Home | Articles | 

Kerala.myparish.net
Posted On: 20/04/19 19:51

 

വികാരിയച്ചനെ ഞെട്ടിച്ച അദ്ഭുതം ഫാ. ഗബ്രിയേലിന്റെ അടുത്തിരുന്ന് ധ്യാനത്തിനിടയില്‍ താന്‍ അനുഭവിച്ചറിഞ്ഞ ദൈവകൃപകളെക്കുറിച്ചും അത്ഭുതരോഗസൗഖ്യത്തെക്കുറിച്ചും വിവരിക്കുകയായിരുന്നു ജോനാഥന്‍. ദൈവം സൗഖ്യം നല്‍കിയ അനുഭവങ്ങളെക്കുറിച്ചെല്ലാം കേള്‍ക്കുമ്പോള്‍ ഗബ്രിയേലച്ചന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരും. എത്ര ആലോചിച്ചിട്ടും ജോനാഥന് മനസിലാക്കാന്‍ പറ്റാത്തത് ആ പുഞ്ചിരിയായിരുന്നു. അച്ചന്റെ ചിരിയില്‍ മറഞ്ഞിരിക്കുന്നത് താന്‍ പറയുന്ന ദൈവകൃപകളിലുള്ള വിസ്മയമാണോ? അതോ കേട്ട അത്ഭുതസൗഖ്യങ്ങളെ അദ്ദേഹം തിരസ്‌കരിക്കുകയാണോ? എന്നിട്ടും ജോനാഥന്‍ പറയുന്നതെല്ലാം അച്ചന്‍ താല്പര്യത്തോടെ കേട്ടിരിക്കും. യേശു അത്ഭുതം ചെയ്തുവെന്നും ധ്യാനഗുരുവിലൂടെ അനേകര്‍ മാനസാന്തരപ്പെട്ടുവെന്നും പറയമ്പോള്‍ ഒരു പുഞ്ചിരി മാത്രമായിരിക്കും ആ മുഖത്ത്. ഇത് ജോനാഥന് മാത്രമുണ്ടായ അനുഭവമല്ല. അലര്‍ജി രോഗം മൂലം നാളുകളായി കഷ്ടപ്പെടുന്ന പീറ്റര്‍ അതില്‍ നിന്നും വിമുക്തമായ സാക്ഷ്യവും അച്ചന് മുന്നില്‍ അവതരിപ്പിട്ടുണ്ട്. സഭയിലോ കൂദാശകളിലോ തെല്ലും വിശ്വാസമില്ലാതിരുന്ന വ്യക്തിയായിരുന്നു പീറ്ററെന്ന കാര്യവും ഗബ്രിയേലച്ചന് പകല്‍ പോലെ അറിയാം. തണുപ്പ് കൂടിയ കാലാവസ്ഥയോ, തണുത്ത ഭക്ഷണമോ കഴിച്ചാല്‍ ഉടന്‍ പീറ്ററിന്റെ ശരീരം ചൊറിഞ്ഞ് തുടങ്ങും. അത് മണിക്കൂറുകളോളം നില്‍ക്കും. ചില അലോപ്പതി മരുന്നുകള്‍ മാത്രമാണ് താല്ക്കാലിക ആശ്വാസം നല്‍കുന്നത്. ഡിസംബറിലെ തണുപ്പില്‍ നിന്നും രക്ഷപെടാന്‍ പീറ്ററെടുക്കുന്ന മുന്‍കരുതലുകള്‍ നാട്ടിലെല്ലാവര്‍ക്കും അറിയാം. അങ്ങനെയുള്ള ഒരാള്‍ പോയി അത്ഭുതസൗഖ്യം നേടി മടങ്ങി എത്തിയെന്നറിഞ്ഞത് നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. പക്ഷേ, ആ അത്ഭുത സംഭവം പറഞ്ഞും കേട്ട് അച്ചനും അറിഞ്ഞു. പള്ളിയില്‍ വന്നപ്പോള്‍ പീറ്റര്‍ തന്നെ ഈ സംഭവം വിവരിക്കുകയും ചെയ്തു. ഫ്രിഡ്ജിലിരുന്ന ഒരു ഗ്ലാസ് തണുത്തവെള്ളം അച്ചന്റെ മുന്നില്‍ നിന്ന് അയാള്‍ കുടിക്കുകയും ചെയ്തു. അപ്പോഴും ഗബ്രിയേലച്ചന്‍ പുഞ്ചിരിച്ചു. ഒന്നും പറഞ്ഞില്ല. പള്ളിക്ക് പുറത്തിറങ്ങിയപ്പോള്‍ പീറ്ററും ആ ഗൂഢമാര്‍ന്ന മന്ദസ്മിതത്തിന്റെ പൊരുള്‍ തേടുകയായിരുന്നു. തനിക്ക് ലഭിച്ച