സ്വവർഗ അനുരാഗത്തെ കുറിച്ച് 2018 സെപ്റ്റംബർ 9 ലെ ദീപിക ദിനപത്രത്തിൽ റവ ഫാ വർഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ ലേഖനത്തിനുള്ള തുറന്ന മറുപടി:- " ജന്മനാ സ്വവർഗ ലൈംഗിക ചായ്‌വുള്ള ചുരുക്കം ചില വ്യക്തികളുണ്ടെന്നും അതിനാൽ ഈ വ്യക്തികളിലെ സ്വവർഗ രതിയുടെ പ്രവണത കുറ്റകരമോ പാപമോ അല്ല " എന്ന അങ്ങയുടെ പ്രസ്താവന കത്തോലിക്ക സഭയുടെതല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ . കത്തോലിക്ക സഭയുടെ പഠനങ്ങളെ ഉപേക്ഷിച്ച് സൈക്കോളജിയിൽ ആശ്രയം വെച്ച് കുമ്പസാര കൂട്ടിൽ വിശ്വാസികൾ അനുതാപത്തോടെ സ്വയംഭോഗം എന്ന പാപം ഏറ്റുപറഞ്ഞാൽ അത് പാപമല്ല എന്ന് ഉപദേശം കൊടുത്ത് ആ പാപത്തെ ഇന്ന് അനേകം വൈദികർ പാപമല്ലാതാക്കുന്നുണ്ട്. ഇങ്ങനെ പട്ടിയെ ആടാക്കുന്ന ലിസ്റ്റിലെ മറ്റു പാപങ്ങൾ ആണ് വിഗ്രഹാർപ്പിത ഭക്ഷണവും യോഗയും മറ്റും .... ഇപ്പോൾ ആ ലിസ്റ്റിൽ ഒരു ഐറ്റം കൂടി ചേർക്കപ്പെട്ടിരിക്കുന്നു. സ്വവർഗ്ഗരതി! ഈ നിരക്കിൽ പോയാൽ ഗൗരവമായ പാപങ്ങളായിരുന്നിട്ടും പാപങ്ങൾ അ ല്ലാതായി മാറി കൊണ്ടിരിക്കുന്ന മാരക പാപങ്ങളുടെ എണ്ണം കൂടി കൂടി വന്ന് ഒടുവിൽ കത്തോലിക്ക സഭയിൽ പാപങ്ങൾ തന്നെ ഇല്ലാതാകുമോ എന്ന് സംശയിക്കുന്ന എളിയവിശ്വാസികൾ ഇപ്പോഴുമുണ്ട്. കർത്താവ് കുരിശിൽ മരിച്ചത് " വെറുതെയാകുമോ" എന്നും അവർ ഭയപ്പെടുന്നുണ്ട്. പാപമൊന്നും ഇല്ലെങ്കിൽ പാപ പരിഹാര ബലിയുടെ ആവശ്യമില്ലല്ലോ.
കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥത്തിലെ കറയറ്റ പഠനങ്ങളാണ് എളിയവരായ വിശ്വാസികൾ കെ.സി.ബി.സിയുടെ വക്താവായ അങ്ങിൽ നിന്ന് ഈ വിഷയത്തിൽ പ്ര തീക്ഷിച്ചത്. സ്വവർഗ്ഗ അനുരാഗിയും അനുതാപം വഴി യേശു ക്രിസ്തുവിലൂടെയു ള്ള വീണ്ടെടുപ്പിലാണ് ആശ്രയിക്കേണ്ടത് എന്ന് ലേഖനത്തിൽ ഒരിടത്തും പറയാതെ കുറച്ച് പേർക്ക് ജന്മനാ തന്നെ സ്വവർഗ്ഗ രതിയോട് ആഭിമുഖ്യയുള്ളവരാണ് എന്ന് പറഞ്ഞ് ആ തിന്മയ്ക്ക് "അനിവാര്യമായ " ഒരു സ്ഥിര സ്വഭാവം ന്യായീകരിച്ച് പറഞ്ഞത് വേദനാജനകമാണ്. അത് കത്തോലിക്ക സഭയുടെ പഠനം അല്ലേ അല്ല !
