Home | Community Wall | 

Kerala.myparish.net
Posted On: 29/09/18 23:09

 

🌸🌸 ബഹുമാനപ്പെട്ട ഡൊമിനിക് വാളന്മനാൽ അച്ചന്റെ ദൈവികദർശനങ്ങളെ പരിഹസിച്ചു പ്രസ്‌താവന ഇറക്കിയ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മുതുപ്ലാക്കൽ അച്ചനോട് ഒരു സാധാരണ വിശ്വാസിയുടെ ചോദ്യങ്ങൾ.....🌸🌸 സെബാസ്റ്റ്യൻ അച്ചാ… അച്ചന്റെ രൂപതയിൽത്തന്നെയുള്ള, അച്ചന്റെ സഭാധികാരികളുടെ കീഴിൽ, സഭയുടെ പൂർണ്ണസമ്മതത്തോടെ ദൈവീകശുശ്രൂഷ നടത്തുന്ന ഡൊമിനിക് അച്ചനെ, അന്ത്യകാലവുമായി ബന്ധപ്പെട്ട ഒരു ധ്യാനപ്രസംഗത്തിന്റെ പേരിൽ, 'ഒരു തട്ടിപ്പുവീരൻ' എന്ന രീതിയിലേയ്ക്കു തരം താഴ്ത്തി വിമർശിക്കുന്ന അങ്ങയുടെ വിവരണം വായിക്കുകയുണ്ടായി. അതുവായിച്ചപ്പോൾ സഭയെയും അതിലെ എല്ലാ വൈദികരെയും സ്നേഹിക്കുന്ന ഒരു വിശ്വാസി എന്ന നിലയിൽ, എന്നെപോലെയുള്ള സാധാരണ വിശ്വാസികൾക്ക് തോന്നാവുന്ന കുറച്ചു സംശയങ്ങൾ ചോദിച്ചുകൊള്ളട്ടെ. 1.)🌸 ഒരു വൈദികൻ മറ്റൊരു വൈദികൻ പറയുന്നതിനെ വിമർശിച്ച് സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ, “വൈദികർ പറയുന്നതെല്ലാം വിശ്വസിക്കാൻ കൊള്ളില്ല” എന്ന ധ്വനി വിശ്വാസികൾക്കിടയിൽ വരുത്തി, പുരോഹിതർവഴിയുണ്ടാകുന്ന വിശ്വാസികളുടെ ആത്മീയവളർച്ചയ്‌ക്ക്‌ തടയിടുകയല്ലേ അങ്ങ് യഥാർത്ഥത്തിൽ ചെയ്തത്? (ഞങ്ങളുടെ ആത്‌മീയ വളർച്ചയ്ക്ക് വൈദികർക്ക് സാധിക്കില്ലെങ്കിൽ സഭയിൽ പുരോഹിതരുടെ ആവശ്യമില്ലല്ലോ) 2.)🌸 ഡൊമിനിക് അച്ചൻ സഭാവിരുദ്ധമായും ബൈബിൾ വിരുദ്ധമായും പഠിപ്പിക്കുന്നതായി തോന്നിയെങ്കിൽ, ഒരേ രൂപതയിൽ ശുശ്രൂഷ ചെയ്യുന്നവർ എന്ന നിലയിൽ, എന്നെങ്കിലും ഇതിനെകുറിച്ച് ഡൊമിനിക് അച്ചനോട് സംസാരിച്ചിട്ടുണ്ടോ? (എന്റെ കുടുംബത്തിലുള്ള ആളെ ഞാൻ ഉപദേശിക്കുന്നത് സോഷ്യൽമീഡിയവഴി വിമർശിച്ചിട്ടല്ല) 3.)