Home | Articles | 

Kerala.myparish.net
Posted On: 06/03/19 15:04

 

കത്തോലിക്ക സഭയെ വ്യത്യസ്തമാക്കുന്നത് എന്താണ്? -AMORIS LAETITIA എന്ന അപ്പസ്തോലിക പ്രബോധത്തിന്റെ പശ്ചാത്തലത്തിൽ നടത്തുന്ന വിശകലനം - യേശു ക്രിസ്തു സ്ഥാപിച്ച കത്തോലിക്ക സഭയുടെ അനന്യതയെ കുറിച്ച് മനസ്സിലാക്കേണ്ടത് ഈ കാലഘട്ടത്തിൽ ഓരോരുത്തരുടേയും ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തിന് വളരെ വളരെ അത്യാവശ്യമാണ്. കത്തോലിക്ക സഭയെ ഒരു " സാമ്പാർ കറി " കണക്കെ ചിത്രീകരിക്കുന്ന രീതിയിൽ അത്ര മാത്രം തെറ്റുകളും അകത്തോലിക്ക ചിന്ത ധാരകളുമാണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ത്. കത്തോലിക്ക സഭയുടെ അനന്യത (uniquiness - സമാനതകളില്ലാത്തത്) എന്നു പറയുന്നത് അതിനെ സ്ഥാപിച്ച യേശു ക്രിസ്തുവും യേശുക്രിസ്തു സ്വീകരിക്കുകയും പ്രഘോഷിക്കുകയും സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുകയും തന്നിൽ വിശ്വസിക്കുന്നവരോട് അനുകരിക്കാൻ ആഹ്വാനം നല്കിയിട്ടുള്ള ദൈവവചനവും ആ ദൈവ വചനങ്ങളുടെ അതിസ്വഭാവിക അർത്ഥങ്ങളുമാണ്. പരിശുദ്ധ കന്യകമറിയം വൈദികർക്ക് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ് ഇത് ( ദിവ്യ നാഥ വൈദീകരോട് സംസാരിക്കുന്നു സന്ദേശം 406). അതി സ്വഭാവിക അർത്ഥങ്ങൾ ഉള്ളതാണ് ബൈബിളിലെ ദൈവ വചനങ്ങൾ എല്ലാം തന്നെ . വാക്കുകളുടെ അർത്ഥത്തോടൊപ്പം അതിസ്വഭാവിക തലങ്ങളും ദൈവവചനങ്ങൾക്കുണ്ട്. യേശു ക്രിസ്തു ഈ അതി സ്വഭാവിക അർത്ഥങ്ങൾ ഉൾകൊണ്ട് മനുഷ്യനായി ജനിച്ചു, ജീവിച്ചു , പീഢയേറ്റു, പാപപരിഹാര ബലിയായി, രക്തചിന്തി , മരിച്ച്, ഉത്ഥാനം ചെയ്തു. ദൈവ വചനത്തിന്റെ ഈ അതി സ്വഭാവിക അർത്ഥം എന്താണെന്ന് യേശുക്രിസ്തു തന്നെ അത്തി വൃക്ഷത്തെ , ഫലം തരാത്തതു കൊണ്ട് ശപിക്കുന്ന സംഭവത്തിലൂടെ ശിഷ്യർക്കും വിശ്വാസികൾക്കും വിശദമാക്കിയിട്ടുണ്ട്. വി.മത്തായിയുടെ സുവിശേഷം ഇരുപത്തിയൊന്നാം അദ്ധ്യായം 18 മുതൽ 22 വരെയുള്ള വചനങ്ങളും വി. മർക്കോസിന്റെ സുവിശേഷം പതിനൊന്നാം അദ്ധ്യായം 12 മുതൽ 14 വരെയുള്ള വചനങ്ങളും ഇതിനായ് വായിക്കേണ്ടതുണ്ട്. അത്തി പഴം ഉണ്ടാകാത്ത കാലമായിരുന്നിട്ടും വിശന്നിരുന്ന യേശു അത്തി പഴം അന്വേഷിച്ച് അത് കിട്ടാതെ വന്നപ്പോൾ ആ മരത്തെ ഉണക്കി കളയുന്നു. ഫലം ഉണ്ടാകാത്ത കാലം ആയിരുന്നിട്ട് പോലും ഫലം അന്വേഷിക്കുകയും അത് ലഭിക്കാതെ വന്നപ്പോൾ ശപിക്കുകയും ചെയ്ത പ്രവൃത്തി അനുചിതമായിപ്പോയി എന്ന് തോന്നിപ്പോകും. എന്നാൽ ജറുസലേം ബൈബിളിന്റെ അടികുറിപ്പിൽ ഇതിന്റെ വ്യാഖ്യാനം നല്കിയിട്ടുണ്ട്. യേശു നടത്തിയത് ഒരു പ്രതീകാത്മ പ്രവൃത്തിയായിരുന്നു (Symbolic action) . അത്തി വൃക്ഷം ഫലം തരാത്ത ഇസ്രായേൽ ജനതയെ പ്രതിനിദാനം ചെയ്യുന്നു. ( ജറുസലം ബൈബിൾ അടിക്കുറിപ്പ് 21 d). ഫലം തരാത്ത അത്തി വ്യക്ഷത്തെ ശപിച്ചു എന്നതു പോലെ പ്രധാന്യമർഹിക്കുന്നതാണ് ശാപത്തെ തുടർന്ന് അത് പെട്ടെന്ന് തന്നെ ഉണങ്ങി പോയി എന്നതും. അത്തി വൃക്ഷം ഉണങ്ങി പോകട്ടെ എന്നു പറഞ്ഞപ്പോൾ തൽക്ഷണം ആ മരം ഉണങ്ങിപ്പോകുന്നു. പിന്നിട് യേശു പറഞ്ഞ വചനത്തിൽ നിന്നാണ് ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥം യേശു ശിഷ്യരെ പഠിപ്പിക്കുന്നത്. നിങ്ങൾക്ക് കടുക് മണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ അത്തിമരത്തോട് ഞാൻ ചെയ്തത് മാത്രമല്ല ചെയ്യാൻ കഴിയുക എന്നാണ് അവിടുന്ന് പറഞ്ഞത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് കിട്ടുന്ന അനന്തമായ അതി സ്വഭാവിക കാര്യങ്ങളേയും കൃപകളേയും കുറിച്ചാണ് യേശു പിന്നിട് വെളിപ്പെടുത്തിയത്. വിശ്വസിച്ചാൽ ഈ മലയോടു ഇവിടെ നിന്ന് മാറി കടലിൽ ചെന്ന് വീഴാൻ പറഞ്ഞാൽ അങ്ങനെ സംഭവിക്കും എന്നു പറഞ്ഞു കൊണ്ടാണ് യേശു ഈ ദൈവ വചനത്തിന്റയും ദൈവ വിശ്വാസത്തിന്റെയും അതി സ്വഭാവിക അർത്ഥം ശിഷ്യരെ പഠിപ്പിക്കുന്നത്. അവിടുന്ന് ചെയ്ത അൽഭുതങ്ങൾ എല്ലാം തന്നെ അതി സ്വഭാവികതലത്തിലുള്ള പ്രവൃത്തികൾ ആയിരുന്നു. വെള്ളത്തിന്റെ മീതെ നടന്നത് , വെളളത്തെ വീഞ്ഞാക്കിയത് , മരിച്ച പോയ ലാസറിനെ ഉയിർപ്പിച്ചത് , രക്തസ്രാവക്കാരിയെ സുഖപ്പെടുത്തിയത്, കുഷ്ഠരോഗിയെ സുഖപ്പെടുത്തിയത് അങ്ങനെ എല്ലാ അൽഭുതങ്ങളും തൽക്ഷണം സംഭവിച്ചതായി സുവിശേഷത്തിൽ നാം വായിക്കുന്നു. ഈ അൽഭുതങ്ങളെല്ലാം സാധാരണ പ്രവൃത്തികളായിരുന്നില്ല. ദൈവ വചനത്തിന്റെ ഈ അതി സ്വഭാവിക അർത്ഥത്തെ അവഗണിച്ചാൽ പിന്നെ ക്രിസ്തിയതയിൽ മറ്റു മതങ്ങളെ അപേക്ഷിച്ച് ''വിശേഷ വിധിയായിട്ട് " ഒന്നുമില്ല ! ഇന്ന് ദൈവചനത്തിന്റെ ഈ അതി സ്വഭാവിക അർത്ഥം നിരാകരിച്ച് ജീവിക്കാൻ വിശ്വാസികളുടെ ചുറ്റും തെറ്റായി പഠിപ്പിക്കലുകളും വ്യാഖ്യാനങ്ങളും " വട്ടം ഇട്ട് പറക്കുന്നുണ്ട് ". ഇതിനെ കുറിച്ച് വിശ്വാസികൾ ഈ കാലഘട്ടത്തിൽ ജാഗരൂകരാകേണ്ടതുണ്ട്. യേശുവിന്റെ ജീവിതം തന്നെ എടുത്താൽ മാംസം ധരിച്ച ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥം ആണ് അവിടുന്നിൽ കാണാൻ കഴിയുക. പുരുഷ ബന്ധം കൂടാതെ കന്യകയിൽ നിന്നുള്ള ജനനം തുടങ്ങി നിരവധി അൽഭുതങ്ങൾ , രക്തം ചിന്തി പാപപരിഹാർത്ഥ മുള്ള കുരിശ് മരണം, ഉയിർപ്പ് എല്ലാം എല്ലാം ദൈവവചനത്തിന്റെ അതി സ്വഭാവിക