അത്ഭത രോഗശാന്തിയില്‍ വിസ്മയഭരിതനായ അച്ചന്‍ പുഞ്ചിരിക്കുകയാണെന്ന് തന്നെയാണ് പീറ്ററും ജോനാഥനുമൊക്കെ കരുതിയത്. എന്നാല്‍ ധാരാളം മനഃശാസ്ത്ര ഗ്രന്ഥങ്ങള്‍ വായിക്കുകയും അതില്‍ ബിരുദാനന്തരബിരുദം നേടുകയും അച്ചന്റെ ചിരി അതിന് നേരെ വിപരീതം തന്നെയായിരുന്നു. അവരുടെ അത്ഭുതം കലര്‍ന്ന വിശ്വാസം നഷ്ടപ്പെടുത്താതിരിക്കാന്‍ മാത്രം അദ്ദേഹം നിശബ്ദത പാലിച്ച്‌വെന്ന് മാത്രം. മുറിയിലിരുന്ന് സമാന ചിന്താഗതിക്കാരനായ പ്രഫസര്‍ ജിയോവാനിയോട് അദ്ദേഹം പറഞ്ഞു. ''സര്‍.. ഇതൊന്നും ഞാന്‍ ഒരു അത്ഭുതമായി കാണുന്നില്ല. യേശു എന്നെ സംബന്ധിച്ചിടത്തോളം യോഗീതുല്യനായ മനുഷ്യനാണ്. അദ്ദേഹം മരിച്ചുയര്‍ത്തു. അതിനപ്പുറം ഇന്ന് ധ്യാനകേന്ദ്രങ്ങളിലും മറ്റും നടക്കുന്നു എന്ന് പറയുന്ന അത്ഭുതങ്ങളിലൊന്നും തെല്ലും ഞാന്‍ വിശ്വസിക്കുന്നില്ല. മാത്രവുമല്ല അതൊക്കെ ചിലരുടെ പോക്കറ്റ് വീര്‍ക്കാനുള്ള തട്ടിപ്പാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ദൈവത്തിന് അങ്ങനെ അത്ഭുതമൊന്നും പ്രവര്‍ത്തിക്കാനാവില്ല. അങ്ങനെയാണെങ്കില്‍ ഈ ആശുപത്രികളൊന്നും സ്ഥാപിക്കേണ്ടതില്ലല്ലോ. അവിടെയൊക്കെ ഇങ്ങനെ അത്ഭുതം പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്ന ഒരാളെ വെച്ചാല്‍ മതിയല്ലോ.'' പ്രഫസര്‍ അത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു. ''അച്ചന്‍ പറഞ്ഞത് ശരിയാണ്. ഇങ്ങനെ അത്ഭുതം നടന്നു എന്ന് പറയുന്നത് പലതും പച്ചക്കള്ളമാണ്. ഈയിടെ ഞാന്‍ വായിച്ച ഒരു ബുക്കില്‍ ഇങ്ങനെ കണ്ടു. അമേരിക്കയിലെ ഒരു പ്രമുഖ ധ്യാനപ്രഭാഷകന്‍ മരിച്ച ഒരാളെ ഉയിര്‍പ്പിച്ചു എന്ന് ധാരാളം സ്ഥലത്ത് പ്രസംഗിച്ചു. അദ്ദേഹം അങ്ങനെ ഉയര്‍പ്പിച്ച വ്യക്തിയെക്കുറിച്ച് വാചാലമായി വിശദീകരിക്കുകയും ചെയ്തു. എന്നാല്‍ ഏതാനും ചിലര്‍ അദ്ദേഹം പറഞ്ഞത് ശരിയാണോ എന്നറിയാന്‍ ആ ദേശത്ത് അന്വേഷിച്ച് പോയി. അവിടെ പല സ്ഥലത്തും അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം നടന്നതായി ആ പ്രദേശത്ത് ആരും കേട്ടിട്ടില്ലത്രേ..'' അച്ചനും പ്രഫസറും ചിരിച്ചു.''