ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക.
“എനിക്കൊരു തെറ്റുപറ്റി. അടിച്ചമർത്തപ്പെട്ട ജനങ്ങൾ സ്വാതന്ത്രമാക്കപ്പെടണമായിരുന്നു എന്നതിന് സംശയമില്ല. പക്ഷെ നമ്മുടെ മാർഗ്ഗങ്ങൾ കൂടുതകൾ അടിച്ചമർത്തലുകൾക്കും അതിക്രൂരമായ കൂട്ടക്കൊലകൾക്കും മാത്രമാണ് ഇടവരുത്തിയത്. … പഴയകാലത്തിനു ഇനി മാറ്റം വരുത്താനാവില്ല, പക്ഷെ റഷ്യയെ രക്ഷിക്കാനായി ആവശ്യമായിരുന്നത് ഫ്രാൻസീസ് അസ്സീസിയെപ്പോലെ പത്തുപേരാണ്” (ലെനിൻ).
ഏറ്റവും അധികം അറിയപ്പെടുന്നതും എന്നാൽ ഏറ്റവും കുറച്ചുമാത്രം മനസ്സിലാക്കപ്പെട്ടതുമായ ഒരു ജീവിതമാണ് അസ്സീസിയിലെ ഫ്രാൻസ്സീസിന്റേത്. മദ്ധ്യകാലഘട്ടത്തിൽ പക്ഷിമൃഗാദികളുടെയും പിന്നാലെ പ്രകൃതിഭംഗി ആസ്വദിച്ചു, നൃത്തം ചവിട്ടിയും പാട്ടുപാടിയും ചെറിയൊരു കിറുക്കുമായി ഓടിനടന്ന ഭിക്ഷുവായാണ് ഇന്നും ഫ്രാൻസ്സീസ് നമ്മുടെ ചിന്തകളിൽ ഇടം പിടിച്ചിരിക്കുക. പക്ഷേ ഫ്രാൻസ്സീസ് ഇന്നും എത്തിപ്പിടിക്കാൻ പറ്റാത്ത, ആരെയും വ്യാമോഹിപ്പിക്കുന്ന വിധത്തിൽ ക്രിസ്തുവിനെ അനുഗമിച്ചവനാണ്. "ക്ലാരേ, നിൻ്റെ കണ്ണുകളിൽ സ്നേഹത്തിൻ്റെ തിരിവെട്ടം ഞാൻ കാണുന്നു. എന്നാൽ, അതിനുമുമ്പേ ഞാനൊരു സൂര്യഗോളത്തെ പ്രണയിച്ചുപോയി..." എന്ന് പതം പറയുന്ന ഫ്രാൻസ്സീസ് ഇന്ന് 837 വർഷങ്ങൾക്കിപ്പുറവും നമ്മെ ആകർഷിക്കുന്നു എന്നതല്ലേ സത്യം. സൂര്യകീർത്തനം (canticle of creation) ഉരുവിട്ട് പ്രകൃതിയെ സ്നേഹിച്ചു ദാരിദ്ര്യംവരിച്ചു ദിഗംബരനായി ഭൂമിയുടെ മറ്റേതോ കോണിൽ മറ്റേതോ ഋതുവിൽ മരിച്ച ഫ്രാൻസീസിനെ ഇനിയും നമുക്ക് കൂടുതൽ അടുത്തുകാണുവാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.
തൻ്റെ മുന്നിൽ വന്നുപെട്ട അപകടകാരിയായ ചെന്നായയുമായി ചങ്ങാത്തം സ്ഥാപികാനാവുംവിധം ഫ്രാൻസീസ് നിർമ്മലനായിരുന്നു. അതേ, മൃഗങ്ങൾക്കുപോലും അവൻ്റെ ഹൃദയഭാവങ്ങൾ വായിക്കാമായിരുന്നു. സമൂഹം കല്ലെറിഞ്ഞോടിച്ചിരുന്ന കുഷ്ഠരോഗിയെ ആലിംഗനം ചെയ്ത് അവൻ്റെ കണ്ണുകളിൽ ക്രിസ്തുവിനെക്കണ്ടവൻ അനുഭവിച്ചിരുന്ന ആത്മീയാനന്ദം എത്രയോ വലുതായിരുന്നിരിക്കണം.
