മാർ നെസ്തോറിയസിന്റെ കൂദാശ ക്രമം പരിശുദ്ധ കുർബ്ബാനയേയല്ല!
കത്തോലിക്ക സഭ വിശ്വാസികൾക്ക് ചില പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നല്കുന്നുണ്ട്. കത്തോലിക്ക സഭ ഓരോ വിശ്വാസിയേയും അത്ര മാത്രം വിലമതിക്കുന്നതുകൊണ്ടാണത്. ചില അത്യാവശ്യ സാഹചര്യങ്ങളിൽ ഒരാൾക്ക് മാമോദീസ നല്കാൻ പോലും വിശ്വാസിയെ കത്തോലിക്ക സഭ അനുവദിക്കുന്നുണ്ട്. അതുപോലെ വിശ്വാസത്തിന്റെയും സൻമാർഗത്തിന്റെയും സമഗ്രതയെ ഉചിതമാം വിധം മാനിച്ചുകൊണ്ടും തങ്ങളുടെ അജപാലകരോടു ബഹുമാനം പുലർത്തി കൊണ്ടും പൊതു നന്മയും വ്യക്തികളുടെ മഹത്വവും പരിഗണിച്ചു കൊണ്ടും മറ്റു ക്രൈസ്തവ വിശ്വാസികളാടു തങ്ങളുടെ അഭിപ്രായം തുറന്നു പറയാൻ അൽമായർക്ക് അവകാശമുണ്ട് (CCC 907) . സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോടു പറയുവാൻ അല്മായർക്ക് അവകാശമുണ്ട് . ചില അവസരങ്ങളിൽ അത് കടമയുമായിത്തീരാം എന്നാണ് മതബോധനത്തിന്റെ മേല് കാണിച്ച ഖണ്ഡിക പ്രഖ്യാപിക്കുന്നത്. നെസ്തോറിയസ് കൂദാശ കർമ്മം (അനാഫെറ) മെത്രാൻമാരുടെ സിനഡിൽ പ്രകാശനം ചെയ്തു എന്ന വാർത്ത 10-1 - 19 ലെ ദീപിക പത്രത്തിൽ വായിച്ചപ്പോൾ ഈ വിശ്വാസ വിഷയത്തിൽ അഭിപ്രായം പറയേണ്ടത് കത്തോലിക്ക സഭയിലെ എളിയ വിശ്വാസി എന്ന നിലയിൽ എന്റെ കടമയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഗൗരവ്വമേറിയ വിശ്വാസ തകർച്ചയാണ് നെസ്തോറിയസ് കൂദാശ ക്രമം സഭയിൽ ഉപയോഗിക്കുബോൾ കൊണ്ടുവരിക. ഒറ്റ വാചകത്തിൽ പറഞ്ഞാൽ, നെസ്തോറിയസ് കൂദാശ ക്രമം അംഗീകരിക്കുക വഴി സിറോ മലബാർ സഭ തന്റെ പൈതൃകത്തെ കണ്ടെത്തുകയല്ല അല്ലെങ്കിൽ ദീപിക പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നപ്പോലെ നെസ്തോറിയസ് കൂദാശ ക്രമത്തിന്റെ ആഘോഷം സീറോ മലബാർ സഭയുടെ ദൈവശാസ്ത്ര വളർച്ചയ്ക്കും വിശ്വാസ ജീവിത വളർച്ചയ്ക്കും സഹായകരമായി തീരുകയില്ല മറിച്ച് ഇപ്പോഴുള്ള അതിന്റെ വിശ്വാസ സമ്പത്തിനെ ചുട്ടെരിക്കുകയാണ് ചെയ്യുക എന്നാണ് എനിക്ക് പറയാനുള്ളത്. ഈ കുദാശ ക്രമത്തിന്റെ ഉപയോഗം വഴി പരിശുദ്ധ കുർബ്ബാനയെ ഫലത്തിൽ റദ്ദുചെയ്തിരിക്കുകയാണ് . യേശുവിന്റെ രക്തം ചിന്തിയുള്ള ബലിയുടെ ഉറപ്പുള്ള പാറയിൽ നിന്ന് പരിശുദ്ധ കുർബാനയെ അടർത്തിയെടുത്ത് രക്തരഹിതമായ കുർബാന /പെസഹാ ഭക്ഷണത്തിന്റെ ഭോജന അനുഷ്ഠാനമാകുന്ന മണൽ കൂനയിലേക്ക് പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോൾ പരിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന (മാർ അദായിയുടെയും മാർ മാറിയുടെയും ) കൂദാശ ക്രമത്തിൽ പുരോഹിതൻ ഉരുവിടുന്ന കൂദാശ വചനങ്ങളും മാർ നെസ്തോറിയസ് കൂദാശ (അനാ ഫെറ) ക്രമത്തിൽ പുരോഹിതൻ ഉരുവിടാനായി ആവിഷ്ക്കരിച്ചിട്ടുള്ള വചനങ്ങളും അതിന്റെ പശ്ചാത്തലവും അനുസ്മരണവും ചേർത്ത് വെച്ച് താരതമ്യം ചെയ്താൽ ഏത് എളിയ വിശ്വാസിയ്ക്കും ഇത് മനസ്സിലാക്കാവുന്നതാണ് .ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാർ അദായിയുടെ കൂദാശ ക്രമം യേശുവിലും യേശുവിന്റെ പീഡാ സഹനത്തിലും പാപമോചനത്തിനായുള്ള രക്തചിന്തലിലും നങ്കൂരമിട്ടിരിക്കുന്നതാണ്. എന്നാൽ നെസ്തോറിയസ് കൂദാശ ക്രമത്തിൽ യേശുവിൽ നിന്നും രക്തചിന്തികൊണ്ടുള്ള അവിടുത്തെ ബലിയിൽ നിന്ന് മാറി രക്തരഹിത കുർബ്ബാനയുടെ പെസഹാ അനുഷ്ഠാനത്തിലാണ് നങ്കൂരം ഇട്ടിരിക്കുന്നത്. അതിനാൽ തന്നെ നെസ്തോറിയസ് കൂദാശ ക്രമത്തിൽ യേശുവിന്റെ ശരീര രക്തങ്ങളായി രൂപാന്തരപ്പെടുന്ന കൂദാശ വചനങ്ങൾ പുരോഹിതൻ ഉരുവിടുന്നില്ല എന്നു വ്യക്തം ! " രക്തം ചിന്താ തെ പാപമോചനമില്ല" (ഹെബ്ര 9:22) നെസ്തോറിയസ് കുദാശ ക്രമത്തിൽ ഉരുവിടുന്ന 'കൂദാശ ' വചനങ്ങൾ അടിസ്ഥാനമിട്ടിരിക്കുന്നത് രക്തരഹിത പെസഹ അനുഷ്ഠാനത്തിലാണ്! ചുരുക്കി പറഞ്ഞാൽ യേശുവിന്റെ ശരീര രക്തങ്ങളാകാത്ത അപ്പവും വീഞ്ഞും ആണ് പുരോഹിതനും വിശ്വാസികളും നെസ്തോറിയസ് കൂദാശ ക്രമപ്രകാരം അർപ്പിക്കുന്ന കുർബ്ബാനയിൽ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യേണ്ടി വരിക . ഇങ്ങനെ വിശ്വാസികളെ പറ്റിക്കരുത് ! ഇത് കബളിപ്പിക്കലാണ് !! ബാഹ്യ രൂപം നിലനിർത്തി അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്ന ശൈലി തന്നെയാണ് ഈ മാറ്റത്തിൽ നമുക്ക് കണ്ടെത്തനാകുക. അവസാന നാളുകളിൽ ഭക്തിയുടെ ബാഹ്യരൂപം നില നിർത്തി കൊണ്ട് അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നവരുണ്ടാകും ( 2 തിമോ 3:5) എന്ന പ്രവചനമാണ് ഇവിടെ പൂർത്തിയാകുന്നത് എന്ന് എളിയ വിശ്വാസികൾ മനസ്സിലാക്കേണ്ടതുണ്ട്. കൂദാശ വചനങ്ങളുടെ ഈ അടിസ്ഥാന മാറ്റം വഴി യേശുവിന്റെ ശരീരവും രക്തവും ആയി രൂപാന്തരപ്പെടുന്ന പ്രക്രിയ നടക്കാതെ അപ്പവും വീഞ്ഞും ഒരു മാറ്റവും വരാതെ വെറും ഗോതപ്പപ്പവും മുന്തിരി ചാറും ആയി തുടരുന്ന ഒരവസ്ഥയാണ് ഉണ്ടാകുക. അങ്ങനെ രൂപാന്തരം വരാത്ത അപ്പവും വീഞ്ഞും "പരിശുദ്ധ കുർബ്ബാന " എന്നു പറഞ്ഞ് വിശ്വാസികൾക്കും അനുതപിക്കാതെ, പാപത്തിൽ തന്നെ ജീവിക്കുന്ന സ്വവർഗ്ഗ ഭോഗികൾക്കും കൂദാശ ജിവിതം നയിക്കാത്തവർക്കും അവിശ്വാസികൾക്കു പോലും "ഔദാര്യത്തോടെ " നല്കനാകും എന്ന് കണക്കുകൂട്ടുന്നവർ ഇന്ന് കത്തോലിക്ക സഭയിലുണ്ട്. അങ്ങനെ 'ഒരിടയനും' ഒരാട്ടിൻ പറ്റവും ആക്കാം എന്നാണോ കണക്ക് കൂട്ടുന്നത്? ജനിച്ച നാൾ മുതൽ മൺപാത്രങ്ങളിൽ എന്ന വണ്ണം സ്വീകരിക്കുകയും വിശ്വാസത്തെ തകരാതെ കാത്തു സൂക്ഷിക്കുകയും ചെയ്ത എളിയ വിശ്വാസികൾ എന്ത് തെറ്റ് ചെയ്തിട്ടാണ് അവർക്ക് ഈ ദുർഗതി കല്പിച്ചു നല്കുന്നത്.? " നിരന്തര ദഹനബലി നിരത്തലാക്കപ്പെടും " എന്ന ദാനിയേൽ പ്രവാചകന്റെ പ്രവചനമാണ് ( ദാനിയേൽ 12:11) ഇതിലൂടെ നിറവേറി കൊണ്ടിരിക്കുന്നത് എന്ന് കുറച്ച് എളിയ വിശ്വാസികളെങ്കിലും മനസ്സിലാക്കുന്നുണ്ട് .
മറ്റു കാരണങ്ങളാലും നെസ്തോറിയസ് കൂദാശ ക്രമം വിശ്വാസികൾക്ക് സ്വീകരിക്കാനാകുകയില്ല. അങ്ങനെയുള്ള കുർബ്ബാന കത്തോലിക്ക സഭയിലെ ഒരു പുരോഹിതന് അർപ്പിക്കാൻ തയ്യാറാവുകയുമില്ല.നെസ്തോറിയസ് കൂദാശ ക്രമം ഉണ്ടാക്കിയത് നെസ്തോറിയസ് അല്ല എന്ന് ഈ കൂദാശ ക്രമം പ്രസിദ്ധീകരിച്ച സീറോ മലബാർ സഭയുടെ ലിറ്റർ ജി കമ്മീഷൻ ആമുഖ കുറിപ്പിൽ പറയുന്നുണ്ടെങ്കിലും കത്തോലിക്ക സഭ ശപിച്ചു തള്ളിയ നെസ്തോറിയസ് പാഷണ്ടത നെസ്തോറിയസ് കൂദാശ ക്രമത്തിൽ നിഴലിച്ചു കാണുന്നുണ്ട് . പരിശുദ്ധ കന്യകമറിയം ദൈവമാതാവാണ് എന്ന വിശ്വാസത്യം ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാർ അദ്ദായിയുടെ കൂദാശ ക്രമത്തിൽ അനാ ഫെറയിൽ അനുസ്മരിച്ചിരുന്നു. അതിന്റെ ഗാനരൂപം താഴെ ചേർക്കുന്നു.
.......................................
ദൈവാംബികയാകും കന്യ മറിയത്തെ
സാദരമോർത്തിടാം
പാവനാമാബെലിയിൽ .....
......................................
പരിശുദ്ധ അമ്മയുടെ നാമം പോലും എടുത്ത് മാറ്റിയിരിക്കുന്നു ഈ പുതിയ കൂദാശ ക്രമത്തിൽ. ദൈവമാതാവ് എന്ന വിശ്വാസ സത്യം ഏറ്റുപറയുന്നില്ല. ഇത് തന്നെയല്ലേ നെസ്തോറിയൻ പാഷണ്ടത! ഇതുകൊണ്ട് തന്നെയല്ലേ 1599 ലെ ഉദയംപേരൂർ സുന്നഹദോസ് നെസ്തോറിയസ് കൂദാശ ക്രമത്തെ അന്ന് "വേദ വിപരീതം " എന്നു കണ്ട് കത്തിച്ചു കളഞ്ഞത് . അങ്ങനെ കത്തോലിക്ക സഭയുടെ പഠനത്തിന് വിരുദ്ധമായത് ഇന്ന് എങ്ങനെയാണ് കത്തോലിക്ക സഭയുടെ പoനവുമായി ചേർന്ന് പോകുന്നത്? നായ ചർദ്ദിച്ചത് തന്നെ വീണ്ടും ഭക്ഷിക്കുന്നു . കുളിച്ച പന്നി ചെളിക്കുണ്ടിൽ വീണ്ടും ഉരുളുന്നു.( 2പത്രോ 2:22)
കൂടാതെ മാർ യൗസേപ്പിനെ നെസ്തോറിയസ് കൂദാശ ക്രമത്തിൽ അനുസ്മരിക്കുന്നില്ല .വിശുദ്ധൻമാരെ പൊതുവായി അനുസ്മരിക്കുന്നത് തന്നെ ഈ ക്രമം ചൊല്ലുമ്പോൾ പുരോഹിതന് ഇഷ്ടപ്രകാരം ഒഴിവാക്കാൻ സാധിക്കുന്ന രൂപത്തിലാണ് എഴുതി ചേർത്തിട്ടുള്ളത്.
കൂടാതെ നെസ്തോറിയസ് കൂദാശ ക്രമത്തിലുള്ള കുർബ്ബാന അർപ്പിക്കുന്നത് ലോകത്തിലെ എല്ലാവർക്കും വേണ്ടിയാണ്. യേശു അർപ്പിച്ച രക്തം ചിന്തികൊണ്ടുള്ള കാൽവരിമലയിലെ ബലി എല്ലാവർക്കും വേണ്ടിയാണ്. അത് സത്യമാണ്. എന്നാൽ ഒരു പുരോഹിതൻ അർപ്പിക്കുന്ന കുർബ്ബാന വിശ്വാസികളുടെ മാത്രം പാപ പരിഹാരർത്ഥമാണ് . കാരണം യേശു സകലജാതി മനുഷ്യർക്കും വേണ്ടിയർപ്പിച്ച രക്തം ചിന്തികൊണ്ടുള്ള ബലി എന്റെ പാപമോചനത്തിനുള്ളതാണ് എന്ന് വിശ്വസിക്കുകയും അത് മാമോദീസയിലൂടെ ഏറ്റു പറയുന്നവർക്കു വേണ്ടി മാത്രമാണ് പുരോഹിതൻ കുർബ്ബാന അർപ്പിക്കുന്നത്. അല്ലായിരുന്നെങ്കിൽ ക്രിസ്തു വിശ്വാസികൾക്കും പുരോഹിതൻ അർപ്പിക്കുന്ന കുർബ്ബാനയിൽ പങ്കെടുക്കാതെ തന്നെ യേശു അർപ്പിച്ച ബലിയുടെ ഫലങ്ങൾ ലഭിക്കണമായിരുന്നു.! അങ്ങനെ ലഭിക്കുന്നില്ലല്ലോ . രക്ത ചിന്തിയുള്ള പാപ പരിഹാര ബലിയിൽ നിന്ന് കുർബ്ബാനയെ തരം താഴ്ത്തി രക്തരഹിത കുർബാനയാക്കി തീർത്ത് ആ അപ്പവും വീഞ്ഞും എത് വിഭാഗക്കാർക്കും (പെന്തകൊസ്ത , പ്രൊട്ടസ്റ്റൻസ്, സ്വവർഗ്ഗ ഭോഗികൾ .... അവിശ്വാസികൾ .....) കൊടുക്കാം എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുക . ക്രിസ്തുവിനെ ഒഴിവാക്കി കൊണ്ട് ആളുകളോട് കാണിക്കുന്ന ഈ "കരുണ " കാണിക്കുന്നത് കരുണയല്ല!
ക്ലൈമാക്സ് എന്നു പറയുന്നത് ഈ നെസ്തോറിയസ് കുർബ്ബാന ക്രമത്തിൽ മാർ അദ്ദായിയുടെ കൂദാശ ക്രമത്തിൽ ജനങ്ങൾ ചൊല്ലുന്ന മറുപടി പ്രാർത്ഥനകൾക്കോ ശുശ്രുഷിയുടെ ആഹ്വാനങ്ങൾക്കോ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതാണ് ! അങ്ങനെ ഭൂരിപക്ഷ വരുന്ന സാധാരണ വിശ്വാസികൾ കുർബ്ബാനയിൽ വന്ന ഈ 'താഴ്ച്' / 'വീഴ്ച" തിരിച്ചറിയുകപോലുമില്ല !
വിശുദ്ധനായ പോൾ ആറാമൻ മാർപാപ്പ ഈ കാലഘട്ടത്തെ കുറിച്ച് മുൻകൂട്ടി കണ്ടിരുന്നു എന്നു വേണം കരുതാൻ. ആ വിശുദ്ധൻ ഇങ്ങനെ പറഞ്ഞ് വെച്ചിട്ടുണ്ട്. " കത്തോലിക്ക സഭയെ കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് സഭയ്ക്കുള്ളിൽ ഒരു അകത്തോലിക്ക ചിന്താധാര പ്രബലപ്പെട്ടു നില്ക്കുന്നു എന്നതാണ്. ഈ അകത്തോലിക്ക മനോഭാവം നാളെ ഒരു പക്ഷേ കൂടുതൽ ശക്തിയാർജ്ജിച്ചേക്കാം. പക്ഷേ സഭയ്ക്കുള്ളിലെ അത്തരം അകത്തോലിക്ക ചിന്താഗതി തിരുസഭയുടെ ചിന്താധാരയുടെ പ്രതിഫലനമായിരിക്കുകയില്ല എന്നു മാത്രം. ഒരു "ചെറിയ അജഗണം" അതെത്ര തന്നെ ചെറുതാണെങ്കിലും അവസാനം വരെ പിടിച്ചു നിൽക്കേണ്ടത് അത്യാവശ്യമാണ് "
ആവേ മരിയ !
11-1-19
വി.യോഹന്നാൻ മാംദാനയുടെ തിരുനാൾ
ജോൺ ജോസ്.സി