പ്രവൃത്തികൾ വിളിച്ചോതുന്നു. മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തിയെന്നാണ് (യോഹ 15:24) യേശു മനുഷ്യനെ പാപത്തിൽ നിന്നുള്ള മോചിപ്പിക്കാനുള്ള തന്റെ രക്ഷാകര പ്രവൃത്തിയെ സ്വയം വിശേഷിപ്പിക്കുന്നത്. " ..... ഒരു പക്ഷേ ഒരു നല്ല മനുഷ്യന് വേണ്ടി മരിക്കാൻ വല്ലവരും തുനിഞ്ഞെത്തു വരാം. എന്നാൽ നാം പാപികളായിരിക്കെ , ക്രിസ്തു നമുക്കു വേണ്ടി മരിച്ചു " (റോമ 5: 7, 8 ) . ദൈവം ചെയ്ത ഈ പ്രവർത്തി മറ്റൊരിടത്തും കാണാനാകുകയില്ല. മനുഷ്യന് ഒരു അവകാശവും ആ പ്രവൃത്തിയുടെ മേൽ ഇല്ല . ദൈവത്തിന്റെ കരുണ ഒന്നു മാത്രമാണ് അത് . അത് ലോകത്തിലെ ക്രിസ്ത്യാനികൾക്കു വേണ്ടി മാത്രമല്ല എല്ലാ മനുഷ്യർക്കും വേണ്ടിയുള്ളതാണ്. ആ രക്ഷാകര പ്രവൃത്തിയെ, മറ്റാരും ചെയ്തിട്ടില്ലാത്ത ആ പ്രവൃത്തിയെ നിരാകരിക്കുന്നത് ആണ് ഒരുവന്റെ അടിസ്ഥാന പാപം. " ഞാൻ വന്ന് സംസാരിച്ചില്ലായിരുന്നെങ്കിൽ അവർക്ക് പാപമുണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തെക്കുറിച്ച് അവർക്ക് ഒഴികഴിവില്ല " (യോഹ 15:22) . അർഹതയില്ലാഞ്ഞിട്ടും ഒരു ആനുകൂല്യം തന്നിട്ട് അതിനെതിരെ മുഖം തിരിച്ച് നിൽക്കുന്നവനോട് ഇനി എന്ത് "കരുണയാണ് " ദൈവം കാണിക്കേണ്ടത്? അവിടുത്തെ അനുകരിച്ച അപ്പസ്തോലൻമാരും വിശുദ്ധരും ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങൾ പിൻചെന്നു. എന്നിൽ വിശ്വസിക്കുന്നവർ ഞാൻ ചെയ്ത പ്രവൃത്തിയേക്കാൾ വലിയവ ചെയ്യാൻ (യോഹ 14:12) കൃപ കൊടുക്കുന്ന ദൈവത്തെയാണ് സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്നത്. ഇതൊന്നും "പ്രായോഗികമല്ല" എന്ന് വിശുദ്ധർ കരുതിയില്ല. വിശ്വാസത്തിന് വേണ്ടി ജീവൻ ഹോമിക്കേണ്ടി വന്നപ്പോൾപ്പോലും അവർ ക്രിസ്തുവിലുള്ള വിശ്വാസത്തെ ആശ്ലേഷിക്കുകയാണ് ചെയ്തത്. ക്രിസ്തുവിനെ അനുകരിക്കുന്ന കത്തോലിക്ക സഭയിലെ ഒരു വൈദികനെ നോക്കൂ. ജിവിതാന്ത്യം വരെ യേശുവിനോടുള്ള സ്നേഹത്താൽ സ്വന്തം ശരീരത്തെ ബലിയാക്കി ബ്രഹ്മചര്യം അനുഷ്ഠിക്കുന്നു (വ്യതമായി എടുത്താലും സഭാ നിയമത്തിന്റെ ഭാഗമായി എടുത്താലും യേശുവിനോടുള്ള സ്നേഹമാണ് വൈദികരുടെ ബ്രഹ്മചര്യത്തിന് അടിസ്ഥാനമാകുന്നത് അഥവാ അടിസ്ഥാനമാകേണ്ടത്!) കന്യാസ്ത്രീയുടെ ജിവിതവും അതുപോലെ തന്നെ. കുടുംബ ജീവിതം നയിക്കുന്ന ഒരു അല്മായ നെ നോക്കുക . എന്തൊക്കെ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടായാലും ജീവിത പങ്കാളിയെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിച്ച് മരണം വരെ വിശ്വസ്തരായി ആ ജിവിത പങ്കാളിയുമൊത്ത് ജീവിക്കുന്നു. ഇതെല്ലാം ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങളെ അവർ വിശ്വസിക്കുകയും പിൻതുടരുകയും ചെയ്യുന്നു എന്നതിന്റെ നേർകാഴ്ചകളാണ്. മറ്റൊരിടത്തും ദൈവത്തോടുള്ള സ്നേഹത്തെ പ്രതി ഇത്തരം " ബലികൾ " കാണാൻ സാധിക്കില്ല. ഇതാണ് ക്രൈസ്തവ വിശ്വാസത്തെ മറ്റെല്ലാ ത്തിൽ നിന്നും വേർതിരിക്കുന്നത്. ഈ അന്യത്യത ഉപേക്ഷിച്ചാൽ "വെറുതെ " ഒരു മത മാത്രംമാകും ക്രൈസ്തവ മതം! അങ്ങനെ "വെറുതെ "ഒരു മതമാകാൻ യേശു ക്രിസ്തുവിന് ഇങ്ങനെയുള്ള മരണം വരിക്കേണ്ടതിന്റെ "അവശ്യം " ഉണ്ടായിരുന്നില്ല!. ഒരു മതം സ്ഥാപിക്കാൻ ജിവത്യാഗം തന്നെ വേണമെന്നില്ല. ദൈവ വചനത്തിലെ അതിസ്വഭാവിക അർത്ഥം കൈവിടുന്നതിനെ പുരോഗമനമായിട്ടോ ''കരുണ " ആയിട്ടോ കണക്കാക്കാൻ സാധിക്കില്ല. മറിച്ച് പരാജയം സമ്മതിച്ച് കത്തോലിക്ക സഭയിൽ നിന്നുള്ള "പുറത്തത്തേയ്ക്കുപോകലായിട്ടേ " അതിനെ കാണാൻ സാധിക്കുകയുള്ളൂ. ദൈവ വചനത്തിന്റെ അതിസ്വഭാവിക അർത്ഥങ്ങളെ നിരാകരിക്കുന്നവരുടെ മനസ്സിലിരിപ്പ് എന്താണ് ? പരിശുദ്ധ അമ്മ mmp സന്ദേശം 406 ൽ ഇങ്ങനെ പറയുന്നു. " സഭാതലത്തിലുള്ള ഫ്രീ മേസൻ സംഘടന സ്വാഭാവികമായും യുക്തിവാദപരവുമായ വ്യാഖ്യാനങ്ങൾ നല്കികൊണ്ട് ദൈവ വചനത്തെ അസ്പഷ്ടമാക്കുകയും എളുപ്പം മനസ്സിലാക്കാനും എല്ലാവർക്കും സ്വീകാര്യമാക്കുവാൻ എന്ന " ന്യായം " പറഞ്ഞ് ദൈവവചനത്തിന്റെ അതി സ്വാഭാവിക അർത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു ". കഴിഞ്ഞ കുടുംബ നിന്നഡിന് ശേഷം പുറപ്പെടുവിച്ച AMORIS LAETITIA എന്ന അപ്പസ്തോലിക പ്രബോധനം ദൈവവചനത്തിന്റെ അതി സ്വാഭാവിക അർത്ഥ തലങ്ങളുടെ പശ്ചാത്തലത്തിൽ ആണ് വിലയിരുത്തപ്പെടേണ്ടത്. വിവാഹ ബന്ധം പല കാരണങ്ങളാൽ തകർന്ന് പങ്കാളികൾ വേറെ പങ്കാളികളുമായി സഹവാസം തുടങ്ങിയവരെ കുറിച്ച് ഇങ്ങനെയാണ് ആ പ്രബോധന രേഖയിൽ കാണുന്നത് ..... ആരേയും എന്നേന്നേയ്ക്കുമായി കുറ്റം വിധിക്കാതിരിക്കുന്ന രീതിയാണ് സഭയുടേത് എന്ന് " ( para 296). ഒറ്റ നോട്ടത്തിൽ നോക്കുബോൾ ഇത് ദൈവവചനാനുസൃതമായി തോന്നിയേക്കാം. വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത് (മത്താ 7:1) എന്ന് വചനം തന്നെ പറയുന്നുണ്ടല്ലോ. എന്നാൽ വ്യക്തിപരമായി ഒരു വ്യക്തി മറ്റൊരു വ്യക്തിയെ വിധിക്കരുത് എന്ന് വചനത്തിൽ പറയാൻ കാരണം ഉണ്ട്. വിധിക്കപ്പെടുന്ന വ്യക്തിയ്ക്ക് തുടർന്നു അനുതപിക്കാൻ അവസരം ഉള്ളതുകൊണ്ടും ദൈവമാണ് പാപക്ഷമ കൊടുക്കുന്നവൻ എന്നുള്ളതുകൊണ്ടും ഈ ലോകത്ത് ഒരാൾക്കും വേറെരൊളെ വിധിക്കാൻ സാധിക്കില്ല. മാത്രമല്ല വിധിക്കുന്ന ആൾ തന്നെ പാപം (ഒരു വേള വിധിക്കപ്പെടുന്നവൻ ചെയ്ത അതേ പാപം!) ചെയ്ത് ദൈവത്തിൽ നിന്നകന്ന് പോയേക്കാം എന്ന സാധ്യതയുമുണ്ട്. .