സ്വവർഗ്ഗ രതിയെ കുറിച്ച് കത്തോലിക്ക സഭയുടെ മത ബോധന ഗ്രന്ഥം എന്ത് പറയുന്നു?
പ്രായ പൂർത്തിയായവർ തമ്മിലുള്ള സ്വവർഗ്ഗ രതി ഇനി മുതൽ കുറ്റകൃത്യം അല്ല എന്ന് സുപ്രീം കോടതി ഈയടുത്ത് നാളിൽ പുറപ്പെടുവിച്ച വിധിയുടെ പേരിൽ ഒരു കത്തോലിക്ക വിശ്വാസിയുടെ ധാർമ്മികതയിൽ ഒരു നിലപാട് മാറ്റം വരുത്താൻ കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസിയെ അനുവദിക്കുന്നില്ല എന്ന് ഓരോ ക്രിസ്തു വിശ്വാസിയും അറിഞ്ഞിക്കേണ്ടതുണ്ട്. യൂക്കാറ്റ് ഇങ്ങനെ പ്രഖ്യാപിക്കുന്നു. " സഭയുടെ വിശ്വാസം ഇതാണ്: സൃഷ്ടിയുടെ ക്രമത്തിൽ സ്ത്രീയും പുരുഷനും ഒരാൾക്ക് മറ്റേയാളുടെ പരസ്പര പൂരക ഗുണങ്ങൾ ആവശ്യമായിരിക്കുകയും കുട്ടികൾക്ക് ജീവൻ നല്കാൻ വേണ്ടി അവർ പരസ്പര ബന്ധത്തിൽ ഏർപ്പെടുകയും വേണം. അതു കൊണ്ടാണ് സ്വവർഗ്ഗരതി പരമായ പ്രവൃത്തികൾ സഭയ്ക്ക് അംഗീകരിക്കാനാവാത്തത് "( യൂക്കാറ്റ് 65). " സ്വവർഗ്ഗ രതിയെ തികഞ്ഞ ധാർമികാധ:പതനമായി കാണുന്ന വി.ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിൽ, പാരമ്പര്യം എപ്പോഴും സ്വവർഗ്ഗഭോഗ പ്രവൃത്തികൾ അവയുടെ സഹജമായ പ്രകൃതിയാൽ തന്നെ ക്രമരഹിതമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അവ സ്വഭാവിക നിയമത്തിനും എതിരാണ്. അവ ലൈംഗിക പ്രവൃത്തിയുടെ ജീവദായകത്വത്തെ മുൻകൂട്ടി ഒഴിവാക്കുന്നു. അവ ശരിയായ വൈകാരിക ലൈംഗിക പൂരകത്വത്തിൽ നിന്നു പുറപ്പെടുന്നവയും യാതൊരു സാഹചര്യത്തിലും അവയെ അംഗീകരിക്കുവാൻ സാധ്യമല്ല "( CCC 2357) എന്ന് മതബോധന ഗ്രന്ഥവും പറയുന്നു.
സ്വവർഗ്ഗ രതിയെ കുറിച്ച് കർക്കശ്യമായ നിലപാടാണ് കത്തോലിക്ക സഭ സ്വികരിച്ചിരിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. ഇനി സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്നവരോടുള്ള കത്തോലിക്ക സഭയുടെ നിലപാട് എന്താണ്? അത് മറ്റു പാപ അവസ്ഥകളെ പോലെ തന്നെ, പാപത്തെ വെറുക്കുന്ന പാപിയെ സ്നേഹിക്കുന്ന ക്രിസ്തു സ്വീകരിച്ചിട്ടുള്ള അടിസ്ഥാന മനോഭാവമല്ലാതെ മറ്റൊന്നല്ല .സമരിയ കാരി സ്ത്രീയോടും വേശ്യ വൃത്തിയിൽ ഏർപ്പെട്ടപ്പോൾ പിടിക്കപ്പെട്ട സ്ത്രിയോടും മറ്റുള്ളവരുടെ തുക വഞ്ചിച്ചെടുത്ത സക്കേവൂസിനോടും യേശു പുലർത്തിയ മനോഭാവം ഇത് തന്നെയായിരുന്നു. യേശു അവരിലെ പാപത്തെ വെറുത്തു. അതിനെ പാപം എന്നു തന്നെ വിളിച്ചു. അവരുടെ പാപാസ്ഥയെ ഒരിക്കലും യാതൊരു വിധത്തിലും മഹത്വീകരിച്ചില്ല. എന്നാൽ ആ പാപികളെ അവർ സ്വന്തം പാപത്തെ കുറിച്ച് അനുതപിക്കാൻ തക്കവിധം അവരിൽ ക്ഷമാപൂർണ്ണനായ ദൈവത്തിലുള്ള വിശ്വാസം വളർത്തുകയാണ് യേശു ചെയ്തത്. സ്വവർഗ്ഗ രതിയിൽ ഏർപ്പെട്ടവരോടും കത്തോലിക്ക സഭ വെച്ചു പുലർത്തുന്ന മനോഭാവം മറ്റൊന്നല്ല. സ്വവർഗ്ഗ രതി എന്നത് കണ്ണില്ലാതയോ ചെവികൾ ഇല്ലാതയോ കാലുകൾ ഇല്ലാതയോ ഒരാൾ ജനിക്കുന്നത് പോലെയുള്ള ശാരീരിക വൈകല്യം അല്ല ! അതു കൊണ്ട് ജന്മനാ ഒരു ശാരീരിക വൈകല്യം ഉണ്ടായ ഒരു അവസ്ഥയല്ല സ്വവർഗ്ഗ രതി എന്നു നന്നായി മനസ്സിലാക്കണം. കത്തോലിക്ക സഭ യുടെ മതബോധന ഗ്രന്ഥം പറയുന്നു .... "സ്വവർഗ്ഗ രതിയുടെ മന:ശാസ്ത്രപരമായ കാരണം വളരെ അവ്യക്തമായി നില നിൽക്കുന്നു എന്നാണ് "( CCC 2357) മതബോധന ഗ്രന്ഥം പറയുന്നത് .അതിനാൽ ജന്മനാ ഉള്ള ഒരു ശാരീരിക വൈകല്യം പോലെ ജീവിതകാലം മുഴുവൻ നിലനില്ക്കുന്ന സ്ഥായിയായ ഒരവസ്ഥ എന്ന " കാഴ്ചപ്പാട് " സ്വവർഗ്ഗ രതി യോട് കത്തോലിക്ക സഭയ്ക്കില്ല! ഈയടുത്ത് അമേരിക്കയിലെ ഒരു ഗായകൻ സ്വവർഗ രതിയിൽ നിന്ന് മാറി സ്വാഭാവിക സ്ത്രീ പുരുഷ ജിവിതം നയിച്ചു എന്ന് എടുത്ത് പറയേണ്ടതാണ്. അങ്ങനെ ജന്മനാ തന്നെ ഒരു ശാരീരിക വൈകല്യം പോലെ സ്ഥായിയായവസ്ഥ എന്നു വന്നാൽ പാപവസ്ഥയാണെങ്കിലും സ്വവർഗ്ഗ രതിയിൽ ഏർപ്പെടുന്ന