പുരോഹിതനായതിന്റെ ആദ്യ നാളുകളാണ്. എല്ലാത്തിനോടും സ്നേഹം...നന്മ...ക്ഷമ...
രാവിലെ കുർബാനയൊക്കെ കഴിഞ്ഞതിനു ശേഷം മുറിയിൽ പുസ്തകവും വായിച്ചിരിക്കുമ്പോഴാണ് അയാൾ വന്നത്. സൗന്ദര്യം സൈഡിൽ കൂടി പോലും പോകാത്ത, എന്നാൽ ഉടൽ മുഴുവൻ വൈരൂപ്യം പടർന്നു കയറിയ ഒരു ആൾരൂപം.
കടുത്ത കറുപ്പ് പടർന്നു പിടിച്ച ആ മുഖത്ത് ഒരു വെളുത്ത ചിരി കൊണ്ട് വരാൻ പോലും അയാളുടെ മഞ്ഞ പല്ലുകൾക്കായില്ല. അനുവാദം കൂടാതെ അയാൾ അകത്തേക്ക് കയറി വന്നു.വല്ലാത്തൊരു ദുർഗന്ധം എന്റെ മുറി മുഴുവനും പടർന്നു. കിട്ടേണ്ട കാശിന്റെ കനം കൂടാൻ വേണ്ടിയാകണം അയാൾ തന്റെ പഴുപ്പൊലിക്കുന്ന മുറിവേറ്റ കാൽ എനിക്ക് മുന്നിലേക്ക് നീട്ടി വച്ചത്. സഹിക്കാൻ പറ്റാത്ത ദുർഗന്ധം എന്നെ വല്ലാണ്ട് അസ്വസ്ഥനാക്കി. കൂടുതലൊന്നും ചോദിക്കാതെ അമ്പത് രൂപയെടുത്തു കൊടുത്തു ആളെ ഒഴിവാക്കി. മുറിയിൽ പടർന്ന ദുർഗന്ധം തള്ളി പുറത്താക്കാൻ ഫാൻ ഫുൾ സ്പീഡിലേക്കിട്ടു. ഉള്ളതിൽ നല്ല റൂം ഫ്രഷ്നെർ എടുത്തു മുറിയിലും വരാന്തയിലും ആഞ്ഞടിച്ചു. ശേഷം നല്ല വൃത്തിയും വെടിപ്പും സൗന്ദര്യവുമുള്ള വിശ്വാസികൾക്കായി ഞാൻ കാത്തിരുന്നു.
അന്ന് വൈകുന്നേരം പതിവ് പോലെ കൊന്തയും ചൊല്ലി കൊരട്ടിമുത്തിയുടെ മുഖത്ത് നോക്കി ഇരിക്കവേ പതിവുതെറ്റിച്ചു മാതാവിന്റെ മുഖത്തൊരു പുച്ഛം! കാര്യം ചോദിച്ചപ്പോ പറയുവാ;
" നീ ഈ അൾത്താരയിൽ കയറി നിന്ന്, മദർ തെരേസായും ഫ്രാൻസിസ് അസ്സീസിയുമൊക്കെ കുഷ്ഠരോഗിയെ കെട്ടിപിടിച്ചതും ചുംബിച്ചതുമൊക്കെ വാ തോരാതെ പ്രസംഗിച്ചപ്പോൾ എത്ര എളുപ്പമാർന്നു അല്ലെ? പക്ഷെ സ്വന്തം മുറിക്കകത്തേക്കു ഭംഗിയില്ലാത്ത ഒരു മനുഷ്യൻ മുറിവുമായി വന്നപ്പോൾ എന്റെ മോൻ എത്ര പെട്ടെന്നാണ് അയാളെ പുറത്താക്കി വാതിൽ അടച്ചു കളഞ്ഞത്! അവഗണനയ്ക്കും അവജ്ഞയ്ക്കുമൊക്കെ എന്തൊരു വേഗമായിരുന്നു."
വല്ലാത്തൊരു കുറ്റബോധമായിരുന്നു പിന്നെ മാതാവിന്റെ മുഖത്ത് നോക്കാൻ. സ്നേഹിക്കാൻ ഒരാളെ തന്നിട്ട്...പ്രസംഗിച്ചത് ജീവിക്കാൻ ഒരു അവസരം തന്നിട്ട്...ഞാൻ വെറുതെ അങ്ങ് പതറിപ്പോയി...ദൈവം ഒന്നുരച്ചു നോക്കിയപ്പോൾ എന്നിൽ തെളിഞ്ഞത് വെറും മുക്ക് പണ്ടം! തെല്ലു സങ്കടത്തോടെ ഞാൻ ഉള്ളാൽ ചോദിച്ചു 'ഒരു തവണ കൂടി അയാളെ എനിക്ക് മുന്നിൽ ഒന്നെത്തിക്കാമോ...ഒരവസരം കൂടി...ഞാൻ സ്നേഹിച്ചോളാം...!
