ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്നായി കേട്ടുകൊണ്ടിരിക്കുന്നത് എനിക്കിഷ്ടമായിരുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കാനുള്ള അച്ചന്റെ തീക്ഷ്ണതയെ ഞാൻ വലിയ ആരാധനയോടെയാണ് കണ്ടിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി അച്ചന്റെ ശ്രദ്ധ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിൽ നിന്നകന്ന് മാർപ്പാപ്പയെ പ്രഘോഷിക്കുന്നതിലേക്ക് മാറിയോ എന്നൊരു സംശയം പങ്കുവയ്ക്കാനാണ് ഇതെഴുതുന്നത്. ഈയിടെ കേട്ട ബൈബിൾ ക്ലാസ്സുകളിൽ ഭൂരിഭാഗം സമയവും ഫ്രാൻസിസ് പാപ്പയ്ക്ക് പ്രതിരോധം തീർക്കാനായിരുന്നു അച്ചൻ ഉപയോഗിച്ചത്.
എന്തുകൊണ്ടാണ് ഇങ്ങനെയൊരു ദിശാമാറ്റം പെട്ടെന്ന് സംഭവിച്ചതെന്ന് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലായ കാര്യം കേരളത്തിൽ ഫ്രാൻസിസ് പാപ്പയുടെ പ്രവർത്തനരീതിയെയും ശൈലിയെയും വിമർശിക്കുന്ന കുറേപ്പേർ ഉണ്ടെന്നും അവർക്ക് മറുപടിയായാണ് അച്ചൻ പാപ്പയ്ക്ക് അനുകൂലമായി പ്രസംഗിച്ചത് എന്നുമാണ്. പാപ്പയെ വിമർശിക്കുന്നവരുടെ മുഴുവൻ വീഡിയോകളും കാണാൻ എനിക്ക് അവസരം ലഭിച്ചിട്ടില്ല. എങ്കിലും അത്തരം ചില വീഡിയോകൾ കാണുകയും തുടർന്ന് അച്ചന്റെ പ്രസംഗങ്ങൾ ഒന്നുകൂടെ കേൾക്കുകയും ചെയ്തപ്പോൾ ചില കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചാൽ നന്നായിരിക്കും എന്ന ആഗ്രഹം തോന്നി. അതാണ് ഈ കുറിപ്പ് എഴുതാനുള്ള കാരണം.
സൂനഹദോസ് കൂടി സഭയുടെ തലവനായി തിരഞ്ഞെടുത്ത ഫ്രാൻസിസ് പാപ്പയെ പലരും ദുഷിക്കുന്നതിൽ തനിക്കുള്ള വേദന അച്ചൻ പങ്കുവയ്ക്കുന്നുണ്ട്. പാപ്പയെ വിമർശിക്കുന്നവരുടെ വീഡിയോകളിൽ നിന്ന് എനിക്ക് മനസിലായ കാര്യം സഭയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ഗാലൻസ് മാഫിയ എന്ന ഒരു രഹസ്യ സംഘം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ചാണ് ബെനഡിക്ട് പതിനാറാമൻ പാപ്പ രാജി വയ്ക്കാൻ നിര്ബന്ധിതനായതും ജോർജ് മരിയോ ബെർഗോഗ്ലിയോ പുതിയ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതും എന്ന് അവർ അവർ വിശ്വസിക്കുന്നു എന്നാണ്. അതിന് ഉപോദ്ബലകമായി അവർ പറയുന്ന കാര്യം ആ ഗൂഢസംഘത്തിലെ പ്രമുഖ അംഗവും ഫ്രാൻസിസ് പാപ്പയുടെ ഉറ്റ സുഹൃത്തുമായ കർദിനാൾ ഡാനീലിന്റെ ഏറ്റുപറച്ചിലാണ്. മാർപ്പാപ്പയെ തെരഞ്ഞെടുക്കുന്നതിൽ ഇങ്ങനെയൊരു ഇടപെടൽ സഭാനിയമം അനുവദിക്കുന്നുണ്ടോ?
മാർപ്പാപ്പയായതിനു ശേഷമുള്ള ഫ്രാൻസിസ് പാപ്പയുടെ പല തീരുമാനങ്ങളും പ്രവർത്തനങ്ങളും ക്രിസ്തീയവിശ്വാസത്തിനു ദഹിക്കാത്തവയായിരുന്നു എന്നതാണ് അവരുടെ അടുത്ത ആരോപണം. നിഷ്പക്ഷമായി ചിന്തിക്കുന്ന ഒരാൾക്ക് അതിൽ കുറച്ചെങ്കിലും സത്യമുണ്ട് എന്നാണ് മനസ്സിലാകുക.
പോപ്പിന്റെ പ്രവർത്തനങ്ങളെ വിമർശിക്കുന്നവരെ എതിർക്കാൻ അച്ചൻ മുന്നോട്ടുവയ്ക്കുന്ന കാരണം പോപ്പിന്റെ അപ്രമാദിത്വമാണ്. അതായത് വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ പ്രബോധനം നൽകുമ്പോൾ പോപ്പിന് തെറ്റ് പറ്റില്ല എന്ന വിശ്വാസം. അത് ഇന്നുവരെ ശരിയുമാണ്. കാരണം വിശ്വാസമോ ധാർമ്മികതയോ സംബന്ധിച്ച് എല്ലാവരും അനുസരിക്കേണ്ട വിധത്തിൽ ഏതെങ്കിലും കാര്യം മാർപ്പാപ്പയുടെ പ്രബോധനാധികാരത്തിൻ കീഴിൽ നിർവചിക്കുമ്പോൾ മാത്രമേ അപ്രമാദിത്വത്തിന് പ്രസക്തിയുള്ളൂ. അത്തരം അവസരങ്ങൾ വളരെ വളരെ അപൂർവമാണെന്നു നമുക്കറിയാം. ഏതാണ്ട് 70 വർഷങ്ങൾക്ക് മുൻപ് പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചതാണ് സമീപകാലത്തുണ്ടായ ഒരു സംഭവം.
ഏതൊരു പോപ്പിനും മറ്റു കാര്യങ്ങളിൽ തെറ്റ് പറ്റാം. അത് അച്ചൻ സമ്മതിക്കുന്നുമുണ്ട്. ഫ്രാൻസിസ് പാപ്പയുടെ കാര്യത്തിൽ സംഭവിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ആശയങ്ങളും അപ്രമാദിത്വം ഉള്ളവയാണ് എന്ന അബദ്ധധാരണയിൽ കുറേപ്പേർ അത് മുഖവിലക്കെടുക്കുകയും രാജാവിനേക്കാൾ വലിയ രാജഭക്തിയോടെ അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ്. ഇക്കാര്യത്തിൽ പാപ്പയേക്കാൾ കൂടുതൽ ഉത്തരവാദിത്വം ഇത്തരം വ്യക്തികൾക്കാണ് . പ്രത്യേകമായി പറഞ്ഞിട്ടില്ലെങ്കിൽ മാർപ്പാപ്പയുടെ ചാക്രികലേഖനങ്ങൾക്ക് പോലും അപ്രമാദിത്വസ്വഭാവം ഇല്ല എന്നതാണ് സഭാപ്രബോധനം. പിയൂസ് പന്ത്രണ്ടാമൻ പാപ്പാ തന്റെ Humani Generis എന്ന ചാക്രികലേഖനത്തിൽ ഇക്കാര്യം പ്രത്യേകം എടുത്തുപറയുന്നുണ്ട്. ചാക്രികലേഖനങ്ങൾക്കു പോലും അപ്രമാദിത്വം ഇല്ലെങ്കിൽ പോപ്പ് പറയുന്ന നൂറായിരം സാധാരണ കാര്യങ്ങളുടെ അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ.
എനിക്ക് തോന്നുന്നത് ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നതെന്നാണ്. അത് ക്രിസ്തുവിന്റെ പ്രമാണങ്ങൾക്ക് പകരം പോപ്പ് പറയുന്നവയ്ക്ക് കൂടുതൽ പ്രാധാന്യവും ആധികാരികതയും കൽപിക്കുന്ന അപകടത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും. ഇപ്പോൾ തന്നെ പല കത്തോലിക്കരും ഈ അമിതമായ പാപ്പാ ഭക്തിയിലേക്ക് വഴുതിവീണുകഴിഞ്ഞു എന്നതാണ് വേദനാജനകമായ കാര്യം. ഈ അവസ്ഥയിൽ പോപ്പ് പറയുന്ന ഓരോ സാധാരണ അഭിപ്രായങ്ങൾ പോലും സഭാപഠനമായി തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. അത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണെന്ന കാര്യത്തിൽ അച്ചനും എതിർപ്പുണ്ടാകില്ലല്ലോ. അതുകൊണ്ട് അധികാരസ്ഥാനത്തിരിക്കുന്നയാൾ ചെയ്യേണ്ടത് പറയേണ്ടവ മാത്രം പറയുക, അതും ചുരുങ്ങിയ വാക്കുകളിൽ പറയുക, പറയേണ്ടാത്തവ പറയാതിരിക്കുക എന്നതാണ്. ഫ്രാൻസിസ് പാപ്പാ അത്തരമൊരു നിലപാട് തുടക്കം മുതൽ എടുത്തിരുന്നുവെങ്കിൽ എത്രയോ ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നു!
മേൽപ്പറഞ്ഞതിന്റെ വെളിച്ചത്തിൽ കഴിഞ്ഞ ആറു വർഷങ്ങളിലെ പോപ്പിന്റെ ചില പ്രവർത്തനങ്ങളും അഭിപ്രായങ്ങഉം നമുക്ക് ശ്രദ്ധിക്കാം.വത്തിക്കാനും ചൈനാസർക്കാരും തമ്മിൽ രഹസ്യധാരണ ഒപ്പിട്ട കാര്യം നമുക്കറിയാം. അതിൽ എന്തൊക്കെ കാര്യങ്ങളാണ് അടങ്ങിയിരിക്കുന്നത് എന്ന് ഇപ്പോഴും ആർക്കും അറിയില്ല. എഗ്രിമെന്റ് ഒപ്പിട്ട ഉടനെ തന്നെ വിശാസത്തിൽ ഉറച്ചുനിന്ന സഭയ്‌ക്കെതിരെ അതിഭീകരമായ പീഡനങ്ങൾ സർക്കാർ അഴിച്ചുവിട്ടു. ഒരു ബിഷപ്പിനെയും ഏതാനും വൈദികരെയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. യഥാർത്ഥവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നവരെ കൊലയ്ക്കുകൊടുക്കുന്ന ഒരു ധാരണ കൊണ്ട് ആർക്കാണ് പ്രയോജനം?
സോവറിൻ മിലിട്ടറി ഓർഡർ ഓഫ് മാൾട്ട എന്ന സന്യാസസഭയുടെ ഗ്രാൻഡ് ചാൻസലർ ആയിരുന്ന Albrecht Freiherr von Boeselager നെ 2016 ഡിസംബർ ആറാം തിയതി ആ സഭയുടെ ഗ്രാൻഡ് മാസ്റ്റർ ആയ Fr Matthew Festing സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. കാരണം ആ സഭയുടെ ജീവകാരുണ്യ പ്രവർത്തനവിഭാഗമായ Malteser International (MI) മ്യാൻമറിൽ ഗർഭനിരോധന ഉറകൾ വിതരണം ചെയ്യുകയും ജനനനിയന്ത്രണത്തിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്തു. സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട വ്യക്തി വത്തിക്കാനിലേക്ക് പരാതി അയച്ച് രണ്ടു മാസത്തിനുള്ളിൽ മാത്യു ഫെസ്റ്റിങ് അച്ചനോട് സഭാതലവൻ എന്ന സ്ഥാനത്തു നിന്ന് രാജിവയ്ക്കാൻ വത്തിക്കാൻ നിർദേശിച്ചു. മാത്രമല്ല ഡിസംബർ ആറാം തിയതി മുതൽ അദ്ദേഹം എടുത്ത എല്ലാ തീരുമാനങ്ങളും റദ്ദാക്കുകയും ചെയ്തു. അതിലേക്ക് നയിച്ചത് വത്തിക്കാൻ നിയമിച്ച ഒരു കമ്മീഷൻ ആയിരുന്നു. അതിലെ അംഗങ്ങൾ ഭൂരിഭാഗവും ആരോപണവിധേയന്റെ സുഹൃത്തുക്കൾ ആയിരുന്നുവത്രെ.
എത്ര പെട്ടന്നാണ് ഈ കാര്യത്തിൽ തീരുമാനം വന്നതെന്ന് കാണുക. എന്നാൽ മാർപ്പാപ്പയുടെ ചില പ്രബോധനങ്ങൾ ആശയക്കുഴപ്പം വരുത്തുന്നു എന്ന് സൂചിപ്പിച്ചുകൊണ്ടും അതിൽ ആശയവ്യക്തത വരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും നാല് മുതിർന്ന കർദിനാൾമാർ ചേർന്നു സമർപ്പിച്ച Dubia യ്ക്ക് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി കിട്ടിയിട്ടില്ല. ഇത് പ്രത്യേകം സൂചിപ്പിക്കാൻ കാരണം കേരളത്തിലെ പത്തോ പതിനഞ്ചോ ഇരുപതോ അല്മായർ മാത്രമല്ല പോപ്പിനെ വിമർശിക്കുന്നത് എന്ന് വ്യക്തമാക്കാനാണ്.
അമേരിക്കയിലെ കർദിനാൾ റെയ്മണ്ട് ബുർക്ക്, ജർമ്മനിയിലെ കർദിനാൾ ഗെർഹാർഡ് മുള്ളർ, കർദിനാൾ ബ്രാൻഡ് മുള്ളർ, നെതെർലണ്ടിലെ കർദിനാൾ വിൽഹെം ഐക് ,ഹോങ്കോങ്ങിലെ കർദിനാൾ ജോസഫ് സെൻ, കർദിനാൾ റോബർട്ട് സാറ, കസാക്കിസ്ഥാനിലെ ബിഷപ്പ് അത്തനേഷ്യസ് ഷ്‌നൈഡർ, എന്നിവരടക്കം ലോകത്തിലെ പല ഭാഗങ്ങളിലുമുള്ള ആയിരക്കണക്കിനല്ല ലക്ഷക്കണക്കിന് തന്നെ കത്തോലിക്കർ ഇപ്പോഴത്തെ പോപ്പിന്റെ പ്രവർത്തനങ്ങളെയും അഭിപ്രായങ്ങളെയും വിമർശിക്കുന്നവരായുണ്ട്. കേരളത്തിലെ പത്തോ പതിനഞ്ചോ മുഖമില്ലാത്തവർ ചേർന്ന് തട്ടിക്കൂട്ടിയുണ്ടാക്കിയ ഒരു പാപ്പാവിരുദ്ധപ്രസ്ഥാനമല്ല ഇത്തരം വിമർശനങ്ങളുടെ പിറകിൽ എന്ന് നാം മനസിലാക്കണം. മുഖമില്ലാത്ത വീഡിയോകളിൽ പറയുന്ന അതേ കാര്യങ്ങൾ തന്നെ സ്വന്തം മുഖം വീഡിയോകളിൽ കാണിച്ചുകൊണ്ട് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത് ഞാൻ കണ്ടിട്ടുണ്ട്. മറ്റൊരു കാര്യം ആരെങ്കിലും പേരും മേൽവിലാസവും പരസ്യപ്പെടുത്താതെ വീഡിയോ ഇടുന്നതിന്റെയും സന്ദേശങ്ങൾ അയക്കുന്നതിന്റെയും ഉദ്ദേശം നമുക്ക് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. ഭീരുത്വം എന്ന് പറഞ്ഞു നമുക്ക് അവരെ കളിയാക്കാൻ എളുപ്പമാണ്. എതിർക്കുന്നവരെ ഏതുവിധേനയും തകർക്കുക എന്ന ബിജെപി യുടെയും സിപിഎം ന്റെയും മാതൃക പിൻതുടരുന്ന ചിലരെങ്കിലും സഭയുടെ അധികാരശ്രേണികളിൽ എവിടെയൊക്കെയോ ഉണ്ട് എന്ന സത്യം അറിയുന്നവർ സ്വന്തം പേരും മേൽവിലാസവും വച്ച് കത്തെഴുതുമെന്ന് ചിന്തിക്കുന്നത് അബദ്ധമല്ലേ!
നിർഭാഗ്യവശാൽ അച്ചൻ പറഞ്ഞതുപോലെ തന്നെ നമ്മുടെ നാട്ടിലെ കത്തോലിക്കർക്ക് കാര്യങ്ങൾ അറിയാൻ താത്പര്യം ഇല്ല. ബൈബിൾ വായിക്കില്ല, കാറ്റക്കിസം പഠിക്കില്ല, സഭാപ്രബോധനം വായിക്കില്ല. വിശ്വാസപ്രമാണത്തിന്റെ അർഥം അറിയില്ല. പരിശുദ്ധ കുർബാനയുടെ മൂല്യവും അറിയില്ല.