സ്വന്തമായിരുന്ന ജീവിത സുഖങ്ങളെല്ലാം വലിച്ചെറിഞ്ഞു കൂരയില്ലാത്തവനിലും അങ്കിയില്ലാത്തവനിലും കുരിശിലെ ക്രിസ്തുവിനെ കാണുവാൻ സാധിക്കുന്ന വിധം ഫ്രാൻസ്സീസിൻ്റെ കണ്ണുകൾക്ക് മിഴിവുണ്ടായിരുന്നു. പെണ്ണും പണവും ഭ്രാന്തിൻ്റെ പേരിൽ ഉപേക്ഷിച്ചവൻ . ശരീരത്തിലെ അവസാന തുണിക്കഷ്ണം പറിച്ചുകൊടുത്ത് നഗ്നനായി ഇനി തനിക്ക് ദൈവം മാത്രമേ പിതാവായുള്ളൂ എന്ന് പറഞ്ഞവനെ ‘ദൈവത്തിൻ്റെ പോഴൻ’ എന്ന് മാത്രമേ നമുക്കും വിളിക്കാനാവൂ. പക്ഷേ ഈ അനുഭവമാണ് തുണിയില്ലാതെ മഞ്ഞിൽ വിറങ്ങലിച്ചു നിന്നവന് സ്വന്തം കുപ്പായം ഊരിക്കൊടുക്കാൻ ഫ്രാൻസിസിനെ ശക്തിപ്പെടുത്തിയത്. കടലിൽ നീന്തിയവൻ പുഴയെന്തിന് പേടിക്കണം?
മണ്ണിൽ നിന്ന് വന്ന തന്നെ മണ്ണായിതന്നെ മണ്ണ് സ്വീകരിക്കേണ്ടതിന് തുണിപോലും വേണ്ടെന്നുവച്ച ഫ്രാൻസീസ് നമ്മെ വെല്ലുവിളിക്കുന്നുണ്ട്. ഇല്ല ഫ്രാൻസീസ് ഞങ്ങൾക്ക് ഒരിക്കലും നിൻ്റെ അടുക്കൽപോലും എത്താനാവില്ല. ക്രിസ്തുവിനെ അക്ഷരംപ്രതി ജീവിതത്തിലേക്ക് പകർത്തിയെഴുതിയതിനു ദൈവം നല്കിയ കയ്യൊപ്പുമായി ക്രിസ്തുവിനെപ്പോലെ തിരുമുറിവുകളുമായി സഹനത്തിൻ്റെ പർവം കടന്നവന് മരണത്തെ സഹോദരിയെന്നല്ലാതെ എന്ത് വിളിക്കാൻ കഴിയും?
ഫ്രാൻസ്സീസ് പുറത്തേക്ക് എത്രമാത്രം മൃദുവായിരുന്നുവോ അത്രമാത്രം സ്വയം കർക്കശക്കാരനുമായിരുന്നു. ഏതെങ്കിലും ഭാവങ്ങളിലോ അലങ്കാരങ്ങളിലോ തൃപ്തിപ്പെടുന്നതായിരുന്നില്ല ഫ്രാൻസീസിൻ്റെ ദാരിദ്ര്യാരൂപിയോടുള്ള അഭിനിവേശം. യാഥാർത്ഥ്യത്തിൽ പരുപരുത്ത, പൊടിയുന്ന, ദുർഭിക്ഷതയിലാണ് അവൻ കഴിഞ്ഞത്. അവൻ നിഷ്കപടമായ ദാരിദ്ര്യത്തെയും സന്തതസഹചാരിയായ എളിമയെയും ഇപ്പോഴും ഇടതടവില്ലാതെ ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.