പിറ്റേന്ന് രാവിലെ എവിടെയോ ഒരു വെഞ്ചിരിപ്പ് കഴിഞ്ഞു ഞാൻ തിരിച്ചെത്തവേ വരാന്തയിൽ ദുർഗന്ധം പരത്തിക്കൊണ്ട് അതെ മനുഷ്യൻ വീണ്ടും! 'ന്റെ മാതാവേ ഇത്ര പെട്ടെന്ന് പ്രാത്ഥന കേൾക്കുമെന്ന് കരുതീല്ല...ഇന്നലെ എന്റെ കൂടെ പള്ളിയിൽ ഉണ്ടാർന്നവരുടെയൊക്കെ കേസ് എടുത്തിട്ട് സാവധാനത്തിൽ നമ്മളെ പരിഗണിച്ചാൽ മതിയാർന്നു' എന്ന് ആത്മഗതം പറഞ്ഞു ഞാൻ അയാളിലേക്ക് നടന്നു. എടുത്ത തീരുമാനത്തിൽ തോറ്റു പോകാതിരിക്കാൻ ദൈവത്തിന്റെ കയ്യിൽ മുറുകെ പിടിച്ചു ഞാൻ അയാളെ മുറിയിലേക്ക് ക്ഷണിച്ചു! ' പേരെന്താ...എവിടെയാ വീട്...കാലിനു എന്നാ പറ്റി...എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമായി ആദ്യം വന്നത് വാക്കുകൾ അല്ലായിരുന്നു..പകരം കണ്ണീരൊഴുക്കിലൂടെ ചില മന്ദഹാസത്തോണികൾ അയാൾ ഒഴുക്കിവിട്ടു.
" കുറെ നാളായി എന്നെ ആരെങ്കിലുമൊക്കെ അവരുടെ മുറിയിലേക്ക് കയറ്റിയിട്ട് ...വീട്ടിൽ പോലും...ആരും മിണ്ടാറു കൂടിയില്ല...ആരേം കുറ്റം പറയാൻ പറ്റില്ല...അത്രയ്ക്കുണ്ട് ഈ മണം. എനിക്ക് പോലും ഛർദിക്കാൻ വരും...പിന്നെങ്ങനാ മറ്റുള്ളവര്...മരുന്ന് വാങ്ങണം... വച്ച് കെട്ടണം അതാ ഇങ്ങനെ വരണത്...
ഭയങ്കര വേദനയാ...പക്ഷെ, മുറിവിന്റെ വേദനയേക്കാൾ വലുതാണ് ആളുകളുടെ അവഗണന...കാണാൻ ഭംഗി ഇല്ലാത്തത് കൊണ്ട് കുഞ്ഞിലേ മുതൽ ആരും എന്നെ എടുക്കാറ് പോലുമില്ലായിരുന്നു...അമ്മയ്ക്കു മാത്രേ സ്നേഹോണ്ടാർന്നുള്ളൂ...അമ്മേം കൂടി പോയി കഴിഞ്ഞപ്പോ...
എല്ലാം കേട്ട് നിറകണ്ണുകളോടെ ഞാൻ ഒരഞ്ഞൂറു രൂപയെടുത്തു അയാൾക്ക് മുന്നിലേക്ക് നീട്ടി...ഏതോ കാലത്തു പടിയിറങ്ങി പോയ വലിയൊരു ചിരി അയാളുടെ അധരങ്ങളിലേക്കു ഓടിയടുക്കുന്നത് ഞാൻ കണ്ടു.
"ഇന്നെനിക്കു പൈസ വേണ്ട...
ഇന്നലെ തന്ന പൈസ കൊണ്ട് ഞാൻ മരുന്ന് വാങ്ങിയാർന്നു...
ഇന്ന് ഭയങ്കര സന്തോഷമുണ്ട്...അത് മതി
ഞാൻ ഇനീം വരും ...
പൈസയ്ക്ക് വേണ്ടിയല്ല...സന്തോഷത്തിനു വേണ്ടി..."
അയാളെ യാത്രയാക്കി ഞാൻ മുറിയിലേക്ക് കേറുമ്പോൾ അഭൗമികമായ ഒരു സുഗന്ധമൊന്നും അവിടെ അവശേഷിക്കുന്നില്ലായിരുന്നു...പകരം, അതെ ദുർഗന്ധം തന്നെ ! പക്ഷെ ആ ദുർഗന്ധത്തിനു മദർ തെരേസായുടെ മണമായിരുന്നു...ഫ്രാൻസിസിന്റെ ചാരുതയും.