അതിനാൽ വചനം ഇങ്ങനെ കൂടെ പറയുന്നുണ്ട് ; '''....വിധിക്കുന്ന നീയും അതേ കുറ്റങ്ങൾ ചെയ്യുന്നു (റോമ 2:1) ഇവിടെ ക്രിസ്തീയതയിൽ , അടിസ്ഥാനമാകുന്നത് അനുതാപവും അനുതപിക്കുന്നതിനുള്ള ഫലപ്രദമായ സാധ്യതയുമാണ്. ഇതാണ് പരമ പ്രധാനം. ക്രിസ്തീയതയുടെ അടിസ്ഥാനം അനുതാപം ആണ്. യേശുവിന്റെ സുവിശേഷദൗത്യം ആരംഭിക്കുന്നത് തന്നെ "അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കാനുള്ള ആഹ്വാനത്തോടെയാണ്(മർക്കോ1:15) . അനുതാപം അത്രയ്ക്കും പ്രാധാന്യമർഹിക്കുന്നതാണ്. അനുതപിക്കുക എന്നത് നല്ലവനായ ദൈവത്തിൽ നിന്ന് പാപിയ്ക്കു കിട്ടിയിരിക്കുന്ന ആദ്യത്തെയും അവസാനത്തെയും ആയ ഒരു ''ചാൻസ്'' ആണ്. അതിനുള്ള വിലയൊടുക്കിയത് യേശുവും അവിടുത്തെ രക്ത ചിന്തലുമാണ്. എന്നാൽ ക്രൈസ്തവ ജീവിതത്തിൽ ചില നിലപാടുകൾ സ്വീകരിക്കുന്നതു വഴി ഒരു വന് തന്റെ പാപങ്ങളിൽ മേൽ അനുതപിക്കാനുള്ള സാധ്യത തീർത്തും ഇല്ലതായി പോകുന്ന സാഹചര്യങ്ങൾ ഉണ്ട്. അതിൽ ഒന്നാണ് വിവാഹം എന്ന കൂദാശ സ്വീകരിച്ചതിന് ശേഷം വേർപിരിഞ്ഞ് മറ്റൊരു പങ്കാളിയുമായി കത്തോലിക്ക സഭ ആശീർവദിക്കാത്ത മറ്റൊരു വിവാഹജീവിതം ആരംഭിക്കുക എന്നു പറയുന്നത്. അവിടെ പിന്നെ സഭ ഒരിക്കൽ എന്നന്നേയ്ക്കുമായി ആശീർവദിച്ച വിവാഹം സ്വന്തം ഇഷ്ടത്താൽ വേർപിരിഞ്ഞതിനെ കുറിച്ച് അനുതപിക്കാൻ പിന്നെ അയാൾക്കാവില്ല. ദൈവചനവും ഇത് സാക്ഷ്യപ്പെടുത്തുണ്ട് . " ഒരിക്കൽ പ്രകാശം ലഭിക്കുകയും സ്വർഗീയ സമ്മാനം ആസ്വദിച്ചറിയുകയും പരിശുദ്ധാത്മാവിൽ പങ്കുകാരാവുകയും ദൈവവചനത്തിന്റെ നൻമയും വരാനിരിക്കുന്ന യുഗത്തിന്റെ ശക്തിയും രുചിച്ചറിയുകയും ചെയ്തവർ വീണു പോവുകയാണെങ്കിൽ അവരെ അനുതാപത്തിലേക്ക് പുനരാനയിക്കുക അസാധ്യമാണ്. കാരണം, അവർ ദൈവപുത്രനെ സ്വമനസ്സാ അധിക്ഷേപിക്കുകയും വീണ്ടും കുരിശിൽ തറയ്ക്കുകയും ചെയ്തു" ( ഹെബ്ര 6:4-6) . സഭാ നിയമപ്രകാരം ഒരു ജീവിത പങ്കാളിയെ സ്വീകരിക്കുന്ന വിശ്വാസിയ്‌ക്ക് മേല് വചനം വാഗ്ദാന ചെയ്യുന്ന വിശിഷ്ട ദാനങ്ങളും കൃപകളും പ്രാപിച്ചെടുക്കാനുള്ള വേദിയാണ് അവർ തിരഞ്ഞെടുത്ത വിവാഹം എന്ന കൂദാശ . ദൈവത്തിന് എല്ലാം സാധ്യമാണ് എന്ന് എഴുതി യിരിക്കുന്ന ബൈബിളിൽ തന്നെ ഒരു കാര്യം അസാധ്യമാണ് എന്ന് പറഞ്ഞിരിക്കുന്നത് ഇവിടെയാണ്! അനുതാപത്തിലേക്ക് പുനരാനയിക്കുക എന്നത് അസാധ്യമാണെങ്കിൽ ആ വ്യക്തിയുടെ മേൽ ദൈവത്തിന് ഇനി എന്താണ് ചെയ്യാൻ കഴിയുക ? . ഫലപ്രദമായ ഒരു അനുതാപത്തിന് സാധ്യതയില്ല. യേശുക്രിസ്തുവിലൂടെ ദാനം ആയി കൊടുത്ത അവസരം അയാൾ ബോധപൂർവ്വം തള്ളിക്കളഞ്ഞു. നാമാന്റെ കുഷ്ഠം മാറിയത് അയാൾ എലീഷാ പ്രവാചകനെ അനുസരിച്ചതുകൊണ്ടാണ് ( 2 രാജ 5:14) അനുസരിച്ചില്ലായിരുന്നെങ്കിൽ നാമാൻ കുഷ്ഠരോഗിയായി തന്നെ തുടരുമായിരുന്നു . ഇസ്രായേലിൽ അന്നും ധാരാളം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. പക്ഷേ നാമാൻ മാത്രമേ സുഖപ്പെട്ടുള്ളൂ. അനുസരിക്കാതെ ഇരുന്നിരുന്നെങ്കിൽ നാമന്റെ കുഷ്ഠം മാറില്ലായിരുന്നു. അങ്ങനെ അനുസരിച്ചില്ലായിരുന്നെങ്കിൽ പിന്നെ നാമാന് എന്ത് "കരുണ " യാണ് ലഭിക്കുക ? വചനം തുടർന്നു പറയുന്നു " കൂടെ കൂടെ പെയ്യുന്ന മഴവെള്ളം കുടിക്കുകയും ആർക്കുവേണ്ടി കൃഷി ചെയ്യപ്പെടുന്നുവോ അവരുടെ പ്രയോജനത്തിനായ് സസ്യങ്ങളെ മുളപ്പിക്കുകയും ചെയ്യുന്ന ഭൂമി ദൈവത്തിൽ നിന്ന് അനുഗ്രഹം പ്രാപിക്കുന്നു. ഞെരിഞ്ഞിലുകളും മുള്ളുകയുമാണ് പുറപ്പെടുവിക്കുന്നതെങ്കിലോ അതു പരിത്യക്തമാണ്. അതിന് മേൽ ശാപം ആസന്നമാണ്. ദഹിപ്പിക്കപ്പെടുക എന്നതായിരിക്കും അതിന്റെ അവസാനം " (ഹെബ്ര 6:7-8) . ദൈവത്തിന്റെ സ്നേഹവും കരുണയും നമ്മുക്ക് ഒരിക്കലും അളക്കാനാവില്ല. എന്നാൽ "ഫലപ്രദമായ " അനുതാപം അസാധ്യമാക്കിയ വ്യക്തിയെ സംബദ്ധിച്ച് വീണ്ടും യേശു ക്രിസ്തുവിലൂടെയുള്ള ഒരു "കരുണ " അല്ലെങ്കിൽ യേശുവിലൂടെയല്ലാതെയുള്ള ഒരു "കരുണ " കത്തോലിക്ക സഭയുടെ പഠനത്തിലില്ല. ജീവിതത്തിലെ ചില " തീരുമാനങ്ങൾ " കൊണ്ട് ഒരുവന് തുടർന്ന് അനുതപിക്കുക എന്നത് അസാധ്യമായാൽ അതാണ് ദൈവത്തിന്റെ സ്നേഹത്തിന്റെയും കരുണയുടെയും പരിധി. ഇങ്ങനെ ദൈവത്തിന്റെ സ്നേഹത്തിനും കരുണയ്ക്കും പരിധിയില്ലായിരുന്നെങ്കിൽ ഈ ഭൂമിയിൽ ഒരുവൻ എന്ത് ചെയ്താലും അതെല്ലാം ദൈവത്തിന്റെ മുന്നിൽ "ഒ.കെ " ആകുമായിരുന്നു! ഫലം തന്നില്ലെങ്കിലും അത്തിമരത്തെ (ഇസ്രായേൽക്കാരെ) യേശു അങ്ങനെയാണെങ്കിൽ "ശപിക്കാൻ " പാടില്ലായിരുന്നു! ഇനി പങ്കാളിയുമായി വേർപിരിയുന്നതിന്റെ കാരണം കേൾക്കേണ്ട? .അത് വളരെ രസകരമാണ് ! രൂപത കോടതിയിൽ ശുശ്രുഷ ചെയ്യുന്ന ഒരു വൈദികൻ പങ്കുവെച്ചതാണ്. അനേകം ദമ്പതികൾ വിവാഹങ്ങൾ മോചനത്തിനായ് സഭ കോടതികളിൽ കേസ് ( കത്തോലിക്ക സഭയിൽ സാധുവായ ഒരു വിവാഹത്തിന് പിന്നീട് മോചനം നല്കാൻ ആർക്കും അധികാരമില്ലെന്നിരിക്കില്ലും.....) കൊടുത്തിരിക്കുന്നതിന്റെ കാരണങ്ങൾ കേട്ടാൽ നാണിച്ചു പോകും! ഒരു ഭർത്താവും ഭാര്യയും ഇടഞ്ഞത് കാലത്ത് പല്ലു തേയ്ക്കാൻ ഉപയോഗിക്കുന്ന പേസ്റ്റിന്റെ റ്റ്യൂബ് ഞെക്കുന്നതിനെ സംബദ്ധിച്ചായിരുന്നു. വളരെ ഇക്കണോമിക്കൽ ആയി ജീവിക്കണം എന്ന ആശയക്കാരാനായ ഭർത്താവ് പേസ്റ്റ് എടുക്കാൻ റ്റ്യൂബ് ഞ്ഞെക്കുമ്പോൾ കീഴ് വശത്ത് മെല്ലെ ഞെക്കണം എന്ന് ഭാര്യയോട് നിഷ്കർഷിച്ചു. ഇങ്ങനെയൊന്നും ശീലിക്കുകയോ ഒന്നും ചെയ്യാത്ത സമ്പന്ന കുടുംബത്തിൽ നിന്ന് വന്ന ഭാര്യ അത് അനുസരിക്കാൻ തയ്യാറായില്ലായിരുന്നു . റ്റ്യൂബിന്റെ മദ്ധ്യത്തിൽ ശക്തിയായി ഞെക്കാനാണ് അവൾ പരിശീലിച്ചിട്ടുള്ളത്. സ്വഭാവികമായും ആവശ്യത്തിൽ കൂടുതൽ പേസ്റ്റ് പുറത്ത് വന്ന് നഷ്ടപ്പെട്ടിരുന്നു. ഇതിൽ മനംനൊന്താണ് റ്റ്യൂബിന്റെ ഏറ്റവും അടിയിൽ ഞെക്കാൻ ഭർത്താവ് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നത്. അത് കേൾക്കാൻ ഭാര്യ തയ്യാറായിരുന്നില്ല. ഇതിനെ ചൊല്ലി വഴക്ക് ആരംഭിച്ചു. അത് പിന്നെ വളർന്ന് മറ്റു മേഖലകളിലേക്കും വളർന്ന് പന്തലിച്ചു . അവസാനം അത് സഭ കോടതിയിൽ കേസിൽ എത്തി അത് വർഷങ്ങളായി ഇഴഞ്ഞു നീങ്ങികൊണ്ടിരിക്കുന്നു. കത്തോലിക്ക സഭയിൽ ഈ വിവാഹത്തെ വേർപിരിക്കാൻ അധികാരം ഇല്ലാത്തതിനാൽ കാത്തിരിപ്പ് നീളുബോൾ ഭാര്യ വേറെ ഒരു പങ്കാളിയേയും ഭർത്താവ് വേറെ ഒരു പങ്കാളിയേയും തിരഞ്ഞെടുക്കും. ഇവർക്കൊക്കെ വേണ്ടി യേശു ഇനിയും കുരിശിൽ മരിക്കണോ? ഇവർ സ്വയം കത്തോലിക്ക സഭയുടെ പുറത്തേക്ക് പോയതല്ലേ? . വേറെ ഒരു ദമ്പതികൾ വിവാഹം മോചനത്തിന് അപേക്ഷ കൊടുത്തിരിക്കുന്നത് അലക്കിയ തുണികൾ ഉണക്കാനായ് കൊണ്ടുപോയി ഇടുന്നതിനെ ചൊല്ലിയാണ് . ഭർത്താവ് ആണ് അത് ചെയ്യേണ്ടത് എന്നാണ് ഭാര്യയുടെ വാദം. കാരണം തനിക്കാണ് ഭർത്താവിനേക്കാൾ കൂടുതൽ ശമ്പളം ലഭിക്കുന്നത്രേ! എന്തായാലും ഈ വാദം അംഗീകരിക്കാൻ ഭർത്താവ് തയ്യാറായില്ല. അതിന് മേൽ അഭിപ്രായ ഭിന്നത ആരംഭിച്ചു. ഫലം രൂപത കോടതിയിൽ വിവാഹമോചനത്തിനായ് കേസ് കൊടുക്കുന്നതിൽ കലാശിച്ചു. അങ്ങനെ എത്രയെത്ര സംഭവങ്ങൾ! . സ്വന്തം വസ്ത്രം കഴുകാൻ അമ്മയെ ആഴ്ചതോറും ബാഗുമായി ഭർത്തൃഗ്രഹത്തിൽ വിളിച്ചു വരുത്തി അഴുക്ക് വസ്ത്രങ്ങൾ നിറഞ്ഞ ബാഗ് അമ്മയ്ക്ക് കൊടുത്ത് അലക്കിയ വസ്ത്രങ്ങൾ ഉള്ള ബാഗ്‌ തിരിച്ചു വാങ്ങുന്ന ഭാര്യയുമായി ഇതേ ചൊല്ലി ഭർത്താവ് വഴക്കിടുകയും അത് അവസാനം വേർപിരിയലിൽ അവസാനിച്ച സംഭവങ്ങൾ വരെയുണ്ട്. ഇവരൊന്നും വിവാഹമെന്ന കൂദാശ അടിസ്ഥാനമാക്കിയിരിക്കുന്ന ദൈവവചനത്തിന്റെ ('' ... അവർ ഒറ്റ ശരീരമായി തീരും ഉൽപ 2:24 ) അതി സ്വഭാവിക അർഥങ്ങളിൽ വിശ്വസിച്ചില്ല. ഇവരെല്ലാം വേർപിരിഞ്ഞ് സഭ ആശീർവദിക്കാതെ വേറെ ഒരു വിവാഹത്തിൽ പ്രവേശിച്ചാൽ അവരെ വീണ്ടും അനുതാപത്തിലേക്ക് കൊണ്ടുവരിക അസാധ്യമാണ്. പിന്നെങ്ങിനെയാണ് മേല്പറഞ്ഞ പ്രബോധന രേഖയിൽ "സഭ ആരേയും നിത്യമായി കുറ്റം വിധിക്കുകയില്ല "എന്നത് ശരിയാകുന്നത്? ദൈവത്തോടുള്ള ബന്ധം ഒരു one way traffic അല്ല. യേശു ക്രിസ്തു വഴി നമ്മോട് കാണിച്ച സ്നേഹത്തിന് നാം വ്യക്തിപരമായി പ്രത്യുത്തരിക്കണം . അവിടുത്തോട് നാം ഐക്യപ്പെടണം. മരണം വരെ അനുസരിച്ച് നമ്മുക്ക് രക്ഷ നല്കിയ അവിടുത്തോട് താദാത്മ്യപ്പെടണം. അനുതാപം ആണ് നമ്മുടെ പ്രത്യുത്തരിച്ചു കൊണ്ടുള്ള ആ താദാത്മ്യപ്പെടലിന്റെ അടിസ്ഥാനം. "നാം ഉറച്ചു നിൽക്കുമെങ്കിൽ അവനോടു കൂടി വാഴും. നാം അവനെ നിക്ഷേധിക്കുന്നെങ്കിൽ അവൻ നമ്മെയും നിഷേധിക്കും ( 2 തിമോ 2:12) . (ദൈവം ഇത്ര വില കൊടുത്ത് നമ്മെ സ്നേഹിച്ചിട്ടും ) നാം അവിടുത്തെ നിക്ഷേധിച്ചാൽ ആ നിഷേധം ഒന്നും നോക്കാതെ നമ്മെ തുടർന്നും സ്നേഹിക്കുന്ന ഒരു ദൈവത്തെ ബൈബിളിൽ കാണാൻ കഴിയില്ല. ജിവിത പങ്കാളി കുറവുള്ളതാണെങ്കിലും ആ കുറവുകളെ അതീജീവിക്കാൻ വേണ്ട കൃപയുടെ നിറവ് തരാൻ തയ്യാറായി നിൽക്കുന്ന ദൈവത്തിൽ ആശ്രയിക്കാതെ അനുതപിക്കുന്നത് തന്നെ അസാധ്യമാക്കിയാൽ ദൈവത്തിന് പിന്നെ എന്താണ് ചെയ്യാൻ കഴിയുക. ? എന്നാലും അങ്ങനെയുള്ളവരെ ദൈവം സ്വീകരിക്കും എന്നുണ്ടെങ്കിൽ " വിളിക്കപ്പെട്ടവർ വളരെ, തിരഞ്ഞടുക്കപ്പെട്ടവരോചുരുക്കം " (മത്താ 22:14), ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാൻ പരിശ്രമിക്കുവിൻ(ലൂക്ക 13:24 ) "വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിസ്തൃതവും വഴി വിശാലവുമാണ് ; അതിലേ കടന്നു പോകുന്നവർ വളരെയാണുതാനും " (മത്താ 7:13, 14) എന്നീ വചനങ്ങൾ "സത്യമാകാതെ " വരുമല്ലോ. ദൈവം മനുഷ്യരെ പോലെ പാഴ്വാക്കുകൾ പറയില്ല! ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങൾ വിശ്വസിച്ച് ജിവിച്ച ചിലരെ ഞാൻ എന്റെ ഈ എളിയ ജീവിതത്തിൽ കണ്ടുമുട്ടിയിട്ടുണ്ട്. അതിൽ ഫിലോമിന ചേച്ചി യുടെ (പേര് സാങ്കല്പികം ) ജിവിത കഥ ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങളെ പിൻതുടർന്നതിനുള്ള ഒരു ജീവിത സാക്ഷ്യമാണ്. ഒരു ഗ്രാമ പ്രദേശത്ത് ജനിച്ച ഫിലോമിന ചേച്ചിയ്ക്ക് വിവാഹ പ്രായമായപ്പോൾ ബാഗ്ലുരിൽ ജോലിയുള്ള മലയാളിയായ ഒരു യുവാവിൽ നിന്ന് വിവാഹാലോചന വന്നു. ഫിലോമിന ചേച്ചിയുടെ ബന്ധുക്കൾ ബാഗ്ലൂരിൽ തന്നെ ജോലി ചെയ്തിരുന്നതിനാൽ പയ്യനെ കുറിച്ച് അന്വേഷണം നടത്താൻ എളുപ്പമായി. ബന്ധുക്കൾ അന്വേഷിക്കാൻ ചെന്നത് പയ്യൻ ജോലി ചെയ്ത് താമസിക്കുന്ന ഇടവകയിലെ വൈദികന്റെ അടുത്തേയ്ക്കായിരുന്നു. അദ്ദേഹത്തേക്കാൾ കൂടുതൽ വിവരങ്ങൾ മറ്റാർക്കും അറിയില്ലല്ലാ എന്നു അവർ കരുതിയത് സ്വഭാവികം. "നിങ്ങൾ ഒന്നും ആലോചിക്കേണ്ട , പയ്യൻ സൽസ്വഭാവിയാണ്". വൈദികന്റെ റിപ്പോർട്ട് കിട്ടിയതോടു കൂടി കാര്യങ്ങൾ ദ്രുത ഗതിയിലായി. വിവാഹം കഴിഞ്ഞതിന്റെ രണ്ടാം ദിവസം ഫിലോമിന ചേച്ചി ആ ദു:ഖ സത്യം തിരിച്ചറിഞ്ഞു. തന്റെ ഭർത്താവ് മദ്യത്തിന് അടിമയാണ് എന്ന്. അന്വേഷണം നടത്തിയ വൈദികനും ഭർത്താവും എന്നും "മദ്യകുപ്പി പുറത്തുള്ള " ചങ്ങാതിമാരായിരുന്നത്രേ" ! ജീവിതം ദുഃസഹമായി. ജോലികൾ പലതും എടുത്ത് നഷ്ടപ്പെട്ടു നാട്ടിൽ തിരിച്ചെത്തി. സമാധാനത്തോടെ ഒരു രാത്രി പോലും ഉറങ്ങാൻ സാധിക്കില്ല; എന്നും വഴക്കും ബഹളവും അടിയും തൊഴിയും. ബന്ധുക്കളുടെയിടയിലും അയൽവക്കകാരുടെയിടയിലും ഒറ്റപ്പെട്ടു. ഇതിനിടയിൽ ആ ദാമ്പത്യവല്ലരിയിൽ ദൈവം തന്ന കുഞ്ഞുങ്ങളേയും പോറ്റി വളർത്തേണ്ട ചുമതലയും ചേച്ചിയുടെ തലയിലായി . ഒരു ദിവസം ജിവിത ഭാരം സഹിക്കവയ്യാതായപ്പോൾ ഫിലോമിന ചേച്ചി അടുത്തുള്ള പള്ളിയിലെ വൈദികനെ ചെന്ന് കണ്ട് കഷ്ടപ്പാട് ഉണർത്തിച്ചു. എല്ലാം കേട്ട് കഴിഞ്ഞ് ഫിലോമിന ചേച്ചിയുടെ വേദനകൾ ആത്മാവിൽ എറ്റേടുത്തു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "സഹോദരി, നിങ്ങൾ യേശുവിനെ സ്നേഹിക്കുന്നില്ല ", അതു കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പരാതി പറഞ്ഞു ജീവിക്കുന്നത് " ശരിക്കും ദേഷ്യം ആണ് ഫിലോമിന ചേച്ചിയ്ക്ക് തോന്നിയത്. പിന്നേയും വർഷങ്ങളോളം വഴക്കും സഹനവുമായി കഴിയേണ്ടിവന്നു. സഹനം കണ്ട് അനേകർ ഫിലോമിന ചേച്ചിയെ ഉപദേശിച്ചു. ഈ മദ്യപാനിയെ പേക്ഷിക്കാനും വേറെ വിവാഹം കഴിക്കാനും . എന്നാൽ ആ വൈദികന്റെ ജ്ഞാനം നിറഞ്ഞ വാക്കുകൾ ഫിലോമിന ചേച്ചിയിൽ മാറ്റം വരുത്തി. അതുവരെ ജീവിച്ചത് മക്കളെ ഓർത്തിട്ടാണെങ്കിൽ ക്രമേണ യേശുവിനോടുള്ള സ്നേഹത്തെ പ്രതി ഈ സഹനങ്ങൾ ഏറ്റെടുത്തു. തന്നെ രക്ഷിക്കാൻ യേശു പരാതി കൂടാതെ എറ്റേടുത്ത പീഡകൾ അവൾ ധ്യാനിച്ചു. ആ സ്നേഹത്തെ പ്രതി അവൾ ഭർത്താവിലൂടെ വരുന്ന സഹനങ്ങൾ സ്വീകരിക്കാൻ തുടങ്ങി. ഭർത്താവ് രോഗിയായി മാറി കിടപ്പിലാകുന്നവരെയും മദ്യപാനം തുടർന്നു. രോഗിയായപ്പോൾ അദ്ദേഹത്തിന്റെ മരണം വരെ ശുശ്രുഷിച്ചു .മക്കളെ ജീവിതാന്തസുകളിൽ പ്രവേശിപ്പിച്ചു. ഇതാണ് ക്രൈസ്തവ സാക്ഷ്യം. ഇവരെ പോലെ യുള്ളവർക്കാണ് കത്തോലിക്ക സഭ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്!. ഇങ്ങനെയുള്ള ജീവിത സാക്ഷ്യങ്ങൾ ഇക്കാലഘട്ടത്തിലും നമ്മുക്ക് കാണാൻ സാധിക്കും. നിസ്സാര കാരണങ്ങൾ പറഞ്ഞ് കത്തോലിക്ക വിശ്വാസത്തിൽ നിന്നും മാറി ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങളെ ഉപേക്ഷിക്കുന്നവർക്കുള്ളതല്ല കത്തോലിക്ക സഭ. ഇനി മറ്റൊരു പെൺ കുട്ടിയുടെ ജീവിത കഥ വായിക്കാം. വീട്ടിൽ അപ്പന് മാനസിക രോഗം. അമ്മയ്ക്കും ചേട്ടനും അനിയത്തിക്കും മാനസിക രോഗം. മാനസിക രോഗം ഇല്ലാത്ത തായി ഒരാൾ മാത്രം . 18 വയസ്സുള്ള റീത്ത (പേര് സാങ്കല്പികം ) . കുടുംബം മൊത്തം മാനസിക രോഗം ആയതിനാൽ നാട്ടുകാർ ഒരു " സഹായം " അവൾക്ക് ചെയ്തു കൊടുത്തു. അവളുടെ വീടിന് അടുത്തുള്ള ബസ് സ്റ്റോപ്പിന്റെ പേരു മാറ്റി ഈ രോഗബാധിതരുടെ "മൂല" ( corner) എന്നു നാട്ടുകാർ വിളിക്കാൻ തുടങ്ങി. നാട്ടുകാർക്ക് അത്രയൊക്കെയല്ലേ പറ്റൂ. അപമാന ഭാരത്താൽ അവൾ ഞെരുങ്ങി. ഓർമ്മ വെച്ച നാൾ മുതൽക്ക് അവൾക്ക് ദൈവത്തോട് ഒരേ ഒരു ചോദ്യമേ ചോദിക്കാനുണ്ടായിരുന്നുള്ളൂ. എന്തുകൊണ്ടാണ് എന്നെ മാത്രം ഈ രോഗികളുടെ കൂട്ടത്തിൽ മാനസിക രോഗം ഇല്ലാത്തവളായി ജനിപ്പിച്ചു ?. ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥം അവൾ അന്വേഷിക്കുകയായിരുന്നു. അവസാനം അവൾക്ക് ഉത്തരം കിട്ടി. ദൈവത്തിന്റെ പ്രവൃത്തികൾ എന്റെ കുടുംബത്തിൽ പ്രകടമാകേണ്ടതിന് തന്നെയാണ് (യോഹ 9:3) ഈ മാനസിക രോഗികളുടെ കുടുംബത്തിൽ , എന്നെ മാത്രം മാനസിക രോഗം ഇല്ലാത്തവളായി ദൈവം സ്രഷ്ടിച്ചത് എന്ന് അവൾ തിരിച്ചറിഞ്ഞു. അതിൽ വിശ്വസിച്ചു. ആ ദൈവ വചനത്തിന്റെ അതിസ്വഭാവിക അർത്ഥത്തിൽ അവൾ വിശ്വസിച്ച് പ്രാർത്ഥനയിൽ ശരണം തേടി. ഒറ്റയ്ക്കിരുന്ന് , ആരും സഹായിക്കാനില്ലാതെ പ്രാർത്ഥനയിൽ ശരണപ്പെട്ട് ദൈവത്തിൽ മാത്രം ആശ്രയിച്ച് അവൾ ജീവിച്ചു. ക്രമേണ ദൈവം അൽഭുതം പ്രവർത്തിക്കാൻ തുടങ്ങി. മൂത്ത സഹോദരൻ തുടങ്ങി എല്ലാവരുടെയും മാനസിക രോഗം മാറി ചെറിയ തൊഴിലുകൾ എടുത്ത് ഉപജീവനം കണ്ടെത്താൻ മാത്രം അവർ പ്രാപ്തരായി. ദൈവത്തിന് സ്തുതി! ഇവരെ പോലെ ദൈവ വചനത്തിന്റെ അതി സ്വഭാവിക അർത്ഥത്തെ വിശ്വസിക്കുന്നവർക്കുള്ളതാണ് കത്തോലിക്ക സഭ. ഇത്തരക്കാരിൽ കുട്ടികളേയും കാണാൻ സാധിക്കും. യോഗ ചെയ്യുന്നത് ക്രിസ്തീയ വിശ്വാസത്തിന് എതിരാണ് ( YOUCAT ഖണ്ഡിക 356) . ഒരു വ്യായാമമായി ചെയ്യുന്നതിൽ തെറ്റില്ല എന്ന തെറ്റായ പഠനം ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എനിക്കറിയാവുന്ന ഒരു സ്ക്കൂൾ വിദ്യാർത്ഥിനി യോഗ ചെയ്താലേ ഇന്റേണൽ മാർക്ക് കിട്ടുകയുള്ളൂ എന്നിരിക്കിലും ആത്മ നഷ്ടം വരുത്തുന്ന യോഗ ചെയ്യാൻ തയ്യാറായില്ല! ആ മാർക്ക് നഷ്ടം അവൾ ലാഭമായി കരുതി. യോഗ ചെയ്യാത്തത് കൊണ്ട് പരിഹസിക്കപ്പെട്ടിട്ടും അടി ഏറ്റിട്ടും യോഗ ചെയ്യാതെ ചെറുത്ത് നിന്ന കുട്ടികളും ഉണ്ട്. ഇവരുടേതാണ് കത്തോലിക്ക സഭ. AMORIS LAETITIA എന്ന അപ്പസ്തോലിക പ്രബോധന രേഖയിൽ ഖണ്ഡിക 296 ൽ വിവക്ഷിക്കുന്ന "സഭ " കത്തോലിക്ക സഭയല്ല എന്നു വ്യക്തം. അതിൽ 'സഭ' സ്വീകരിച്ചിരിക്കുന്ന ഇത്തരം നിലപാടുകൾ ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥങ്ങളെ നിഷേധിക്കുന്നതും തിന്മയെ "നന്മയാക്കുന്നതും " ആണ്. ആകയാൽ കത്തോലിക്ക വിശ്വാസിയ്ക്ക് അത് സ്വീകരിക്കാൻ സാധിക്കില്ല. ക്രിസ്ത്യയതയിലെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സത്യങ്ങളെ വ്യക്തിപരമായി മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ എന്ന വ്യാജേന തെറ്റായി വ്യാഖ്യാനിച്ചു കൊടുക്കാൻ ആർക്കും അധികാരമില്ല." .... മനസ്സിലാക്കാൻ വിഷമമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. അറിവില്ലാത്തവരും ചഞ്ചലമനസ്കരുമായ ചിലർ , മറ്റു വിശുദ്ധ ലിഖിതങ്ങളെപ്പോലെ അവയെയും തങ്ങളുടെ നാശത്തിനായ് വളച്ചൊടിക്കുന്നു" ( 2 പത്രോ 3: 16). ആദ്യത്തെ മാർപാപ്പ ഈ അവസ്ഥയെ കണ്ടെത്തിയിരുന്നു. ക്രിസ്തീയതയിലെ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സത്യങ്ങളെ സ്വന്തമിഷ്ടപ്രകാരം വ്യാഖ്യാനിക്കാനുള്ളതല്ല! ക്രൈസ്തവ ജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ച സ്ഥാനവുമെന്ന് മതബോധന ഗ്രന്ഥം (ccc 1324) വിശേഷിപ്പിക്കുന്ന പരിശുദ്ധ കുർബാനയും യേശു സ്ഥാപിച്ച പൗരോഹിത്യവും ആണ് ക്രിസ്ത്യൻ മതത്തെ വിത്യസ്തമാക്കുന്ന മറ്റൊരു മേഖല. യേശു പെസഹാ ദിനത്തിൽ സ്ഥാപിച്ച കുർബാന രക്ത രഹിത കുർബാനയായിരുന്നില്ല . കുറച്ച് മണിക്കൂറുകൾക്കുള്ളിൽ അവിടുന്ന് രക്തം ചിന്തി. അതിനെ മുൻകൂട്ടി അടിസ്ഥാനമാക്കിയാണ് യേശു വീഞ്ഞിനെ ഇതെന്റെ രക്തം എന്ന് പെസഹാ ആചരിച്ച് കുർബ്ബാന സ്ഥാപിച്ചുകൊണ്ട് പറഞ്ഞത്. അതിനാൽ പെസഹാ ദിവസത്തിലെ രക്തമായി മാറിയ വീഞ്ഞും ദു:ഖവെള്ളിയാഴ്ചയിലെ രക്ത ചിന്തലിനെയും വേർപിരിക്കാനാവില്ല. മരിച്ചതിന് ശേഷം കുർബാന സ്ഥാപനം സാധ്യമല്ലാത്തതു കൊണ്ടാണ് ഈ ലോകത്തിൽ നിന്ന് വേർപിരിയുന്നതിന് തൊട്ടുമുമ്പ് മനുഷ്യ ശിരത്തിൽ തന്നെ അവിടുന്ന് കുർബ്ബാന സ്ഥാപിച്ചത്. യേശു ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ അതിന് മുനപും പെസഹാ ആഘോഷിച്ചിട്ടുണ്ട്. അപ്പോഴൊന്നും അപ്പത്തേയും വിഞ്ഞിനേയും എടുത്ത് ഇതെന്റെ ശരീര രക്തങ്ങളാകുന്നു എന്നു പറഞ്ഞിട്ടില്ല. അതിനാൽ യേശുവിന്റെ ഏക ബലിയും അതിന്റെ കൗഭാശിക സ്ഥാപനവും തമ്മിൽ വേർതിരിക്കാനാവില്ല. അങ്ങനെ വേർതിരിക്കുകയാണെങ്കിൽ പിന്നെ എങ്ങിനെയാണ് കാൽവരിയിലെ ആ ഏക ബലിയുടെ ഫലങ്ങൾ പിൻതലമുറകാർക്ക് ലഭിക്കുക? അത് തെറ്റായ വ്യാഖ്യാനമാണ്. " അപ്പത്തിന്റെയും വീഞ്ഞിന്റെയും അടയാളങ്ങൾ, അഗ്രാഹ്യമായ വിധത്തിൽ ക്രിസ്തുവിന്റെ ശരീരവും രക്തവുമായിത്തീരുന്നു " എന്ന് മതബോധന ഗ്രന്ഥം (CCC 1333) പ്രഖ്യാപിക്കുന്നു. പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റിയവന് വീഞ്ഞിനെ തന്റെ കാൽവരി ബലിയുടെ അടിസ്ഥാനത്തിൽ തന്റെ രക്തമാക്കി മാറ്റാൻ കഴിയും. വെള്ളത്തെ വീഞ്ഞാക്കിയപ്പോൾ സത്തയിൽ മാത്രമല്ല രൂപത്തിയും അവിടുന്ന് രൂപാന്തരം വരുത്തി. എന്നാൽ പരിശുദ്ധ കുർബാനയിൽ വീഞ്ഞിന്റെ രൂപത്തിൽ (Appearance))മാറ്റം വരുത്താതെ സത്തയിൽ (content) മാറ്റം വരുത്തി. രക്തം ആ രൂപത്തിൽ പാനം ചെയ്യാൻ ഉള്ള വൈഷമ്യം ഒഴിവാക്കാനാണ് അത്. കാൽവരി ബലിയും രക്തചിന്തലും ഇല്ലാതെ ഈ മാറ്റം നടക്കില്ല . ബലിയും രക്തം ചിന്തലും ഉൾപ്പെടുത്തി കൊണ്ടാണ് കൗദാശികമായി ബലിയർപ്പിക്കാൻ യേശു കല്പനയിട്ടത്. "ഇത് നിങ്ങൾ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ചെയ്യാൻ യേശു അവശ്യപ്പെട്ടത്. അങ്ങനെ യുഗാന്ത്യം വരെയുള്ള തലമുറകളിലെ അനേകരായ വിശ്വാസികൾക്ക് കാൽവരി ബലിയിലെ ഫലങ്ങൾ അനുഭവവേദ്യമാകും. അതിനായ് അപ്പസ്തോലരെ ഈ ഉത്തരവാദിത്വം ഏല്പിക്കുകയും ചുമതല പ്പെടുത്തുകയും ചെയ്തു. അത് കൈവയ്പ്പിലൂടെ വൈദികരിലൂടെ ഇന്നും തുടരുന്നു. വെറും ഒരു "ഓർമ്മയും " "ആത്മീയ വിരുന്നും " "പെസഹാ ഭോജനവും " മാത്രമായി പരി. കുർബാനയെ തരം താഴ്ത്തുന്നത് തെറ്റായ വ്യാഖ്യാനം നല്കുന്നവരാണ്. പെസഹാ ഭോജനത്തേയും കാൽവരി ബലിയേയും വേർപെടുത്തി പെസഹാ ഭോജനമായ രക്തരഹിത ബലിയർപ്പിക്കാൻ ഒരു പുരോഹിതന്റെ ആവശ്യം ഇല്ല. അത് ആർക്കും ഒരു റോബോട്ടിനു പോലും ചെയ്യാവുന്നതാണ്. അതിനല്ല പത്ത് പതിനാല് വർഷം വിശ്വാസികളുടെ പണം സ്വരൂപിച്ച് കത്തോലിക്ക സഭ പുരോഹിതരെ ഒരുക്കുന്നത്. അവരുടെ വസ്ത്രം , പാർപ്പിടം, ഭക്ഷണം, ചികിൽസകൾ, പ്രായമാകുമ്പോൾ അവരെ പരിചരിക്കുന്ന ബാധ്യതകളൊക്കെ വിശ്വാസികൾ പങ്കിട്ടെടുക്കുന്നത് അവരിൽ നിന്ന് ഒരു രക്ത രഹിത ബലി ലഭിക്കാനല്ല. കാൽവരി ബലിയിൽ നിന്ന് വേർപ്പെടുത്തിയിട്ടുള്ള ഒരു 'രക്തരഹിത ബലി' അല്ല വിശ്വാസികൾക്കാവശ്യം.പാപകറ കഴുകി കളയാൻ പഴയ നിയമത്തിൽ യേശുവിന്റെ ബലിയെ മുൻനിർത്തിയാണ് കാളകളുടെയും ആടുകളുടെയും രക്തം ചിന്തിയത്. ഇന്ന് മൃഗത്തിന്റെ സ്ഥാനത്ത് യേശുവിന്റെ രക്തം ആണ് ചിന്തുന്നത്. ഒരു വൈദികന്റെ എല്ലാതും ചന്തയിൽ നിന്ന് കാശ് കൊടുത്താൽ ആർക്കും ലഭിക്കും . എന്നാൽ എത്ര കാശ് കൊടുത്താലും കിട്ടാത്ത ഒന്നുണ്ട്. അത് കാൽവരി ബലിയിൽ നങ്കൂരം ഇട്ടിട്ടുള്ള പരിശുദ്ധ കുർബ്ബാന അർപ്പിക്കാൻ യേശു സ്ഥാപിച്ച പൗരോഹിത്യവും അത് തുടരാൻ അപ്പസ്തോലമാരുടെ നിയമനവും തലമുറകളിലൂടെയുള്ള കൈവയ്പും ആണ്. അത് കാശ് കൊടുത്താൽ ചന്തയിൽ നിന്നല്ല എവിടെ നിന്നും എത്ര പണം മുടക്കിയാലും വാങ്ങിക്കാൻ കിട്ടില്ല. അപ്പത്തിന്റെയും വീഞ്ഞിന്റെയും സത്താ പരമായ മാറ്റം (കണ്ണു കൊണ്ട് കണ്ടെത്താനാവില്ലത്! ) അഗ്രാഹ്യമായ വിധത്തിലായതിനാൽ സാധാരണകാർക്ക് മനസ്സിലാക്കാനാണ് എന്ന വ്യാജേന " വ്യാഖ്യാനം " നടത്തി നടത്തി നുണ പറഞ്ഞ് പറഞ്ഞ് നടക്കുന്നവരാണ് പി.കുർബാനയെ രക്ത രഹിത ബലി എന്ന് വിശേഷിപ്പിക്കാൻ തന്ത്രപ്പെടുന്നത്. ഒരു വിശ്വാസിയ്ക്കും യേശു അർപ്പിച്ച ഏക കാൽവരി ബലിയുടെ യോഗ്യതയാൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീര രക്തങ്ങൾ ആയി ഇന്നും ഓരോ പരിശുദ്ധ കുർബാനയിലും മാറുന്നുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസം ഇല്ല. ഇല്ലായ്മയിൽ നിന്ന് ഉണ്ടാകട്ടെ എന്ന ഒരൊറ്റ വചനം മൂലം ഈ പ്രപഞ്ചത്തേയും സമസ്ത സൃഷ്ട വസ്തുക്കളേയും സൃഷ്ടിച്ചവന് അപ്പത്തേയും വിഞ്ഞിനേയും കാൽവരിമയിലെ ഏക ബലിയ്ക്ക് മുൻപും പിൻപും തന്റെ ശരീര രക്തങ്ങളാക്കി അവിടുന്ന് ആഗ്രഹിക്കുന്നത്ര കാലത്തേയ്ക്ക് മാറ്റാൻ കഴിയും എന്ന് ഒരു വിശ്വാസിക്കും വിശ്വസിക്കാൻ പ്രയാസവുമില്ല. "ക്രിസ്തു കുരിശിൽ സമർപ്പിച്ച അതേ ശരീരം കുർബാനയിൽ അവിടുന്ന് നമുക്ക് നൽകുന്നു. "പാപപരിഹാരാർഥം അനേകർക്കായി ചിന്തിയ " അതേ രക്തം നമുക്ക് നൽകുന്നു " (CCC 1365). രക്തം, രൂപത്തിൽ വീഞ്ഞ് തന്നെയായും എന്നാൽ സത്തയിൽ ( ഉള്ളടക്കത്തിൽ) യേശു കാല് വരിയിൽ അർപ്പിച്ച അതേ രക്ത തന്നെയുമായാണ് പരിശുദ്ധ കുർബാനയിൽ അർപ്പിക്കപ്പെടുന്നത്. രൂപത്തിലും രക്തത്തോടെയായിരുന്നെങ്കിൽ അത്‌ വിശ്വാസികൾക്ക് പാനം ചെയ്യാൻ സാധിക്കുമായിരുന്നിലല്ലോ. അതിനാലാണ് സത്തയിൽ യേശുവിന്റെ രക്തമായിരിക്കുമ്പോഴും രൂപത്തിലും പ്രത്യക്ഷത്തിലും കാഴ്ചയിലും രക്തമെന്ന് കാണാത്ത വിധത്തിൽ വീഞ്ഞിന്റെ രൂപത്തിൽ വിശ്വാസികൾക്ക് പരിശുദ്ധ കുർബ്ബാനയിൽ യേശു സ്വയം നല്കുന്നത്. രൂപത്തിൽ വീഞ്ഞ് ആയിരിക്കുന്നതിന്റെ പേരിൽ "രക്തരഹിതം" എന്ന് പരിശുദ്ധ കുർബാനയെ വിളിക്കുന്നവർ സത്തയിൽ തിരുരക്തത്തെ വിശ്വസിക്കാൻ കഴിയാത്തവരാണ്. അതിനാൽ പരിശുദ്ധ കുർബാനയെ രക്ത രഹിത ബലി എന്ന് വിളിക്കുന്നതും അർപ്പിക്കുന്നതും ദൈവനിന്ദയാണ്. പരിശുദ്ധ കുർബ്ബാന കാൽവരിയിൽ അർപ്പിച്ച അതേ ബലി തന്നെയാണ്. യേശു ഒരിക്കൽ ബലിയർപ്പിച്ചു എന്നു പറഞ്ഞ്, കാഴ്ചയിൽ രക്തത്തിന്റെ രൂപം ഇല്ലാത്തതിന്റെ പേരിൽ (സത്തയിലും ഉള്ളടക്കത്തിലും യേശുവിന്റെ രക്തം ആയിട്ടു പോലും! ) ഇപ്പോൾ അർപ്പിക്കുന്നതെല്ലാം പെസഹാ ദിവസത്തെപ്പോലെ രക്തരഹിത ബലികളാണ് എന്ന പഠനം കത്തോലിക്ക സഭയുടേതല്ല ! പെസഹാ ദിവസത്തെ പരിശുദ്ധ കുർബാനയുടെ കൗദാ ശിക സ്ഥാപനത്തെ കാൽവരി ബലിയിലെ രക്തം ചിന്തലിൽ നിന്ന് വേർപ്പെടുത്താനാവില്ല.ഈജിപ്തിൽ ഇസ്രായേൽ ജനം തങ്ങളുടെ കട്ടിളപ്പടിയിൽ കുഞ്ഞാടിന്റെ രക്തം തളിച്ചു ( പുറപ്പാട് 12:13) . കട്ടിളപ്പടിയിലുള്ള കുഞ്ഞാടിന്റെ രക്തം ഇസ്രായേൽക്കാർ ആ വീട്ടിൽ താമസിക്കുന്നുവെന്നതിന്റെ അടയാളമായിരുന്നു. അത് കണ്ട് സംഹാര ദൂതൻ അവരെ ഉപദ്രവിക്കാതെ കടന്നു പോയി. സംഹാര ദൂതൻ ഈജിപ്തിനെ പ്രഹരിച്ചപ്പോൾ ആ ശിക്ഷ ഇസ്രായേൽക്കാരെ ബാധിക്കാതിരുന്നത് പെസഹാ കുഞ്ഞാടിന്റെ രക്തം വഴിയായിരുന്നു. പുതിയ ഉടമ്പടിയിലെ പെസഹാ കുഞ്ഞാടായ യേശുവിന്റെ രക്തം ആണ് ഇന്ന് ഓരോ വിശ്വാസിയുടെ മേലും തളിക്കപ്പെടേണ്ടത് . അത് തളിക്കപ്പെടുന്നത് പരിശുദ്ധ കുർബ്ബാനയിലാണ്. പരിശുദ്ധ കുർബാന " രക്തരഹിതമാക്കിയാൽ " സംഹാര ദൂതന്റെ അടി ഉറപ്പ്! യേശു പരിശുദ്ധ കുർബാനയിൽ അപ്പത്തിനേയും വീഞ്ഞിനേയും കാഴ്ചയിൽ അതിന്റെ രൂപം നില നിർത്തി സത്തയിൽ അത് യേശുവിന്റെ ശരീര രക്തങ്ങളാക്കുന്നത് വചനത്തിന്റെ അതി സ്വഭാവിക പ്രവർത്തിയാണെന്ന് വിശ്വസിക്കാത്തവരാണ് പരിശുദ്ധ കുർബ്ബാനയെ രക്തരഹിത ബലി എന്നു വിളിച്ച് അർപ്പിക്കുന്നത് . ക്രിസ്തീയ അനന്യതയുടെ മറ്റൊരു മേഖല ക്രിസ്തുവിനെ എല്ലാ മനുഷ്യരോടും പ്രഘോഷിക്കുക എന്നതാണ്. കാരണം എല്ലാ മനുഷ്യരും ക്രിസ്തുവിലൂടെ രക്ഷ പ്രാപിക്കാനായിട്ടാണ് അവിടുന്ന് എല്ലാ മനുഷ്യർക്കും വേണ്ടി മരിച്ചത്. " എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്‌. എന്തെന്നാൽ, ഒരു ദൈവമേയുള്ളൂ. ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനായി ഒരുവേനയുള്ളൂ - തന്നെ തന്നെ എല്ലാവർക്കുമായി സ്വയം വിടുതൽ വിലയായി നല്കിയ , മനുഷ്യനായി തീർന്ന യേശുക്രിസ്തു " ( 1 തിമോ 2: 4,5 - ജറുസലേം ബൈബിൾ ) ".....നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സ്രഷ്ടികളാടും സുവിശേഷം പ്രസംഗിക്കുവിൻ "(മർക്കോ 16:16) എന്ന യേശു കല്പന നല്കാൻ കാരണം എല്ലാവരും രക്ഷിക്കപ്പെടാൻ വേണ്ടിയാണ്. ഓരോരുത്തർക്കും അവരവർക്കിഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ അംഗീകരിക്കുമ്പോഴും യേശു ക്രിസ്തുവാകുന്ന സത്യത്തെ പ്രഘോഷിക്കുക എന്നത് ക്രിസ്തീയതയുടെ അനന്യതയാണ് . അതുകൊണ്ടാണ് യുക്കാറ്റ് ഇങ്ങനെ പറയുന്നത് " മതസ്വാതന്ത്ര്യം അംഗീകരിക്കുകയെന്നത് എല്ലാ മതങ്ങളും തുല്യമാണെന്നോ എല്ലാ മതങ്ങളും തുല്യമായ തോതിൽ സത്യമാണെന്നോ പറയുകയല്ല " ( യൂക്കാറ്റ് 138) AMORIS LAETITIA ൽ ജീവിത പങ്കാളിയെ ഉപേക്ഷിച്ച് കത്തോലിക്ക സഭ അംഗീകരിക്കാത്ത മറ്റൊരു ബന്ധത്തിൽ ജീവിക്കുന്നതിനെ ന്യായീകരിക്കാൻ അവലംബിക്കുന്നത് CCC 1735 ഖണ്ഡികയെയാണ്. " അജ്ഞത, അശ്രദ്ധ, ബലപ്രയോഗം, ഭയം, ശീലം, ക്രമരഹിതങ്ങളായ അടുപ്പങ്ങൾ എന്നിവയ്ക്കും മറ്റു മന:ശാസ്ത്രപരമോ സാമൂഹികമോ ആയ ഘടകങ്ങൾക്കും ഒരു പ്രവൃത്തിയുടെ ആരോപണ വിധേയത്വ സാധ്യതയെയും ഉത്തരവാദിത്വത്തെയും കുറയ്ക്കാനോ ഇല്ലാതാക്കാൻ പോലുമോ കഴിയും " - ഈ ഖണ്ഡികയുടെ അടിസ്ഥാനത്തിൽ ഒരു വന് തന്റെ ജീവിത പങ്കാളിയെ ഉപേക്ഷിക്കുന്നതിനെ ന്യായീകരിക്കാൻ കഴിയില്ല! അറിയാതെയാണ് പ്രവൃത്തിച്ചതെങ്കിൽ പോലും കുറ്റക്കാരനാണ് എന്ന് ദൈവവചനം പറയുന്നു. " കർത്താവ് വിലക്കിയിട്ടുള്ളവയിൽ ഏതെങ്കിലുമൊന്ന് പ്രവൃത്തിച്ച് പാപം ചെയ്യുന്നവൻ, അറിയാതെയാണ് അതു ചെയ്തതെങ്കിൽ തന്നെയും , കുറ്റക്കാരനാണ്. അവൻ തന്റെ തെറ്റിന് ഉത്തരവാദിയായിരിക്കും " (ലേവ്യർ 5: 17 ) . മനസ്സുവെച്ചാൽ നിനക്കു കൽപനകൾ പാലിക്കാൻ സാധിക്കും. വിശ്വസ്തതാപൂർവം പ്രവർത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നീയാണ് (പ്രഭാ 15:15). അതിനാൽ വ്യക്തിപരമായ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയാൻ ആർക്കും സാധിക്കുകയില്ല .മാത്രവുമല്ല .".....സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് അതീതമല്ല ; അതിന് ശുശ്രുഷ നടത്തുകയാണ് ചെയ്യുന്നത് " (CCC 86). ചുരുക്കത്തിൽ സഭയുടെ പ്രബോധനാധികാരം ദൈവവചനത്തിന് കീഴിലാണ് എന്ന് അർത്ഥം. അവൻ പറഞ്ഞു. ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊരുവളെ വിവാഹം ചെയ്യുന്നവൻ വ്യഭ്യചാരം ചെയ്യുന്നു. ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു ( മർക്കോ 10: 11, 12 ) എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു . അതിനാൽ വിവാഹ ബന്ധം എന്തു കാരണത്താലും വേർപെടുത്തുന്നത് ന്യായീകരിക്കാനാവില്ല.അതിനാൽ ക്രിസ്തിയതയുടെ അനന്യത മനസ്സിലാക്കുകയും അതു പരിരക്ഷിക്കുകയും ചെയ്യാൻ ഓരോ വിശ്വാസിയും ഈ കാലഘട്ടത്തിൽ പ്രത്യേകിച്ചും ജാഗരൂകരാകേണ്ടതുണ്ട്. നരക കവാടങ്ങൾ കത്തോലിക്ക സഭയുടെ മേൽ പ്രബലപ്പെടുകയില്ല (മത്താ 16:18 ) എന്ന് ആശ്വസിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം. ആ കത്തോലിക്ക സഭയിലെ വിശ്വാസികൾ ബാലിന്റെ മുന്നിൽ മുട്ടുമടക്കാത്തവരും ഒരു ചെറിയ ഗണവും ആയിരിക്കും . യഥാർത്ഥ ക്രിസ്തുവിനെ പിൻചെല്ലുന്നവരാണ് എന്ന മിഥ്യ ധാരണയിൽ ഭൂരിഭാഗം പിൻച്ചെല്ലുക എതിർ ക്രിസ്തുവിനെയായിരിക്കും. CC C 675 ൽ പറയുന്ന സത്യത്തെ (യേശു ക്രിസ്തുവിനെ) പരിത്യജിക്കുക എന്ന വിലയാണ് അവർ അതിന് കൊടുക്കേണ്ടി വരിക. യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ് (ഹെബ്ര 13:8). അതിനാൽ ദൈവവചനത്തേയും അതിന്റെ അതിസ്വഭാവിക അർത്ഥത്തേയും ഉപേക്ഷിക്കാനുള്ള എല്ലാ പ്രലോഭനത്തേയും നമ്മുക്ക് ചെറുത്ത് തോൽപിക്കാം. ആകാശവും ഭൂമിയും കടന്നു പോകും; എന്നാൽ എന്റെ വചനങ്ങൾ കടന്നു പോകയില്ല (മത്താ 24:35) എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. യേശുവിനെയും യേശുവിന്റെ വചനങ്ങളിലെ അതിസ്വഭാവിക അർത്ഥ തലങ്ങളേയും ഉപേക്ഷിച്ചാൽ കത്തോലിക്ക സഭ പിന്നെ കത്തോലിക്ക സഭയായിരിക്കുകയില്ല. യേശു ഇങ്ങനെ കൂടെ പറഞ്ഞു വെച്ചിട്ടുണ്ട്. " ആകയാൽ നിങ്ങൾ എപ്രകാരമാണ് കേൾക്കുന്നതെന്ന് സൂക്ഷിച്ചു കൊള്ളുവിൻ. എന്തെന്നാൽ ഉള്ളവന് പിന്നെയും നല്കപ്പടും ഇല്ലാത്തവനിൽ നിന്ന് ഉണ്ടെന്ന് അവൻ വിചാരിക്കുന്നതു കൂടെയും എടുക്കപ്പെടും"( ലൂക്ക 8: 18 ) . ഇത്രയും വിലയൊടുക്കി രക്തം ചിന്തി മനുഷ്യനെ സ്നേഹിച്ച ദൈവത്തോടു മനുഷ്യൻ ആ സ്നേഹത്തിന് നേരെ പ്രത്യുത്തരിച്ചാൽ അവന് പിന്നേയും പിന്നേയും പ്രത്യുത്തരിക്കാനുള്ള കൃപ ദൈവത്തിൽ നിന്ന് ലഭിക്കും. അങ്ങനെയാണ് കത്തോലിക്ക സഭയിൽ വിശുദ്ധർ ഉണ്ടായത്. ഇന്നും അങ്ങനെയുള്ള അനേകം വിശുദ്ധരുടെ ഭൗതിക ശരീരം അഴുകാതെ സൂക്ഷിക്കപ്പെടുന്നു. പ്രത്യുത്തരിക്കാത്തവന് അവൻ ഉണ്ടെന്ന് വിചാരിക്കുന്നത് കൂടെ അവനിൽ നിന്ന് എടുക്കപ്പെടും. അതിനാൽ ദൈവവചനത്തിന്റെ അതി സ്വഭാവിക അർത്ഥം ഒരിക്കലും നിരാകരിച്ചു കൂടാ. അതിനാൽ ദൈവ വചനങ്ങളേയും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സത്യങ്ങളേയും മാനുഷികമായി വ്യാഖ്യാനിക്കാൻ പാടില്ല. മാനുഷികമായി വ്യാഖ്യാനിച്ചാൽ അതിന്റെ അതിസ്വഭാവിക അർത്ഥത്തെ ഉപേക്ഷിക്കുകയാകും ഫലം! മാനുഷികമായി ദൈവവചനത്തെ " പ്രായോഗികമല്ല" എന്നൊക്കെ പറഞ്ഞ് വ്യാഖ്യാനിക്കുന്ന വ്യക്തികൾ കത്തോലിക്ക സഭയ്ക്ക് പുറത്ത് പോയവരാണ്. ഇതൊക്കെ പ്രായോഗികമാക്കിയ അനേകം വിശുദ്ധർ നമ്മുക്ക് സാക്ഷ്യം നല്കിയിട്ടുണ്ട്. നമ്മെ അനുതാപത്തിലേക്ക് നയിക്കുക എന്നതാണ് ദൈവത്തിന്റെ ലക്ഷ്യം. ദൈവത്തിന്റെ കരുണയെ നമ്മുക്ക് നിസ്സാരമായി കരുതാതിരിക്കാം (റോമ 2:4) ആവേ മരിയ ! 22-2-19 വിശുദ്ധ പത്രോസിന്റ സിംഹാസനത്തിന്റെ തിരുനാൾ ജോൺ ജോസ്.സി കടപ്പാട്: പരിശുദ്ധാത്മാവിനോട് പരിശുദ്ധ അമ്മയോട് പരിശുദ്ധ ബൈബിളിനോട്



Article URL:







Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading