വഴിയിൽ ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നത് കണ്ടാൽ ഞാൻ ആദ്യം ചെയ്യുക അവളെ രക്ഷിക്കാൻ ശ്രമിക്കുക എന്നുള്ളതാണ്. ഞാൻ അവളെ രക്ഷപ്പെടാൻ സഹായിച്ചു എന്നതിന് ഞാൻ അവളുടെ പക്ഷത്താണ് എന്നോ ഞാൻ അവളെ ആക്രമിച്ച ആൾക്ക് എതിര് എന്നോ അർത്ഥമില്ല. ഞാൻ വളർന്ന, മനസ്സിലാക്കിയ, സ്വായത്തമാക്കിയ നന്മകളാണ് അതിനു കാരണം.
ആ സ്ത്രീയെ രക്ഷപ്പെടാൻ കൂടിയവരിൽ പലരും ഇതരമത വിശ്വാസികളും, മതവിരോധികളും ഉണ്ടാകാം. ഇനി സഹായിക്കാൻ കൂടിയവർക്കും വേറെ ഉദ്ധ്യേശ്യങ്ങൾ ഉണ്ടാകാം. അതൊന്നും എന്നെ ആ സ്ത്രീയെ രക്ഷിക്കാതിരിക്കാൻ കാരണമല്ല. ഇതാണ് ബിഷപ് ഫ്രാങ്കോ കേസിൽ പന്തലിൽ പോയ, പോകുന്ന, പോകാൻ ആഗ്രഹിക്കുന്നവരുടെ നിലപാട് എന്നാണെന്റെ അഭിപ്രായം.
ആ പന്തലിൽ ഇരിക്കുന്നവർക്കും വീടുകളുണ്ട്, മാതാപിതാക്കളുണ്ട്, സ്നേഹിതരുണ്ട്. എന്റെ സാമീപ്യം അവർക്കും ഒരു കരുത്താണ്. ഈ പന്തലിൽ നിന്ന് ലാഭമുണ്ടാക്കാൻ നോക്കുന്നവർ ഉണ്ടാകാം. പക്ഷെ, എന്ന് കരുതി, ഞാൻ കൊടുക്കേണ്ടതായ സപ്പോർട് കൊടുക്കാതിരിക്കുന്നതിൽ അർത്ഥമില്ല.
നിലപാടുകൾ ഉണ്ടാവുക എന്നുള്ളതാണ് പ്രധാനം. എല്ലാതെളിവുകളും ലഭിച്ചിട്ടു നിലപാടെടുക്കുന്നവർ തോൽക്കാൻ ആഗ്രഹിക്കാത്തവർ ആണ്. എന്റെ നിലപാടുകൾ തെറ്റാണെന്നറിയുമ്പോൾ അത് തിരുത്താനും അവസരമുണ്ടല്ലോ? ജീവിതത്തിൽ ഇന്നുവരെ എടുത്ത ഒരു നിലപാടുകളും തെറ്റിയിട്ടില്ല എന്ന് ആർക്ക് പറയാൻ കഴിയും? നിലപാടുകൾ തെറ്റാണെന്നറിയുമ്പോൾ അത് തിരുത്താനും എളിമയുണ്ടാകണം.
വലിയതമാശ ഒരു നിലപാടും ഇല്ലാത്തവരാണ് എന്തെങ്കിലും നിലപാടുകൾ ഉള്ളവരെ ആക്രമിക്കുന്നത് എന്നതാണ്. എല്ലാ തെളിവുകളും കിട്ടിയത്തിനുശേഷം നിലപാടെടുക്കുന്നവരുടെ നിലപാടുകൾ പരിശോധിക്കപ്പെടണം.
പാവപ്പെട്ടവന്റെയും അഗതികളുടെയും പീഡിതന്റേയും പക്ഷം ചേരുക എന്നുള്ളത് സഭയുടെ നൂറ്റാണ്ടുകളായുള്ള പാരമ്പര്യമാണ്. ഫ്രാൻസീസ് അസ്സീസ്സിയും, മദർ തെരേസയുമെല്ലാം തെരുവുകളെ അൾത്താരയാക്കിയവരാണ്. ആ അൾത്താരകളിലാണ് ക്രിസ്തു വസിക്കുന്നത്.
🛐✝️📑
മനുഷ്യപുത്രന് എല്ലാ ദൂതന്മാരോടുംകൂടെ മഹത്വത്തില്‍ എഴുന്നള്ളുമ്പോള്‍ അവന് തന്‍െറ മഹിമയുടെ സിംഹാസനത്തില്‍ ഉപവിഷ്ടനാകും. അവന്‍െറ മുമ്പില്‍ എല്ലാ ജനതകളും ഒരുമിച്ചു കൂട്ടപ്പെടും. ഇടയന് ചെമ്മരിയാടുകളെ കോലാടുകളില്‍നിന്നു വേര്‍തിരിക്കുന്നതുപോലെ
അവന് അവരെ തമ്മില്‍ വേര്‍തിരിക്കും. അവന് ചെമ്മരിയാടുകളെ തന്‍െറ വലത്തുവശത്തും കോലാടുകളെ ഇടത്തുവശത്തും നിറുത്തും.
അനന്തരം രാജാവ് തന്‍െറ വലത്തുഭാഗത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍െറ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍, ലോകസ്ഥാപനം മുതല്‍ നിങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന രാജ്യം അവകാശപ്പെടുത്തുവിന്‍. എന്തെന്നാല്‍ എനിക്കു വിശന്നു; നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു. എനിക്കു ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു. ഞാന്‍ പരദേശിയായിരുന്നു; നിങ്ങള്‍ എന്നെ സ്വീകരിച്ചു. ഞാന്‍ നഗ്നനായിരുന്നു; നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. ഞാന്‍ രോഗിയായിരുന്നു; നിങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. ഞാന്‍ കാരാഗൃഹത്തിലായിരുന്നു; നിങ്ങള്‍ എന്‍െറ യടുത്തു വന്നു. അപ്പോള്‍ നീതിമാന്മാര് ഇങ്ങനെ മറുപടി പറയും: കര്‍ത്താവേ, നിന്നെ വിശക്കുന്നവനായിക്കണ്ട് ഞങ്ങള്‍ ആഹാരം നല്കിയതും ദാഹിക്കുന്നവനായികണ്ട് കുടിക്കാന്‍ നല്കിയതും എപ്പോള്‍?
നിന്നെ പരദേശിയായിക്കണ്ട് സ്വീകരിച്ചതും നഗ്നനായിക്കണ്ട് ഉടുപ്പിച്ചതും എപ്പോള്‍?
നിന്നെ ഞങ്ങള്‍ രോഗാവസ്ഥയിലോ കാരാഗൃഹത്തിലോ കണ്ടു സന്ദര്‍ശിച്ചത് എപ്പോള്‍? രാജാവു മറുപടി പറയും: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍െറ ഏറ്റവും എളിയ ഈ സഹോദരന്മാരില് ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കു തന്നെയാണു ചെയ്തുതന്നത്.
മത്തായി 25 : 31- 40
🖋️ Fr Sijo Kannampuzha OM