എന്നോ ചെയ്തു വച്ച ഒരു പുണ്യത്തിന്റെ വീമ്പു പറഞ്ഞതല്ല. ആറ് വർഷത്തിന്റെ പൗരോഹിത്യ ജീവിതത്തിൽ ആകെ ഇതേ ഉള്ളൂ ഒന്നോർത്തു വെക്കാൻ. പക്ഷെ ഇനി അങ്ങനെ ആകരുത്. ഒരു ഓർഡിനറി പ്രീസ്റ് ആയി അവസാനിക്കാൻ വയ്യ. പൗരോഹിത്യം, അത് ഞാൻ കരുതിയതിനെക്കാളും കുലീനമാണ്. ബൈബിളിനേക്കാളും കൂടുതൽ സ്പർശിച്ച ഒരു പുസ്തകമാണ് കസാൻസാക്കിസിന്റെ 'ഫ്രാൻസിസ് അസീസി'. അത് വായിച്ചവസാനിപ്പിച്ച അന്ന് മുതൽ അയാളോടുള്ള സ്നേഹം കൂടിയതാണ്...അദ്ദേഹം പിറന്ന മണ്ണും നടന്ന പാതയും പണിത പള്ളിയുമൊക്കെ ഒന്ന് കാണണം എന്നത് തീവ്രമായ ഒരാഗ്രഹമായിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് അത് നടന്നു. ജീവിതത്തിൽ ഇന്ന് വരെ ഒരു തീർത്ഥാടന വേളയിലും കിട്ടാത്ത എന്തോ ഒന്ന് അസ്സീസിയുടെ മണ്ണിൽ നിന്നും മനസിലേക്ക് വന്നു എന്ന് ഞാൻ വിശ്വസിക്കുന്നു...പ്രാർത്ഥന മാത്രമായിരുന്നു ഉള്ളം നിറയെ.
അത്ഭുതപ്പെടുത്തിയ ഒരു കാര്യം ആ ആവൃതിയിലെ റോസാ ചെടികളാണ്. ശരീരത്തിലേക്കും മനസ്സിലേക്കും പ്രലോഭനത്തിന്റെ പ്രാക്കൾ പറന്നെത്തുമ്പോൾ അയാൾ മുള്ളുകളേറെ ഉള്ള റോസാ ചെടികൾക്കിടയിൽ കിടന്നു ഉരുളുമായിരുന്നു...കളങ്കം കുന്നുകൂടാൻ സാധ്യതയുള്ള ഉടലിനു മേൽ അയാൾ തളിച്ച കീടനാശിനി സ്വന്തം ചോര ആയിരുന്നു . ഉടലിനെ കടന്നാക്രമിക്കുന്ന ഔട്ട് ഡേറ്റഡ് ആയ ആത്മീയത എന്നൊക്കെ പറഞ്ഞു അയാളെ തള്ളാൻ വയ്യ! ശരീരം പാപം ആയത് കൊണ്ടല്ല, ശരീരത്തെ പാപത്തിനു വിട്ടു കൊടുക്കാതിരിക്കാനുള്ള ഒരു ബലിയർപ്പണമായിരുന്നു അയാൾക്കത്.
നൂറ്റാണ്ടുകൾക്കു മുന്നേ ഏദൻ തോട്ടത്തിൽ പറക്കലാരംഭിച്ച ആ പ്രലോഭക പ്രാക്കൾ എന്റെ ആവൃതിക്ക് ചുറ്റും പറക്കുമ്പോൾ റോസാമുള്ളുകളിൽ കിടന്നുരുളേണ്ടതിനു പകരം റോസാ പൂ കൊടുത്തു അവറ്റകളെ സ്വീകരിച്ചിരുത്തിയതോർത്തു സങ്കടം തോന്നി എനിക്ക് ആ തോട്ടത്തിൽ വച്ച്. ആ നിമിഷം ഫ്രാൻസിസ് എന്റെ കണ്ണ് നിറയിച്ചു. ആരുമില്ലാതിരുന്ന ആ രാത്രികളിൽ ക്രിസ്തുവിനെ പ്രതി അയാൾ ഒഴുക്കിയ ചോര പടർന്നത് കൊണ്ടാകണം ഇന്ന് ആയിരങ്ങൾ ആ തോട്ടത്തിൽ ചെല്ലുമ്പോൾ കാണുന്നത് പിന്നീടൊരിക്കലും മുള്ളുകൾ മുളയ്ക്കാത്ത അനേകം റോസാ ചെടികളെയാണ്.