വ്യക്തിയ്ക്ക് ഇനി കർത്താവിൽ ഒന്നും ചെയ്യാനില്ല എന്നും അവന് / അവൾക്ക് വ്യക്തിപരമായി പാപത്തിന്റെ ഉത്തരവാദിത്വം ഇല്ല എന്നു വരും. അതു കൊണ്ട് " ആവേശത്തോടെ " അത് പുൽകി അതിൽ നിലനിൽക്കുക എന്നതു മാത്രമാണ് ചെയ്യാനുള്ളത് എന്ന് ആ വ്യക്തികൾ തെറ്റായി ധരിക്കും. വിവാഹത്തിന് മുൻപ് ഒരു സ്ത്രീയുമായി ശാരീരിക ബന്ധം പുലർത്തുന്നത് പാപമല്ലേ .... വിവാഹത്തിന് ശേഷം ജിവിത പങ്കാളിയല്ലാത്ത ഒരു ആളുമായുള്ള ശാരീരിക ബന്ധം പാപമല്ലേ .... പിതാവുമായി ശയിക്കുന്നത് പാപമല്ലേ .... അമ്മയുമായി വേഴ്ച നടത്തുന്നത് പാപമല്ല.... പിതാവിനെ കൊല്ലുന്നത് പാപമല്ലേ.... ഈ ലിസ്റ്റിൽ തന്നെയല്ലേ മൃഗഭോഗത്തിന്റെയും സ്വവർഗ്ഗ രതിയുടെയും സ്ഥാനം. മൃഗങ്ങൾപോലും സ്വജാതിയിലെ എതിർ ലിംഗ കാരുമായേ ലൈംഗിക വേഴ്ച നടത്താറുള്ളൂ. സ്വവർഗ്ഗ രതിയിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യൻ മ്യഗത്തേക്കാൾ താഴെ പോയില്ലേ.... മേല്പറഞ പാപങ്ങളെല്ലാം ജന്മനാ തന്നെ ഓരോ മനുഷ്യരിലും ഉണ്ടാകുമല്ലോ . അതു കൊണ്ട് അവയെല്ലാം പാപമല്ല എന്നു വരുമോ? പിന്നെ സ്വവർഗ്ഗ രതിയ്ക്ക് എന്തേ അങ്ങയുടെ ലേഖനത്തിൽ ഈ ആനുകല്യം? മാമോദീസ കൂദാശയെ കുറിച്ച് മതബോധന ഗ്രന്ഥം പറയുന്നത് ശ്രദ്ധിക്കണേ." മാമോദീസയിലൂടെ എല്ലാ പാപങ്ങളും ഉൽഭവ പാപവും വ്യക്തിപരമായ എല്ലാ പാപങ്ങളും ക്ഷമിക്കപ്പെടുന്നു. മാമോദീസ സ്വീകരിക്കുന്നവനിൽ ദൈവരാജ്യത്തിലേക്കുള്ള പ്രവേശനം തടയുന്ന യാതൊന്നും - ആദത്തിന്റെ പാപമാകട്ടെ, വ്യക്തിപരമായ പാപമാകട്ടെ പാപത്തിന്റെ അനന്തരഫലങ്ങളാകട്ടെ - നിലനിൽക്കുകയില്ല" (CC C 1263) . " മതബോധന ഗ്രന്ഥം തുടർന്നു പറയുന്നത് ശ്രദ്ധിച്ചാലും . " എന്നാലും പാപത്തിന്റെ കാലികമായ ചില അനന്തരഫലങ്ങൾ മാമോദീസ സ്വികരിച്ചവരിൽ നിലനിൽക്കുന്നുണ്ട്. സഹനം, രോഗം, മരണം, ജീവിതത്തിൽ സ്വതസിദ്ധമായ ദൗർ ബല്യങ്ങൾ, പാപം ചെയ്യാനുള്ള പ്രവണത മുതലായവ. പാപം ചെയ്യാനുള്ള പ്രവണതയെ പാരമ്പര്യം പറയുന്നത് പോലെ പാപാസക്തി (concupiscence ) അല്ലെകിൽ ആലങ്കാരികമായി പറഞ്ഞാൽ 'പാപത്തിന്റെ ഇന്ധനം ' ( the tinder for Sin - Fomes peccati) എന്നു വിളിക്കുന്നു. പാപാ സ്കതി നമ്മിൽ കുടികൊള്ളാൻ അനുവദിച്ചിരിക്കുന്നത് നാം അതിനോട് സമരം ചെയ്യാൻ വേണ്ടിയാണ്. അതു കൊണ്ട് അതിനു സമ്മതം നല്കാതെ യേശുക്രിസ്തുവിന്റെ കൃപാവര ത്താൽ അതിനെ ധീരതയോടെ എതിർത്തു നിൽക്കുന്നവരെ ദ്രോഹിക്കാൻ അതിന് കഴിയുകയില്ല. യഥാർത്ഥത്തിൽ നിയമാനുസൃതം മൽസരിക്കാതെ ആർക്കും കിരീടം ലഭിക്കുകയില്ല" (CC C 1264). സ്വവർഗാനുരാഗവും മറ്റു മാരക തിന്മകളെ പോലെയുള്ള തിന്മയാണെന്നിരിക്കെ അത് യേശുക്രിസ്തുവിന്റെ വീണ്ടേടുപ്പിന്റെ അപ്പുറത്താണന്നോ ആ തിന്മയ്ക്ക് അടിപ്പെട്ടവൻ യേശുക്രിസ്തുവിൽ മൽസരിക്കണ്ടേന്നോ എന്ന മട്ടിൽ ലേഖനത്തിൽ ചിത്രീകരിക്കപ്പെട്ടത് ഗുരുതരമായ തെറ്റ് തന്നെയാണ്. യൂക്കാറ്റും മതബോധന ഗ്രന്ഥവും സ്വവർഗാനുരാഗ വി ഷയത്തിൽ യേശുക്രിസ്തുവിലൂടെയുള്ള വീണ്ടെടുപ്പിനാണ് പ്രാധാന്യം നല്കുന്നത്. യൂക്കാറ്റിൽ ഇങ്ങനെ പറഞ്ഞ് വെച്ചിരിക്കുന്നു. .... "ഒരമ്മയും അപ്പനും തമ്മിലുള്ള ഐക്യത്തിൽ നിന്ന് ഉദ്ഭവിക്കാത്തവനായി ഒരു മനുഷ്യനും ഈ ഭൂമിയിലില്ല. എതിർലിംഗത്തിൽപ്പെട്ടവരോട് ലൈംഗികാർഷണമില്ലാതിരിക്കുകയും മനുഷ്യപ്രകൃതിയും സൃഷ്ടിയുടെ ദൈവിക ക്രമമനുസരിച്ചുള്ള സ്ത്രി പുരുഷ ഐക്യത്തിന്റെ ശാരീരിക ഫലപൂർണ്ണത നിർബദ്ധപൂർവ്വം നഷ്ടപ്പെടുകയും ചെയ്യുകയെന്നത് സ്വവർഗരതി സ്വഭാവമുള്ള അനേകരുടെ വേദനാജനകമായ അനുഭവമാണ്. എന്നാലും ദൈവം മിക്കപ്പോഴും ആത്മാക്കളെ അസാധാരണ മാർഗ്ഗ ത്തിലൂടെ തന്നിലേക്കു നയിക്കുന്നു. ഒരു അഭാവം , ഒരു നഷ്ടം, ഒരു മുറിവ് , അത് സ്വീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്താൽ ദൈവകരങ്ങളിലേക്കു തന്നെ തന്നെ എറിയാനുള്ള ശക്തികേന്ദ്രമായിത്തീരാൻ അതിനു കഴിയും എല്ലാറ്റിൽ നിന്നും നന്മ കൊണ്ടുവരുന്ന നാണല്ലോ ദൈവം. അവിടത്തെ മഹത്യം സൃഷ്ടികർമ്മത്തിലെന്നതിനെക്കാൾ കൂടുതൽ വീണ്ടെടുപ്പിൽ കണ്ടെത്താൻ കഴികയും ചെയ്യും "C യൂക്കാറ്റ് 65). മതബോധന ഗ്രന്ഥവും യേശുക്രിസ്തിവിലൂടെയുള്ള വീണ്ടെടുപ്പിനാണ് പ്രാധാന്യം കൊടുക്കുന്നത്. CC C 2359 ഖണ്ഡികയിൽ ഇങ്ങനെ വായിക്കുന്നു .... " സ്വവർഗ്ഗ ഭോഗ പ്രവണതയുള്ള വ്യക്തികൾ ശുദ്ധതയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. ആന്തരിക സ്വാതന്ത്ര്യം അഭ്യസിപ്പിക്കുന്ന ആത്മനിയന്ത്രണത്താലും ചിലപ്പോൾ സ്വാർഥ രഹിതമായ സുഹൃദ് ബന്ധത്തിന്റെ സഹായാത്താലും പ്രാർത്ഥനയുടെയും കൗദാശിക (കുമ്പസാരം) കൃപാവരത്തിന്റെയും ശക്തിയാലും അവർക്കു ക്രമേണയായും തീർച്ചയായും ക്രിസ്തീയ പൂർണത പ്രാപിക്കാൻ സാധിക്കുന്നതാണ്, സാധിക്കേണ്ടതാണ് "എത്ര കൃത്യമാണ് സഭയുടെ പഠനം. സ്വവർഗാനുരാഗം കുറ്റമോ പാപമോ അല്ല എന്നു വിശ്വസിക്കുന്നവർക്ക് ആ തിന്മയിൽ നിന്ന് ഒരിക്കലും മോചനം ലഭിക്കില്ല . അത് ഒഴിച്ചുകൂടാനാവാത്ത ഒരിക്കലും മാറ്റാൻ കഴിയാത്ത അവസ്ഥ എന്നു വിശ്വസിക്കുന്നവൻ ഈ തിന്മ പടർത്തുകേയുള്ളൂ! അവൻ ദൈവം 'കരുണയുള്ളവനാണ് ' എന്നു പറഞ്ഞു ജിവിക്കുന്നു. അനുതപിക്കാത്തവന് ദൈവത്തിൽ നിന്ന് കരുണ ലഭിക്കില്ല എന്ന് മതബോധന ഗ്രന്ഥം പറയുന്നു. " അവിടുത്തെ കാരുണ്യം സ്വികരിക്കുവാൻ നാം നമ്മുടെ അപരാധങ്ങൾ ഏറ്റുപറയണം" (CCC 1847) . ഇത് സ്വവർഗാനുരാഗിയ്ക്കും ബാധകമാണ്. അനു താപത്തിലേക്ക് നയിക്കുക എന്നതാണ് ദൈവത്തിന്റെ ലക്ഷ്യം എന്ന് ദൈവവചനവും സാക്ഷ്യപ്പെടുത്തുന്നു (റോമ 2:4) . സ്വവർഗാനുരാഗി മാരകമായ തിന്മയിൽ ജീവിക്കുന്നതിനാൽ പരിശുദ്ധ കുർബ്ബാന സ്വികരിക്കാൻ അയോഗ്യനാണ്. അ നുതപിക്കാതെ മറ്റു മാരക പാപങ്ങൾ ചെയ്ത് ജീവിക്കുന്നവനും കുർബ്ബാന സ്വികരിക്കാൻ അയാഗ്യനാണ്. അവൻ പാപസങ്കീർ ത്തനം നടത്തണം ( CC C 1385) . മാരക പാപവസ്ഥയിൽ ഇരിക്കുന്നവൻ പരിശുദ്ധ കുർബ്ബാന സ്വീകരിക്കാൻ അയോഗ്യനായിരിക്കെ സഭയ്ക്ക് അത് നല്കാനാകുമോ? എന്നാൽ അനുതപിക്കുന്നവന് ആ പാപത്തെ ഉപേക്ഷിക്കാൻ ദൈവം കൃപ കൊടുക്കും . രണ്ട് മനോഭാവം തമ്മിൽ വളരെ വിത്യാസം ഉണ്ട്. ഈ വിഷയത്തിൽ സുപ്രിം കോടതി വിധിയല്ല എളിയ വിശ്വാസികളെ വേദനിപ്പിച്ചത് ' . യേശുവിലൂടെയുള്ള വിണ്ടടുപ്പിന് പ്രധാന്യം കൊടുക്കാതെ സ്വവർഗാനുരാഗം എന്ന തിന്മ കുറച്ച് പേർക്കെങ്കിലും തിന്മയല്ല എന്ന പ്രസ്താവനയാണ് അവരെ വേദനിപ്പിച്ചത്.. ആ കുറച്ച് പേർ അനേകരാണ്. കത്തോലിക്ക സഭ ലോകവുമായി അനുരൂപപ്പെട്ടോ?
ആവേ മരിയ!
ജോൺ ജോസ്.സി