അവരിൽ ബഹുഭൂരിപക്ഷത്തിനും വേണ്ടത് ഉദ്ദിഷ്ടകാര്യം സാധിച്ചുകിട്ടുക എന്നതാണ്. എന്നിരുന്നാലും അവർ ഇപ്പോഴത്തെ പോപ്പിന്റെ ചാക്രികലേഖനങ്ങളും പ്രസംഗങ്ങളും ശ്രദ്ധയോടെ വായിക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടെന്ന് മാത്രമല്ല അതാണ് എഴുതപ്പെട്ട വചനത്തെക്കാളും വലുതെന്നു വിചാരിക്കുകയും ചെയ്യുന്നു. അച്ചൻ എടുത്തുപറയുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം തിരുവചനങ്ങളെക്കാളും സഭാപഠനങ്ങളെക്കാളും ഒക്കെ കൂടുതൽ പ്രാധാന്യം സഭയുടെ തലപ്പത്തിരിക്കുന്ന വ്യക്തിയുടെ വാക്കുകൾക്ക് കൊടുക്കുന്നതാണ്.
ഫ്രാൻസിസ് പാപ്പയുടെ ചില ചാക്രികലേഖനങ്ങളും പ്രസംഗങ്ങളും ഉദ്ധരണികളും അഭിപ്രായങ്ങളും സഭയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ടെന്ന് മറ്റെല്ലാവരെയും പോലെ തന്നെ കേരളത്തിലെ ക്രിസ്ത്യാനികൾക്കും അറിയാം. ദീപികയോ സൺഡേ ശാലോമോ സത്യദീപമോ മാത്രം വായിക്കുന്ന ശുദ്ധഗതിക്കാർക്ക് ഒരുപക്ഷെ ഇതൊന്നും ഗ്രഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അവർക്ക് സഭയുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കണമെങ്കിൽ ആശ്രയിക്കാവുന്ന വിശ്വസനീയമായ കത്തോലിക്കാ വാർത്താ ചാനലുകളോ കത്തോലിക്കാസൈറ്റുകളോ ഉണ്ട്. അവയിൽ ചിലതിന്റെ അഡ്രസ് ഇതാ.
www.lifesitenews.com
www.ncregister.com
www.onepeterfive.com
EWTN
Lepanto Institute
veritas-vincit-international.org
rotate-caeli.blogspot.com
ദയവുചെയ്ത് അവിടെക്കാണുന്നതെല്ലാം അതേപടി വിശ്വസിക്കരുത്. തിരുവചനത്തിന്റെയും സഭാപഠനങ്ങളുടെയും അടിസ്ഥാനത്തിൽ ശരിയെന്നു ബോധ്യമാകുന്നവ മാത്രം സ്വീകരിക്കുക. അച്ചൻ പറയുന്നതുപോലെ വ്യത്യസ്തമായ ആശയങ്ങൾ വച്ചുപുലർത്തുന്നവരുടെ യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്യുന്നത് ഒരു പരിഹാരമല്ല. അത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്. ആരെങ്കിലും എന്തെങ്കിലും യൂടുബിലോ വാട്സ്ആപ്പിലോ പോസ്റ്റ് ചെയ്‌താൽ അത് കണ്ണുമടച്ചു വിശ്വസിക്കാൻ മാത്രം അത്ര മണ്ടന്മാരാണോ കേരളക്രിസ്ത്യാനികൾ? അതുകൊണ്ട് അവർ കാര്യം അറിയട്ടെ. അതിനുശേഷം തങ്ങളുടെ വികാരിയച്ചന്മാരോടോ ആത്മീയഗുരുക്കന്മാരോടോ ചർച്ചചെയ്തു നിജസ്ഥിതി മനസ്സിലാക്കട്ടെ.അതല്ലേ നല്ലത്?
വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ സംശയമുണ്ടാകുന്നവർ തങ്ങളുടെ രൂപതയിലെ മെത്രാനോട് ചോദിച്ച് സംശയനിവൃത്തി വരുത്തട്ടെ എന്ന അച്ചന്റെ നിർദേശം തികച്ചും സ്വീകാര്യവും അഭിനന്ദനാർഹവുമാണ്. എങ്കിലും പ്രായോഗികതലത്തിൽ അത് എത്രത്തോളം ഫലപ്രദമാകും എന്ന് എനിക്ക് സംശയമുണ്ട്. എന്റെ പരിചയത്തിലുള്ള ഒരു കന്യാസ്ത്രീ തന്റെ രൂപതാധ്യക്ഷനോട് വിശ്വാസസംബന്ധിയായ ചില കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ എഴുതിചോദിച്ചപ്പോൾ കിട്ടിയ മറുപടി അവർക്കുതന്നെ വിശ്വസിക്കാനായില്ല. അവരുടെ സംശയം നീങ്ങിയില്ല എന്ന് മാത്രമല്ല അവർ ചോദിച്ച വിഷയങ്ങളെക്കുറിച്ച് തികച്ചും വചനവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന നീണ്ട മറുപടിയാണ് അവർക്ക് ലഭിച്ചത്. വിഷയം യുഗാന്ത്യം ആയിരുന്നുവെന്നത് ഈ സന്ദർഭത്തിൽ ഓർമ്മിക്കുന്നത് നല്ലതാണ്. കാരണം പോപ്പിന്റെ പ്രവർത്തനങ്ങളിൽ പലരും പ്രകടിപ്പിക്കുന്ന അസ്വസ്ഥത യുഗാന്ത്യകാലഘട്ടവുമായി ബന്ധപ്പെട്ടവയാണ്.
ഡാനിയേലച്ചന്റെ തന്നെ ചില മുൻകാല പ്രസംഗങ്ങളിൽ യുഗാന്ത്യം ആസന്നമാണെന്ന സന്ദേശം ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ സമീപകാലത്തെ ഒരു പ്രസംഗത്തിൽ അതെല്ലാം താൻ അറിവില്ലാത്ത കാലത്ത് പറഞ്ഞതാണെന്ന് അച്ചൻ പറയുകയും ചെയ്തു. അത് തമാശയ്ക്ക് പറഞ്ഞതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതോ യുഗാന്ത്യവും കർത്താവിന്റെ രണ്ടാം വരവും ഉടനെയുണ്ടാകില്ലെന്ന അബദ്ധധാരണ പുലർത്തുന്നവരുടെ നിരയിലേക്ക് അച്ചനും എത്തിപ്പെട്ടോ ?
നാലുവർഷം മുൻപ് എട്ടാമത് ഗർഭിണിയായ ഒരു സ്ത്രീയെ ശകാരിച്ചുകൊണ്ട് നിങ്ങൾ ദൈവത്തെ പരീക്ഷിക്കുകയാണോ എന്ന്ഫ്രാൻസിസ് പാപ്പാ ചോദിച്ചത് നമുക്കറിയാം. കത്തോലിക്കർ മുയലിനെപ്പോലെ പെറ്റുപെരുകരുത് എന്നും responsible parenthood പരിശീലിക്കണം എന്നും അദ്ദേഹം ഉപദേശിച്ചു.
മൂന്നുവർഷം മുൻപ് മാർപ്പാപ്പ എമ്മ ബോണിനോ എന്ന ഇറ്റലിക്കാരിയെ പ്രശംസിച്ചത് അവർ രാഷ്ട്രത്തിലെ വിസ്മരിക്കപ്പെട്ട മഹത്‌വ്യക്തികളിൽ ഒരാൾ ആണ് എന്ന് പറഞ്ഞുകൊണ്ടാണ്. ഇറ്റലിയിലെ ചില മഹാന്മാരുടെ പേരുകൾ അദ്ദേഹം താരതമ്യത്തിനായി സൂചിപ്പിക്കുകയും ചെയ്തു. ആരാണ് ഈ എമ്മ ബോണിനോ? നിയമവിരുദ്ധമായി അബോർഷൻ നടത്തിയതിന് ജയിലിലാവുകയും അതിനുശേഷം ഗർഭച്ഛിദ്രം, സ്വവർഗ്ഗവിവാഹം, ദയാവധം, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്കുവേണ്ടി പരസ്യമായി പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒരാൾ !
പോൾ ആറാമൻ പാപ്പയുടെ Humanae Vitae എന്ന പ്രബോധന രേഖയെക്കുറിച്ച് പരാമർശിക്കുമ്പോഴൊക്കെ അതിന്റെ കേന്ദ്രബിന്ദുവിൽ ഒരിക്കലും സ്പർശിക്കാതെ അതിൽ മാർപ്പാപ്പ കരുണയെക്കുറിച്ച് എഴുതിയ ഭാഗങ്ങൾ മാത്രം എടുത്ത് ഉദ്ധരിക്കുന്നത് ഇപ്പോഴത്തെ മാർപ്പാപ്പ പലപ്പോഴും ചെയ്യുന്ന കാര്യമാണ്.
ഇറ്റലിയിൽ സ്വവർഗ്ഗവിവാഹം നിയമവിധേയമാക്കിയപ്പോൾ അഭിപ്രായം ചോദിച്ചവരോട് പോപ്പ് പറഞ്ഞത് പോപ്പ് എല്ലാവരുടെയും ആളാണ് എന്നും അതുകൊണ്ട് ഏതെങ്കിലും രാജ്യത്തെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ കഴിയില്ല എന്നുമാണ്. പക്ഷെ അമേരിക്കയിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡൊണാൾഡ് ട്രംപ് ക്രിസ്ത്യാനിയേയല്ല എന്ന മണ്ടൻ അഭിപ്രായം പറയാൻ അദ്ദേഹത്തിന് മടിയുമില്ല.
വിവാഹം ചെയ്തവരെ വൈദികർ ആക്കുന്നതിൽ തെറ്റില്ല എന്ന തരത്തിൽ ഒരു അഭിപ്രായവും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകളെ ഡീക്കൻ ആക്കുന്ന കാര്യത്തിലും പോപ്പിന് താല്പര്യമുണ്ട്. പോപ്പിന്റെ ഈ അഭിപ്രായങ്ങൾക്ക് ആധികാരികത നൽകാൻ വേണ്ടിയായിരുന്നു ആമസോൺ സിനഡ് വിളിച്ചുകൂട്ടിയത് എന്ന് ഇപ്പോൾ നമുക്കറിയാം. ഇനി ആ സിനഡിൽ പങ്കെടുത്ത വോട്ടവകാശമുള്ള 185 പേരിൽ എത്രപേരെ പോപ്പ് സ്വന്തം താൽപര്യത്തിൽ പ്രത്യേകമായി ക്ഷണിച്ചുവരുത്തിയതാണ് എന്നറിയാമോ ?
ആമസോൺ സിനഡിൽ പോപ്പിന്റെ സാന്നിധ്യത്തിൽ വത്തിക്കാൻ തോട്ടത്തിൽ ആദരിച്ചെഴുന്നെള്ളിക്കുകയും പരിശുദ്ധമായ ദൈവാലയബലിപീഠത്തിനുമുൻപിലും സിനഡ് ഹാളിലും പ്രതിഷ്ഠിക്കുകയും ചെയ്ത വിജാതീയ വിഗ്രഹം പെറുവിലെ ആദിവാസികൾ കുഞ്ഞുങ്ങളെ ബലി കൊടുത്ത് പ്രസാദിപ്പിച്ചിരുന്ന പച്ചമാമ എന്ന ലോകമാതാവ് ആയിരുന്നു എന്ന് ഇപ്പോൾ ആർക്കും സംശയമില്ല. ആ വിഗ്രഹത്തെ ഒരു കത്തോലിക്കാ ചെറുപ്പക്കാരൻ എടുത്ത് പുഴയിലെറിഞ്ഞു എന്നതിന്റെ അർത്ഥം കേരളത്തിൽ മാത്രമല്ല ഇറ്റലിയിലും വത്തിക്കാനിലും പോപ്പിന്റെ പ്രവൃത്തികളെ എതിർക്കുന്നവർ ഉണ്ടെന്നാണ്. ഇറ്റലിയിൽ നിന്ന് ഈയിടെ മടങ്ങിവന്ന ഒരു കന്യാസ്ത്രീ വളരെ വിഷമത്തോടെ പറഞ്ഞത് അവിടെ ഒരുപാടുപേർ ഫ്രാൻസിസ് പാപ്പയെ അംഗീകരിക്കുന്നില്ല എന്നാണ്. അതായത് ഡാനിയേലച്ചൻ ഏറെ സങ്കടപ്പെടുന്ന ഈ അവസ്ഥ കേരളത്തിലെ പത്തോ പതിനഞ്ചോ ഇരുപതോ പേരുടെ മാത്രം സ്വപ്നലോകത്തെ സൃഷ്ടിയല്ല എന്നാണ്.. സ്വപ്നങ്ങളിൽ നിമഗ്നരായി മഹിമയണിഞ്ഞവരെ നിന്ദിക്കുന്നവരുമല്ല അവർ. പച്ചമാമയെ പുഴയിലെറിഞ്ഞതിനെ ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ അഭിനന്ദിച്ചപ്പോൾ ചുരുക്കം പേർക്ക് ( അതിൽ ഫ്രാൻസിസ് പാപ്പയും പെടും) അത് വലിയ മനഃക്ലേശത്തിനിടയാക്കി. പോപ്പ് അതിന് മാപ്പു പറയുകയും ചെയ്തു !
പോപ്പിനെ വിമർശിക്കുന്നവരെക്കുറിച്ച് പരാമർശിക്കുമ്പോൾ അച്ചൻ ഉപയോഗിക്കുന്ന ഒരു പ്രയോഗം ഭക്തിയുടെ ബാഹ്യരൂപം നിലനിർത്തിക്കൊണ്ട് അതിന്റെ ആന്തരികചൈതന്യത്തെ നിഷേധിക്കുന്നവരാണ് അവർ എന്നാണ്. എന്റെ അറിവ് വച്ച് പറയുകയാണെങ്കിൽ പോപ്പിന്റെ പ്രവൃത്തികളെ വിമർശിക്കുന്നവരിൽ 99 ശതമാനവും ആന്തരികമായി ഭക്തരാണ്. അവരിൽ ഒരുപാടുപേരെ നേരിട്ടറിയുന്നതുകൊണ്ടാണ് ഇങ്ങനെ ഉറപ്പായി പറയുന്നത്. അക്കൂട്ടത്തിൽ രൂപതാവൈദികരും സന്യാസവൈദികരും കന്യാസ്ത്രീകളും അല്മായരും ഒക്കെയുണ്ട്.
എന്നാൽ കർത്താവിനെയും സഭയെയും ആരെങ്കിലും വിമർശിച്ചാൽ മിണ്ടാതെ കേട്ടിരിക്കുകയും പോപ്പിനെതിരെ ആരെങ്കിലും എവിടെയെങ്കിലും ഒരു വാക്ക് പറഞ്ഞാൽ ചന്ദ്രഹാസമിളക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം അനുഷ്ഠാനക്രിസ്ത്യാനികളെ എനിക്കറിയാം. സർവമതസൗഹാർദത്തിന്റെ പേരുപറഞ്ഞു പോകേണ്ടാത്തിടത്തെല്ലാം പോയി യേശു ദൈവപുത്രനല്ല എന്ന് വിശ്വസിക്കുന്നവരുടെ പ്രസംഗങ്ങൾ യാതൊരു ചമ്മലുമില്ലാതെ കേട്ടിരിക്കുന്ന മെത്രാന്മാരും വൈദികരും അല്മായരും നമുക്ക് ചുറ്റുമുണ്ടല്ലോ. അവരുടെ ഭക്തിയുടെ ആന്തരികചൈതന്യത്തെക്കുറിച്ച് അച്ചൻ എന്തുപറയുന്നു? ഈയടുത്ത കാലത്ത് സീറോമലബാർ സഭയിൽ അരങ്ങേറിയ നാടകങ്ങൾ അച്ചനും അറിയാമല്ലോ. ഇരുവശത്തും നിന്നവർ ആരും പോപ്പിനെ വിമർശിക്കുന്നവർ ആയിരുന്നില്ല. അവരുടെ പരസ്യപ്രകടനങ്ങളും പ്രസ്താവനകളും ഭക്തിയുടെ ആന്തരികചൈതന്യത്തിന് ചേർന്നവയായിരുന്നോ?
അമേരിക്കയിലെ വത്തിക്കാൻ സ്ഥാനപതി ആയിരുന്ന ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ പറഞ്ഞത് അമേരിക്കയിലെ ആർച്ച് ബിഷപ്പ് മക് കാറിക്കിനെതിരെയുള്ള ലൈംഗികാരോപണങ്ങളുടെ സത്യാവസ്ഥ വളരെക്കാലം മുൻപുതന്നെ പോപ്പിന് അറിയാമായിരുന്നുവെന്നും എന്നിട്ടും അദ്ദേഹം മാക് കാറിക്കിനെ സംരക്ഷിക്കുകയായിരുന്നു എന്നുമാണ്.