പ്രാർത്ഥിക്കണം രാത്രികളിൽ...
തനിച്ചിരിക്കണം ഈശോയോടൊപ്പം...
കീഴടങ്ങാതെ പൊരുതണം മുള്ളിൽ കിടന്നിട്ടാണേലും...
പിന്തുടരാൻ പാടുള്ള രണ്ടു പേരെ ലോകത്തിലുള്ളു ഒന്ന് ക്രിസ്തുവും മറ്റൊന്ന് രണ്ടാം ക്രിസ്തുവുമാണ്. ദൈവത്തെ അന്വേഷിച്ചിറങ്ങിയ എല്ലാവരും ഒരുപോലെ നിർവ്വഹിച്ച ഒരു അസാധാരണ ദൗത്യം "ഉപേക്ഷ"യാണ്. ചിലർ തുടക്കം മുതല്ക്കും മറ്റു ചിലർ പാതി വഴിക്കും. ബുദ്ധനും ക്രിസ്തുവും അഗസ്റ്റിനും ഫ്രാൻസിസും ആദ്യം ഉപേക്ഷിച്ചത് അവരവരുടെ വീടുകളായിരുന്നു .മാതാപിതാക്കളും കൂടെപ്പിറപ്പുകളും മയങ്ങുന്ന ആ കുടുസ്സു മുറിയല്ല വീട്. എന്നിലെ പ്രവാചകനെ ദൈവത്തിൽ നിന്നുമകറ്റുന്ന ചില കരിങ്കൽ ഭിത്തികളുടെ ഉയരമാണത്. "ഏതേലും രീതിയിൽ കയ്യിൽ കാശു വന്നാൽ ഒരു കാരണവശാലും വീടിനോ വീട്ടുകാർക്കോ കൊടുത്തു അവരെ നന്നാക്കാൻ നോക്കരുത്' എന്ന ഒരു പഴയ വൈദീകന്റെ വാക്കുകളെ ഇന്നും കൂടെ കൂട്ടിയിട്ടുണ്ട്. ഇറ്റാലിയൻ നടനും ഓസ്ക്കാർ ജേതാവുമായ റോബർട്ടോ ബെനിഞ്ഞിയുടെ അക്ഷരങ്ങളെ കടമെടുത്തു പറയട്ടെ..."ചിലർ നേതാവായപ്പോൾ അവർ പണക്കാരും രാഷ്ട്രം ദരിദ്രവുമായിരുന്നു...നേതൃത്വത്തിന് ശേഷം അവർ സ്ഥാനമൊഴിഞ്ഞപ്പോൾ രാഷ്ട്രം സമ്പന്നവും അവർ ദരിദ്രരുമായി!" ഒന്നുമില്ലാത്തവനായി ഭൂമിയിൽ ജീവിക്കാനാകുക എന്നതാണ് ആത്മീയത. എല്ലാം നൽകപ്പെടുന്ന ഈ ഭൂമിയിൽ ചിലത് വേണ്ടെന്നു വെക്കാൻ വലിയ പാടാണ്.
വിദേശത്തു നിന്നും വന്ന ഒരു ഇടവകക്കാരൻ സ്നേഹപൂർവ്വം കൊടുത്ത സമ്മാനം സ്നേഹപൂർവ്വംതന്നെ നിരസിച്ച വികാരി അച്ഛൻ എനിക്കുണ്ടാർന്നു...കാര്യം തിരക്കിയപ്പോൾ പറഞ്ഞതിതാണ്...'പിന്നീടെപ്പോഴെങ്കിലും അവർ എന്തേലും ഉപകാരം ചോദിച്ചു വരുമ്പോൾ അത് ചെയ്തു കൊടുക്കാൻ പറ്റാതെ നമ്മൾ 'നോ' പറയുമ്പോൾ അവരുടെ സ്നേഹം പോകുകയും അവർ പണ്ട് തന്ന സമ്മാനം നമ്മളെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്യും. പ്രാർത്ഥനിയിലുള്ള സ്നേഹം മാത്രം മതി മോനെ !"
ഒരു പെട്ടി ഉടുതുണി മാത്രമായി ഒരു കാറിൽ വരുന്ന വൈദീകർ തിരികെ പോകുമ്പോൾ ഒരുപാട് പെട്ടികളും ഒരുപാട് കാറുകളും ഉണ്ടാകുന്നത് സ്നേഹം കൊണ്ടാണ് എന്ന് പറയരുത്. ചെരിപ്പു ഉപേക്ഷിക്കുക എന്ന് പറഞ്ഞവന്റെ പിന്നാലെ പോകുന്നവർക്ക് എന്തിനാ 'ലീ കൂപ്പറിന്റെ' ഷൂ സമ്മാനിക്കുന്നത്? വൈദീകർക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം 'സ്നേഹം നിറഞ്ഞ പ്രാർത്ഥന' മാത്രമാണ്. സ്നേഹം കൊണ്ട് നൽകപ്പെടുന്ന ഓഫറുകൾ വേണ്ടെന്നു പറയാൻ ബലമില്ലാത്തോരാളാണ് ഞാനൊക്കെ. അങ്ങനെയുള്ളവർക്കു വേണ്ടി നിങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ സ്നേഹം 'സമ്മാനങ്ങൾ നല്കാതിരിക്കുകയാണ്'.
ജന്മദിനത്തിനും ഫീസ്റ്റിനുമൊക്കെയായി 'ഐ ഫോണും അമ്പത്താറിഞ്ചു ടി വി' ഉം വാങ്ങി കൊടുത്തു 'ലളിതമായി ജീവിക്കണം' എന്ന് കൂടി പറയുമ്പോൾ അതെങ്ങനെ പറ്റുക? കല്യാണത്തിനും മാമ്മോദിസയ്ക്കും പള്ളീലെ പരുപാടി കഴിഞ്ഞു അച്ചൻ വീട്ടിൽ വരണം എന്ന് നിർബന്ധം പിടിക്കണതും കൊണ്ട് പോകണതും കരിമീൻ പൊള്ളിച്ചതും താറാവ് കറി വെച്ചതും തന്നു ഊട്ടുന്നതും സ്നേഹം കൊണ്ടാണ് എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ, ആ അത്താഴത്തിനു ശേഷം ചിലരൊക്കെ "അച്ഛൻ താറാവും കരിമീനുമുണ്ടെങ്കിലേ വീടുകളിലൊക്കെ വരൂ" എന്ന് പറയുന്നത് കേൾക്കുമ്പോ സങ്കടമാകും. വലിയ വീടുകളിലെ വിഭവങ്ങളെക്കാൾ രുചി സ്വന്തം അടുക്കളയിലെ അയില വറുത്താൽ കിട്ടും.ഓൺലൈൻ എഴുത്തുകൾ വായിച്ചു വായിച്ചു ഇപ്പോ സ്വന്തം വീട്ടിൽ പോലും കരിമീൻ കാണുമ്പോൾ പേടിയാണ്. (ലേലം സിനിമയിലെ സോമന്റെ ഡയലോഗ് ഓർമ്മ വരും...അന്യൻ വിയർക്കണ കാശു കൊണ്ട്...) വലിയ വിരുന്നു മേശകളിലെ വിഭവങ്ങളെക്കാൾ കൂടുതൽ രുചി തോന്നിയിട്ടുണ്ട് ഇടവക പള്ളികളിലെ യൂത്തന്മാരുടെ കൂടെ കപ്പേം ഇറച്ചീം കഴിച്ചപ്പോൾ....കാരണം അവന്മാരിൽ ചിലർക്കെങ്കിലും ഞങ്ങളെ നന്നായറിയാം...ഞങ്ങളൊക്കെ കടന്നു പോകുന്ന പ്രശ്നങ്ങളെ അറിയാം പ്രയാസങ്ങളെ അറിയാം. കൂട്ടുകാരെ പോലെ അവർ തിരുത്തും...സ്നേഹം കൊണ്ട് പൊതിഞ്ഞു പിടിക്കേം ചെയ്യും.
ഇടവകയിലെ അച്ചന്മാരെ മക്കളെ പോലെ സ്നേഹിക്കുന്ന അമ്മമാർ ഏറെയുണ്ട്...നിങ്ങൾ മക്കളോടെന്ന പോലെ ഇടയ്ക്ക് ഞങ്ങളോട് ചോദിക്കണം പ്രാർത്ഥിക്കുന്നുണ്ടോ...കൊന്ത ചെല്ലുന്നുണ്ടോ...തെറ്റി പോകുന്നത് പോലെ തോന്നുമ്പോൾ ആരും കാണാതെ ഒന്ന് ശാസിച്ചേക്കണം...കവലയിൽ നിർത്തി വിമർശിച്ചത് കൊണ്ട് ഒരു പുരോഹിതനും ഇതുവരെ വിശുദ്ധീകരിക്കപ്പെട്ടിട്ടില്ല...മാറി നിന്ന് അയാളെ പറ്റി കുറ്റം പറഞ്ഞത് കൊണ്ട് അയാളിൽ മാറ്റവും ഉണ്ടായിട്ടില്ല...എന്നാൽ കുടുംബ പ്രാർത്ഥനയിൽ മക്കൾക്ക് വേണ്ടി മനസ്സുരുകി മാതാപിതാക്കൾ പ്രാർത്ഥിക്കുമ്പോൾ, ഒട്ടും സ്നേഹം കുറയാതെ ഞങ്ങളെയും ഓർക്കുമ്പോൾ... ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കുമ്പോൾ ഞങ്ങളുടെ കുറവുകളും കർത്താവ് എടുത്തു മാറ്റിക്കൊള്ളും..