അതാ സാറേ, ഞാന്‍ നേരത്തേ പറഞ്ഞത്. പലതും ഇങ്ങനെതന്നെയാ. പുറമേ പൊലിപ്പിച്ച് പറയും. പക്ഷേ, പലതിന്റെയും ഉളള് തേടിപ്പോയാല്‍ ഇതൊക്കെ അവാസ്തവമാണെന്നും കാണാം..'' അവര്‍ പിന്നീട് വിശദീകരിച്ചത് മനഃശാസ്ത്രത്തില്‍ നിര്‍വചിക്കപ്പെടുന്ന വിവിധ രോഗശാന്തികളെക്കുറിച്ചായിരുന്നു. ************ ************ ************ വൈകുന്നേരം പ്രഫസര്‍ പോകാനിറങ്ങിയപ്പോഴാണ് കുറെപ്പേര്‍ ഒരു പെണ്‍കുട്ടിയെയും എടുത്ത് കൊണ്ട് വന്നത്. പത്തോ പതിനാലോ വയസ് തോന്നിപ്പിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം കോടിയിരുന്നു. വായില്‍ നിന്നും ഞുരയും പതയും പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. അവളുടെ അപ്പനും അമ്മയും കരഞ്ഞുകൊണ്ട് ദൂരെ മാറി നിന്നു. അതുകൊണ്ട് അച്ചന്റെ അടുത്തേക്ക് വന്നത് അയല്‍ക്കാരനായ ഒരാളായിരുന്നു. അയാള്‍ പറഞ്ഞു. ''അച്ചാ.. രാവിലെ സ്‌കൂളില്‍ നല്ല ചുണയോടെ പോയ പെണ്‍കുട്ടിയാണ്. വീട്ടിലേക്ക് മടങ്ങിവരുന്നഇടവഴിയില്‍ വെച്ച് എന്തോ കണ്ട് അവള്‍ പേടിച്ചതാണ്. ഞങ്ങള്‍ ഓടിച്ചെല്ലുമ്പോള്‍ ഇവള്‍ ആള്‍ വഴിയില്‍ ഇതേ അവസ്ഥയില്‍ കിടക്കുകയായിരുന്നു. ''ഞാന്‍ എന്ത് ചെയ്യണം? എന്റെ കയ്യില്‍ ഇതിനുള്ള മരുന്നൊന്നും ഇരിപ്പില്ലല്ലോ. ' അച്ചന്‍ നിസഹായനായി പറഞ്ഞു. ''അച്ചന്‍ ഒന്ന് പ്രാര്‍ത്ഥിക്കണം. എങ്കില്‍ തീര്‍ച്ചയായും ഇവള്‍ രക്ഷപെടുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്..'' '' ഏയ് ഞാന്‍ പ്രാര്‍ത്ഥിച്ചാലൊന്നും ഇതൊന്നും മാറില്ല.'' അച്ചന്‍ തുടര്‍ന്നു. ''ഇവളെ എത്രയും വേഗം ടൗണിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ കൊണ്ടു പോയി ഡോക്ടര്‍ ഫ്രെഡിയെ കാണിച്ചാല്‍ മതി. അദ്ദേഹം നല്ല മനഃശാസ്ത്രജ്ഞനാണ്..'' അതുകേട്ട് നിന്ന പ്രഫസറും അതിനെ പിന്താങ്ങി. '' ശരിയാണ് മനഃശാസ്ത്രത്തില്‍ ഇതിനെ ഫോബിയാ എന്ന് പറയും..'' പ്രഫസര്‍ അതെക്കുറിച്ച് വിശദീകരിക്കാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമീണരായ മറ്റൊരാള്‍ പറഞ്ഞു. '' നിങ്ങളുടെ ഫോബിയായും ഹോബിയായുമൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കണ്ട. അച്ചാ.. അച്ചന്‍ ഇവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഇവളുടെ ഈ അസുഖം മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ ക്രിസ്ത്യാനികളല്ല. പക്ഷേ, ക്രൈസ്തവരായ അനേകരുടെ അസുഖം ദൈവം പ്രാര്‍ത്ഥനയിലൂടെ മാറ്റുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഞങ്ങളുടെ അപേക്ഷയാണിത്. ദയവായി തള്ളിക്കളയരുത്..'' അപ്പോഴേക്കും പെണ്‍കുട്ടിയുടെ മാതാപിതാക്കളും കരഞ്ഞുകൊണ്ട് മുന്നോട്ട് വന്നു. അവരുടെയും അപേക്ഷ അത് മാത്രമായിരുന്നു. ''അച്ചാ..