നിരീശ്വരനായ ഇറ്റാലിയൻ പത്രപ്രവർത്തകനാണ് സ്കാൾഫാരി. പോപ്പിന്റെ സുഹൃത്തായ ഇദ്ദേഹം ഇടയ്ക്കിടെ പോപ്പിനെ കാണുകയും അഭിമുഖം എടുക്കുകയും ചെയ്യുന്ന വ്യക്തിയാണ്. 2015 മാർച്ചിൽ ഇദ്ദേഹം എഴുതിയ ലേഖനത്തിൽ നരകം എന്നൊന്നില്ല എന്ന് പോപ്പ് പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ലോകമെങ്ങും നിന്ന് വിമർശനം ഉയർന്നപ്പോൾ വത്തിക്കാൻ ഒരു പത്രക്കുറിപ്പിറക്കി. അതിൽ പോപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടോ ഇല്ലയോ എന്ന് കൃത്യമായി പറയാതെ ഒഴുക്കൻ മട്ടിൽ സ്കൾഫാരിയുടെ ലേഖനം പോപ്പിന്റെ അഭിപ്രായങ്ങളുടെ യഥാർത്ഥ പ്രതിഫലനമല്ല എന്ന് പറയുകയാണുണ്ടായത്. സ്കൾഫാരി ഇതിനുമുൻപും ഇതുപോലെ നിരുത്തരവാദപരമായി പെരുമാറിയിട്ടുണ്ടെന്നും വത്തിക്കാൻ പറയുന്നു. എങ്കിൽ പിന്നെയെന്തിനാണ് നിരീശ്വരവാദിയും സഭാവിരോധിയും ആയ ഇദ്ദേഹത്തിന് വീണ്ടും വീണ്ടും ഇന്റർവ്യൂ കൊടുക്കുന്നത്? ഈയിടെയും അദ്ദേഹം പോപ്പ് പറഞ്ഞതായി ആരോപിച്ചുകൊണ്ട് ഒരു വിവാദവിഷയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
L Osservetore Romano യിൽ വന്ന ഒരു ലേഖനം ശരിയാണെങ്കിൽ അതിൽ പോപ്പ് പറഞ്ഞിരിക്കുന്നത് ഭൗതികമായ പങ്കാളിത്തമില്ലാതെ മനുഷ്യാവകാശങ്ങൾ അപൂർണ്ണമായി തുടരും എന്നും (അക്കാരണത്താൽ) കാൾ മാർക്‌സ് എന്നൊരു വ്യക്തിയില്ലായിരുന്നുവെങ്കിൽ കത്തോലിക്കാ സാമൂഹ്യ സിദ്ധാന്തങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നുമാണ്. അതായത് കത്തോലിക്കാ സാമൂഹ്യസിദ്ധാന്തങ്ങളുടെ അടിസ്ഥാനം മാർക്‌സ് ആണെന്ന്!
ക്രിസ്തീയ സന്മാർഗതത്വങ്ങൾക്കും വിശ്വാസസത്യങ്ങൾക്കും കൊടുക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം പരിസ്ഥിതിസംരക്ഷണത്തിന് പോപ്പ് കൊടുക്കുന്നുണ്ട് എന്ന ആരോപണം ഉന്നയിക്കുന്നവർക്ക് ലൗദാത്തോ സീ യും അമോറിസ് ലെറ്റേഷിയയും ഒക്കെ ആയുധങ്ങളാണ്. " ആർക്കും നിത്യശിക്ഷ എന്നൊന്ന് ഉണ്ടാകില്ല. കാരണം അതല്ല സുവിശേഷത്തിന്റെ സന്ദേശം" എന്ന രീതിയിലുള്ള പ്രസ്താവനകൾ വത്തിക്കാനിൽ നിന്ന് പുറപ്പെടുമ്പോൾ നാം എന്താണ് മനസിലാക്കേണ്ടത്?
പോപ്പിന്റെ പല പ്രസ്താവനകളും ഒരു ഏകലോക ഗവൺമെന്റ് എന്ന ആശയത്തെ പിന്തുണയ്ക്കുന്നവയാണ്. കാലാവസ്ഥാവ്യതിയാനം നേരിടാൻ ഒരു ഏകലോക ഭരണസംവിധാനം വേണം എന്ന് അഭിപ്രായപ്പെട്ട പോപ്പ് തന്നെയാണ് ഇക്വഡോറിലെ എൽ യൂണിവേഴ്‌സോ പത്രത്തിന് കൊടുത്ത അഭിമുഖത്തിൽ ഐക്യരാഷ്ട്രസഭയ്ക്ക് നിലവിൽ ആവശ്യമായത്ര അധികാരങ്ങൾ ഇല്ല എന്നും മനുഷ്യവംശത്തിന്റെ നന്മയ്ക്കായി U N ന് സമ്പൂർണ്ണ ഗവൺമെന്റിന്റെ അധികാരം കൊടുക്കണം എന്നും പറഞ്ഞത്. കർത്താവിന്റെ രണ്ടാം വരവിനു തൊട്ടുമുൻപായി സർവലോകത്തെയും ഭരിക്കുന്ന ഒരു ഭരണാധികാരി ഉണ്ടാകും എന്ന വെളിപാട് പുസ്തകത്തിലെ പ്രവചനങ്ങൾ നിവർത്തിക്കാൻ കത്തോലിക്കാ സഭ തന്നെ മുൻകൈ എടുക്കുന്നു !
ഐക്യരാഷ്ട്ര സഭയുടെ SUSTAINABLE DEVELOPMENT GOALS 2030 ന്റെ ശക്തരായ പ്രചാരകരും പിന്തുണക്കാരും ആണ് കത്തോലിക്കാ സഭ. SDG 2030 എന്നത് ഗർഭച്ഛിദ്രത്തെ ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുന്ന ഒരു പദ്ധതിയാണ് എന്ന് കുഞ്ഞുങ്ങൾക്കുപോലും അറിയാം.
ഈയിടെ ആഫ്രിക്കയിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ പോപ്പ് പത്രക്കാരോട് പറഞ്ഞത് നമ്മൾ ഐക്യരാഷ്ട്രസഭയെ അനുസരിക്കണം എന്നാണ്. ആമസോൺ സിനഡിന്റെ പിറ്റേന്ന് വത്തിക്കാനിൽ പോപ്പിന്റെ കീഴിലുള്ള പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിന്റെ ആഭിമുഖ്യത്തിൽ ഒരു സമ്മേളനം നടന്നു. അതിന്റെ ഉദ്ദേശം യു എന്നിന്റെ SDG ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് സഹകരണം വാഗ്ദാനം ചെയ്യുകയായിരുന്നു. അതിൽ പങ്കെടുത്തവരിൽ സഭയെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ജോർജ് സൊറോസ് എന്ന ശതകോടീശ്വരനും അബോർഷന്റെ ആഗോളപ്രചാരകനായ ജെഫ്‌റി സാക്‌സും ഉൾപ്പെടുന്നു. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്ന ക്രൈസ്തവവിരുദ്ധപ്രസ്ഥാനം ആയിരുന്നു ഈ പരിപാടിയുടെ പ്രായോജകരിലൊരാൾ. ഇതിലൂടെ വത്തിക്കാൻ ലോകത്തിനു നൽകുന്ന സന്ദേശം എന്താണ് ?
ഒരു പെസഹാക്കാലത്ത് സ്ത്രീകളുടെയും അന്യമതസ്ഥരുടെയും കാലുകൾ കഴുകിയത് പോരാഞ്ഞ് മറ്റൊരിക്കൽ പോപ്പ് പന്ത്രണ്ടിന് പകരം പതിമൂന്നു പേരുടെ കാലു കഴുകി. ആശയക്കുഴപ്പം അല്ലാതെ മറ്റെന്തു ഗുണമാണ് ഈ നടപടി കൊണ്ടുണ്ടായത്?.
പോപ്പ് വായിക്കുന്ന ഒരേയൊരു പത്രം ലാ റിപ്പബ്ലിക്കാ ആണെന്നാണ് അറിയുന്നത്. അത് കമ്യൂണിസ്റ്, നിരീശ്വര ആശയങ്ങൾ പ്രചരിപ്പിക്കുന്ന പത്രമാണ് എന്നത് ശ്രദ്ധിക്കണം. ആ പത്രത്തിന് കൊടുത്ത ഒരു അഭിമുഖത്തിൽ പോപ്പ് പറഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ തിന്മകൾ യുവാക്കളുടെ തൊഴിലില്ലായ്മയും വൃദ്ധന്മാരുടെ ഏകാന്തതയും ആണെന്നാണ്. ലോകം മുഴുവനിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന ധാർമ്മികാധഃപതനത്തേക്കാൾ വലിയ തിന്മയാണോ ഇത് ?
ടോണി പാമർ എന്ന ആംഗ്ലിക്കൻ സഭാനേതാവ് താൻ കത്തോലിക്കാ സഭയിൽ ചേരുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ കർദിനാൾ ജോർജ് മരിയോ ബെർഗോഗ്ലിയോ പറഞ്ഞത് അതിന്റെ ആവശ്യമില്ല എന്നും ഇരുകൂട്ടർക്കുമിടയിൽ പാലം പണിയാനായി തൽസ്ഥിതി തുടരുകയുമാണ് നല്ലത് എന്നുമായിരുന്നു.
മറ്റൊരവസരത്തിൽ പോപ്പ് പറഞ്ഞത് കത്തോലിക്കാ സഭയിലേക്കുള്ള മതപരിവർത്തനം ' ശുദ്ധ മണ്ടത്തരം (solemn nonsense) ആണെന്നായിരുന്നു. മതപരിവർത്തനം എന്ന വാക്കേ അദ്ദേഹത്തിന് ഇഷ്ടമല്ല. സുവിശേഷവൽക്കരണപ്രവർത്തനങ്ങളുടെ ഗതി എന്തായിരിക്കുംഎന്ന് ഊഹിക്കുക. സൗത്ത് ആഫ്രിക്കയിൽ വച്ച് പോപ്പിനെ കണ്ടപ്പോൾ ഒരു സ്ത്രീ രണ്ടു ചെറുപ്പക്കാരെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞത്, അവർ കത്തോലിക്കാവിശ്വാസത്തിലേക്ക് പുതുതായി കടന്നു വന്നവരാണെന്നായിരുന്നു. .പിന്നീടൊരിക്കൽ അക്കാര്യത്തെക്കുറിച്ച പരാമർശിച്ചപ്പോൾ പോപ്പ് പറഞ്ഞത് ആ സ്ത്രീ പറഞ്ഞത് കേട്ടപ്പോൾ തനിക്ക് ഒരുതരം കയ്പ് ( bitterness ) ആണ് അനുഭവപ്പെട്ടതെന്നാണ്!
2013 മേയിൽ നിരീശ്വരവാദികളും സ്വർഗത്തിൽ പോകുംഎന്ന് പറഞ്ഞ പോപ്പ് ജൂലൈയിൽ .പറഞ്ഞത് ' ഒരുവൻ സ്വവർഗാനുരാഗിയായിരിക്കുകയും അതേസമയം ദൈവത്തെ തേടുകയും ചെയ്യുന്നുവെങ്കിൽ അയാളെ വിധിക്കാൻ ഞാൻ ആര്?" എന്നായിരുന്നു. ഒരിക്കൽ പോപ്പ് സ്ത്രീയായി ജനിച്ച് ലിംഗമാറ്റശസ്ത്രക്രിയ നടത്തി പുരുഷനായി മാറിയ ഒരു വ്യക്തിയെയും അയാളുടെ/ അവളുടെ പങ്കാളിയെയും വത്തിക്കാനിൽ സ്വീകരിക്കുകയുണ്ടായി.
കുറേക്കാലമായി വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്ന( അതായത് വ്യഭിചാരത്തിൽ ജീവിക്കുന്ന) ഒരു പുരുഷന്റെയും സ്ത്രീയുടെയും വിവാഹം (?) വിമാനത്തിൽ വച്ച് നടത്തിക്കൊടുത്തതും ഇതേ പോപ്പ് തന്നെയാണ്. വിമാനമിറങ്ങി തൊട്ടടുത്ത പള്ളിയിൽ പോയി വിവാഹിതരാകാൻ മാത്രമുള്ള സമയം അവർക്കില്ലെങ്കിൽ പിന്നെന്തു ചെയ്യും? വിവാഹം അസാധുവാക്കാനുള്ള നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിൽ ആക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച പോപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നവരും ഉണ്ടല്ലോ.
പോപ്പിന്റെ ഇഷ്ടവിഷയം പരിസ്ഥിതിയും കാലാവസ്ഥാവ്യതിയാനവും ഒക്കെയാണ്. ശാസ്ത്രവിഷയങ്ങളിൽ ആധികാരികമായി തീർപ്പുകല്പിക്കാനുള്ള ഉത്തരവാദിത്വം ദൈവം സഭയ്ക്ക് തന്നിട്ടില്ല എന്ന അഭിപ്രായം തുറന്നുപറഞ്ഞ കർദിനാൾ ജോർജ് പെല്ലിനെതിരെ പഴയൊരു വ്യാജപീഡനക്കേസ് പൊക്കിക്കൊണ്ടുവന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ് നടപടികൾ തുടങ്ങിയപ്പോൾ അവിടെപ്പോയി നടപടികൾ നേരിടാൻ അദ്ദേഹത്തെ അയക്കുകയാണ് സഭ ചെയ്തത്. ഇതേ മാനദണ്ഡം എല്ലായിടത്തും ഉപയോഗിക്കാൻ എന്താണ് മടി എന്ന് മാത്രം മനസ്സിലാകുന്നില്ല. ഗുസ്താവോ സാഞ്ചെറ്റ എന്ന അർജന്റീനക്കാരൻ ബിഷപ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരുപാട് ലൈംഗികാരോപണങ്ങൾക്ക് വിധേയനായ ഇദ്ദേഹത്തെ സംരക്ഷിക്കുക മാത്രമല്ല വത്തിക്കാനിൽ ഉയർന്ന പദവികൊടുത്ത് ആദരിക്കുകയും ചെയ്തു. വത്തിക്കാനിലെ സാമ്പത്തിക അഴിമതികളിൽ തുറന്ന സമീപനം സ്വീകരിച്ചു എന്നതാണ് ജോർജ് പെല്ലിനെ വത്തിക്കാന്റെ അകത്തളങ്ങളിൽ അനഭിമതനാക്കിയത് എന്നും കേൾക്കുന്നു.
പോപ്പ് ഈയിടെ 13 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയിരുന്നു. അതിൽ ഒരാളാണ് ബൊളോണയിലെ മാറ്റിയോ സുപ്പി (Matteo Zuppi). അദ്ദേഹം LGBT കത്തോലിക്കരുടെ ( അതായത് സ്വവർഗാനുരാഗികളുടെ) അവകാശങ്ങളെ പിന്തുണയ്ക്കുന്നയാളാണ്. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായം സഭ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ന്യൂ ഏജ് ആശയങ്ങളോട് ചേര്ന്നുനില്ക്കുന്നവയാണ്.
ആമസോൺ സിനഡിൽ ഫ്രാൻസിസ് പാപ്പ പ്രത്യേക താല്പര്യമെടുത്തു ക്ഷണിച്ചുവരുത്തിയവരിൽ ഒരാളാണ് വിയന്നയിലെ കർദിനാൾ ക്രിസ്റ്റോഫ് ഷോൺബോൺ. ഈ പേര് നമ്മിൽ പലർക്കും സുപരിചിതമായിരിക്കും. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം യുവജനങ്ങൾക്കുവേണ്ടി YOUCAT എന്ന പേരിൽ പ്രസിദ്ധീകരിച്ചതിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയാണ് ഇദ്ദേഹം. പരമ്പരാഗത ക്രിസ്തീയവിശ്വാസങ്ങളോട് വലിയ അടുപ്പം കാണിക്കാത്ത ഷോൺബോൺ LGBT ക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്ന അഭിപ്രായക്കാരനുമാണ്. എങ്കിലും അദ്ദേഹം വിയന്ന കത്തീഡ്രലിൽ LGBT ക്കാർക്ക് ഫണ്ട് സമാഹരിക്കാനായി സംഗീതപരിപാടി നടത്താൻ മുൻകൈയെടുത്തു എന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പോപ്പ് നിശബ്ദത പാലിക്കുന്നത്?
അല്പം ചരിത്രം പറയാം. വിയന്നയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിനെതിരെ ഇതിനു മുൻപ് വലിയൊരു ആക്രമണമുണ്ടായത് 1683ൽ ആയിരുന്നു.ഓട്ടോമൻ സാമ്രാജ്യത്തിന്റെ മുസ്‌ലിം അധിനിവേശസൈന്യം 1683
ജൂലൈ 14 മുതൽ രണ്ടുമാസത്തോളം വിയന്ന ഉപരോധിച്ചു. മുസ്ലിം അധിനിവേശസൈന്യത്തിന്റെ കമാണ്ടർ മുസ്തഫ പാഷ വീമ്പിളിക്കിയത് രണ്ടാഴ്ചയ്ക്കുള്ളിൽ താൻ വിയന്ന കത്തീഡ്രൽ പള്ളിയിൽ ഇരുന്നു പ്രാതൽ കഴിക്കും എന്നായിരുന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഓസ്ട്രിയൻ സൈന്യം മുസ്തഫയ്ക്ക് സന്ദേശമയച്ചു. ' താങ്കളുടെ ബ്രേക്‌ഫാസ്റ് തണുത്തുപോകുന്നല്ലോ' എന്ന്.. 1683 സെപ്റ്റംബർ 12 ന്റെ നിർണ്ണായകമായ യുദ്ധത്തിൽ പോളണ്ടിലെ രാജാവായ ജോൺ സോബിസ്കിയുടെ നേതൃത്വത്തിലുള്ള ചെറുസൈന്യം എണ്ണത്തിലും ശക്തിയിലും തങ്ങളേക്കാൾ കരുത്തരായിരുന്ന ഓട്ടോമൻ ആക്രമണകാരികളെ തുരത്തിയോടിച്ചു. ആ യുദ്ധത്തിൽ തുർക്കികൾ വിജയിച്ചിരുന്നുവെങ്കിൽ യൂറോപ്പിൽ ക്രൈസ്തവം എന്ന് പറയാൻ ഒന്നും തന്നെ ഇന്ന് അവശേഷിക്കുമായിരുന്നില്ല. ആക്രമണകാരിയായ മുസ്‌ലിം സൈന്യാധിപനു പോലും കത്തീഡ്രലിൽ വച്ച് പ്രാതൽ കഴിക്കണമെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. വിയന്നയിലെ കർദിനാൾ അതിനേക്കാളും വലിയ നേട്ടം കൈവരിച്ചുകഴിഞ്ഞല്ലോ.
ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തിൽ ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും കീഴടക്കലിനെക്കുറിച്ചും ഒക്കെ ആരെങ്കിലും പറഞ്ഞാൽ ക്രിസ്തീയകീഴടക്കലിനെക്കുറിച്ചും പറയാൻ താൻ നിർബ ന്ധിതനായിത്തീരും എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
ഫ്രാൻസിൽ ജാക്വസ് ഹാമേൽ എന്ന കത്തോലിക്കാ പുരോഹിതനെ തീവ്രവാദികൾ അരുംകൊല നടത്തിയപ്പോൾ പോപ്പിനോട് പ്രതികരണം ആവശ്യപ്പെട്ടവരോട് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്.
" ഇസ്ലാമിക അക്രമങ്ങളെക്കുറിച്ച സംസാരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ ഞാൻ ഇവിടെ ഇറ്റലിയിൽ എല്ലാ ദിവസവും അക്രമം കാണുന്നുണ്ട്. അവരൊക്കെ മാമോദീസ മുങ്ങിയ
കത്തോലിക്കരാണ്. അക്രമികളായ കത്തോലിക്കരുണ്ട്. ഇസ്ലാമിക അക്രമങ്ങളെക്കുറിച്ച് പറഞ്ഞാൽ എനിക്ക് കത്തോലിക്കാ ആക്രമത്തെക്കുറിച്ചും പറയേണ്ടിവരും". എങ്ങനെയുണ്ട്?
ബ്രസീലിൽ അബോർഷൻ നിയമവിധേയമാക്കിയപ്പോൾ അഭിപ്രായം ചോദിച്ച പത്രക്കാരോട് ഇമ്മാതിരി കാര്യങ്ങളിൽ സഭയുടെ പ്രബോധനം ഇപ്പോൾത്തന്നെ ഉള്ളതിനാൽ കൂടുതൽ ഒന്നും പറയാനില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം! ഇതേ സമയത്ത് വളരെ നല്ല രീതിയിൽ കത്തോലിക്കാ വിശ്വാസം നിലനിന്നിരുന്ന അയർലണ്ടിൽ അബോർഷൻ നിയമവിധേയമാക്കിക്കഴിഞ്ഞിരുന്നു. അബോർഷനും സ്വവർഗവിവാഹവും നിയമം മൂലം അംഗീകരിക്കാനുള്ള ശ്രമങ്ങൾ ആ രാജ്യത്ത് നടക്കുമ്പോൾ അത് വലിയൊരു തിന്മയാണെന്നും കത്തോലിക്കർ അതിന് അനുകൂലമായി വോട്ട് ചെയ്യരുത് എന്നും ഉള്ള ശക്തമായ സന്ദേശം വത്തിക്കാനിൽ നിന്ന് ഉണ്ടായോ? എന്റെ അറിവിൽ ഇല്ല. അയർലണ്ടിലെങ്കിലും ഈ തിന്മകൾ നിയമവിധേയമാക്കാതിരിക്കാൻ വത്തിക്കാന്റെ തക്ക സമയത്തുള്ള ഇടപെടലിന് കഴിയുമായിരുന്നു എന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടോ /?
ദൈവശാസ്ത്രപരമായും നരവംശ ശാസ്ത്രപരമായും സ്ത്രീകൾ സഭയുടെ കേന്ദ്രസ്ഥാനത്തുണ്ടാകുക എന്നത് പ്രധാനകാര്യമാണെന്ന് പറഞ്ഞ പോപ്പിന്റെ അഭിപ്രായങ്ങൾ തന്നെയല്ലേ ആമസോൺ സിനഡിൽ പ്രതിഫലിച്ചത്? സ്വിറ്റസർലണ്ടിലെ Chur എന്ന സ്ഥലത്തെ സഹായമെത്രാനായ Marian Eleganti ഇക്കാര്യങ്ങളിലൊക്കെ പോപ്പിനെ വിമർശിക്കുന്ന ആളാണ്. അദ്ദേഹം പറഞ്ഞത് ബിഷപ്പുമാർ ഇക്കാര്യങ്ങളിൽ മൗനം പാലിക്കുന്നത് രാഷ്ട്രീയവും നയതന്ത്രപരവുമായ കാരണങ്ങളാൽ ആണെന്നാണ്. ഇന്ത്യയിലാണെങ്കിലും പല ബിഷപ്പുമാരും പോപ്പിന്റെ പ്രവൃത്തികളെ വിമർശിക്കാത്തത് അവർ ആയിരിക്കുന്ന സാഹചര്യങ്ങളിൽ അവർക്ക് അങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ്.
ഫ്രാൻസിസ് പാപ്പായുടെ Evangelii Gaudium 252 / 253 ഖണ്ഡികകളിലായി പറയുന്നു." ആധികാരിക ഇസ്‌ലാമും ഖുറാന്റെ ശരിയായ വ്യാഖ്യാനവും എല്ലാത്തരം അക്രമങ്ങൾക്കും എതിരാണ്". ഇങ്ങനെ ഒരു ചരിത്രപരമായ വിഡ്ഢിത്തം എന്തുകൊണ്ടാണ് വത്തിക്കാനിൽ നിന്ന് പോപ്പ് പുറത്തിറക്കിയ ഒരു പ്രബോധനരേഖയിൽ കടന്നുകൂടിയത് എന്ന് ചിന്തിക്കുക. ഇസ്ലാം മതത്തിൽ നിന്ന് കത്തോലിക്കാവിശ്വാസത്തിലേക്ക് വന്ന മൂവായിരത്തിൽ പരം പേർ പോപ്പിനോട് എഴുതിച്ചോദിച്ചത് താങ്കൾ പറഞ്ഞതാണ് സത്യമെങ്കിൽ പിന്നെ ഞങ്ങൾ എന്തിന് കത്തോലിക്കരാകണമായിരുന്നു എന്നാണ്. ബുദ്ധിമുട്ടിക്കുന്ന ചോദ്യമായതുകൊണ്ട് പോപ്പ് ഉത്തരം നൽകിയതുമില്ല.
ഏതായാലും ഈ സംഭവം പോപ്പിന്റെ പ്രബോധനങ്ങൾക്ക് ഉണ്ടെന്നവകാശപ്പെടുന്ന അപ്രമാദിത്വസ്വഭാവത്തിന്റെ സത്യാവസ്ഥ മനസിലാക്കാൻ ഉപകരിക്കും. അല്ലെങ്കിൽ തന്നെ അപ്രമാദിത്വത്തെക്കുറിച്ച് ഡാനിയേലച്ചനുള്ള അഭിപ്രായമല്ല പോപ്പിനുള്ളത്. Hans Kung എന്നൊരു സുഹൃത്ത് അപ്രമാദിത്വത്തെക്കുറിച്ച് ഒരു പുനർവിചിന്തനം ആവശ്യമാണ് എന്ന നിർദേശവുമായി പോപ്പിന് കത്തയച്ചപ്പോൾ അദ്ദേഹം മറുപടി അയച്ചത് ഇപ്രകാരമാണ്. 'പ്രിയ സഹയാത്രികാ ( Dear Companion), താങ്കളുടെ അഭിപ്രായങ്ങൾ പരിഗണനയ്‌ക്കെടുക്കുന്നതാണ്. അപ്രമാദിത്വത്തെക്കുറിച്ച് ഒരു സംവാദത്തിലേർപ്പെടാൻ ഞാൻ തയ്യാറുമാണ്'. അപ്രമാദിത്വത്തിന്റെ കാര്യത്തിൽ പോപ്പിനേക്കാൾ കൂടുതൽ എന്തിനാണ് മറ്റുളളവർ വിഷമിക്കുന്നത്?
പോപ്പ് വത്തിക്കാനിലേക്ക് കൂടെകൊണ്ടുവന്ന പന്ത്രണ്ട് അഭയാർഥികളിൽ എത്ര പേർ പീഡനങ്ങൾക്കിരയായ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു എന്ന് പഴയ പത്രത്താളുകൾ ഒന്ന് മറിച്ചുനോക്കുന്നത് നല്ലതാണ്. ക്രിസ്തുവിശ്വാസം മുറുകെപ്പിടിച്ചു എന്നല്ലാതെ മറ്റൊരു കുറ്റവും ചെയ്യാത്ത പാകിസ്താനിലെ ആസിയ ബീബി കൊലക്കയറിൽ നിന്ന് രക്ഷപ്പെട്ടപ്പോഴും അവർക്ക് രാഷ്ട്രീയാഭയം തരപ്പെടുത്തുന്ന കാര്യത്തിൽ വത്തിക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക. അതേസമയം വത്തിക്കാൻ അടക്കം യൂറോപ്പിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അനധികൃത കുടിയേറ്റക്കാർ ( അതിൽ മോശമല്ലാത്ത ഒരു പങ്ക് ക്രിമിനലുകളും തീവ്രവാദികളും ഉണ്ട്) യഥേഷ്ടം വന്നിറങ്ങുകയും ചെയ്യുന്നു. കുടിയേറ്റക്കാർക്ക് വത്തിക്കാന്റെ ചിലവിൽ സൗജന്യ ഉച്ചഭക്ഷണം പലപ്പോഴും കൊടുക്കാറുണ്ട്. അതിൽ പന്നിയിറച്ചി ഉൾപ്പെടുത്തില്ല എന്നത് പന്നിയിറച്ചി മുഖ്യ ആഹാരങ്ങളിൽ ഒന്നായ ഇറ്റലിയിലെ ജനങ്ങൾ എങ്ങനെയാണ് സ്വീകരിച്ചിട്ടുണ്ടാകുക?
അഭയാർത്ഥികളെ രണ്ടുകൈയും നീട്ടി സ്വീകരിക്കണം എന്ന് പറയുന്ന പോപ്പ് ക്രിസ്ത്യാനികളായ അഭയാർത്ഥികളോട് സ്വീകരിക്കുന്ന നിലപാട് എന്താണ് ? ഒരു അനുഭവം പറയാം. കൃത്യമായ രേഖകളോടെ പോർട്ടുഗലിൽ പ്രവേശിച്ച മലയാളി കത്തോലിക്കാ യുവാവിന് ചില രേഖകൾ ശരിയാക്കാനായി ആ രാജ്യത്തിൻറെ തലസ്ഥാനമായ ലിസ്ബണിൽ രണ്ടുമൂന്നു ദിവസം താമസിക്കേണ്ടിവന്നപ്പോൾ കൈയിലുള്ള പണം പരിമിതമായതിനാൽ തൊട്ടടുത്തുള്ള കത്തോലിക്കാ പള്ളിയിലോ അതിനോടനുബന്ധിച്ച സ്ഥാപനങ്ങളിലോ താമസസൗകര്യം യാചിച്ചപ്പോൾ അവരെല്ലാവരും മുഖം തിരിക്കുകയാണുണ്ടായത്. കത്തോലിക്കാ സഭയുടെ സാമൂഹ്യസേവനവിഭാഗത്തിന്റെ- കാരിത്താസായിരിക്കണം - കീഴിൽ അഭയാർത്ഥികൾക്കായി നടത്തപ്പെടുന്ന ക്യാമ്പിലും ആ ചെറുപ്പക്കാരന് പ്രവേശനം നിഷേധിക്കപ്പെട്ടു. അവസാനം അല്പം ദൂരെയുള്ള മറ്റൊരു അഭയാർത്ഥി ക്യാമ്പിൽ എത്തിപ്പറ്റിയ അവനെ അവിടുത്തെ അന്തേവാസികൾ ഓടിച്ചുവിട്ടു. കാരണം അവൻ ക്രിസ്ത്യാനിയും അതുകൊണ്ടുതന്നെ പന്നിമാംസം തിന്നുന്നവനുമാണല്ലോ.
കത്തോലിക്കരുടെ പണം എടുത്ത് കത്തോലിക്കർക്ക് ഒരുവിധത്തിലും ഉപകാരം ചെയ്യാൻ അനുവദിക്കാത്ത ഉപവിപ്രവൃത്തികൾ ചെയ്യുന്ന പോർട്ടുഗലിലെ സഭ ഇപ്പോഴത്തെ മാർപ്പാപ്പയുടെ കുടിയേറ്റ നയത്തിന്റെ സാക്ഷ്യപത്രമാണ്. യൂറോപ്പിലെ ക്രിസ്ത്യൻ രാജ്യങ്ങളിൽ പോപ്പിന്റെ പിന്തുണയോടെ വന്നിറങ്ങി കുടിപാർക്കുന്ന അക്രൈസ്തവ കുടിയേറ്റക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ ക്രൈസ്തവമായിരുന്ന യൂറോപ്പ് അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ മുസ്‌ലിം ഭൂരിപക്ഷമുള്ള ഇടമായി മാറും എന്ന ഭയാശങ്കകൾ അസ്ഥാനത്തല്ല..
2017 ലെ ക്രിസ്തുമസ് വേളയിലെ വത്തിക്കാനിലെ പുൽക്കൂട് വളരെ വ്യക്തമായി തിന്മയുടെ സ്വാധീനം ചിത്രീകരിച്ചിട്ടുള്ളതായിരുന്നു എന്ന് നമുക്കറിയാം. പോപ്പ് അത് സന്ദർശിച്ചതുമാണ്. അത് എത്ര മാത്രം വികൃതമായിരുന്നു എന്ന് മനസ്സിലാക്കണമെങ്കിൽ എന്ത് ചവറും ഇടാൻ അനുവദിക്കുന്ന ഫേസ്ബുക് ഇതിന്റെ പടം ഫേസ് ബുക്കിൽ ഇടാൻ അനുവദിച്ചില്ല എന്ന് മാത്രം മനസിലാക്കിയാൽ മതി. അവർ പറഞ്ഞ കാരണം അതിലുള്ള നഗ്നരൂപം ഫേസ്ബുക്കിൽ ഇടാൻ പറ്റാത്തത്ര മോശമാണ് എന്നായിരുന്നു!
ഒരു നോമ്പുകാലത്ത് വത്തിക്കാനിൽ ധ്യാനം നടത്തിയത് ടോളന്റീനോ മെൻഡോൺക എന്ന പോർട്ടുഗീസ് ബിഷപ്പ് ആയിരുന്നു. അദ്ദേഹം തെരേസ ഫോർകാഡെസ് എന്ന സ്പാനിഷ് കന്യാസ്ത്രീയുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഈ കന്യാസ്ത്രീയുടെ പ്രവർത്തനമേഖലകൾ സ്വവർഗവിവാഹവും അബോർഷൻ നിയമവിധേയമാക്കാനുള്ള പദ്ധതികളാണ്!
2013 ജൂണിൽ ബൊളീവിയയിൽ പോപ്പ് ഫ്രാൻസിസ് പറഞ്ഞത് ക്രിസ്തു അപ്പം വർദ്ധിപ്പിച്ചത് പങ്കുവയ്ക്കലിലൂടെയായിരുന്നു എന്നാണ്. മാജിക്കോ മന്ത്രവിദ്യയോ ഒന്നുമായിരുന്നില്ല അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിസ്തീയവിശ്വാസത്തിനെതിരെ പറയുകയും എഴുതുകയും ചെയ്യുന്നവരെ വത്തിക്കാനിലെ ഉയർന്ന സ്ഥാനങ്ങളിൽ നിയമിക്കുന്നത് കഴിഞ്ഞ ആറു വർഷക്കാലം കൊണ്ട് വാർത്തയല്ലാതായിക്കഴിഞ്ഞിട്ടുണ്ട്. ജെയിംസ് മാർട്ടിൻ എന്ന ഈശോസഭാ വൈദികനെപ്പോരാൾ വത്തിക്കാനിലെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ കൺസൽടന്റ് ആയി 2017 ൽ നിയമിതനായി എന്നറിയുമ്പോൾ സ്വവർഗ ബന്ധങ്ങളുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടുകൾ എന്താണ് എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? വിശ്വാസവിരുദ്ധമായ പ്രവർത്തനങ്ങളുടെ പേരിൽ ഇദ്ദേഹത്തെ ഫിലാഡൽഫിയയിലെ മുൻ ആർച്ച് ബിഷപ്പ് ചാപ്പുട് ശാസിച്ചതാണ്. ഈയിടെ സഭ വിശുദ്ധ പദവിയിലേക്കുയർത്തിയ ജോൺ ഹെൻറി ന്യൂമാൻ ഒരു സ്വവർഗാനുരാഗിയായിരുന്നു എന്ന മട്ടിൽ അഭിപ്രായം പറഞ്ഞയാളുമാണ് ജെയിംസ് മാർട്ടിൻ. ചാപ്പുട്ടിന്റെ പിൻഗാമിയായി ജെയിംസ് മാർട്ടിനെ ഫിലാഡൽഫിയ ആർച്ച് ബിഷപ്പായി നിയമിക്കാൻ വത്തിക്കാൻ ശ്രമം തുടങ്ങിയിരിക്കുന്നു എന്നാണ് വത്തിക്കാന്റെ അകത്തളങ്ങളിൽ നിന്ന് കിട്ടുന്ന വിവരം.. അതിനെതിരെ ആയിരക്കണക്കിന് കത്തോലിക്കർ ഒപ്പിട്ട പ്രതിഷേധക്കത്തുകൾ ഈ നാളുകളിൽ വത്തിക്കാനിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
മറുവശത്ത് അമേരിക്കയിലെ മെത്രാൻ സമിതി (USCCB) ഇഗ്നേഷ്യൻ സോളിഡാരിറ്റി നെറ്റ് വർക്കിന് ഭീമമായ തുക സംഭാവന ചെയ്തു എന്നും ഓർക്കണം. ഈ പ്രസ്ഥാനം സ്വവർഗാനുരാഗികളെ പിന്തുണയ്ക്കുന്ന ആശയഗതികൾ വച്ചുപുലർത്തുന്നവരാണ്.
കുടിയേറ്റക്കാരുടെയും ആമസോണിലെ ആദിവാസികളുടെയും ആവശ്യങ്ങൾക്കുവേണ്ടിയും ഐക്യരാഷ്ട്രസംഘടനയുടെ മ്ലേച്ഛമായ ക്രൈസ്തവവിരുദ്ധ ആശയങ്ങളുടെപ്രചാരണത്തിനുവേണ്ടിയും സമയവും പണവും ചെലവഴിക്കാൻ മടിയില്ലാത്ത കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ഒരാഴ്ച മുൻപ് ഹംഗറിയിലെ ഗവണ്മെന്റ് നടത്തിയ ഒരു ആഗോളസമ്മേളനത്തെ തമസ്കരിച്ചത്? ആ സമ്മേളനം പീഡനമേൽക്കുന്ന ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ആര്യനിസത്തെ എതിർത്തുതോല്പിച്ച വിശുദ്ധ അത്തനേഷ്യസിനെക്കുറിച്ച് വാചാലനാകുന്ന അച്ചൻ ഇപ്പോൾ ജീവിച്ചിരിക്കുന്ന മറ്റൊരു അത്തനേഷ്യസിനെക്കുറിച്ചും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കസാക്കിസ്ഥാനിലെ അത്തനേഷ്യസ് ഷ്‌നൈഡർ എന്ന മെത്രാൻ സഭയ്ക്കുള്ളിൽ നിന്ന് മുളയെടുക്കുന്ന എല്ലാ പാഷാണ്ഡതകൾക്കെതിരെയും ശബ്ദമുയർത്തുന്നുണ്ട്. വിശ്വാസവിരുദ്ധമായ കാര്യങ്ങൾ പറയുന്നത് എത്ര ഉന്നതസ്ഥാനീയനാണെങ്കിലും വിമർശിക്കാൻ അദ്ദേഹം മടി കാണിക്കാറില്ല. കേരളത്തിലും ഇന്ത്യയിലും അതുപോലെ വിശ്വാസതീക്ഷ്ണതയുള്ള അത്തനേഷ്യസുമാർ ഉയർന്നുവരട്ടെ എന്ന് പ്രാർത്ഥിക്കാം.
"ജഡികപാപങ്ങൾ എന്നത് ഏറ്റവും നിസാരമായ പാപങ്ങളാണ്. കാരണം ശരീരം ബലഹീനമാണെന്നതുതന്നെ". ഫ്രാൻസിസ് പാപ്പയുടേത് തന്നെയാണീ വരികളും.
ജർമ്മൻ മെത്രാൻ സമിതിയുടെ തലവനായ കർദിനാൾ റൈൻഹാർഡ് മാർക്‌സ് ഈയിടെ പറഞ്ഞത് ലൈംഗിക സാന്മാർഗികതയെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ പോപ്പിന് തുറന്ന സമീപനമാണ് ഉള്ളതെന്നാണ്. ബൈബിളിൽ പറഞ്ഞിട്ടുള്ളതിനേക്കാൾ അധികമായി എന്ത് തുറന്ന സമീപനം ഇക്കാര്യത്തിൽ എടുത്താലും അത് തിന്മയ്ക്ക് ലൈസൻസ് നല്കുന്നതിന് തുല്യമായിരിക്കും എന്ന് മനസിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ടല്ലോ.
ഹാംബർഗിലെ ആർച്ച് ബിഷപ്പായ സ്റ്റെഫാൻ ഹെസ്സെ പറഞ്ഞത് അകത്തോലിക്കർക്ക് പരിശുദ്ധകുർബാന കൊടുക്കുന്ന കാര്യത്തിൽ പോപ്പിന് അനുകൂല നിലപാടാണ് ഉള്ളതെന്നാണ്. ഇക്കാര്യത്തിൽ വത്തിക്കാനിൽ നിന്ന് നിഷേധക്കുറിപ്പ് ഒന്നും ഇറങ്ങിയതായി അറിയില്ല. നമുക്ക് അറിയാവുന്നത് ഒരു കാര്യം മാത്രം. ജർമ്മൻ ബിഷപ്പുമാരോട് യോജിച്ച ഒരു തീരുമാനമെടുക്കാൻ പോപ്പ് പറഞ്ഞു എന്നതാണത്. സത്യമെന്തെന്നോ സഭാപ്രബോധനം എന്തെന്നോ അവരെ അനുസ്മരിപ്പിക്കുകയല്ലേ വേണ്ടിയിരുന്നത്?
ഇപ്പോഴത്തെ പോപ്പ് സഭയുടെ അന്തിമപരീക്ഷയുടെ ഭാഗമാണെന്ന രീതിയിൽ അഭിപ്രായം പറഞ്ഞത് ഡച്ച് കർദിനാൾ ആയ Willem Eijk ആണ്. മാർപ്പാപ്പയോടുള്ള അനുസരണം എന്നത് അദ്ദേഹം ഏകസത്യവിശ്വാസം പ്രഘോഷിക്കുന്നിടത്തോളം മാത്രമേ പാടുള്ളൂവെന്നു പറഞ്ഞത് വിശ്വാസതിരുസംഘത്തിന്റെ ഉപദേശകൻ ആയിരുന്ന മോൺ. നിക്കോള ബക്‌സ് ആണ്. കർദിനാൾ ജോസഫ് സെൻ, കർദിനാൾ ബുർക്ക്, കർദിനാൾ റോബർട്ട് സാറ എന്നിവരൊക്കെ വ്യത്യസ്ത വിഷയങ്ങളിൽ പോപ്പിന്റെ നിലപാടുകൾക്കെതിരെ രംഗത്തുവന്നവരാണ്.
ഏതാണ്ട് നൂറോളം പ്രമുഖ കത്തോലിക്കർ ( അവരിൽ വൈദികരും ദൈവശാസ്ത്രഞ്ജരും അൽമായരും ഒക്കെയുണ്ട്) പോപ്പിന്റെ ചില പ്രവർത്തനങ്ങളെ വിശ്വാസപരമായ കാര്യങ്ങളിൽ വിമർശിച്ചുകൊണ്ട് ഒരു തുറന്ന കത്തയച്ചത് ഈയിടെയാണ്. അവരിൽ അമേരിക്ക, ബ്രിട്ടൻ,ഫ്രാൻസ്,ഓസ്‌ട്രേലിയ, ഹോളണ്ട്,ജർമ്മനി,ഇറ്റലി സ്വിറ്റ്സർലൻഡ്,കാനഡ, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ ഉണ്ട്. ഇന്ത്യക്കാരൻ എന്ന് സംശയിക്കാവുന്ന ഒരു പേര് മാത്രമേ ആ ലിസ്റിലുള്ളൂ. പോപ്പിന്റെ ആശയങ്ങൾക്കെതിരെയുള്ള വിമർശനം കേരളത്തിലെ പത്തോ പതിനഞ്ചോ ഇരുപതോ പേരുടെ കൊട്ടാരവിപ്ലവമല്ല, മറിച്ച് ഒരു ആഗോളപ്രതിഭാസമാണെന്ന് വ്യക്തമാക്കാനാണ് ഇതെഴുതിയത്.
Amoris Letatia യിലെ സന്മാർഗ ദൈവശാസ്ത്രത്തോടുള്ള സമീപനം തെറ്റാണെന്ന് പറഞ്ഞ ദൈവശാസ്ത്രജ്ഞന്മാരുടെ എണ്ണം കുറച്ചൊന്നുമല്ല.
2018 ലെ സിനഡിന്റെ അന്തിമരേഖയിൽ തീരുമാനമായ കാര്യങ്ങളേക്കാൾ ലിബറൽ ആയ വ്യാഖ്യാനം സാധ്യമാകുന്ന തരത്തിൽ സിനഡിന്റെ വർക്കിംഗ് നോട്ട്സ് ആയ Instrumentum Laboris ന്റെ റഫറൻസ് പലയിടത്തും കൊടുത്തിട്ടുള്ളതിൽ നിന്ന് നാം എന്താണ് മനസ്സിലാക്കേണ്ടത്? 2019 ലെ ആമസോൺ സിനഡിന്റെ Instrumentum Laboris നെതിരെയും ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു എന്ന് ഓർക്കണം.
വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി ഓഫ് സയൻസിലേക്കും പൊന്തിഫിക്കൽ അക്കാദമി ഓഫ് സോഷ്യൽ സയൻസിലേക്കും കഴിഞ്ഞ ആറു വർഷങ്ങളായി പോപ്പ് നോമിനേറ്റ് ചെയ്തവരിൽ നല്ലൊരു പങ്ക് സഭയുടെ നിലപാടിന് എതിരായ വീക്ഷണം പുലർത്തുന്നവരാണ് എന്നത് രഹസ്യമൊന്നുമല്ല. അവരിൽ പലരുടെയും വിധേയത്വം ക്രൈസ്തവവിരുദ്ധനായ ജോർജ് സോറോസിനോടാണ്.
ഫ്രാൻസിസ് അസീസിയുടെ മറുപുറത്ത് ഫ്രാൻസിസ് പാപ്പയുടെ രൂപം കൊത്തിവച്ചിരിക്കുന്ന മെഡൽ വിൽക്കുന്ന സ്റ്റാളുകൾ തീർത്ഥാടനകേന്ദ്രങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്. ജപമാലകളിൽ ക്രൂശിതരൂപത്തിനു മുകളിലായി ഫ്രാൻസിസ് പോപ്പിന്റെ രൂപം ഞാൻ കണ്ടിട്ടുണ്ട്. എന്തിന് കേരളത്തിൽ ഒരു കന്യാസ്ത്രീ പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ എന്ന് പറയുന്നതും കേൾക്കാനിടയായിട്ടുണ്ട്. പരിശുദ്ധപിതാവ് എന്ന് പറയുന്നതുപോലെയാണോ പരിശുദ്ധ ഫ്രാൻസിസ് പാപ്പാ എന്ന് പറയുന്നത്. ഞായറാഴ്ചകുർബാനയ്ക്കിടയിലെ പ്രസംഗത്തിൽ പണ്ടൊക്കെ അച്ചന്മാർ ബൈബിളിൽ നിന്നോ വിശുദ്ധരുടെ ജീവിതത്തിൽ നിന്നോ ഒക്കെയാണ് ഉദ്ധരണികൾ നൽകിയിരുന്നത്. ഇപ്പോഴത്തെ പുതിയ ട്രെൻഡ് ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ എടുത്ത് പ്രയോഗിക്കുക എന്നതാണ്.ഇതെല്ലം വ്യക്തിപൂജയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമല്ലേ?
ഫ്രാൻസിസ് പാപ്പയ്ക്ക് ഫലപ്രദമായ ഒരു പബ്ലിക് റിലേഷൻ സംവിധാനം ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ.. അതുകൊണ്ടാണ് പോപ്പ് കാപ്പി കുടിക്കുന്നതും കുമ്പസാരിക്കുന്നതും ഷൂസ് വാങ്ങുന്നതും ദാനം കൊടുക്കുന്നതും അഭയാർത്ഥികളെ കെട്ടിപ്പിടിക്കുന്നതും കുഞ്ഞുങ്ങളെ കൈയിലെടുത്ത് ലാളിക്കുന്നതും ഒക്കെ നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും വാർത്തയാകുന്നത്. ഇതിനു മുൻപുള്ള എല്ലാ മാർപ്പാപ്പാമാരും ഇതുപോലുള്ള കാര്യങ്ങൾ ചെയ്തിരുന്നുവെങ്കിലും അതൊന്നും നേരത്തേ ഫോട്ടോഗ്രാഫറെ തയ്യാറാക്കി നിർത്തിയിട്ടായിരുന്നില്ല. ക്യാമറയുടെ മുൻപിൽ നിന്ന് മാറിയാൽ മാത്രമേ ഫ്രാൻസിസ് പാപ്പായുടെ തനിസ്വരൂപം പുറത്തുവരുകയുള്ളൂ എന്ന് പറഞ്ഞത് The Dictator Pope എന്ന പുസ്തകത്തിലാണ്.
സ്നേഹത്തിന്റെയും കരുണയുടെയും പ്രവാചകൻ എന്ന് ഡാനിയേലച്ചൻ വാഴ്ത്തുന്ന ഫ്രാൻസിസ് പാപ്പാ എന്തുകൊണ്ടാണ് വിശ്വാസസംബന്ധിയായ കാര്യങ്ങളിൽ വിശദീകരണം ചോദിച്ചുകൊണ്ട് കർദിനാളുമാർ കൊടുത്ത കത്തിന് മറുപടി നൽകാനുള്ള കരുണ മാത്രം കാണിക്കാത്തത് ? തന്റെ ഇഷ്ടത്തിനെതിര് നിൽക്കുന്നവരെ സഭാസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുമ്പോഴും ഈ കരുണ ദൃശ്യമാകുന്നില്ലല്ലോ. വത്തിക്കാനിലെ ജോൺ പോൾ II ഇൻസ്റ്റിറ്റ്യൂട്ട് ഉടച്ചുവാർത്തപ്പോഴും കരുണയുടെ മുഖമൊന്നും ദൃശ്യമായിരുന്നില്ല. എന്നുമാത്രവുമല്ല ഫ്രാൻസിസ് പാപ്പയുടെ ദേഷ്യപ്പെടുന്ന മുഖം പലപ്പോഴും ക്യാമറയിൽ പതിഞ്ഞിട്ടുമുണ്ട്.