🌸 അങ്ങേയ്ക്ക് അങ്ങനെയൊരു പരാതി ഉണ്ടെങ്കിൽ, "ഡൊമിനിക് അച്ചൻ സഭാവിരുദ്ധമായി പ്രസംഗിച്ച് വിശ്വാസികളെ വഴിതെറ്റിക്കുന്നു" എന്ന് സീറോമലബാർ സഭയുടെ തലവനായ ആലഞ്ചേരി പിതാവിനെയോ വർത്തിക്കാനെയോ അറിയിച്ചിട്ടുണ്ടോ? സോഷ്യൽ മീഡിയയിൽ പ്രസിദ്ധപ്പെടുത്തുന്നതിനുമുൻപ് അതല്ലായിരുന്നോ തിരുവസ്ത്രമിട്ടു ബലിയർപ്പിക്കുന്ന ഒരു വൈദികൻ ചെയ്യേണ്ടിയിരുന്നത്? 4.)🌸 പരിശുദ്ധാത്മാവ് ദൈവികദർശനങ്ങൾ പലർക്കും കൊടുക്കുമെന്നുള്ള കാര്യം അങ്ങ് വിശ്വസിക്കുന്നില്ലേ? അങ്ങേയ്ക്ക് അത്തരം ദർശനങ്ങൾ കിട്ടുന്നില്ലാത്തതുകൊണ്ടാണോ ഇതൊക്കെ ഇവർ ചുമ്മാ പറയുന്നതാണെന്ന് അങ്ങേയ്ക്ക് തോന്നാൻ കാരണം? വിദ്യാഭ്യാസം പോലുമില്ലാത്ത ചില സാധാരണ കൗൺസിലർമാർക്കുമുൻപിൽ വന്നിരിക്കുന്നവരുടെ സകല കാര്യങ്ങളും പരിശുദ്ധാത്മാവ്, അവർക്ക് വെളിപ്പെടുത്തിക്കൊടുക്കുന്നുണ്ടെങ്കിൽ, അതിലും എത്രയോ കൂടുതൽ കൃപയും വെളിപ്പെടുത്തലുകളും, വിശുദ്ധിയിലും പ്രാർത്ഥനയിലും ഉപവാസത്തിലും ജീവിക്കുന്ന ഡൊമിനിക് അച്ചനെ പോലെയുള്ളവർക്ക് കർത്താവ്‌ കൊടുക്കും? ഒരു സാധാരണ വിശ്വാസിക്കുള്ള വിശ്വാസംപോലും പരിശുദ്ധാത്മാവിന്റെ കാര്യത്തിൽ അങ്ങേയ്ക്കില്ലേ? 5.)🌸 അങ്ങെന്തുകൊണ്ടാണ് ധ്യാനകേന്ദ്രത്തിലെ ആത്മീയശുശ്രൂഷകളെ ചില യുക്തിവാദികൾ ചെയ്യുന്നതുപോലെ പുച്ഛിക്കുന്നത്? അവിടെപ്പോയി പതിനായിരങ്ങൾ മാനസാന്തരപ്പെടുന്നതും തീരാദുഃഖത്തിൽനിന്നും ദുരിതങ്ങളിൽനിന്നും വിടുതൽ പ്രാപിക്കുന്നതും അങ്ങ് കാണുന്നില്ലേ? അങ്ങുവഴി എത്ര പാപികൾ മാനസാന്തരപ്പെട്ടു? 6.)🌸 അങ്ങയെപ്പോലെയുള്ളവർ ധ്യാനഗുരുക്കന്മാരെ കളിയാക്കുമ്പോൾ പല വിശ്വാസികൾക്കും അത് അവരോടുള്ള വിദ്വേഷത്തിന് കാരണമാകുമെന്നും അങ്ങനെ അവർ ധ്യാനകേന്ദ്രത്തിൽനിന്നും ആത്മീയ ശുശ്രൂഷകളിൽനിന്നും അകലുമെന്നും അങ്ങേയ്ക്ക് അറിയില്ലേ? അതോ അതാണോ അങ്ങ് ആത്യന്തികമായി ആഗ്രഹിക്കുന്നത്? ഇടയനെ അടിച്ചാൽ അജഗണങ്ങൾ ചിതറും എന്നപോലെതന്നെ, ഒരു ഇടയൻ, മറ്റൊരിടയനെ അടിച്ചാലും അജഗണങ്ങൾ, സഭയും ദൈവവിശ്വാസവും വിട്ട് ചിതറും എന്ന് അങ്ങേയ്ക്കറിയില്ലേ? 