Home | Articles | 

Kerala.myparish.net
Posted On: 30/03/19 12:02

 

🌸🌸 ആത്മീയതയുടെ അതിർവരമ്പെവിടെയാണ് ? ദൈവം വെറുക്കുന്നത് ആത്മീയതയോ പാപമോ? നിങ്ങളുടെ ആത്മീയതയുടെ അടിസ്ഥാനം ദൈവമോ ആചാരാനുഷ്ഠാനങ്ങളോ? യേശുവിന്റെ നാമം മഹത്വപ്പെടുത്തുവാൻവേണ്ടിയുള്ള ഒരു സാക്ഷ്യംകൂടിയാണ് ഈ ലേഖനം... "ഞങ്ങളും കൃസ്ത്യാനികൾതന്നെ, സഭയുടെ കൽപ്പനകൾ പാലിക്കുന്നവരാണ്, ഞായറാഴ്ച്ച പള്ളിയിൽ പോകുന്നവരും കുടുംബപ്രാർത്ഥന നടത്തുന്നവരുമാണ്, അമിതഭക്തി വർഗ്ഗീയതയും തീവ്രവാദവുമാണ്…" ചെറിയ കുടുംബകൂട്ടായ്മ മുതൽ കേട്ടുകൊണ്ടിരിക്കുന്ന പുതിയ ഒരു ട്രെൻഡ് ആണ് മുകളിൽ സൂചിപ്പിച്ച സംഭാഷണഭാഗങ്ങൾ. ഇനിയെങ്ങാനും ഇടവകപ്പള്ളിയിൽ ഒരുവൻ കൂടുതൽ കൈ ഉയർത്തി പ്രാർത്ഥിച്ചാൽ അവൻ "കരിസ്മാറ്റിക് ഭ്രാന്തൻ"അല്ലെങ്കിൽ "ധ്യാനകേന്ദ്രത്തിന്റെ അടിമ"!!! ആത്മീയതയ്ക്ക് ഒരു 'ലിമിറ്റ്' വയ്ക്കണമെന്നു പറയുന്നത് ആരാണ്? യേശു പറഞ്ഞിട്ടുണ്ടോ? ബൈബിളിൽ പറഞ്ഞിട്ടുണ്ടോ? ഇല്ല. ദൈവത്തിന്റെ വാഗ്ദാനപേടകത്തിനു മുൻപിൽ, തുണി അഴിഞ്ഞുപോയതുപോലുമറിയാതെ നൃത്തമാടിയ ദാവീദ് രാജാവും പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോൾ വീഞ്ഞുകുടിച്ചു മത്തുപിടിച്ചവർ എന്ന പരിഹാസം കേട്ട ശിഷ്യന്മാരും എവിടെയാണ് ആത്മീയതയ്ക്ക് അതിർവരമ്പിട്ടത്?? (ദാവീദിനെ കളിയാക്കിയ മിഖാൽ ഇതിന്റെ പേരിൽ ദൈവത്തിന്റെ കോപം ഏറ്റുവാങ്ങി മരണംവരെ വന്ധ്യ ആയിരുന്നു എന്നത് ഇതിന്റെ മറുവശവും !!!) കൂടുതൽ പ്രാർത്ഥിക്കുന്നതും ആത്മീയശുശ്രൂഷകളിൽ പങ്കെടുക്കുന്നതും ദൈവത്തെ പ്രഘോഷിക്കുന്നതും ആവശ്യമില്ലെന്നു ചിന്തിക്കുന്നവരോടുള്ള ആദ്യത്തെ ചോദ്യം: എല്ലാവിധ ലൗകികസുഖങ്ങളും ത്യജിച്ച്, ലോകത്തിൽനിന്നു വേറിട്ട ജീവിതം നയിച്ച്‌ ആത്മീയതയുടെ ഉന്നതിയിൽ എത്തിയ അൽഫോൻസാമ്മയെയും ഫ്രാൻസിസ് അസീസിയെയും പോലുള്ളവരെ നോക്കികൊണ്ട്‌ "അമിത ആത്മീയത ആപത്ത്" എന്ന് നിങ്ങളെന്തുകൊണ്ടാണ് പറയാത്തത്? അവർ ഏതെങ്കിലും ദൈവകല്പനകളിൽ വെള്ളം ചേർത്തതായോ ദൈവകല്പനകളിൽ ‘അഡ്ജസ്റ്റ്മെന്റ്’ നടത്തിയതായോ നിങ്ങൾക്കറിയാമോ? അവരും നമ്മെപ്പോലെ ഓരോ കുടുംബത്തിൽ ജനിച്ചുവളർന്നവരല്ലേ? അവരുടെ നൊവേനയ്ക്കുപോയി മധ്യസ്ഥം യാചിക്കുമ്പോൾ, അവരെപ്പോലെ ആത്മീയതയ്ക്ക് അതിർവരമ്പു കൽപ്പിക്കാത്തവരാണ് സ്വർഗ്ഗത്തിനവകാശികൾ എന്ന് എന്തേ ചിന്തിക്കാത്തത്? "വിശുദ്ധർ അങ്ങനെ ആയിക്കോട്ടെ, എന്റെ ചുറ്റുമുള്ളവർ ലൗകികമനുഷ്യരായിത്തന്നെ ജീവിക്കണമെന്നും, എല്ലാ ദിവസവും പള്ളിയിൽ പോവുകയും കൂടുതൽ പ്രാർത്ഥിക്കുകയും ചെയ്താൽ, 'അമിതഭക്തി എന്ന ഭ്രാന്ത്' ആയി കാണണമെന്ന ചിന്ത വെറുമൊരു മതവിശ്വാസിയുടെ മാത്രമാണ്; ഉറച്ച ദൈവവിശ്വാസിയുടേതല്ല. സഭ നിയമമായി പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾമാത്രം, മതവിശ്വാസി എന്ന നിലയിൽ ചെയ്താൽ സ്വർഗ്ഗം ഉറപ്പാണെന്ന് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നു. ഉദാഹരണം ആണ്ടുകുമ്പസാരം ,കടമുള്ള ദിവസത്തെ കുർബാന തുടങ്ങിയവ. വി.ഗ്രന്ഥത്തിലെ കർത്താവിന്റെ കൽപ്പനകൾ നിങ്ങൾ പാടെ മറന്നുപോയിരിക്കുന്നു.. രണ്ടാമത്തെ ചോദ്യം : ആത്മീയതയ്ക്കു ലിമിറ്റ് വയ്ക്കണമെന്നു പറയുന്നവർ എന്തുകൊണ്ടാണ് ജോലിയുടെ കാര്യത്തിലോ പണത്തിന്റെ കാര്യത്തിലോ ഈ ലിമിറ്റ് വയ്ക്കാത്തത്? പണം കൂടിപ്പോയി എന്നു പരിതപിക്കുന്നവരോ ജോലിയിൽ സ്ഥാനക്കയറ്റമോ ശമ്പളവർദ്ധനയോ വേണ്ട എന്നുപറയുന്നവരോ ആണോ നിങ്ങൾ ? അല്ല എങ്കിൽ, ദൈവവുമായുള്ള ആത്മീയ ബന്ധം വർദ്ധിപ്പിക്കുന്നതിനെ മാത്രമേ നിങ്ങൾ എതിർക്കുന്നുള്ളൂ എന്ന് വ്യക്തം..ഇതാണോ ദൈവം ഓരോരുത്തരിൽനിന്നും ആഗ്രഹിക്കുന്നത്? മൂന്നാമത്തെ ചോദ്യം: ആത്മീയത എന്നാൽ ദൈവകല്പനകൾ ഏറ്റവും സൂക്ഷ്‌മമായി പാലിക്കുക എന്നതാണ്. കൂടുതൽ പ്രാർത്ഥനയും ആത്മീയശുശ്രൂഷകളും ഒരാളെ ശക്തിപ്പെടുത്തുകയും സാത്താനെ തോൽപ്പിച്ച് , പാപത്തെ ഉപേക്ഷിച്ച് ദൈവത്തിന്റെ സ്വന്തമാകുവാനും സഹായിക്കുന്നു. ആത്മീയത അധികം ആവശ്യമില്ല എന്നുപറയുന്നവർ പാപത്തെ വെറുത്തുപേക്ഷിക്കുന്നവരാണോ? മനുഷ്യർ ബലഹീനരായതുകൊണ്ട്, പൂർണ്ണമായും പാപത്തെ ഉപേക്ഷിക്കുവാൻ സാധിച്ചെന്നുവരില്ല. പാപം പൂർണ്ണമായും ഉപേക്ഷിച്ചുവോ എന്നല്ല; പൂർണ്ണമായും വെറുക്കുന്നുവോ എന്നാണ് ചോദ്യം ? നാളെയും പാപം ചെയ്യുവാനുള്ള സാഹചര്യം ഫോണിലും മനസ്സിലും തയ്യാറാക്കി വച്ചിട്ട് കുമ്പസാരിക്കുകയും വി.കുർബാന സ്വീകരിക്കുകയും ചെയ്യുന്നവർ അപ്പോഴും പാപികൾതന്നെയല്ലേ? ഒരുപാടുപേർക്കു ബാധകവുമാകുന്ന കാര്യം ഉദാഹരണമായി ഇവിടെ പറയാം: അശ്ലീലത നിറഞ്ഞുനിൽക്കുന്ന WhatsApp ഗ്രൂപ്പുകളിലെ നിങ്ങളുടെ സാന്നിധ്യം, പോൺ സൈറ്റുകളിലെ സന്ദർശനം, സൂക്ഷിച്ചുവച്ചിരിക്കുന്ന അശ്ളീല വീഡിയോകൾ ചിത്രങ്ങൾ, ശരീരത്തിൽ ചെയ്യുന്ന മറ്റു പാപങ്ങൾ, പാപം ചെയ്യുവാനുള്ള ചാറ്റിങ് ബന്ധങ്ങൾ, നേരിട്ടോ അല്ലാതെയോ ഉള്ള അവിഹിത ബന്ധങ്ങൾ തുടങ്ങിയവ പൂർണ്ണമായും നിർത്താൻ തീരുമാനിക്കാതെ കുമ്പസാരിക്കുകയും വി.