പോപ്പ് തായ്‌ലൻഡിൽ സന്ദർശനം നടത്തുമ്പോൾ ചട്ടിച്ചട്ടി നടക്കുന്നതിനെയും മുടന്തി നടക്കുന്നതിനെക്കുറിച്ചുമൊക്കെ ഡാനിയേലച്ചൻ വല്ലാതെ വികാരാധീനനാകുന്നുണ്ട്. ആരോഗ്യമില്ലാത്ത വൃദ്ധനായ ഒരു പോപ്പിനെ നാട്ടുകാരെല്ലാം കൂടി വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന രീതിയിൽ സെന്റിമെന്റൽ ആയി ഈ പ്രശ്നത്തെ കാണുന്നത് ഡാനിയേലച്ചനെപ്പോലെ ഒരാളിൽ നിന്ന് പ്രതീക്ഷിക്കുന്നതല്ല എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. ഇതിനു മുൻപ് പോപ്പിനുവേണ്ടി ഇതുപോലൊരു സെന്റിമെന്റൽ പ്രസംഗം കേട്ടത് തോമസ് പോളിന്റേതായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ പോപ്പിനെ അലട്ടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന് രാജി വച്ചുകൂടാ? അങ്ങനെയൊരു കീഴ്വഴക്കം (?) 2013 ൽ നാം സൃഷ്ടിച്ചെടുത്തിട്ടുണ്ടല്ലോ.
ഫ്രാൻസിസ് പാപ്പാ പല സാഹചര്യങ്ങളിലും ഉപയോഗിക്കുന്ന കുരിശുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? 2013 ൽ റിയോ ഡി ജനിറോ യിലും 2015 ൽ ബൊളീവിയയിലും 2017 ലെ കോർപ്പസ് ക്രിസ്റ്റി തിരുനാളിനും പോപ്പിന്റെ കൈയിൽ ഉണ്ടായിരുന്ന കുരിശുകളുടെ പടം ഇപ്പോഴും നെറ്റിൽ ലഭ്യമാണ്. ലോകത്തിലൊരിടത്തും ക്രിസ്ത്യാനികൾ ഉപയോഗിച്ചിട്ടില്ലാത്തതരം കുരിശു(?) രൂപങ്ങൾ ആയിരുന്നു അവ.
അബോർഷൻ വലിയൊരു സാന്മാർഗികപാപമാണെന്നു CCC 2271 പറയുമ്പോൾ പോപ്പ് പറയുന്നതെന്താണെന്ന് കേൾക്കുക." ഞാൻ ഒരു കത്തോലിക്കനാണ് എന്നതുകൊണ്ടുമാത്രം അബോർഷന് പോകാൻ പാടില്ല എന്നു പറയത്തക്കവിധത്തിൽ അബോർഷൻ ഒരു മതപരമായ പ്രശ്നമല്ല' ( Abortion is not a religious issue). കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിൽ കൃത്യമായി പാപം എന്ന് നിർവചിച്ചിരിക്കുന്ന ഒരു കാര്യം മതപരമായ ഇഷ്യൂ അല്ലേ? പരിസ്ഥിതിക്കെതിരെ പ്രവർത്തിക്കുന്നതും ആണവായുധങ്ങൾ ഉപയോഗിക്കുന്നതുമാത്രമല്ല കൈവശം വയ്ക്കുന്നത് പോലും തെറ്റാണെന്ന് മതബോധനഗ്രന്ഥത്തിൽ എഴുതിച്ചേർക്കാൻ ഒരുങ്ങുന്ന ഒരു പോപ്പാണ് ഇത് പറയുന്നത്.
അച്ചൻ ഹൃദയഭാരത്തോടെ പങ്കുവച്ച മറ്റൊരു കാര്യം പോപ്പിനെതിരായി വിമർശനങ്ങൾ ഉയരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ഉത്തരവാദപ്പെട്ടവർ പ്രതികരിക്കുന്നില്ല എന്നതാണ്. കേരളത്തിലെയും ഇന്ത്യയിലെയും സഭാധികാരികളെയാണ് അച്ചൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്. രണ്ടു കാരണങ്ങൾ കൊണ്ടാണ് ഇക്കാര്യത്തിൽ ഒരു പരസ്യപ്രതികരണത്തിന് ആരും മുതിരാത്തത് എന്ന് തോന്നുന്നു. ഒന്നാമത്തേത് പാശ്ചാത്യസമൂഹത്തിലേതുപോലെ സ്വന്തം അഭിപ്രായം , അത് ശരിയായാലും തെറ്റായാലും, ഉറക്കെ വിളിച്ചുപറയുന്ന സ്വഭാവം ഇന്ത്യക്കാർക്ക് പൊതുവേയില്ല. രണ്ടാമതായി പലരും മൗനം പാലിക്കുന്നത് സ്വന്തം അഭിപ്രായം ഇപ്പോൾ തുറന്നുപറയുന്നത് അപകടകരമാകും എന്ന ഭയം കൊണ്ടാണ്. ഫ്രാൻസിസ് പാപ്പയെ വിമർശിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ബിഷപ്പിന് കേരളത്തിൽ കിട്ടുന്ന സ്വീകരണം എപ്രകാരമായിരിക്കും എന്ന് എടുത്തുപറയണോ ? പാപ്പാ ചെയ്ത ചില കാര്യങ്ങളെ വിമർശിക്കുന്ന അൽമായർക്കു കിട്ടുന്ന പ്രതികരണം ഇത്തരത്തിലെങ്കിൽ ബിഷപ്പിന്റെ അവസ്ഥ എന്തായിരിക്കും? എന്റെ മനസ് പറയുന്നത് കേരളത്തിലെ പല മെത്രാന്മാരും ഫ്രാൻസിസ് പാപ്പയുടെ പല നടപടികളോടും വിയോജിപ്പുള്ളവരാണെന്നാണ്. കാത്തിരുന്നു കാണാം.
ആര്യനിസം മുതൽ സഭയ്ക്കുള്ളിൽ നിന്ന് പുറപ്പെട്ട പാഷാണ്ഡതകളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന അച്ചൻ അഞ്ചാം നൂറ്റാണ്ടിലെ ഏകസ്വഭാവവാദത്തിൽ നിന്ന് നേരെ പത്തൊൻപതാം നൂറ്റാണ്ടിലെ പെന്തക്കോസ്ത് ചിന്തയിലേക്കാണ് വരുന്നത്. സത്യവിശ്വാസത്തിനു ഏറ്റവുമധികം നാശം വരുത്തിവച്ച ഒരു പാഷാണ്ഡതയ്ക്ക് പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ തുടക്കമിട്ടത് പരാമർശിക്കാൻ അച്ചൻ വിട്ടുപോയതാണോ? അതോ മാർട്ടിൻ ലൂഥറിനെ ഒരു മഹാനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ കത്തോലിക്കാസഭയുടെ ഉള്ളിൽ നിന്നുതന്നെ തുടങ്ങി എന്നതും അതിന് ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹാശിസുകൾ ഉണ്ടെന്നതുമാണോ അച്ചനെ ഈ പാഷാണ്ഡതയെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്ന് തടയുന്നത്?
അച്ചൻ പ്രതിപാദിച്ച നെസ്തോറിയൻ പാഷാണ്ഡതയുടെ മുഖ്യവിഷയം അവർ പരിശുദ്ധകന്യകയുടെ ദൈവമാതൃത്വം നിഷേധിക്കുന്നു എന്നതായിരുന്നു. മാതാവിന്റെ അമലോത്ഭവവും അവർക്ക് താല്പര്യമുള്ള വിഷയമല്ലായിരുന്നു. അതായത് അവരെ സംബന്ധിച്ചിടത്തോളം മറിയം ദൈവകൃപ ലഭിച്ച ഒരു സാധാരണ സ്ത്രീയായിരുന്നു. കൊച്ചുത്രേസ്യയെപ്പോലെയോ വിശുദ്ധ കാതറീനെപ്പോലെയോ മദർ തെരേസയെപ്പോലെയോ അൽഫോൻസാമ്മയെപ്പോലെയോ ഒക്കെ പുണ്യജീവിതം കൊണ്ടും ദൈവകൃപ കൊണ്ടും വിശുദ്ധിയിലേക്കുയർന്ന ഒരു വ്യക്തി. ദൈവാനുഗ്രഹത്താൽ ആ പാഷാണ്ഡതയെ AD 431 ലെ എഫെസോസ് സൂനഹദോസ് തള്ളിക്കളഞ്ഞു. ഏതാണ്ട് പതിനാറു നൂറ്റാണ്ടുകൾക്കുശേഷം ഇതാ കത്തോലിക്കാസഭയുടെ പരമാധ്യക്ഷസ്ഥാനത്തിരിക്കുന്ന ഫ്രാൻസിസ് പാപ്പാ യൗസേപ്പിതാവിനെയും പരിശുദ്ധമാതാവിനെയും കുറിച്ച് ഇപ്രകാരം പറയുന്നു. " അവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ എളുപ്പമുള്ള ഒരു കാര്യമായിരുന്നുവെന്ന് നാം ചിന്തിക്കരുത്. വിശുദ്ധർ ജനിക്കുകയല്ല. അങ്ങനെ ആയിത്തീരുകയാണ്. അവരുടെ കാര്യത്തിലും ഇത് ശരിയാണ്". പിയൂസ് ഒൻപതാമൻ പാപ്പാ 1854 ൽ മാതാവിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ട് 175 വർഷം കഴിയുന്നു എന്നോർക്കണം..
ഏതാനും വർഷം മുൻപുവരെ കത്തോലിക്കാസഭയുടെ തലപ്പത്തുനിന്ന് വന്നിരുന്ന ഓരോ വാക്കുകളും അളന്നുമുറിച്ചവയായിരുന്നു. അത് പറയുന്നവരും കേൾക്കുന്നവരും വായിക്കുന്നവരും അതിന് ഒരു അർഥം മാത്രമേ കൽപിച്ചിരുന്നുള്ളൂ. കഴിഞ്ഞ ആറു വർഷങ്ങളായി പോപ്പിന്റെ അടുത്തുനിന്ന് വരുന്ന പല പ്രസ്താവനകളും പ്രബോധനരേഖകളും ( ചുരുങ്ങിയപക്ഷം അവയിലെ ചില ഭാഗങ്ങളെങ്കിലും) ഒന്നിലധികം രീതിയിൽ വ്യാഖ്യാനിക്കാവുന്നവയാണ്.
.
യുഗാന്ത്യത്തിന് മുൻപായി, കാനോനികമായി തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾ മാർപ്പാപ്പയാകുമെന്നും അയാൾ അനേകരെ തെറ്റിലേക്ക് നയിക്കുമെന്നും പ്രവചിച്ചത് വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്. ഈ പ്രവചനം വായിക്കുകയും യുഗാന്ത്യം അടുത്തു എന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരാളുടെ മനസിൽ വിശ്വാസപരമായ കാര്യങ്ങളിൽ സഭയുടെ ഉന്നതതലങ്ങളിൽ നിന്ന് വരുന്ന ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകൾ കേൾക്കുമ്പോൾ എന്ത് പ്രതികരണമാണുണ്ടാവുക?
1846 ൽ ലാസലേറ്റിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധകന്യക പറഞ്ഞത് കുറച്ചുകാലത്തേക്ക് പരിശുദ്ധ കുർബാന നിർത്തലാക്കപ്പെടുകയും ഒരേ സമയം രണ്ടു പോപ്പുമാർ ഉണ്ടാവുകയും ആരാണ് യഥാർത്ഥ പോപ്പ് എന്ന സംശയം ഉണ്ടാകുകയും ചെയ്യും എന്നായിരുന്നല്ലോ. ഈ പ്രവചനം വായിക്കുകയും അവസാന കാലത്ത് വളരെക്കുറച്ച് ക്രിസ്ത്യാനികൾ മാത്രമേ യഥാർത്ഥ മാർപ്പാപ്പയെ അനുസരിക്കുന്നവരായി ഉണ്ടാകുകയുള്ളൂ എന്നുള്ള ഫ്രാൻസിസ് അസീസിയുടെ പ്രവചനം ഓർക്കുകയും ചെയ്യുന്ന ഒരു വിശ്വാസിയുടെ മനസിലുണ്ടാകുന്ന സംശയങ്ങളെ നാം എങ്ങനെയാണ് പരിഹരിക്കാൻ പോകുന്നത്?
.
അവസാന കാലത്ത് സഭയെ താങ്ങിനിർത്തുന്ന രണ്ടു സ്തംഭങ്ങൾ പരിശുദ്ധകുർബാനയും ദൈവമാതാവിനോടുള്ള ഭക്തിയുമാണെന്ന് പറഞ്ഞത് വിശുദ്ധ ഡോൺ ബോസ്‌കോആയിരുന്നു. ഇപ്പോൾ ഈ രണ്ടു കാര്യങ്ങളെയും നിസാരവൽക്കരിക്കുന്ന പ്രവണത സഭയിലെ വലിയൊരുവിഭാഗത്തിനുണ്ടെന്ന് പറഞ്ഞാൽ ശരിയല്ലേ? അകത്തോലിക്കർക്ക് മാത്രമല്ല, പാപത്തിൽ ജീവിക്കുന്നവരടക്കം ആർക്കും സ്വീകരിക്കാൻ കഴിയുന്ന ഒന്നായി പരിശുദ്ധകുർബാനയെ മാറ്റാനുള്ള ശ്രമങ്ങൾ സഭയുടെ ഉള്ളിൽ നിന്ന് തന്നെ പലരും തുടങ്ങിക്കഴിഞ്ഞു എന്നും നാം ഓർക്കണം.
ഫ്രാൻസിസ് അസീസിയും ഡോൺ ബോസ്കോയും ഏതായാലും സഭ അംഗീകരിച്ച വിശുദ്ധരാണല്ലോ. ലാസലേറ്റിലെ പ്രത്യക്ഷീകരണവും സഭ അംഗീകരിച്ചതാണ്. സ്വകാര്യ വെളിപാടുകൾ അംഗീകരിക്കാൻ അച്ചനുള്ള ബുദ്ധിമുട്ട് മനസിലാക്കാം. എന്നാൽ ഈ വിശുദ്ധരുടെയും അതുപോലെ മറ്റനേകം പുണ്യാത്മാക്കളുടെയും പ്രവചനങ്ങളും സഭ ഔദ്യോഗികമായിത്തന്നെ അംഗീകരിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളിലെ സന്ദേശങ്ങളും എന്തിന് അവിശ്വസിക്കണം?അവയിൽ പലതിന്റെയും പൂർത്തീകരണമല്ലേ ഇപ്പോൾ പാപ്പയെ വിമർശിക്കുന്നവർ എടുത്തുകാട്ടുന്ന പ്രശ്നങ്ങൾ?
അച്ചൻ പറഞ്ഞ ഒരു പ്രധാനകാര്യം കൂടി പരാമർശിക്കാതിരിക്കുന്നത് ശരിയല്ല. മാർപ്പാപ്പയെ തിരുത്താൻ നമുക്ക് ആർക്കും അധികാരമില്ല എന്നതാണ് അച്ചന്റെ നിലപാട്. മാർപാപ്പയ്ക്ക് തെറ്റുപറ്റിയാൽ എന്തുചെയ്യണം എന്ന ചോദ്യത്തിന് ന്യായമായും കിട്ടുന്ന മറുപടി പത്രോസിനെ പൗലോസ് തിരുത്തിയല്ലോ എന്നായിരിക്കും. അത് അച്ചനും സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് അച്ചൻ നിർദേശിക്കുന്നത് പത്രോസിന് (മാർപ്പാപ്പയ്ക്ക്) തെറ്റുപറ്റിയാൽ ജ്ഞാനമുള്ള പൗലോസുമാർ ( കർദിനാളുമാർ) തിരുത്തട്ടെ എന്നാണ്. അല്മായർക്ക് അതിനുള്ള അധികാരമില്ല എന്ന അച്ചന്റെ അഭിപ്രായം മുഖവിലക്കെടുക്കുന്നു. പല കർദിനാളുമാരും ഫ്രാൻസിസ് പാപ്പയെ പല അവസരങ്ങളിലും തിരുത്തിയ കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. അവർ പറയുന്ന അതേ കാര്യമല്ലേ ഈ അൽമായസഹോദരങ്ങളും ആവർത്തിക്കുന്നുള്ളൂ. പാപ്പയെ പലരും ദുഷിക്കുന്നു എന്ന് അച്ചൻ പലതവണ ആവർത്തിക്കുന്നുണ്ട്. വിമർശനവും ദുഷിക്കുന്നതും തമ്മിൽ വലിയ അന്തരമില്ലേ?
ഫ്രാൻസിസ് പാപ്പയെ ഹൃദയത്തോട് ചേർത്തുവച്ച് പ്രാർത്ഥിച്ചാൽ നിങ്ങൾക്ക് ഐശ്വര്യം ഉണ്ടാകും എന്ന് പറയുന്ന അച്ചന് കഴിയുമെങ്കിൽ വത്തിക്കാനിൽ പോയി പാപ്പയുടെ ആശിർവാദം വാങ്ങണമെന്നും ആഗ്രഹമുണ്ട്. നല്ല കാര്യം. എനിക്കറിയാവുന്ന രണ്ടു സഹോദരിമാർ ഒരു തീർത്ഥാടകസംഘത്തിന്റെ കൂടെ വത്തിക്കാൻ സന്ദർശനത്തിന് പോയപ്പോൾ പാപ്പായുടെ ആശിർവാദം വാങ്ങാൻ ആഗ്രഹിച്ചില്ല എന്ന് പറഞ്ഞത് ഓർക്കുന്നു . അങ്ങനെയും കത്തോലിക്കരുണ്ട്. അവർ യൂട്യൂബിലോ വാട്‍സ് ആപ്പിലോ സന്ദേശങ്ങൾ അയക്കുന്നവർ ഒന്നുമല്ല. വെറും സാധാരണ കത്തോലിക്കാസ്ത്രീകൾ.
മത്തായി 24 : 4 മുതലുള്ള വചനങ്ങളുടെ വ്യാഖ്യാനം കൊടുക്കുമ്പോൾ അച്ചൻ കാണേണ്ടത് പലതും കാണാതെയും പറയേണ്ടത് പലതും പറയാതെയും ആണ് മുന്നോട്ടുപോകുന്നത്. ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ എന്ന യേശുവിന്റെ വചനത്തിന് പാപ്പയെ വിമർശിക്കുന്നവർ വഴിതെറ്റിപ്പോയി എന്ന അർഥം മാത്രമേ ഉള്ളോ? സഭയുടെ ഉള്ളിൽ താക്കോൽസ്ഥാനങ്ങളിൽ കടന്നുകൂടിയ ഫ്രീമേസൺ സംഘാംഗങ്ങൾ സത്യവിശ്വാസത്തിനെതിരായി തന്ത്രപരമായി നടത്തുന്ന നീക്കങ്ങളിൽ അറിഞ്ഞും അറിയാതെയും പങ്കുകാരാകുന്ന പാപ്പാഭക്തരും വഴിതെറ്റിക്കപ്പെടുന്നവരല്ലേ?
യുഗാന്ത്യത്തിനു മുൻപ് വലിയ വിശ്വാസത്യാഗം ഉണ്ടാകും എന്ന ബൈബിൾ പ്രവചനത്തിന് അച്ചൻ കൊടുക്കുന്ന വ്യാഖ്യാനം നമ്മൾ വിശ്വസിച്ചിരുന്ന സഭയിൽ നമുക്ക് സംശയം ഉണ്ടാകും, മാർപ്പാപ്പയിൽ പെട്ടെന്ന് സംശയം തോന്നും, കുർബാനയിൽ സംശയം തോന്നും എന്നൊക്കെയാണ്. ഇവയൊക്കെ ഒരു പരിധി വരെ ശരിയെന്ന് സമ്മതിക്കുമ്പോഴും യഥാർത്ഥ വിശ്വാസത്യാഗം എന്നത് അടിസ്ഥാന ക്രിസ്തീയവിശ്വാസസത്യങ്ങളെ തിരസ്കരിക്കുന്ന അവസ്ഥയല്ലേ? എക്യൂമെനിസത്തിന്റെ പേര് പറഞ്ഞ് എല്ലാവർക്കും പങ്കെടുക്കാവുന്ന തിരുവത്താഴമേശയായി പരിശുദ്ധകുർബാനയെ മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. കർത്താവിന്റെ ശരീരവും രക്തവും പരിശുദ്ധ കുർബാനയിൽ യഥാർത്ഥത്തിൽ സന്നിഹിതമാവുന്നു എന്ന കത്തോലിക്കാവിശ്വാസത്തെ സഭൈക്യത്തിനുവേണ്ടി നാം ബലികഴിക്കണമോ? വ്യഭിചാരവും വിവാഹമോചനവും തെറ്റല്ല എന്ന നിലപാടാണോ സഭ എടുക്കേണ്ടത്? മ്ലേച്ഛമായ സ്വവർഗലൈംഗികബന്ധങ്ങൾ സഭയിൽ സ്വീകാര്യമാക്കുക എന്നതിന്റെ മറ്റൊരു പേരല്ലേ വിശ്വാസത്യാഗം?
അരാജകത്വത്തിന്റെ മനുഷ്യൻ എന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളത് എതിർക്രിസ്തുവിനെക്കുറിച്ചാ ണെന്നാണ് എന്റെ ധാരണ. അച്ചൻ പറയുന്നത് ദൈവികമായ എല്ലാറ്റിനെയും, ദൈവികമായി കാണുന്നവരെയെല്ലാവരെയും എതിർക്കുന്ന വ്യക്തികൾ ആണ് അരാജകത്വത്തിന്റെ മനുഷ്യർ എന്നാണ്. അവരിൽ പ്രവർത്തിക്കുന്നത് എതിർക്രിസ്തുവിന്റെ ആത്മാവാണ് എന്ന കാര്യത്തിൽ സംശയമില്ല.
എന്നാൽ യഥാർത്ഥത്തിൽ എതിർക്രിസ്തു എന്ന അരാജകത്വത്തിന്റെ മനുഷ്യൻ തന്നെത്തന്നെ ദൈവമായി പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തിന്റെ ആലയത്തിൽ സ്ഥാനം പിടിക്കും എന്നാണ് പൗലോസ് ശ്ലീഹ തെസ്സലോനിക്കക്കാർക്ക് മുന്നറിയിപ്പ് കൊടുക്കുന്നത്.
ഡാനിയേലച്ചനോടുള്ള എന്റെ അപേക്ഷ പത്രോസിനെ തിരുത്താനുള്ള അവകാശവും കടമയും പൗലോസിനിരിക്കട്ടെ. നാം അതിൽ ഇടപെടേണ്ടതില്ല എന്നാണ് . ഇനിയും ഒരുപാട് പൗലോസുമാർ സഭയിൽ ഉയർന്നുവരട്ടെ എന്ന് പ്രാർത്ഥിക്കാം. പത്രോസിനെ തിരുത്തിയ പൗലൊസിന്റെ ഗുരുവായിരുന്ന ഗമാലിയേലിന്റെ വാക്കുകൾ ഓർമ്മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കാം. " അവരെ അവരുടെ വഴിക്കു വിട്ടേക്കുക. കാരണം, ഈ ആലോചനയും ഉദ്യമവും മനുഷ്യനിൽ നിന്നാണെങ്കിൽ പരാജയപ്പെടും. മറിച്ച് ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല. മാത്രമല്ല, ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയും ചെയ്യും " (അപ്പ. പ്രവൃത്തികൾ 5:38-39).
സഭാവിരുദ്ധഗ്രൂപ്പുകളെയും സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് വിശ്വാസം കാത്തുരക്ഷിക്കാനായി പ്രവർത്തിക്കുന്നവരെയും സഭ അംഗീകരിച്ച ദർശനങ്ങളെയും അംഗീകരിക്കാത്തവയെയും സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ പ്രവചനങ്ങളെയും സ്വകാര്യവെളിപാടുകളെയും പോപ്പിനെ അന്തിക്രിസ്തു എന്ന് വിളിക്കുന്ന പെന്തക്കോസ്തുകാരെയും പോപ്പിന്റെ ചില പ്രവൃത്തികളെ ഉത്തമബോധ്യത്തോടെ വിമർശിക്കുന്ന കത്തോലിക്കരെയും എല്ലാം ഒരേ കണ്ണിലൂടെ കണ്ടതുകൊണ്ടാണ് ഡാനിയേലച്ചൻ ഇങ്ങനെയുള്ള അഭിപ്രായപ്രകടനങ്ങൾ നടത്താൻ ഇടയായത് എന്ന് തോന്നുന്നു.
സഭയോടും സത്യവിശ്വാസത്തോടും ഉള്ള കൂറും വിശ്വസ്തതയും അതേപോലെതന്നെ മാർപ്പാപ്പ പറയുന്ന എല്ലാ കാര്യങ്ങളോടും ഉണ്ടാകണമെന്ന് പറയുമ്പോഴാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. ക്രിസ്തു പഠിപ്പിച്ചതും അപ്പസ്തോലന്മാർ പ്രസംഗിച്ചതും സഭാപിതാക്കന്മാർ കാലാകാലങ്ങളിൽ വ്യാഖ്യാനിച്ചുതന്നതുമായ ക്രിസ്തീയവിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളെക്കുറിച്ച് ഡാനിയേലച്ചനുള്ള അതേ ബോധ്യം തന്നെയാണ് പോപ്പിനെ വിമർശിക്കുന്നവർക്കും ഇതെഴുതുന്ന എനിക്കും ഉള്ളത്. എന്നാൽ ഇപ്പോഴത്തെ പോപ്പിന്റെ പല പ്രസ്താവനകളും പ്രവൃത്തികളും ഒന്നിലധികം തരത്തിൽ വ്യാഖ്യാനിക്കാവുന്നവയാണ് എന്നതുകൊണ്ടാണ് ആശയക്കുഴപ്പം ഉണ്ടാകുന്നത്. പോപ്പ് പറയുന്ന എല്ലാക്കാര്യങ്ങൾക്കും അപ്രമാദിത്വം ഉണ്ടെന്ന തികച്ചും തെറ്റായ ധാരണ അറിഞ്ഞോ അറിയാതെയോ സഭാവിശ്വാസികളുടെ ഇടയിൽ വ്യാപകമാണ്. പോപ്പിന്റെ അപ്രമാദിത്വത്തെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ഫ്രാൻസിസ് പാപ്പാ തന്നെ പറഞ്ഞിട്ടുള്ള സ്ഥിതിയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് നാം കൂടുതൽ ചർച്ച ചെയ്യണമോ?
വിശ്വാസസത്യങ്ങളെക്കുറിച്ചാണെങ്കിൽ ഇപ്പോഴത്തെ പോപ്പ് അധികാരത്തിൽ വന്നതിനുശേഷം അത്തരം കാര്യങ്ങൾ ഒന്നും തന്നെ തന്റെ അപ്രമാദിത്വത്തിൻ കീഴിൽ നിർവചിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. അതിന്റെ അർഥം പോപ്പിന്റെ അഭിപ്രായങ്ങളും ആശയങ്ങളും ഇതുവരെയുള്ള സഭാപഠനങ്ങളോട് ഒത്തുപോകുന്നവയാണെങ്കിൽ മാത്രം നാം സ്വീകരിക്കണം എന്നും അല്ലാത്തവ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമായി പരിഗണിക്കണം എന്നുമാണ്. അതിനുള്ള കൃപ ഈശോ നമുക്കെല്ലാവർക്കും തരട്ടെ എന്ന് പ്രാർത്ഥിക്കാം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത്തരം വിഷയങ്ങളിൽ ഒക്കെ പ്രതികരിക്കുന്നവർ ശക്തമായ യുഗാന്ത്യബോധം ഉള്ളവരാണെന്നാണ്. യേശുവിന്റെ മഹത്വത്തോടെയുള്ള രണ്ടാം വരവ് ആസന്നമാണെന്ന് അവർ വിശ്വസിക്കുന്നു. അന്ത്യകാലങ്ങളിൽ ഉണ്ടാകുമെന്ന് കർത്താവ് പറഞ്ഞതും അപ്പസ്തോലന്മാർ മുന്നറിയിപ്പ് നൽകിയതും ആയ വലിയ വിശ്വാസത്യാഗത്തിന്റെ അടയാളങ്ങൾ സഭയിൽ ദൃശ്യമാകുമ്പോൾ സ്വാഭാവികമായും അവർ കൂടുതൽ ജാഗരൂകരായിരിക്കും. ഫ്രാൻസിസ് അസീസിയും ഫുൾട്ടൻ ജെ ഷീനും ആൻ കാതറിൻ എമറിക്കും ഹിൽദേഗാർഡും കൊച്ചുത്രേസ്യയും അടക്കം അനേകം വിശുദ്ധർ കർത്താവിന്റെ രണ്ടാം വരവിനു മുൻപായി സഭ അഭിമുഖീകരിക്കാൻ പോകുന്ന വിശ്വാസത്യാഗത്തെയും വിഷമഘട്ടങ്ങളെയും കുറിച്ച് പ്രവചിക്കുകയും സഭയുടെ അകത്തളങ്ങളിൽ വരെ അശുദ്ധി കയറിപ്പറ്റുന്ന ഒരു കാലത്തെപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
സുവിശേഷം അതേപടി പ്രസംഗിക്കുന്നതിനു പകരം സഭയെ ലോകത്തിന് അനുരൂപമാക്കാൻ സഭയുടെ ഉള്ളിൽ നിന്ന് തന്നെ ശക്തമായ ഒരു ലോബി പ്രവർത്തിക്കുന്നത് നിരീക്ഷിക്കുന്ന ആർക്കും "സഭയും ലോകവും ഒരുപോലെയാകുമ്പോൾ അന്ത്യദിനങ്ങൾ വരും" എന്ന ഈജിപ്തിലെ വിശുദ്ധ ആൻറണിയുടെ നാലാം നൂറ്റാണ്ടിലെ പ്രവചനങ്ങൾ നിറവേറുകയല്ലേ എന്ന സംശയം മനസ്സിൽ ഉയർന്നുവരാം. കർത്താവ് നമ്മെ ഏൽപ്പിച്ച ദൗത്യം സഭയെ ലോകത്തിന് അനുരൂപമാക്കുക എന്നതല്ല,മറിച്ച് ലോകത്തെ സഭയ്ക്ക് അനുരൂപമാക്കുക എന്നതാണ്.
പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. യേശുക്രിസ്തുവിനെയും കത്തോലിക്കാസഭയെയും ക്രിസ്തീയവിശ്വാസത്തെയും ആരെങ്കിലും പരസ്യമായി വിമർശിച്ചാലും പ്രതികരിക്കാത്ത ചില .ക്രിസ്ത്യാനികൾ ഫ്രാൻസിസ് പാപ്പായെക്കുറിച്ചുള്ള എന്തെങ്കിലും വിമർശനം കേൾക്കുമ്പോഴേ അസ്വസ്ഥരാകുന്നത്. ക്രിസ്തുവാണ് സഭയുടെ ശിരസ്സ്. ബാക്കിയെല്ലാം, മാർപ്പാപ്പ മുതൽ അത്മായൻ വരെ എല്ലാവരും, ക്രിസ്തുവിന്റെ ശരീരത്തിലെ അംഗങ്ങളാണ്. വ്യക്തിപരമായ തെറ്റുകൾ ആർക്കും പറ്റാം. അത് മനുഷ്യസ്വഭാവത്തിന്റെ ബലഹീനതയാണ്. അതിനെ വിമർശിക്കുന്നതും സ്വാഭാവികം മാത്രം. അതിനെ സഭാപ്രബോധനത്തിന്റെ അപ്രമാദിത്വം എന്ന ആശയവുമായി തെറ്റിദ്ധരിക്കുമ്പോഴാണ് ആരെയും വിമർശിക്കാൻ പാടില്ല എന്ന അബദ്ധധാരണയിലേക്ക് പലരും ചെന്നെത്തുന്നത്. പോപ്പിന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ പ്രവർത്തികൾക്കോ അപ്രമാദിത്വം കൽപ്പിക്കേണ്ടതില്ലല്ലോ. മുകളിൽ കൊടുത്തിട്ടുള്ള ഉദാഹരണങ്ങളിൽ ഒന്നും തന്നെ സഭയുടെ പ്രബോധനങ്ങളുടെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ല. സഭാപ്രബോധനങ്ങളെ ആരും എതിർക്കുന്നുമില്ല. സഭയ്ക്കും കത്തോലിക്കാവിശ്വാസത്തിനും ദോഷകരമാണെന്ന് തങ്ങൾ വിശ്വസിക്കുന്ന
ചില വാക്കുകളെയും പ്രവൃത്തികളെയുമാണ് അവർ എതിർക്കുന്നത്.
