"അനുസരണത്തിൽ ദാരിദ്യം, സത്യത്തിൽ സ്നേഹം."
"അനുസരണത്തിൽ ദാരിദ്യം,
സത്യത്തിൽ സ്നേഹം."
എന്ന ബനഡിക്ട് 16 - മൻ മാർപ്പാപ്പയുടെ അപ്പസ്തോലിക ആഹ്വാനം പോലെ വരില്ലങ്കിലും, ഈ എളിയവൻ എഴുതുന്ന ആഹ്വാനമാണ്;
'അനുസരണത്തിൽ ദാരിദ്യം'
"പിതാവേ, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ"
( ലൂക്ക 22:42 )
എന്നു പ്രാർത്ഥിച്ചു കൊണ്ട് കുരിശോളം കുഴിവുള്ള അനുസരണത്തിന്റെ ആഴം നമ്മുടെ കർത്താവ് നമുക്കു കാട്ടി തന്നു.
ചരിത്രത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച വരെ ആ മഹനീയ മാതൃക കത്തോലിക്കാ സഭയിൽ അനുകരിച്ചു പോന്നു.
വി. ഫ്രാൻസിസ് അസീസി യോടു മാർപ്പാപ്പ പറഞ്ഞു നീ പോയി പന്നികളോടു സുവിശേഷം പ്രസംഗിക്കുക. അദ്ദേഹം അനുസരണത്തിന്റെ പേരിൽ ആദ്യം അതു അക്ഷരാർത്ഥത്തിൽ തന്നെ നിർവഹിച്ചു.
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യായുടെ കൃതികൾ ആദ്ധ്യാത്മിക ലോകത്തെ അമൂല്യ രത്നങ്ങളാണ്. എന്നാൽ ആ പുണ്യവതിയുടെ ആദ്യകാല കൃതികൾ പലതും നഷ്ടപ്പെട്ടു പോയി കാരണം അവൾ അവയുമായി തന്റെ ആദ്ധ്യാത്മിക പിതാവിന്റെ പക്കൽ അഭിപ്രായം ആരായാൻ ചെന്നപ്പോൾ, സ്ത്രീകൾ ഇപ്രകാരമുള്ള ഗ്രന്ഥങ്ങൾ എഴുതുന്നതു ദൈവകോപം ഉളവാക്കും എന്ന ധാരണയിൽ അവയെല്ലാം നശിപ്പിച്ചു കളയാൻ ആവശ്യപ്പെട്ടു. അമ്മത്രേസ്യ അനുസരണത്തിന്റെ പേരിൽ അവയെല്ലാം അഗ്നിക്കിരയാക്കി.
കുരിശിന്റെ വി.യോഹന്നാൻ
(St. John of the Cross) തന്റെ ആശ്രമാധിപനാൽ തെറ്റുധരിക്കപ്പെടുകയും
7 വർഷം ഒരു കാരാഗ്രഹത്തിൽ അടയ്ക്കപ്പെടുകയും ചെയ്തു. അവയെല്ലാം ക്ഷമയോടെ സഹനത്തോടെ സ്വീകരിച്ച അദ്ദേഹം പിന്നീട് മോചിതനായപ്പോൾ മേലധികരികൾ ഇഷ്ടമുള്ള അശ്രമം തെരഞ്ഞെടുക്കാൻ അനുവാദം നൽകി പക്ഷേ അദ്ദേഹം തന്നെ പീഡിപ്പിച്ച അതേ ആബട്ടിന്റെ ആശ്രമം തെരഞ്ഞെടുക്കുകയും പിന്നീടുള്ളകാലം അദ്ദേഹത്തിനു വിധേയനായി ജീവിക്കുകയും ചെയ്തു.
പഞ്ചക്ഷതധാരിയായ വി. പാദ്രാ പിയോ അത്ഭുത പ്രവർത്തനങ്ങൾ മൂലം ലോക പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ സന്ന്യാസസഭയിലെ ചില വ്യക്തികളുടെ പ്രശ്നം മൂലം അധികാരികൾ അദ്ദേഹത്തോട് ആശ്രമത്തിന്റെ ആവ്രതിക്ക് ഉള്ളിലേക്ക് മടങ്ങാൻ അവശ്യപ്പെട്ടു. അദ്ദേഹം ആ കൽപന ശിരസാവഹിച്ച് ഒരക്ഷരം ഉരിയാടാതെ അനേക വർഷങ്ങൾ ആ അറയ്ക്കുള്ളിൽ പ്രാർത്ഥനകളുമായി കഴിഞ്ഞു കൂടി.