7.)🌸 അങ്ങനെ കേരളകത്തോലിക്കാസഭയിൽനിന്നും സഭയുടെ ആത്മീയ ശുശ്രൂഷകളിൽനിന്നും സഭാനേതൃത്വത്തിൽനിന്നും വഴിമാറി ചിന്തിക്കുന്ന, പിതാവിന്റെ കോലം കത്തിക്കാൻ കൂട്ടുനിന്ന ഒരു കൂട്ടം വൈദികർ സഭയിൽത്തന്നെയുണ്ടല്ലോ. അങ്ങ് ആ കൂട്ടത്തിൽപെടുന്ന ആളല്ലെന്ന് വിശ്വസിച്ചോട്ടെ? 8.)🌸 ധ്യാനകേന്ദ്രങ്ങൾ അങ്ങേയ്ക്ക് വേണ്ട എങ്കിൽ, അതിനുപകരം പാപികളായ മനുഷ്യർ മാനസാന്തരപ്പെടുകയും മാനസിക വ്യഥകളിൽനിന്ന് മോചനം പ്രാപിക്കുകയും അതുവഴി രോഗസൗഖ്യം സംഭവിക്കുകയും ചെയ്യുന്ന മറ്റു സ്ഥലങ്ങൾ അങ്ങേയ്ക്ക് കാണിച്ചുതരുവാൻ പറ്റുമോ? (ഞായറാഴ്ച കുർബാനയ്ക്കു പോയി മാനസാന്തരപ്പെട്ടവരെ ഞാൻ കണ്ടിട്ടില്ല, പക്ഷേ ധ്യാനം കൂടി മാനസാന്തരപ്പെട്ടവർ എന്നെ മുൻപിൽ നിരവധി. ഞാനും അതിൽപ്പെടുന്നു.) 9.)🌸 “അവസാനകാലമാകുന്നു; വിശുദ്ധിയിൽ ജീവിച്ച് സദാ ജാഗരൂകരായിരിക്കുക; കൂടുതൽ പ്രാർത്ഥിക്കുക” എന്നതാണ് ഡൊമിനിക് അച്ചന്റെ ദൈവിക ദർശന സന്ദേശം. അത് തെറ്റാണെന്ന് പറയുവാൻ അങ്ങേയ്ക്കെന്തെങ്കിലും സന്ദേശം ദൈവത്തിൽനിന്ന് കിട്ടിയോ? ഒരുങ്ങിയിരിക്കാൻ മാത്രമല്ലേ പറഞ്ഞുള്ളൂ; വർഷവും സമയവും പറഞ്ഞില്ലല്ലോ? അതെങ്ങനെ ബൈബിൾ വചനങ്ങൾക്കും സഭാപഠനങ്ങൾക്കും വിരുദ്ധമാകും? അങ്ങനെയല്ലെങ്കിൽ ഡൊമിനിക് അച്ചനിലെ ദൈവിക ഇടപെടലിൽ അങ്ങ് അസൂയപ്പെടുന്നു; കുറ്റംപറയുന്നു; അകാരണമായി വിധിക്കുന്നു; പരിഹസിക്കുന്നു; വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു; സർവ്വോപരി പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ നിന്ദിക്കുന്നു. ശരിയല്ലേ? പരിശുദ്ധാത്മാവിനെതിരെ ചെയ്യുന്ന പാപങ്ങൾ ക്ഷമിക്കപ്പെടില്ല എന്ന് യേശു പറഞ്ഞത് അങ്ങേയ്ക്കറിയില്ലേ? പാപം ചെയ്യരുതെന്ന് വിശ്വാസികളെ പഠിപ്പിക്കുന്ന അങ്ങ് ഇതെന്തുകൊണ്ട് ജീവിതത്തിൽ അനുഷ്ടിച്ച് ഞങ്ങൾക്ക് മാതൃകയാകുന്നില്ല? (ഒരു വൈദികനെപോലും ഡൊമിനിക് അച്ചൻ കുറ്റം പറയുന്നത് ഒരു ധ്യാനപ്രസംഗങ്ങളിലും ഞാൻ കേട്ടിട്ടില്ല) 10.)