തെറ്റായ വിശ്വാസബോധ്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആരോപണം പലപ്പോഴും വിരൽ ചൂണ്ടുന്നത് ബുക്ക് ഓഫ് ട്രൂത്ത് എന്ന ഗ്രന്ഥത്തിനെതിരെയാണ്. അയർലണ്ടിലെ ഒരു വീട്ടമ്മയ്ക്ക് കിട്ടി എന്ന് അവർ അവകാശപ്പെടുന്ന സന്ദേശങ്ങൾ സമാഹരിച്ചവയാണ് ബുക്ക് ഓഫ് ട്രൂത്ത്. അതിൽ പറയുന്ന കാര്യങ്ങൾ ഒന്നും അതേപടി കണ്ണുമടച്ച് വിശ്വസിക്കേണ്ടതില്ല. എങ്കിലും അവർ പറയുന്ന കാര്യങ്ങൾ സത്യവിശ്വാസത്തിനും ബൈബിളിനും രണ്ടായിരം വർഷങ്ങൾ കൊണ്ട് സത്യസഭ സംഭരിച്ച വിശ്വാസനിക്ഷേപത്തിനും അതിന് ചേർന്ന പാരമ്പര്യങ്ങളിലും അധിഷ്ഠിതമാണോ എന്ന് നോക്കുകയെങ്കിലും ചെയ്യേണ്ടതല്ലേ?. സഭാപ്രബോധനങ്ങൾക്കും പാരമ്പര്യങ്ങൾക്കും ചേർന്നവയാണെങ്കിൽ അത് സ്വീകരിക്കുക. അല്ലെങ്കിൽ തള്ളിക്കളഞ്ഞേക്കുക. പോപ്പ് അന്തിക്രിസ്തുവാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ തിരിച്ചുചോദിക്കുക; അതിനു തെളിവെവിടെ എന്ന്? ഇതെഴുതുന്നയാളിന്റെ ബോധ്യം പോപ്പ് അന്തിക്രിസ്തുവല്ല എന്നതാണ്.
സഭാധികാരികൾക്ക് ഏതെങ്കിലും വിഷയത്തിൽ തെറ്റുപറ്റിയിട്ടുണ്ട് എന്ന് പറഞ്ഞാൽ അത് ശരിയാണെങ്കിൽ അംഗീകരിക്കുക, തിരുത്തുക. ബുക്ക് ഓഫ് ട്രൂത്തിന്റെ ചില ഭാഗങ്ങൾ വീണ്ടും വായിച്ചപ്പോൾ എനിക്ക് തോന്നിയത്, ഇന്നത്തെക്കാലത്ത് നമുക്കുചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ ഒരു ഡോക്യൂമെന്ററിയിലെന്നതുപോലെ രേഖപ്പെടുത്തിയിരിക്കുന്നവയാണ് 2010 മുതലുള്ള ആ സന്ദേശങ്ങൾ എന്നാണ്. എന്നിരുന്നാലും ബുക്ക് ഓഫ് ട്രൂത്തിലെ ചില വെളിപ്പെടുത്തലുകൾ അതേപടി ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല എന്ന് തുറന്ന് സമ്മതിക്കാനും എനിക്ക് മടിയില്ല. തക്ക സമയത്ത് അവയുടെ യഥാർത്ഥ അർത്ഥം യേശു തന്നെ മനസ്സിലാക്കിത്തരും എന്ന് ഞാൻ പ്രത്യാശിക്കുന്നു.
അവസാനമായി ഈ കോലാഹലങ്ങൾക്കിടയിൽ മറഞ്ഞിരുന്നു ചിരിക്കുന്ന ഒരു വില്ലൻ ഉണ്ടെന്നോർക്കണം. ആ വ്യാജപ്രവാചകനെ തിരിച്ചറിയാൻ ഉള്ള കൃപ ലഭിക്കാൻ വേണ്ടി യേശുവിനോട് പ്രാർത്ഥിക്കുകയും ചെയ്യാം. അനുസരണം എന്നത് കർത്താവായ യേശുവിനോടാണ്, യേശുവിനോട് മാത്രമാണ്. അല്ലാതെ ഏതെങ്കിലും വ്യക്തിയെ ,അയാൾ എത്ര തന്നെ ഉന്നതനായാലും, അന്ധമായി അനുകരിക്കാതിരിക്കുക. നമ്മുടെ നേതാവ് ക്രിസ്തു മാത്രം. അവന് ഒരിക്കലും തെറ്റുപറ്റില്ല. ഉറപ്പ്. ഇത് വീണ്ടും എടുത്തുപറയാൻ കാര്യം അവസാന കാലങ്ങളിൽ അനേകം പേർ, പ്രത്യേകിച്ചും സമർപ്പിതർ, അന്ധമായ അനുസരണം എന്ന തെറ്റിൽ കുടുങ്ങി സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാൻ ഇടയുണ്ട് എന്ന പരിശുദ്ധമാതാവിന്റെ വെളിപ്പെടുത്തലുകൾ മനസ്സിലോർത്തുകൊണ്ടാണ്. എന്റെ അധികാരി ക്രിസ്തുവിനെ അനുസരിക്കുന്നിടത്തോളം കാലം ഞാൻ അദ്ദേഹത്തെ അനുസരിക്കും എന്നതായിരിക്കണം ഓരോ സമർപ്പിതന്റെയും സമർപ്പിതയുടെയും ആപ്തവാക്യം. ഈ മുന്നറിയിപ്പ് തുല്യഅളവിൽ തന്നെ സാധാരണ വിശ്വാസികൾക്കും ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആദ്യത്തെ മാർപ്പാപ്പയായ വിശുദ്ധ പത്രോസിന്റെയും മറ്റു അപ്പസ്തോലന്മാരുടെയും വചനങ്ങൾ തന്നെയാണ് ഈ മുന്നറിയിപ്പിന് ആധാരം. മനുഷ്യരേക്കാൾ ദൈവത്തെയാണ് അനുസരിക്കേണ്ടത്. ( അപ്പ. 5:29). പോപ്പിന്റെ വാക്കുകളേക്കാൾ ആധികാരികത കർത്താവിന്റെ വാക്കുകൾക്കാണെന്ന് തിരിച്ചറിഞ്ഞാൽ തീരുന്ന പ്രശ്നങ്ങളേ ഇവിടെയുള്ളൂ..
സത്യവിശ്വാസത്തിനും സഭാപാരമ്പര്യത്തിനും ഉപരിയായി ഒരു സ്വകാര്യവെളിപാടിനെയോ വ്യക്തിപരമായ ബൈബിൾ വ്യാഖ്യാനത്തെയോ പരിഗണിക്കേണ്ടതില്ല എന്നാണ് പരിശുദ്ധകത്തോലിക്കാസഭ നമ്മെ പഠിപ്പിക്കുന്നത്. അതിന്റെയർത്ഥം സഭാപ്രബോധനങ്ങളോടും വിശ്വാസസത്യങ്ങളോടും ബൈബിൾ പ്രവചനങ്ങളോടും ചേർന്നുപോകുന്ന സ്വകാര്യവെളിപാടുകളും ബൈബിൾ വ്യാഖ്യാനങ്ങളും സ്വീകാര്യമാണ് എന്നുകൂടിയല്ലേ?
ഫ്രീമേസൺ ആശയങ്ങൾ വച്ചുപുലർത്തുന്നവർ സഭയുടെ ഉള്ളിൽ നിന്ന് സഭയെ തകർക്കാൻ ശ്രമിക്കും എന്നത് ഇപ്പോൾ പാപ്പയെ വിമർശിക്കുന്നവരുടെ പുതിയ കണ്ടുപിടിത്തമൊന്നുമല്ല.പത്തിരുപത്തഞ്ചു വർഷം മുൻപ് ശ്രീ ബെന്നി പുന്നത്തറ എഴുതിയ 'കാലത്തിന്റെ അടയാളങ്ങൾ എന്ന പേരുള്ള പുസ്തകത്തിൽ നിന്നാണ് സഭാതല ഫ്രീമേസനറി എന്ന പൈശാചിക സംഘത്തെക്കുറിച്ച് ഞാൻ ആദ്യമായി വായിച്ചത്. സഭയുടെ അത്യുച്ചിയിൽ തന്നെ സാത്താൻ കയറിപ്പറ്റും എന്നതും മാതാവിന്റെ വെളിപ്പെടുത്തലായിരുന്നല്ലോ.
സഭയ്ക്കുള്ളിൽ ഒരു അകത്തോലിക്കാചിന്താധാര പ്രബലമായി വരുന്നുണ്ട് എന്ന മുന്നറിയിപ്പ് പോൾ ആറാമൻ മാർപ്പാപ്പാ നൽകിയിട്ട് അരനൂറ്റാണ്ടിനോടടുക്കുന്നു.. സാത്താന്റെ പുക ഏതോ വിടവിലൂടെ സഭയിൽ കയറിക്കഴിഞ്ഞു എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞതും നമ്മുടെ കാലത്തുതന്നെ ജീവിച്ചിരുന്ന വിശുദ്ധനായ ഒരു മാർപ്പാപ്പയായിരുന്നല്ലോ. വെളിപാട് പുസ്തകം 13:11 മുതൽ പരാമർശിക്കുന്ന ഭൂമിക്കടിയിൽ നിന്ന് കയറിവരുന്ന മൃഗം എന്നത് വ്യാജപ്രവാചകനെയാണല്ലോ സൂചിപ്പിക്കുന്നത്. ആ മൃഗത്തിന് കുഞ്ഞാടിന്റേതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നെങ്കിലും അത് സർപ്പത്തെപ്പോലെ സംസാരിച്ചു എന്ന വചനത്തിന്റെ അർത്ഥം പരിശുദ്ധ അമ്മ ഫാദർ സ്‌റ്റെഫാനോ ഗോബിക്ക് വെളിപ്പെടുത്തിക്കൊടുത്തത് കുഞ്ഞാടിന്റെ രണ്ടു കൊമ്പുകൾ പൗരോഹിത്യത്തെ സൂചിപ്പിക്കുന്നു എന്നാണ്. തന്റെ പദ്ധതികൾ നടപ്പിലാക്കാനായി സഭയിലെ മെത്രാന്മാരിൽ നിന്നുതന്നെ ഒരാളെ സാത്താൻ തിരഞ്ഞെടുക്കും എന്ന പ്രവചനം വാഴ്ത്തപ്പെട്ട ഫുൾട്ടൻ ഷീനിന്റെതാണ്. ഇതെല്ലം വായിച്ചിട്ട് എന്നെങ്കിലുമൊരിക്കൽ സഭയുടെ തലപ്പത്ത് യഥാർത്ഥ സത്യവിശ്വാസത്തോട് നൂറു ശതമാനം കൂറുപുലർത്താത്ത വ്യക്തികൾ എത്തിച്ചേരാനുള്ള സാധ്യത ഉണ്ടെന്നത് നിഷേധിക്കാമോ?
യുഗാന്ത്യവും നമ്മുടെ കർത്താവിന്റെ മഹത്വത്തോടെയുള്ള ദ്വിതീയാഗമനവും ആസന്നമാണെന്ന് വിശ്വസിക്കുന്നവർക്ക് ഇക്കാര്യങ്ങളൊക്ക ഗ്രഹിക്കാൻ എളുപ്പമാണ്. അങ്ങനെയല്ലാത്തവർ 666 വെറുമൊരു സാധാരണ നമ്പർ മാത്രമാണെന്നും ആഗോളഭരണകൂടം എന്നത് ബൈബിളിൽ പ്രവചിക്കപ്പെട്ടിട്ടില്ല എന്നും വെളിപാടിൽ പറഞ്ഞ കാര്യങ്ങൾക്ക് പ്രവചനസ്വഭാവം ഇല്ലെന്നും ഒക്കെ വാദിക്കും. ലോകമെങ്ങുമുള്ള മനുഷ്യരുടെ കൈയിൽ ചിപ്പ് ഘടിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ വളരെ ശ്രദ്ധയോടെ ആസൂത്രണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എങ്കിലും അത് വെളിപാട് 13:16-18 ൽ പറയുന്ന എതിർക്രിസ്തുവിന്റെ മുദ്രയാണെന്നും അത് സ്വീകരിക്കുന്നവർ നിത്യനാശത്തിലേക്കു പോകുമെന്നും (വെളിപാട് 14:9-12) ബൈബിൾ പറയുന്നതിനെ വിശ്വസിക്കാൻ അവർക്ക് സാധിക്കില്ല. അതിന് കാരണം ഡാനിയേലച്ചൻ പറഞ്ഞതുതന്നെയാണ്. സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷ പ്രാപിക്കാനും വിമുഖത കാണിക്കുകയാൽ നശിച്ചുപോകുന്നവരിൽ വ്യാജമായതിനെ വിശ്വസിക്കാൻ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം ഉണർത്തും ( 2 തെസ. 2:10-11).
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ ഇക്കാര്യങ്ങൾ പറയുന്നവരെ അച്ഛൻ ഉപമിക്കുന്നത് പാപം ചെയ്തതിനുശേഷം ദൈവത്തിന്റെ മകനല്ല താൻ എന്ന ബോധ്യം ലഭിച്ച ആദം മരത്തിനു പിന്നിൽ ഒളിക്കുന്നതിനോടാണ്. കുറച്ചുകൂടി നല്ല ഉപമ പുതിയനിയമത്തിൽ തന്നെയുണ്ടല്ലോ. നിങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കണം എന്ന കർത്താവിന്റെ വചനം നമുക്കു മുൻപിലുണ്ട്. കാരണം സത്യവിശ്വാസം അതേപടി പ്രഘോഷിക്കുന്നവരെ ഈശോ ഉപമിക്കുന്നത് ചെന്നായ്ക്കളുടെ ഇടയിലേക്ക് അയക്കപ്പെടുന്ന കുഞ്ഞാടുകളോടാണ്. അവർക്ക് ആവശ്യം വേണ്ട വിവേകത്തിന്റെ ഭാഗമാണ് എല്ലായ്പ്പോഴും എല്ലായിടത്തും ഐഡൻറിറ്റി വെളിപ്പെടുത്താതിരിക്കുക എന്നത്. എന്നിരുന്നാലും ഇതേ കാര്യങ്ങൾ സ്വന്തം ഐഡൻറിറ്റി വെളിപ്പെടുത്തിക്കൊണ്ടുതന്നെ വിളിച്ചുപറയുന്ന ഒരുപാടുപേർ ഇന്ന് കേരളസഭയിലുണ്ട്. അവരിൽ ചിലരുടെയെങ്കിലും വീഡിയോകൾ അച്ചൻ കണ്ടിട്ടുമുണ്ടാകണം. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോല് ധരിച്ച് നിസ്സഹായരായും വേദനിക്കുന്നവരായും പീഡിതരായും വനത്തിലും മലകളിലും ഗുഹകളിലും മാളങ്ങളിലുമായി അലഞ്ഞുതിരിഞ്ഞു നടന്നു എന്ന് ഹെബ്രായലേഖനം 11:37-38 ൽ വിവരിക്കുന്നവരുടെ പിന്മുറക്കാരാണവർ. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു എന്ന തിരുവചനവും നമുക്ക് ഓർക്കാം.
മറ്റൊരു കാര്യം രണ്ടാം വരവിന്റെ സമയവും കാലവുമാണ്. ഇക്കാര്യത്തിൽ അച്ചന്റെ നിരീക്ഷണങ്ങളോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. പെന്തക്കൊസ്തുകാരും ചില വിഘടിതസഭാഗ്രൂപ്പുകളുമൊഴിച്ച് മറ്റാരും തന്നെ കർത്താവിന്റെ രണ്ടാം വരവിന്റെ സമയം പ്രവചിക്കുന്നില്ലല്ലോ. പോപ്പിനെ വിമർശിക്കുന്നവർ ആകെ പറയുന്നത് യുഗാന്ത്യത്തിന്റെ അടയാളമായി കർത്താവ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നൊന്നായി ഇപ്പോൾ നിറവേറിക്കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ട് എല്ലാവരും വിശുദ്ധിയിൽ ജീവിച്ച് കർത്താവിനെ സ്വീകരിക്കാനായി ഒരുങ്ങണമെന്നുമാണ്. അതിനിടയിൽ വ്യാജമായത് വിശ്വസിക്കാൻ ഒരുപാടുപേരെ പ്രേരിപ്പിക്കുന്ന ശ്രമങ്ങൾ സഭയുടെ ഉള്ളിൽ നിന്നും പുറത്തുനിന്നും ഉണ്ടാകുമ്പോൾ അവർ അതിനെതിരെ ശബ്ദമുയർത്തുന്നു. സത്യവിശ്വാസത്തിന്റെ സംരക്ഷകനാകേണ്ട മാർപ്പാപ്പ ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുകയോ ആവശ്യമായ തിരുത്തലുകൾ യഥാസമയം കൊടുക്കാതിരിക്കുകയോ തന്റെ വാക്കുകളും പ്രവൃത്തിയും കൊണ്ട് വിശ്വാസികൾക്ക് ഇടർച്ച കൊടുക്കുകയോ ചെയ്യുന്നതായി തോന്നുമ്പോൾ അവർ വിമർശിക്കുന്നു. ആ സ്പിരിറ്റിൽ എടുത്താൽ അച്ചന്റെ സംശയങ്ങൾക്ക് ഉത്തരമാകുമെന്ന് കരുതുന്നു.
കർത്താവിന്റെ രണ്ടാം വരവിനായി ലോകത്തെ ഒരുക്കുന്ന ശുശ്രൂഷയിൽ
ശക്തിപ്പെടാനായി അച്ചനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Myparish.net Member