ഏറ്റവും ഒടുവിലത്തെ അറിയപ്പെടുന്ന ഉദ്ദാഹരണം ഫ്രാൻസിസ് മാർപ്പാപ്പയുടെതാണ്. അദ്ദേഹം ഒരു വൈദികനായിരുന്ന അവസരത്തിൽ തന്റെ ജസ്യൂട്ട് സന്യാസസഭയുടെ പ്രൊവിൻഷ്യൽസുപ്പീരിയർ
(പ്രാദ്ദേശിക മേലധികാരി) ആയി നിയമിക്കപ്പെട്ടു. എന്നാൽ ജനറൽ സുപ്പീരിയർ അദ്ദേഹത്തെ തെറ്റുധരിക്കുകയും സ്ഥാനമൊഴിഞ്ഞ് ഏകാന്ത ജീവിതം നയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം നിശബ്ദനായി ഒരു ആശ്രമത്തിൽ ആടുകളെ മേയിച്ച് നാലു വർഷത്തോളം ജീവിച്ചു.
ഇവ ഓർമ്മയിൽ വന്ന ധാരാളംഉദ്ദാഹരണങ്ങളിൽ ചിലതു മാത്രം....
കത്തോലിക്കാ സഭയുടെ സമ്പത്ത് ഈ ലോകത്തിലെ വിലപിടിപ്പുള്ള ഭൂമിയോ നോട്ടുകെട്ടുകളോ ഒന്നുമല്ല. അത് ദൈവരാജ്യത്തിന്റെ മൂല്യങ്ങളാണ്. അത്
1.അനുസരണം
2.സ്നേഹം
3.വിശ്വാസം
4.സഹനം
5.ക്ഷമ, എന്നിവയാണ്.
വലിയ നോമ്പ് സാധാരണയായി ഇവയിൽ ഏതെങ്കിലും നഷ്ടം വന്നിട്ടുണ്ടങ്കിൽ വീണ്ടെടുക്കാൻ ഉള്ള അവസരമായിരുന്നു. എന്നാൽ ഈ നോമ്പിൽ നമുക്കു ഉള്ളതു കൂടി നഷ്ടപ്പെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ദൈവരാജ്യത്തിന്റെ മൂല്യങ്ങളെക്കാൾ ഞങ്ങൾക്കു പ്രധാനം ഈ ലോകത്തിൽ വിലപിടിപ്പുള്ള വസ്തുക്കളാണെന്ന് വൈദീകർ തെരുവിലിറങ്ങി പ്രഖ്യാപിക്കുമ്പോൾ നഷ്ടം സംഭവിക്കുന്നത് കത്തോലിക്കാ സഭയുടെ മൂല്യ ധിഷ്ഠിതമായ മഹനീയ പാരമ്പര്യത്തിനാണ്. സാക്ഷ്യം നൽകിയില്ലങ്കിലും എതിർ സാക്ഷ്യം നൽകാതിരിക്കാൻ വൈദീകർ ശ്രദ്ധിക്കണം.
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം.
( 1സാമു 15:22 )
അനുസരണവും ദാരിദ്ര്യവും ബ്രഹ്മചര്യവും ഒക്കെ മെത്രാന്റെ മുമ്പിൽ മുട്ടുകുത്തി, സുവിശഷം സാക്ഷിയാക്കി ജീവിത വ്രതമായി സ്വീകരിക്കുന്നവർ "അനുസരണത്തിലല്ല ദാരിദ്ര്യം കാണിക്കണ്ടത്, പകരം ദാരിദ്ര്യത്തിലും അനുസരണം കാണിക്കണം."
കണ്ണീരോടെ......
ഫാ ജയിംസ് കൊക്കാവയലിൽ.