വല്ലപ്പോഴുമൊക്കെ സുഖവിവരം അന്വേഷിക്കാൻ വിളിക്കുന്ന ഒരു കൂട്ടുകാരന്റെ അമ്മയുണ്ട് ഡെൽസിയമ്മ....സംസാരത്തിനു ശേഷം ഫോൺ വെക്കുന്നത് ഒരു കാര്യം പറഞ്ഞോണ്ടാണ്..."മോനെ വിശുദ്ധനായ ഒരു വൈദീകൻ ആകണം കെട്ടോ". ഫ്രാൻസിസിനെ പോലെ വിശുദ്ധനായി ജീവിക്കണം എന്ന ആഗ്രഹമൊക്കെ ഉള്ളിൽ ഉണ്ട്...അതിനായി നന്നായി പാട് പെടുന്നുണ്ട് പ്രാർഥിക്കണുണ്ട്....എന്നിട്ടും ചിലനേരം ചിലരൊക്കെ വീണെന്നറിയുമ്പോൾ കേൾക്കുന്ന ചോദ്യം ഇതാണ്...'പറ്റില്ലെങ്കിൽ ഇട്ടേച്ചും പൊക്കൂടെ' എന്ന്. ഏതു ജീവിതത്തിലാണ് ഒന്നോ രണ്ടു വീഴച കൊണ്ട് ആരേലും ആ ജീവിതം അവസാനിപ്പിച്ചിട്ടുള്ളത്? ആദ്യ വീഴ്ചകളിൽ തന്നെ വീണിടത്തു വച്ച് അവസാനിപ്പിച്ചിരുന്നെങ്കിൽ ഒന്ന് സൈക്കിൾ ചവിട്ടാൻ പോലും നമ്മളൊക്കെ പടിക്കുമായിരുന്നോ? വിവാഹ ജീവിതത്തിൽ വീണു പോയവരൊക്കെ ഇട്ടേച്ചും പോയിരുന്നെങ്കിൽ ഈ ഭൂമി മുഴുവനും വിധവകളെ കൊണ്ടും അനാഥരെകൊണ്ടും വിഭാര്യരെകൊണ്ടും നിറയുമായിരുന്നിലെ...ഒന്നും അത്ര പെട്ടെന്ന് അവസാനിപ്പിക്കാനുള്ളതല്ല.
എന്ത് കൊണ്ടാണ് ക്രിസ്തു ഒരു അലച്ചിലിന്റെ ആളായത്? നന്മ ചെയ്തിടത്തു അധിക നാൾ അയാൾ നിലയുറപ്പിച്ചില്ലായിരുന്നു. അത് കൊണ്ട് തന്നെ ആരോടും അമിതമായ ഒരു ആത്മബന്ധം അയാൾ കൊണ്ട് നടന്നില്ല. സ്വന്തം വീടിനോടു പോലും! പൗരോഹിത്യത്തിലേക്കു നടന്നു കൊണ്ടിരുന്ന കാലഘട്ടത്തിൽ ഒരു മെത്രാൻ ഓർമ്മിപ്പിച്ചതോർക്കുന്നു...'ഈ വെള്ള ഉടുപ്പ് കണ്ടു നമുക്കരികിലേക്ക് വരുന്നവർ നമ്മളെ കണ്ടിട്ടല്ല, അതിനുള്ളിൽ ക്രിസ്തു ഉണ്ടെന്നു കരുതിയാണ് വരുന്നത് എന്നു മറക്കരുത്' എന്ന്. എല്ലാ പുരോഹിതരിലും വിശുദ്ധി ഉണ്ട് നന്മ ഉണ്ട് എന്നത് തീർച്ചയാണ്...പക്ഷെ അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ട്. ഒരു നല്ല പ്രസംഗം പറഞ്ഞത് കൊണ്ടോ...പാട്ടു കുർബാന ചൊല്ലീത് കൊണ്ടോ...ആരാധന നയിച്ചത് കൊണ്ടോ...അടുത്തിരുന്നു സങ്കടം കേൾക്കുന്നത് കൊണ്ടോ ഒരു പുരോഹിതനും വിശുദ്ധനാണെന്നു വ്യാഖ്യാനിക്കരുത്. അയാളും ഒരു മനുഷ്യനാണ്. ക്രിസ്തുവിനെ, കുറച്ചു കൂടുതലായി സ്നേഹിക്കാൻ ഇറങ്ങി പുറപ്പെട്ട ഒരു മനുഷ്യൻ. ക്രിസ്തുവിലേക്കു നമുക്ക് അടുക്കാൻ ദൈവം ഒരുക്കിയ ഒരു വഴി മാത്രമാണ് അയാൾ. പക്ഷെ പലപ്പോഴും സംഭവിക്കുന്നത് ആ പുരോഹിതൻ ആളുകളിലും ആളുകൾ അയാളിലും ഉടക്കി പോകുന്നു എന്നതാണ്. ചിലപ്പോൾ സ്നേഹം കൊണ്ടും ചിലപ്പോൾ വെറുപ്പ് കൊണ്ടും!
ഇന്ന് ഞാൻ തിരിച്ചറിയുകയാണ്...അകലം സൂക്ഷിക്കേണ്ടത് പാപത്തിൽ നിന്നും മാത്രമല്ല സ്നേഹത്തിൽ നിന്ന് കൂടിയാണ്...ദൈവത്തിൽ നിന്ന് എന്നെയും മറ്റുള്ളവരെയും അകറ്റുന്ന ഓരോ സ്നേഹത്തിൽ നിന്നും ഞാൻ അകന്നേ പറ്റൂ...അതിപ്പോൾ വീടാണെലും അപ്പനും അമ്മയുമാണെലും പെണ്ണാണെലും പ്രണയമാണേലും പണമാണേലും പദവിയാണേലും ആളുകളിൽ നിന്നകലവും അപ്പനിലേക്കു അടുപ്പവും സൂക്ഷിക്കേണ്ടവനാണ് ഞാൻ എന്ന പുരോഹിതൻ.
തലയിൽ തൊപ്പി വച്ചത് കൊണ്ടോ കയ്യിൽ അംശവടി പിടിച്ചത് കൊണ്ടോ സ്വർഗത്തിലേക്കുള്ള ദൂരം ഒരു പടി പോലും കുറയില്ല എന്ന് ഒരു മെത്രാൻ തുറന്നു പ്രസംഗിച്ചത് കേട്ടപ്പോൾ ആ വലിയ സത്യം കേട്ട് ചെറിയ ചിരി വന്നു. ഭൂമിയിൽ നിന്നും സ്വർഗത്തിലേക്കുള്ള യാത്രയിൽ അച്ചനും കന്യാസ്ത്രീയും മെത്രാനും അല്മായനും നടക്കേണ്ടത് സമദൂരമാണ്. ദൂരക്കുറവ് മണ്ണിലെ നടവഴികളിൽ മാത്രമാണ്. ഒരു ഫൊറോനാ വികാരി വന്നാൽ മാറിക്കൊടുക്കേണ്ട കസേരയാണ് എല്ലാ വികാരിമാരുടെയും. ഒരു മെത്രാൻ വന്നാൽ കാലിയാക്കേണ്ട കസേരയാണ് ഫൊറോന വികാരിയുടേത്..മാർപാപ്പ വന്നാൽ മെത്രാന്മാരുടേം കസേരകൾക്കു ഇത് തന്നെയാണ് അവസ്ഥ. ഒടുവിൽ അയാൾ വരുമ്പോൾ മാർപാപ്പ പോലും വഴി മാറുകയും വന്നു കയറിയ ആ മനുഷ്യൻ 'നമുക്കൊരുമിച്ചിരിക്കാം' എന്ന് എല്ലാവരോടുമായി പറയുകയും ചെയ്യും. തലയ്ക്കു മുകളിൽ വലിയവൻ ഒരുവനുണ്ട് എന്ന ഓർമ മാത്രം മതി എളിമ ഉണ്ടാകാൻ. ആരും ആരുമല്ല എന്നല്ല; എല്ലാവരിലും എല്ലാം ഉണ്ട് എന്ന ബോധ്യമാണ് വേണ്ടത്. എളിമ നിറഞ്ഞ ഒരു അപ്പൻ ഉള്ള വീട്ടിൽ മക്കൾ അപ്പനെ കേറി 'അളിയാ' എന്ന് വിളിക്കാറില്ലല്ലോ...ആ അപ്പൻ മറ്റു വീടുകളിലെ കാരണവന്മാർ സ്നേഹിക്കപെടുന്നതിനേക്കാൾ കൂടുതൽ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യും.
