അനേകായിരം നിയോഗങ്ങൾ വായിച്ചതിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വചനം വായിക്കാനും, പഠിക്കാനും പ്രാർത്ഥിക്കണേയെന്ന്, എഴുതിയ പേപ്പറുകൾ കണ്ടിട്ടുളളു എന്ന്...
പ്രിയപ്പെട്ടവരേ.. ഒരുപാട് സങ്കടത്തോടെ ചോദിക്കട്ടെ , നമ്മുടെ വചനപ്രഘോഷണം നിർത്താൻ സമയമായോ ?? ഇനിയും പ്രസംഗിച്ചു നമുക്കു ആത്മാക്കളെ നേടാൻ കഴിയുമോ ??
വിജാതീയനായി ജീവിച്ചു , പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചൊരു സഹോദരൻ , പങ്കുവെച്ചൊരു നൊമ്പരം പറയട്ടെ.. അദ്ദേഹത്തിന്റെ അഞ്ചു വയസുകാരന് വേദപാഠം പഠിക്കാൻ , താത്പര്യമില്ല. അതുകൊണ്ട് അവൻ ആ അപ്പനെ സ്ഥിരമായി നിർബന്ധിക്കുമത്രേ നമുക്ക് മുമ്പുണ്ടായിരുന്ന മതത്തിലേക്ക് തിരിച്ചു പോകാം അവിടെ വേദപാഠം ഒന്നും ഇല്ലല്ലോ എന്ന്... ഒരു അഞ്ചാം ക്ളാസുകാരനെ മാനസാന്തപ്പെടുത്താൻ ഉള്ള കൃപ നിന്നിലും എന്നിലും നിറയുന്നില്ല എങ്കിൽ.. എന്തിനാണ് പ്രാർത്ഥനയുടെ പേരിലുള്ള ഈ അഭ്യാസം ????
ശരിക്കും ക്രിസ്തു നിന്നിൽ എവിടെയാണ് ? ലോകത്തിൽ രണ്ടാംവരവിനായി പ്രകൃതിയും, വാനവും,ഭൂമിയും ഒക്കെ ഒരുങ്ങി നില്ക്കുമ്പോൾ , അടയാളങ്ങൾ നൽകുമ്പോൾ.. അത്തിവൃക്ഷത്തെ നോക്കി മാനസാന്തരപ്പെടാനും , അത് ലോകത്തോട് പ്രഘോഷിക്കാനും.. ഇനി ഏത് ബംഗാളിയെയാണ് നാം ഇറക്കുമതി ചെയ്യേണ്ടത് ???
സ്നാപകയോഹന്നാന്റെ സുവിശേഷദൗത്യം മാനസാന്തരമായിരുന്നു. മർക്കോസിന്റെ സുവിശേഷം അനുസരിച്ച് ആദ്യം പിശാചിനെ പുറത്താക്കാനും , ജ്ഞാനസ്നാനം നൽകാനും, വിശ്വാസം നൽകാനുമായിരുന്നു യേശു കൽപ്പിച്ചത്. നമ്മുടെ പ്രഘോഷണം ഈ പറഞ്ഞ ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലും സാധ്യതകളുടെ അടുത്തെങ്കിലും വരുമോ? ഓർത്തു നോക്കൂ...
ഈ ലോകത്തിൽ ജീവിക്കാൻ പണവും, ജോലിയും, പെണ്ണും ഒക്കെ വേണം സുഹൃത്തേ.. പക്ഷേ, നമ്മുടെ നിത്യത ഇവിടെയാണോ ? അത് പ്രഘോഷിക്കാത്ത സുവിശേഷം ക്രിസ്തുവിന്റെ സുവിശേഷമാണോ ?? കാൽവരിയിൽ അവസാനിക്കാത്ത, രണ്ടാം സ്ഥലത്ത് വെച്ച് കുരിശു ഉപേക്ഷിക്കാൻ സമ്മതം മൂളുന്ന സുവിശേഷം പ്രഘോഷിക്കുന്നത് ഏത് ആത്മാവാണ് ??
മോശയ്ക്ക് കുറവുണ്ടായിരുന്നു ദൈവജനമേ ,
ആ കുറവു നികത്താൻ ദൈവം അഹറോനെ മാറ്റിനിർത്തിയിട്ടുണ്ട്. നിന്റെ കുറവ് എന്താണ് ? ആലോചിച്ചിട്ടുണ്ടോ .. തിരിച്ചറിയുക , പ്രഘോഷകരെ... യഥാർത്ഥ മാനസാന്തരം വേണ്ടത് നിനക്കാണോ നിന്റെ ശ്രോതാക്കൾക്കാണോ ??
ഈ പ്രാർത്ഥന.. ഈ ജപമാല... ഈ ആരാധന.. ഈ പ്രഘോഷണം നിന്നെ , നിന്റെ ആരാധകരെ സ്വർഗത്തിൽ എത്തിക്കുവോ ??
കണ്ണു തുറന്നൊന്ന് അനുതപിക്കുക... അഭിഷേകത്തിന്റെ ആദ്യ നാളുകളിലെ നഷ്ടപ്പെട്ട തീഷ്ണത വീണ്ടെടുക്കുക... അതിനായി ദിവ്യകാരുണ്യ സന്നിധിയിൽ നിലവിളിക്കുക.. വർദ്ധിത അഭിഷേകത്തോടെ മുന്നേറുക...
ദൈവം കൃപ നൽകട്ടെ
ആമ്മേൻ
✍... CIBICHEN ACHICKAL