🌸 ധ്യാനഗുരുക്കന്മാർ വി. കുർബാനയ്ക്ക് വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല എന്ന ആരോപണവും അതിൽ കണ്ടു. അതിന്റെ കാരണം അവരെ വിമർശിക്കുവാൻവേണ്ടിയുള്ള പ്രസംഗഭാഗങ്ങൾ മാത്രം അങ്ങു കേട്ടതുകൊണ്ടാകാം. (വി.കുർബാന അർപ്പിക്കാതെ ഒരു ധ്യാനവും, ഒരു ദിവസവും അവസാനിപ്പിക്കാറില്ല എന്ന കാര്യം അങ്ങേയ്ക്കറിയില്ലേ?) വി. കുർബാനയുടെ പ്രാധാന്യത്തെക്കുറിച്ചും ദിവസവും വി. കുർബാനയിൽ സംബന്ധിക്കേണ്ടതിനെക്കുറിച്ചും ഡൊമിനിക് അച്ചൻ, വട്ടായിൽ അച്ചൻ, ഡാനിയേൽ അച്ചൻ തുടങ്ങിയവർ വാതോരാതെ പ്രസംഗിക്കുന്ന വീഡിയോകൾ ഇഷ്ടംപോലെ യൂട്യൂബിൽ ലഭ്യമാണ്. അതിന്റെ ഫലമായി എന്റെ കുടുംബത്തിൽപ്പോലും എല്ലാ ദിവസവും വി.കുർബാനയിൽ മുടങ്ങാതെ സംബന്ധിക്കുന്നവർ ഉണ്ടായിരിക്കുന്നു!!! ഞാനടക്കമുള്ള പലരും പല പാപങ്ങളും ഉപേക്ഷിച്ച് വിശുദ്ധിയിൽ ജീവിക്കുവാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണവും ഇവരുടെ ആത്മീയശുശ്രൂഷവഴി ഞങ്ങൾക്ക് ലഭിച്ച ദൈവകൃപയാണ്. 11.)🌸 ഡൊമിനിക് അച്ചൻ ഏറ്റവും കൂടുതൽ പറയുന്ന വിഷയം വിശുദ്ധിയിൽ ജീവിക്കുന്നതിനെകുറിച്ചാണ്. അന്ത്യകാലവും മരണവും അവസാനവിധിയും വിശുദ്ധിയുമായി ബന്ധപ്പെടുത്തി ഡൊമിനിക് അച്ചൻ പറയുന്നതുകേട്ട് 100 പേരെങ്കിലും വിശുദ്ധിയിൽ ജീവിക്കുവാൻ തീരുമാനിച്ചാൽ അത് എത്രയോ മഹത്തരം.. പകരം അങ്ങയുടെ ഈ വിമശനം കേട്ട് ഒരാൾ കാര്യങ്ങളെ നിസ്സാരവൽക്കരിച്ച് പാപത്തിൽത്തന്നെ തുടരാൻ തീരുമാനിച്ചാൽ അതിന്റെ കാരണം അങ്ങല്ലേ? പാപത്തിൽ തുടരാൻ പ്രേരണ!!! അതായത് അങ്ങയുടെ വിമർശനം കൊണ്ട്‌ പാപത്തിൽ തുടരാൻ താല്പര്യമുള്ളവർക്കുമാത്രം ആശ്വാസം ലഭിച്ചു!!!! ദുഷ്പ്രേരണ കൊടുക്കുന്നവർക്കുള്ള ശിക്ഷാവിധിയും അങ്ങ് ബൈബിളിൽ വായിച്ചിട്ടുണ്ടാകുമല്ലോ… പലരും പാപത്തിൽനിന്ന് അകന്നുനിൽക്കാൻ തീരുമാനിക്കുന്നത് ദൈവത്തിന്റെ ശിക്ഷാവിധിയെ പേടിച്ചിട്ടുതന്നെയാണ്. "അവസാനകാലത്തെക്കുറിച്ചോർത്ത് ഇപ്പോൾ പേടിക്കേണ്ട; ഡൊമിനിക് അച്ചൻ ചുമ്മാ പറയുന്നതാണ്; ഇപ്പോൾ ജീവിക്കുന്നതുപോലെ ജീവിച്ചുകൊള്ളുക" എന്നല്ലേ അങ്ങ് പറയാതെ പറയുന്നത്? "നാളെ ലോകാവസാനം ഇല്ല " എന്ന് ഉറപ്പിച്ചുപറയാൻ അങ്ങേയ്ക്കും പറ്റില്ലല്ലോ. അവസാനകാലം ഉടനെ ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും വിശുദ്ധിയിൽ മരിക്കണം എന്ന് അങ്ങെന്തേ ചിന്തിക്കാത്തത്? 12.)🌸 വിശുദ്ധിയിൽ ജീവിക്കുന്ന ഒരാൾക്ക് മറ്റൊരാളെ കുറ്റം പറയാൻ സാധിക്കുമോ? പ്രത്യേകിച്ച് ആയിരക്കണക്കിനാളുകളെ മനസാന്തരത്തിലേയ്ക്കും വിശുദ്ധിയിലേയ്ക്കും നയിക്കുന്ന, ആഗോളകത്തോലിക്കാസഭയിലെ, മാർപാപ്പ അംഗീകരിച്ച അന്താരാഷ്ട്ര ഭൂതോച്ചാടന വൈദിക സംഘത്തിലെ മെമ്പർ ആയ ഒരു വൈദികനെ സോഷ്യൽ മീഡിയയിൽ പരിഹസിച്ചു കുറ്റംപറയുന്നത് വിശുദ്ധിക്കെതിരായ പാപമല്ലേ? 13.)🌸 അന്ത്യകാലം അടുത്തെത്തി എന്ന ഡൊമിനിക് അച്ചന്റെ പ്രവചനംമൂലം പലരും സ്വന്തം കടമകൾ ചെയ്യാതെ ഒരുക്കശുശ്രൂഷ തുടങ്ങിയെന്നും ഇങ്ങനെപോയാൽ ഇത് സഭയിൽ മഹാവിപത്തായി മാറുമെന്നും അതുകൊണ്ടാണ് അങ്ങ് കാര്യങ്ങൾ തുറന്നുപറയാൻ തീരുമാനിച്ചതെന്നും അതിൽ വായിച്ചു. ഡൊമിനിക് അച്ചന്റെ വാക്കുകേട്ട് സ്വന്തം കടമകൾ ചെയ്യാതെ വെറും ഒരുക്കശുശ്രൂഷയുമായി കഴിയുന്ന ഒരാളെ അങ്ങേയ്ക്ക് കേരളകത്തോലിക്കാസഭയിൽ കാണിച്ചുതരാമോ? (ചില വ്യക്തികേന്ദ്രീകൃതസഭയിൽ അങ്ങനെ ചെയ്യുന്നവരുണ്ടാകാം. അതെന്തായാലും കാതോലിക്കാവൈദികരുടെ വാക്കുകേട്ടിട്ടല്ല) ഡൊമിനിക് അച്ചന്റെ വാക്കുകേട്ടിട്ടുള്ള ഒരുക്കത്തിന്റെ ഭാഗമായി ചിലർ വി. കുർബാനയുടെ എണ്ണവും ഉപവാസപ്രാർത്ഥനയും കൂട്ടിയിട്ടുണ്ടാകാം. അല്ലാതെ ഒരുക്കത്തിന്റെ ഭാഗമായി ആരാണ് സ്വന്തം കുട്ടികളെ സ്കൂളിൽ വിടാത്തത്? ആരാണ് ജോലി രാജിവച്ചത്? ആരാണ് കുടുംബത്തിന്റെ വരുമാനം വേണ്ടെന്നുവച്ചത്? ഡൊമിനിക് അച്ചന്റെ വാക്കുകേട്ട് ആളുകൾ വിശുദ്ധിയിലും