തെറ്റിദ്ധാരണകളുടെ ചീട്ടു കൊട്ടാരങ്ങളിലാണ് ഇന്ന് പലരും പാർക്കുന്നത്. സഭയിലെ സ്ഥാനങ്ങൾക്കു വലിയ ഭംഗി ഉണ്ടെന്നു ആരാണ് ഞങ്ങളോട് പറഞ്ഞത്? യാത്രയയപ്പു മീറ്റിംഗുകളിലും ഫീസ്റ്റാഘോഷങ്ങളിലും ചുമ്മാ കേറി ഒടുക്കത്തെ നുണകൾ അടിച്ചു വിടരുത്...ഈ അച്ചൻ വലിയ പ്രസംഗകനാണ്...എഴുത്തുകാരനാണ് ...പാട്ടുകാരനാണ്...നെക്സ്റ്റ് ഫൊറോനാ വികാരിയാണ്...അറിയപ്പെടുന്ന കോളേജ് പ്രൊഫെസർ ആണ്....വലിയ ധ്യാനഗുരുവാണ്...സ്ഥാപനത്തിന്റെ ഡറക്ടറാണ്...അങ്ങ് ഉഗാണ്ടയിലേക്ക് ഉപരിപഠനത്തിനു പോകുയാകയാണ്...ഒലക്ക! ഒന്നുമില്ലാതെ ജീവിച്ചു പോയ ക്രിസ്തുവിനെ പോലെ ജീവിക്കാൻ ഇറങ്ങി തിരിച്ചവർക്കു എന്തിനാണീ അംഗീകാര തൊങ്ങലുകൾ? വലിയ സ്ഥാനങ്ങളും കഴിവുകളും പദവികളും ഉള്ളവരെയാണ് ഞങ്ങൾക്കിഷ്ടം എന്ന രീതിയിൽ പ്രസംഗങ്ങൾ പൊടി പൊടിക്കുമ്പോഴാണ് നിസ്സാരമായി ജീവിക്കണമെന്ന പുരോഹിതരുടെ ആഗ്രഹങ്ങളൊക്കെ അകാലചരമം പ്രാപിക്കുന്നത്.
ഇതൊന്നും അല്ല വൈദികനെ പറ്റി പറയേണ്ടത്...അയാൾ പ്രാർത്ഥിക്കുന്നൊരാളായിരുന്നു...നന്മയുണ്ടായിരുന്നു...പാവമായിരുന്നു...പാവപെട്ടവരോട് സ്നേഹമുണ്ടായിരുന്നു...പള്ളിയിൽ തനിയെ ഇരുന്നു കുറെ പ്രാർത്ഥിക്കുമായിരുന്നു...
ഇങ്ങനെയുള്ള ചിലത് കേൾക്കുമ്പോ ഞങ്ങൾക്കുള്ളിലേക്കു ഒരു ചോദ്യം വരും...ദൈവമേ ഇതൊക്കെ ആയിരുന്നോ ഞാൻ...ഇനി അല്ലെങ്കിൽ, എന്നെ അങ്ങനെ ആക്കണേ ദൈവമേ എന്ന് ഒരു പ്രാർത്ഥന ഉയരും...
ആർക്കെങ്കിലുമൊക്കെ എതിരെയുമുള്ള ഒരു കുറ്റം പറച്ചിലല്ല ഇത്. സഭയിൽ ക്രിസ്തു വീണ്ടും വീണ്ടും പിറവി കൊള്ളണമെകിൽ പുരോഹിതനും ജനവും തമ്മിൽ ചേർന്ന് നിന്നേ പറ്റൂ. ജനത്തെ ഭരിക്കുന്ന പുരോഹിതരും അങ്ങനെയുള്ള പുരോഹിതരെ വിമർശിക്കുന്ന വിശ്വാസികളും കൂടി ഏതു സഭയ്ക്കാണ് കല്ലിടുന്നത്.മോശയുടെ കൈ താണു പോകാതിരിക്കാൻ ജനം താങ്ങിയത് പോലെ...ജനം തോൽക്കാതിരിക്കാൻ മോശ കൈ ഉയർത്തി നൊന്തു പ്രാർഥിച്ചത് പോലെ ഒരുമയുള്ള ഒരു ഇടം വേണം...ജനത്തിനായി പുരോഹിതരും പുരോഹിതനായി ജനവും പ്രാർത്ഥിക്കണം...കാരണം എവിടെയാണ് കള വിതയ്ക്കേണ്ടതെന്നു നോക്കി സാത്താൻ തക്കം പാർത്തു നടക്കുകയാണ്.
നിബിൻ കുരിശിങ്കൽ