ദാരിദ്ര്യം എന്ന രാഗം ഇത്ര താളത്തിലും രാഗത്തിലും ശ്രുതിചേർത്തുപാടിയവർ വേറെ ആരാണുള്ളത്? അവസാനം, അവശേഷിപ്പിക്കാൻ ഒന്നുമില്ലാതെ, തിരുശേഷിപ്പുകൾ എല്ലാം ഹൃദയത്തിൽ അവശേഷിപ്പിച്ചു പടിയിറങ്ങിയ ഒരുവൻ ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്ന ഓർമ്മ തന്നെ സുകൃതമാണ്. മരണമെന്ന ഓർമ്മ തന്നെ നമ്മുടെ ഉറക്കം കെടുത്തുമ്പോൾ ഇവിടെ ഒരുവൻ മരണത്തെ വിളിക്കുന്നത് സോദരീ എന്ന്.
ദൈവമേ നീ എന്നെ സമാധാനത്തിൻ്റെ ഉപകാരണമാക്കണമേ എന്ന് ഫ്രാൻസീസ് പ്രാർത്ഥിച്ചത്, ഒരിക്കലും സുഷുപ്തിയുടെ കാലത്തല്ല. സമൃദ്ധിയുടെ ഇടയിലുമല്ല. അവൻ സമാധാനത്തിനുവേണ്ടി ഹൃദയം പൊട്ടി വിളിച്ചത് കുരിശുയുദ്ധത്തിൻ്റെ പേരിൽ മരിച്ചു വീഴുന്ന ഒത്തിരി പേരുടെ ജീവനുകൾ കണ്ടപ്പോഴാണ്.
ലോകമിന്നും ഏറ്റുപാടുന്ന സൂര്യകീർത്തനത്തിൽ സൂര്യനും ചന്ദ്രനും പക്ഷികളും മൃഗങ്ങളും പൂക്കളും അരുവികളും കാറ്റും വെളിച്ചവുമെല്ലാം സഹോദരനും സഹോദരിയും ആണ്. പക്ഷെ സ്വന്തം അമ്മയുടെ വയറ്റിൽ പിറന്ന മക്കൾ പരസ്പരം വാളോങ്ങി നിൽക്കുന്ന ഈ നിലത്ത് എങ്ങിനെയാണ് ഫ്രാൻസ്സീസിനു തൻ്റെ തമ്പുരുവിൽ ഇനിയൊരു കീർത്തനത്തിനു ഈണം മീട്ടാനാകുക?
അന്നൊരുദിവസം അസ്സീസിയുടെ വെളിമ്പ്രദേശത്ത് നടക്കാനിറങ്ങിയ ഫ്രാൻസീസ് ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ സാൻ ഡമിയനോ ദൈവാലയത്തിനകത്തേക്ക് പ്രവേശിക്കുന്നു. അവിടെക്കണ്ട ക്രിസ്തുരൂപം അവനോട് സംസാരിക്കുന്നു- “ നീ എൻ്റെ ദൈവാലയം പുതുക്കിപ്പണിയുവിൻ” (Rebuild My Church) എന്ന്. പിന്നീട് ഫ്രാൻസീസിൻ്റെ ദിനങ്ങൾ അദ്ധ്വാനത്തിന്റേത്. വിയർത്തൊലിച്ചു ജോലി ചെയ്യുമ്പോഴും അവൻ്റെ കാതുകൾക്ക് ലഭിച്ചത് കളിയാക്കലുകൾ മാത്രം. പക്ഷേ കാതുകളിൽ എത്രയോ മുൻപേ സമാനമായ വാക്കുകൾ കേട്ട് തഴമ്പ് വീണിരുന്നു. പക്ഷേ തമ്പുരാൻ്റെ വാക്കുകളുടെ ഉൾപ്പൊരുൾ ഫ്രാൻസ്സീസ് പിന്നീട് ഗ്രഹിക്കുകയാണ്. പൊളിച്ചുപണിയേണ്ടത്, പുനരുദ്ധരിക്കേണ്ടത് സഭയെയാണെന്ന്.
സഭയെ പുനരുദ്ധരിക്കാൻ ഇറങ്ങിയ ഫ്രാൻസീസ്, റോമിലും അന്നത്തെ സഭാ കേന്ദ്രങ്ങളിലും കണ്ട കാഴ്ചകൾ പരിതാപകരമായിരുന്നു. അത്യാഗ്രഹവും, സമ്പത്തും, അധികാരവും, വിലക്കുവാങ്ങലുകളും, ഭൗതീകതയും, അഴിമതിയും ഇവയുടെയെല്ലാ അർത്ഥതമില്ലായ്മയും വിമർശിച്ചു സംസാരിക്കാൻ അവൻ മടിച്ചില്ല. ഇന്നസെൻറ് മൂന്നാമൻ മാർപാപ്പയോടു മുഖത്തുനോക്കി അന്നത്തെ സഭ ക്രിസ്തുവിനെതിരാണ് എന്ന് പറയാനുള്ള ചങ്കൂറ്റവും ഫ്രാൻസീസ് പ്രദർശിപ്പിച്ചു. ഒന്നും നഷ്ടപ്പെടാനില്ലാത്തവന് എല്ലാം ലാഭം തന്നെ. അംശവടിയോ അധികാരമോ, മുത്തുമോതിരങ്ങളോ അവൻ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ചെയ്തില്ല.
അവൻ ഒരിക്കലും പുരോഹിതനാകാൻ ആഗ്രഹിച്ചിരുന്നില്ല. പൗരോഹിത്യത്തെ അദ്ദേഹം ഒത്തിരി ബഹുമാനിച്ചിരുന്നു. കണ്ടുമുട്ടുന്ന എല്ലാ പുരോഹിതരുടെ കരങ്ങളും അദ്ദേഹം വലിയ ബഹുമാനത്തോടെ ചുംബിക്കുമായിരുന്നു. ഫ്രാൻസിസ് ഒരിക്കൽ പറഞ്ഞു ഞാൻ ഒരു പുരോഹിതനെയും മാലാഖയെയും ഒരുമിച്ചുകണ്ടാൽ ആദ്യം മുട്ട് മടക്കുക പുരോഹിതൻ്റെ മുൻപിലായിരിക്കുമെന്ന്. ദേവാലയം അടിച്ചു തുടച്ചും വൃത്തിയാക്കിയും കുർബ്ബാനക്കുള്ള ഓസ്തി ഒരുക്കിയും അൾത്താരവിരികൾ തുന്നിയുമൊക്കെയാണ് അദ്ദേഹം പ. കുർബ്ബാനയോടുള്ള വലിയബഹുമാനം പ്രദര്ശിപ്പിച്ചിരുന്നത്.
1217 മുതൽ 1221 വരെ നടന്ന അഞ്ചാം കുരിശുയുദ്ധത്തിൽ മരിച്ചുവീണ ആയിരക്കണക്കിനുപേരുടെ ചോരയാണ് നൈൽ നദിയുടെ ചുട്ടുപൊള്ളുന്ന തീരങ്ങളെ നനയിപ്പിച്ചത്. 12- ആം നൂറ്റാണ്ടിലെ ബെനഡിക്ടൈൻ ആശ്രമജീവിതത്തിൻ്റെ പരിഷ്കർത്താവായ വി. ബെർണാഡിനെപ്പോലുള്ളവർ കുരിശുയുദ്ധത്തെ തീവ്രമായി പിന്തുണച്ച സമയവുമാണെന്നോർക്കണം. ഇന്നസെൻറ് മൂന്നാമൻ പാപ്പയുടെ കുരിശുയുദ്ധത്തോടുള്ള ആഹ്വാനങ്ങളെ ഫ്രാൻസീസ് ഒരിക്കൽ പോലും പിന്താങ്ങുകയോ അനുകൂലമായി ചെയ്തില്ല എന്നത് തിരിച്ചറിയപ്പെടേണ്ട യാഥാർത്ഥ്യമാണ്. സഭ ‘പരിശുദ്ധമായ’ യുദ്ധത്തിനുവേണ്ടി കോപ്പു കൂട്ടിയപ്പോൾ ഒരിക്കലും അതിനോട് ചേരാതെ ഒരു കുരിശുയുദ്ധം ഉണ്ടാക്കാമായിരുന്ന കെടുതികളുടെ വ്യാപ്തി കുറക്കാൻ പരിശ്രമിക്കുകയാണ് ആദ്ദേഹം ചെയ്തത്. പ്രവാചകധീരതയോടെ അഹിംസാ പ്രതിരോധമെന്ന ആശയവുമായി ഫ്രാൻസീസ് അന്നത്തെ, ഈജിപ്തിലെ സുൽത്താൻ മാലിക് അൽ കമിലിനെ സന്ദർശിക്കുകയാണ്. ഇസ്ലാം മതത്തെ നിന്ദിക്കാതെ മുഹമ്മദിനെ എതിർക്കാതെ ഫ്രാൻസീസിന് തൻ്റെ സമാധാനത്തിൻ്റെയും ആത്മീയതയുടെയും സന്ദേശം കൈമാറാനായി എന്നുള്ളത് അനിതരസാധാരണമായ കാര്യമായിരുന്നു. ഒരുമിച്ചു ഭക്ഷണം കഴിച്ചു ആലിംഗനം ചെയ്തു പിരിയാൻ കഴിയുമാറ് ഫ്രാൻസീസിൻ്റെ സാന്നിധ്യം ദീപ്തമായിരുന്നു. തൊട്ടടുത്ത നഗരത്തിൽ ഉപരോധം തീർത്ത് കുരിശുയുദ്ധക്കാർ പട്ടിണിയും ദുരിതവും വിതച്ചപ്പോഴും സുൽത്താൻ ഫ്രാൻസിസിനെ തൻ്റെ താവളത്തിൽ താമസിപ്പിച്ചത് ഒരു വർഷത്തിൻ്റെ നല്ലയൊരു കാലയളവ് മുഴുവനുമായിരുന്നു.
അവന് പാണ്ഡിത്യം ഇല്ലായിരുന്നു. പക്ഷേ ഉടയവൻ നൽകിയ ജ്ഞാനം ഉണ്ടായിരുന്നു.ഫ്രാൻസീസിനോട് ഏറ്റുമുട്ടി തോറ്റുപോയ ഒരു ദൈവശാസ്ത്രപണ്ഡിതന്‍ പറഞ്ഞത് ഫ്രാൻസീസിന്റെ അറിവ് ധ്യാനത്തിൽനിന്നും ജീവിതവിശുദ്ധിയിൽ നിന്നും ആണെന്നാണ്. അറിവുണ്ടെന്നു നാം വിശ്വസിച്ചവർ ജ്ഞാനമില്ലാത്തവരായിരുന്നു എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു.
കൂടെയുള്ളവരുടെ നോവും നൊമ്പരവും കണ്ണിൽ നോക്കി തിരിച്ചറിയറ്റാൻ കഴിഞ്ഞിരുന്നു എന്നുള്ളതാണ് ഫ്രാൻസീസിന്റെ മറ്റൊരു പ്രത്യേകത. ഒരേ കൂരയുടെ കീഴിൽ കഴിയുമ്പോഴും, ഒരേ ആടും ഇടയനുമാകുമ്പോഴും ഒരേ ക്രിസ്തുവിനെ പ്രഘോഷിക്കുമ്പോഴും കൂടെയുള്ളവൻ്റെ ഹൃദയമറിയാൻ കഴിയുന്നില്ല എന്നുള്ളതാണ് നമ്മുടെ വീഴ്ചകളും. നീതിക്കുവേണ്ടി അലറിക്കരയുന്ന സഹോദരങ്ങൾ നമ്മുടെ ചെവികൾക്ക് അന്യമാണ്.
അതേ.. ഇനിയിവിടെ പിറവിയെടുക്കേണ്ടത് ഫ്രാൻസീസുമാരാണ്. രണ്ടാം ക്രിസ്തുവെന്നു വിളിക്കപ്പെടാൻ ഇടയാകുമാറ് ക്രിസ്തുവിൻ്റെ സുഗന്ധം പേറിയവൻ നമുക്ക് വേണ്ടി പ്രാർത്ഥിക്കട്ടെ. പൗളോ കോയ്‌ലോയോടൊപ്പം നമുക്കും പ്രാർത്ഥിക്കാം ‘ഫ്രാൻസീസേ വരിക, നീ വീണ്ടും വരിക, ഞങ്ങളുടെ നുണകൾ തിരുത്തുവാനായി”.
🖋 Fr Sijo Kannampuzha OM