അച്ചന്‍ ഞങ്ങളെ കൈവെടിയരുത്. ഞങ്ങള്‍ക്ക് ഇവള്‍ മാത്രമാണ് ആകെയുള്ള സമ്പാദ്യം. ഇവള്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ ഈ ജീവിതവും ഉപേക്ഷിക്കും.'' മറ്റൊരു നിവൃത്തിയുമില്ല. ഒരു കൂട്ടം ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്ത് തിങ്ങിക്കൂടുകയാണ്. ദൈവമേ, എന്താണ് ഞാന്‍ പ്രാര്‍ത്ഥിക്കുക? എന്താണ് ഇതിനുള്ള പ്രത്യുത്തരം? വിറയാര്‍ന്ന അധരങ്ങളോടെ അച്ചന്‍ പറഞ്ഞു.'' വരൂ.. പള്ളിയിലേക്ക് വരൂ.. '' പള്ളിയിലെ പ്രാര്‍ത്ഥന കഴിയുമ്പോള്‍ കുറച്ച് പണം കൊടുത്ത് അവരെ ടൗണിലെ ആശുപത്രിയിലേക്ക് അയക്കാമെന്നായിരുന്നു അച്ചന്റെ കണക്ക് കൂട്ടല്‍. ബലിവേദിക്ക് താഴെയായി അവളെ മാതാപിതാക്കള്‍ കിടത്തി. ജനമൊന്നടങ്കം ദൈവത്തെ വിളിച്ച് കരയാന്‍ തുടങ്ങിയിരുന്നു. തെല്ലും വിശ്വാസിയല്ലാതിരുന്ന പ്രഫസര്‍ പോലും ആ പ്രാര്‍ത്ഥനയില്‍ ആ കുട്ടിയ്ക്ക് വേണ്ടി ദൈവതിരുമുന്നില്‍ ഒരിറ്റ് മിഴിനീര്‍ വീഴ്ത്തി. ശരീരമാകെ വിറയല്‍ നിറയുന്നു. അച്ചന്‍ കരം ഉയര്‍ത്തി ക്രൂശിത രൂപം നോക്കി 'ദൈവമേ, കനിയണമേ, എന്ന് നിലവിളിച്ചു. പിന്നെ പൗരോഹിത്യ അധികാരമുപയോഗിച്ച് പെണ്‍കുട്ടിയില്‍ പ്രവേശിക്കപ്പെട്ട ദുരാത്മാവിനെ ശകാരിച്ചു. ക്രിസ്തുവിന്റെ നാമം വിളിച്ച് അവളുടെ കരം പിടിച്ച് പ്രാര്‍ത്ഥിച്ചു. അത്ഭുതം! മഹാത്ഭുതം! അച്ചന്‍ പോലും ഞെട്ടിപ്പോയൊരു കാര്യമാണ് പിന്നെ സംഭവിച്ചത്. ഉറക്കം കഴിഞ്ഞെന്ന പോലെ പെണ്‍കുട്ടി എഴുന്നേറ്റു. വൈദികനെയും മാതാപിതാക്കളെയും അയല്‍ക്കാരെയുമൊക്കെ കണ്ട് അവള്‍ അമ്പരന്നു. ജനം ഒന്നടങ്കം നിലവിളിയോടെ അപ്പോഴേക്കും ദൈവതിരുമുന്നില്‍ പ്രണമിക്കുകയായിരുന്നു. പള്ളിക്ക് പുറത്തിറങ്ങി അച്ചന് എത്ര തവണ നന്ദി പറഞ്ഞിട്ടും അവരുടെ വാക്കുകള്‍ തീരുന്നുണ്ടായിരുന്നില്ല. അച്ചനും രാത്രി വണ്ടിക്ക് മടങ്ങേണ്ട പ്രഫസറും ദൈവംനല്‍കുന്ന അത്ഭുതത്തെക്കുറിച്ചായിരുന്നു പിന്നീട് കുറച്ച് സമയം സംസാരിച്ചത്. എന്നാല്‍ ഏറെ സമയം അവര്‍ ദൈവശക്തിയുടെയും ദൈവമഹത്വത്തിന്റെയും അടയാളങ്ങള്‍ക്ക് നന്ദിപറഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. -ജയ്‌മോന്‍ കുമരകംArticle URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading