പാപ്പാ എമരിത്തൂസ് ബനഡിക്ട് 16-ാമൻ, ഫാ. റാറ്റ്‌സിംഗറായിരിക്കേ നടത്തിയ ആശങ്കാജനകമായ പ്രവചനത്തിന്റെ നേർക്കാഴ്ചകളാണ് ഇപ്പോൾ സഭയിൽ സംഭവിക്കുന്നത്. പക്ഷേ, ആശങ്കവേണ്ട- ലോകത്ത് പുതിയൊരു സഭ ഉദയമെടുക്കുമെന്നതും പ്രവചനത്തിലുണ്ട്. പ്രസ്തുത പ്രവചനത്തിന് 50 വർഷം പൂർത്തിയാകുകയാണിപ്പോൾ.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ
അമ്പതു വർഷംമുമ്പ്, കൃത്യമായി പറഞ്ഞാൽ 1969 സെപ്റ്റംബർ 25ന് ഫാ. ജോസഫ് റാറ്റ്‌സിംഗർ (പാപ്പ എമരിറ്റസ് ബനഡിക്ട് 16-ാമൻ) ജർമൻ റേഡിയോ നിലയത്തിന് ഒരു അഭിമുഖം നൽകിയിരുന്നു. ‘എന്തായിരിക്കും നാളെയുടെ സഭ?’ എന്ന ചോദ്യം മുൻനിർത്തിയായിരുന്നു ചർച്ച. ഒരു പ്രവചനംപോലെ ഫാ. റാറ്റ്‌സിംഗർ അന്ന് പറഞ്ഞത് എത്രത്തോളം ശരിയായിരുന്നു എന്നറിയാൻ കാലത്തിന്റെ അടയാളങ്ങൾ പരിശോധിക്കുക:
‘രാഷ്ട്രീയമായും സാമൂഹ്യപരമായും സഭ ഒറ്റപ്പെടും. ആധുനിക ലോകത്തിനണക്കാത്ത പ~നങ്ങളും ചിന്തകളുമായി നിലനിൽക്കുന്ന സഭയ്ക്ക് ഒരു വിലയുമില്ലെന്ന് പൊതുജനം വിധിയെഴുതും. വിശ്വാസവും ധാർമികതയും ബലികഴിക്കാൻ വിശ്വാസികൾക്കുമേൽ ശക്തമായ ബലപ്രയോഗം ഉണ്ടാകും. ഒട്ടേറെ പേർ വിശ്വാസപാരമ്പര്യങ്ങൾ പരിത്യജിക്കും.
‘സഭയ്ക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഒന്നൊന്നായി നഷ്ടമാകും. വൈദികരും ബിഷപ്പുമാരും ഉൾപ്പെടെ പലരും വഴിപിഴയ്ക്കും. എന്നാൽ, വിശുദ്ധരെകൊണ്ട് നിറയുന്ന ഒരു സഭ ജന്മമെടുക്കും- അവിശുദ്ധ കൂട്ടുകെട്ടുകൾ വെടിഞ്ഞ് കുരിശിന്റെ പാതയിൽ പ്രയാണം ചെയ്യാൻ തയാറുള്ളവരുടെ സഭ.
‘ദൈവവും വിശ്വാസമില്ലാതെ സഭയ്ക്ക് നിലനിൽക്കാനാവില്ല. നിർജീവമായ പ്രാർത്ഥനകൾ ഒരു ആചാരംപോലെ പാരായണം നടത്തുന്ന സഭയെ നമുക്കാവശ്യമില്ല. വെറും ഉപരിവിപ്ലവമാണത്. അത് അതിൽതന്നെ തകർന്നുവീഴും. എന്നാൽ ക്രിസ്തുവിന്റെ സഭ വീണ്ടും ഉയിർത്തെഴുന്നേൽക്കും, മരണത്തിനപ്പുറമുള്ള ജീവിതത്തെ ലക്ഷ്യംവെക്കുന്ന സഭ.