പ്രാർത്ഥനയിലും ജീവിക്കുന്നതിനെ അങ്ങെന്തിനാണ് എതിർത്തു തടയാൻ ശ്രമിക്കുന്നത്? സന്യാസഭവനങ്ങളിൽപോലും ഒരുക്കപ്രാർത്ഥന നടത്തുന്നത് അങ്ങയെ അസ്വസ്ഥനാക്കുന്നു. സന്യാസഭവനങ്ങളിൽ പ്രാർത്ഥനയല്ലാതെ പിന്നെന്തുനടക്കണമെന്നാണ് അങ്ങ് പറയുന്നത്!!! അവർ തീർച്ചയായും പ്രാർത്ഥിക്കുന്നത് ലോകത്തിനുവേണ്ടിയായിരിക്കും. അതിൽ എന്താണ് തെറ്റ്!!! 14.)🌸 ഇതിൽ എഴുതിയതിൽ എന്തെങ്കിലും അങ്ങയെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കുക. അങ്ങ് വിമർശിച്ചതുപോലെ ഇടിമുഴക്കംപോലെയുള്ള സാങ്കേതികസംവിധാനത്തിന്റെ സൗണ്ടിൽ അച്ചൻ വിളിച്ചുകൂവുമ്പോൾ ആളുകൾക്ക് വിശുദ്ധിയിൽ ജീവിക്കാൻ തോന്നിയാൽ അതല്ലേ വലുത്? (അതിലും വലിയ DTS സൗണ്ടിൽ സിനിമ പ്രദർശിപ്പിക്കുന്നതിനെ ആരും വിമർശിക്കുന്നത് കണ്ടിട്ടില്ല !!!) അന്ത്യകാലം 1000 വർഷം കഴിഞ്ഞാണെങ്കിലും മരണം 100 വർഷങ്ങൾക്കുള്ളിൽ എല്ലാവർക്കും ഉണ്ട്. അതുകൊണ്ട് ഡൊമിനിക് അച്ചന്റെ വാക്കു വിശ്വസിച്ചിട്ടാണെങ്കിലും ആളുകൾ വിശുദ്ധിയിൽ ജീവിക്കുവാൻ ശ്രമിക്കട്ടെ. 🌸 സ്വന്തം ബുദ്ധിയിലും യുക്തിയിലും ആശ്രയിക്കാതെ അങ്ങും പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കുക. പരിശുദ്ധാത്മാവിന്റെ വരങ്ങളും ഫലങ്ങളും ദാനങ്ങളും അങ്ങേയ്ക്കും ലഭിക്കും. അതിനുള്ള ആദ്യത്തെ യോഗ്യതയായ വിശുദ്ധിക്കുവേണ്ടിയുള്ള ദൈവകൃപ ലഭിക്കുവാൻ നമുക്കോരോരുത്തർക്കും പരസ്പ്പരം പ്രാർത്ഥിക്കാം. 🌸 നിങ്ങൾ വൈദികർ തമ്മിൽ ആത്മീയകാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് വിശ്വാസികൾക്കിടയിലേയ്ക്ക് എറിഞ്ഞുകൊടുത്ത്, നിങ്ങളെ ഞങ്ങൾ വെറുക്കുന്നതിന് നിങ്ങൾതന്നെ കാരണമാകാതെ, അത് സൗഹാർദ്ദപരമായി നിങ്ങളുടെ ഇടയിൽത്തന്നെ പരിഹരിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട്…. സ്നേഹപൂർവ്വം… റെനിറ്റ് അലക്സ് 🌸🌸


 Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |