ഈ അടുത്തകാലത്തായി കേരള കത്തോലിക്ക സഭയിലെ ചില സംഭവ വികാസങ്ങൾ പരിശുദ്ധ കത്തോലിക്ക വിശ്വാസികളിൽ അമ്പരപ്പുളവാക്കുന്നത് തന്നെയാണ്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയിലോ തത്വത്തിലോ വിശ്വസിക്കുന്നത് പോലെ ക്രിസ്തീയ വിശ്വാസത്തെ ഒരിക്കലും കാണാൻ സാധിക്കില്ല. കാരണം യേശുവിൽ വിശ്വസിച്ചു അവൻ നൽകുന്ന കൃപാവരങ്ങൾ സ്വന്തമാക്കിയാൽ മാത്രമേ ഒരുവന് വചനം അനുസരിച്ച് ജീവിക്കാൻ സാധിക്കുകയുള്ളൂ. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ സാധിക്കില്ല എന്നു യേശു നാഥൻ പറഞ്ഞുവയ്ക്കുന്നു.
ഈ ലോകത്തെ ജീവിതം ക്ഷണികമാണെന്നും മരണശേഷം ഉള്ള നിത്യമായ ജീവിതമാണ് ആത്യന്തികമായ ലക്ഷ്യമെന്നും കത്തോലിക്ക വിശ്വാസം നമ്മെ പഠിപ്പിക്കുന്നു.
മരണാനന്തര ജീവിതത്തിലെ നിത്യജീവിതത്തിലേക്കുള്ള ഏക മാർഗം വഴിയും സത്യവും ജീവനുമായ യേശു ആണെന്ന് തിരുവചനം പറയുന്നു. കത്തോലിക്കന്റെ വിശ്വാസത്തിന്റെ ആണിക്കല്ല് ഏക രക്ഷകനായ യേശു ക്രിസ്തു മാത്രമാണ്.
ശത്രുക്കളെ സ്നേഹിക്കാനും, ലോക സുഖങ്ങളിൽ മനസ്സുടക്കാതിരിക്കാനും, ആസക്തികളിൽ നിന്നകന്നു ജീവിക്കാനും പരിശ്രമിക്കുന്ന ജീവിതമാണ് കത്തോലിക്കന്റേത്. അതിനു കാരണമാകുന്നത് രക്ഷകനായ യേശുവിന്റെ എഴുതപ്പെട്ട വചനങ്ങളും കല്പനകളും.
യേശുക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുന്നത് നിമിത്തം ഒരുവൻ നിത്യജീവിതം നഷ്ടപ്പെടുത്തും എന്നുള്ള വസ്തുത എല്ലാ കത്തോലിക്കർക്കും അറിയാവുന്നത് തന്നെയാണ്. ഈയടുത്തകാലത്ത് ചില കത്തോലിക്ക വൈദീകരുടെ വാക്കുകളും പ്രവർത്തികളും യേശു ക്രിസ്തു ഏക രക്ഷകനൊന്നുമല്ല എന്നു സഭാ മക്കളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതാണെന്നു തോന്നിപ്പോകും. കർക്കശമായ നിയമങ്ങളും ചട്ടങ്ങളും നിലനിൽക്കുന്ന മതത്തിന്റെ സംവാദത്തിൽ ഒരു വ്യക്തി ഞങ്ങളുടെയും നിങ്ങളുടെയും മതം ഒന്നാണെന്ന ഭാവത്തിൽ സംസാരിക്കുകയും അവർ അതിനെ ശക്തമായി എതിർക്കുകയും ചെയ്യുകയുണ്ടായി. യേശുക്രിസ്തുവിനെ തള്ളിപ്പറഞ്ഞാലെങ്കിലും ലോകത്തു സമാധാനമുണ്ടായെങ്കിലോ എന്നു വിചാരിച്ച ഈ വ്യക്തി ഒരു കത്തോലിക്ക പുരോഹിതൻ ആണെന്നും ഇതുപോലെയുള്ള അനേകം വൈദീകർ കേരള സഭയിൽ തന്നെ ഉണ്ടെന്നറിയുമ്പോഴും ഓരോ സഭാംഗവും നാം വിശ്വാസ ത്യാഗത്തിന്റെ പാതയിൽ ആണെന്ന് മനസ്സിലാക്കണം.
തിരുവചനത്തിൽ യുഗാന്ത്യത്തിൽ സംഭവിക്കുന്ന വലിയ അടയാളം സഭയിലെ വിശ്വാസ ത്യാഗമാണ്. കത്തോലിക്കാ മതബോധന ഗ്രന്ഥത്തിൽ യുഗന്ത്യത്തിൽ മതപരമായ ഒരു വഞ്ചനയിലൂടെ സംഭവിക്കുന്ന വിശ്വാസ ത്യാഗത്തെകുറിച്ചു പഠിപ്പിക്കുന്നു(ccc 675). സഭയിൽ ഒരു മതപരമായ ഒരു വഞ്ചന സംഭവിക്കണമെങ്കിൽ അതു സഭാധികരികളിൽ നിന്നു തുടങ്ങണമെന്ന് നമുക്ക് മനസ്സിലാക്കാം.
യേശുവിലുള്ള വിശ്വാസത്തെപ്രതി തന്റെ നാടും വീടും ഉപേക്ഷിച്ചു വൈദീകനായ വ്യക്തി, ജീവിതം തന്നെ യേശുവിനെ പ്രഘോഷിക്കാൻ മാറ്റിവച്ച വ്യക്തി, തന്റെ വാക്കുകൾ അനേകർക്ക് യേശുവിലുള്ള വിശ്വാസത്തിൽ ഇടർച്ച സംഭവിക്കുവാൻ സാധ്യത ഉണ്ട് എന്ന് മനസ്സിലാക്കി ഇതുപോലെയുള്ള കാര്യങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കേണ്ടത് തന്നെയായിരുന്നു.
ഇതിനോടാനുബന്ധിച്ചു സോഷ്യൽ മീഡിയ ചർച്ചകളിൽ കത്തോലിക്ക വിശ്വാസികൾ രണ്ടു തട്ടായി തിരിഞ്ഞു ആ വൈദീകനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടത്തുകയുണ്ടായി.
വൈദീകനെ അനുകൂലിച്ചു സംസാരിക്കാൻ മുന്‍കയ്യെടുത്തവരിൽ പലരും യുക്തിവാദികളും സഭാ വിരോധികളും ആയിരുന്നു. എന്താണെന്നറിയതെ കുറെ വിശ്വാസികളും വൈദീകനെ പിന്തുണക്കുകയുണ്ടായി. ഫലത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ സംഭവിച്ച ഗ്രൂപ്പ് വഴക്കു മാത്രമായി വൈദീകനെ പിന്തുണച്ചവർ കരുതിയെന്നു സമാധാനിക്കാം.
പല രീതിയിൽ സഭാംഗങ്ങളെ യേശുവിലുള്ള വിശ്വാസം ഉപേക്ഷിക്കാൻ സഭാധികാരികളിൽ നിന്നു തന്നെ അറിഞ്ഞോ അറിയാതെയോ വരുന്ന വാക്കുകളും പ്രവർത്തികളും കാണുമ്പോൾ, നിത്യ ജീവിതം ലക്ഷ്യമാക്കി ജീവിക്കുന്ന ഓരോ ക്രിസ്തു വിശ്വാസിയും കൂടുതൽ പ്രാര്ഥിക്കാനും വചനം ധ്യാനിക്കാനും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഒരു മലവെള്ളപ്പാച്ചിൽ പോലെ സഭയിൽ സംഭവിക്കാൻ പോകുന്ന വിശ്വാസത്യാഗം കാണുമ്പോൾ യേശുവിൽ ജീവിക്കുന്നവൻ ഭയപ്പെടേണ്ടതില്ല. വ്യാജപ്രബോധങ്ങളിൽ മനസ്സുടക്കാതെ വചന വിരുദ്ധമായത് ആരു പറഞ്ഞാലും തള്ളിക്കളയാൻ ഈ യുഗാന്ത്യത്തിലെങ്കിലും കത്തോലിക്കർ തയ്യാറാകണം.
ഈ പിഴവുകൾ എല്ലാം മുതലെടുത്തു നമ്മെ സഭയിൽ നിന്നു വേര്പെടുത്തിക്കൊണ്ടു പോകുവാൻ പല സെക്ടുകളും ഇതര വിഭാഗങ്ങളും ശ്രമിക്കും എന്നു പ്രത്യകം പറയേണ്ടതില്ലല്ലോ. നമ്മൾ സഭാധികരികളുടെ ചെയ്തികളിൽ മനം നൊന്തു പുറത്തേക്കു പോകുമ്പോൾ വിശുദ്ധ കുർബാന, കുമ്പസാരം, പരിശുദ്ധ അമ്മ , യേശുവിനെ മൗതീക ശരീരമായ സഭ , ഇവയൊക്കെ തള്ളിപ്പറയുകയും ഉപേക്ഷിക്കുകയും ചെയ്യുകയാണ് എന്നു മനസ്സിലാക്കണം.
യേശു നാഥൻ വീണ്ടും വരുമ്പോൾ ഭൂമിയിൽ വിശ്വാസം കാണുമോ എന്നു സൂചിപ്പിച്ചതിനർത്ഥം ഭൂരിഭാഗവും അവനെ തള്ളിപ്പറയുമെന്നു തന്നെയാണ് എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇത്രയും ഇവിടെ എഴുതാനുള്ള കാരണം, ഇതെല്ലാം സഭയിൽ സംഭവിക്കുമെന്ന് എഴുതപ്പെട്ടതാണ് ആരും പരിഭ്രമിക്കുകയോ വേറെ രക്ഷ നോക്കി പോകുകയോ വേണ്ട എന്നു പറയുന്നതിനാണ്. അനുതപിക്കുന്ന പാപിയോടു ക്ഷമിച്ചു, കാലവും സമയവും നോക്കാതെ ഒരെ കൂലികൊടുക്കുന്ന ദൈവ നീതിക്കു മുൻപിൽ ആരെയും വിധിക്കാൻ മനുഷ്യർക്ക് അർഹതയില്ല എന്ന തിരിച്ചറിവോടെ.... അബ്രാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവത്തിനു സ്തുതിയും ആരാധനയും
ലിജൊ പീറ്റർ