‘വെറും സാമൂഹ്യപ്രവർത്തകനും മനഃശാസ്ത്രജ്ഞനും ഉദ്യോഗസ്ഥനുമാകുന്ന പൗരോഹിത്യം തകർക്കപ്പെടും. മറിച്ച്, മനുഷ്യന്റെ കണ്ണീരൊപ്പുന്ന, സന്തോഷസന്താപങ്ങളിൽ പങ്കുപറ്റുന്ന ഒരു പൗരോഹിത്യം ഭാവിയിൽ ഉയിർത്തെഴുന്നേൽക്കും.
‘ഇന്നത്തെ സഭയിലെ പ്രതിസന്ധി നാളെയുടെ ഉയിർത്തെഴുന്നൽപ്പിനുള്ളതാണ്. അവർ വീണ്ടും ചെറിയ അജഗണമായി മാറും. ആദ്യ നൂറ്റാണ്ടിലെന്നതുപോലുള്ള ഒരു ചെറുഗണം. പുരോഗതിയുടെ കാലത്ത് പണിതുയർത്തിയ ആലയങ്ങളിൽ ജനത്തെക്കൊണ്ട് നിറയ്ക്കാൻ അവൾക്കാവില്ല. അവളോടുള്ള സമർപ്പണത്തിൽ ജീവിക്കുന്നവരുടെ എണ്ണം കുറയുമ്പോൾ സഭയുടെ സാമൂഹ്യാവകാശങ്ങൾ പലതും തിരസ്‌ക്കരിക്കപ്പെടും.
‘സ്വന്തം തീരുമാനത്തിൽ കൂട്ടായ്മയായി ഒത്തൊരുമിക്കുന്നവർമാത്രം സഭയിൽ അംഗങ്ങളാകും. സഭാംഗങ്ങളിൽനിന്ന് വലിയ സമർപ്പണങ്ങൾ അവൾ ആവശ്യപ്പെടും. പുതിയ മിനിസ്ട്രികൾ രൂപം കൊള്ളും. ചെറുസമൂഹങ്ങൾ ഉടലെടുക്കും. ഓരോ സ്ഥല സമൂഹത്തിനും ആവശ്യാമാകുന്ന വിധത്തിൽ അജപാലനശുശ്രൂഷകൾ നൽകാൻ തുടങ്ങും.
‘സഭയുടെ യഥാർത്ഥ പ്രതിസന്ധി ആരംഭിക്കാൻ പോകുന്നതേയുള്ളൂ. വളരെ ഭീകരമായ പ്രതിസന്ധി അവൾ നേരിടും. എന്നാൽ, അതിന്റെ ഒടുക്കം എന്തു സംഭവിക്കുമെന്നതിൽ ഏതാണ്ട് ഒരു ധാരണ എനിക്കുണ്ട്. രാഷ്ട്രീയ ശക്തിയായുള്ള സഭ ഉണ്ടാകില്ല, അതു മരിക്കും. സഭ ഒരു ആത്മീയ ശക്തിയാകും. വിശ്വാസികളുടെ കൂട്ടായ്മയായ സഭ നിലകൊള്ളും. മരണത്തിനപ്പുറമുള്ള ജീവനിലും പ്രത്യാശയിലും ജീവിക്കുന്ന ഒരു സഭ ഉദയം ചെയ്യും.’
റാറ്റ്സിംഗറെന്ന ബനഡിക്ട് 16-ാമൻ പാപ്പ അരനൂറ്റാണ്ടുമുമ്പ് 2000 ആണ്ടിലെ സഭയെക്കുറിച്ച് പ്രവചിച്ചത് സമകാലിക ലോകത്തിന് പ്രസക്തിയേറുന്നു. ആധുനിക നൂറ്റാണ്ടിലെ ശക്തിനായ സഭാ പ്രബോധകനും ക്രാന്തദർശിയുമായ ഇദ്ദേഹം റോമിലെ മാതർ എക്ലേസിയ ആശ്രമത്തിലിരുന്ന് ലോകത്തിന്റെയും സഭയുടെയും നാൾ വഴികളെ ധ്യാനിക്കുകയാണിപ്പോൾ.