കുർബാന സ്വീകരിക്കുകയും ചെയ്യുന്നവർ, ആത്മീയതയുടെ ഏതുതലത്തിലാണെന്ന് സ്വയം ചിന്തിക്കുക... നാലാംക്ലാസ്സിൽ ആദ്യകുമ്പസാരവും ആദ്യകുർബാനയും സ്വീകരിക്കുമ്പോൾ പശ്ചാത്താപം, പാപമോചനം, സ്വർഗ്ഗം, ശുദ്ധീകരണസ്ഥലം, സ്വർഗ്ഗം, നരകം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വളരെച്ചെറിയ ബോധ്യമേ ഉണ്ടാകൂ. ഒരു പാപവും ഉപേക്ഷിക്കാതെ, മനപ്പൂർവം വീണ്ടും ചെയ്ത്, വീണ്ടും കുമ്പസാരിച്ചു വി.കുർബാനയും സ്വീകരിച്ച്, ഞായറാഴ്ച പള്ളിയിലും പോയി, സ്വർഗ്ഗത്തിലെ സീറ്റ് ഉറപ്പിച്ച്, അധികം ആത്മീയത പാടില്ല എന്നു പറയുന്നവർ ഇപ്പോഴും നാലാം ക്ലാസ്സിൽനിന്ന് ഒരു പടിപോലും കയറിയിട്ടില്ല എന്നുവേണം കരുതാൻ. പാപത്തെയും പാപസാഹചര്യങ്ങളെയും ഇപ്പോഴും ഉപേക്ഷിക്കാതെ കൂടെകൊണ്ടുനടക്കുകയും "ഞാൻ യേശുവിനെ സ്നേഹിക്കുന്നു" എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് വെറും കപടതയല്ലേ? പാപത്തോട് വെറുപ്പുതോന്നണമെങ്കിൽ കുറച്ചുകൂടുതൽ ആത്മീയത വേണം സഹോദരരേ...ഞായറാഴ്ച കടമുള്ള ദിനം എന്ന് സഭ പറഞ്ഞതിന്റെപേരിൽ പാതി മനസ്സോടെ, വാച്ചിൽ നോക്കി വി.കുർബാന കൂടിയാൽമാത്രം പാപത്തെ വെറുത്തുപേക്ഷിക്കുവാനുള്ള കൃപ ദൈവത്തിൽനിന്ന് കിട്ടില്ല. അതിനെ സഹായിക്കുവാനാണ് സഭ ധ്യാനകേന്ദ്രങ്ങൾ അനുവദിച്ചിരിക്കുന്നത്. രണ്ടു ധ്യാനം കൂടിയപ്പോൾ, എല്ലാ പാപങ്ങളെയും വെറുക്കാൻ മാത്രമല്ല, ഒരുകൂട്ടം പാപങ്ങളെ പൂർണമായും ഉപേക്ഷിക്കുവാനുമുള്ള കൃപയും ദൈവം ഈ ചെറിയവനിലും വർഷിച്ചു. സാത്താന്റെ സ്വാധീനം കുറഞ്ഞപ്പോൾ, കൂടുതൽ വി.കുർബാനയിൽ പങ്കെടുക്കണമെന്നും തോന്നിത്തുടങ്ങി. പക്ഷേ ജോലിചെയ്യുന്ന രാജ്യത്തെ ഇടവകയിൽ മലയാളം കുർബാന വൈകുന്നേരം ആയതുകൊണ്ടും, ആ രാജ്യത്തും കേരളത്തിലും കേരളത്തിനുവെളിയിലും അനേകസ്ഥലത്ത് വർഷങ്ങളോളം ചികിൽസിച്ചിട്ടും ഭേദമാകാത്ത നടുവിനുവേദന, നിന്നുകൊണ്ട് കീബോർഡും മൗസും ഉപയോഗിക്കേണ്ട അവസ്ഥ ജോലിസ്ഥലത്ത് തന്നിരുന്നതുകൊണ്ടും, “അവധിദിവസങ്ങളിൽമാത്രം കുർബാന” എന്ന രീതി മാറ്റാൻ എനിക്കു സാധിച്ചിരുന്നില്ല. പക്ഷേ വിശുദ്ധിയെ സ്നേഹിച്ച്, വിമർശകർ പറയുന്ന ആത്മീയതയുടെ അതിർവരമ്പുഭേദിച്ചു മുന്നേറുവാനും വി. കുർബാനയുടെ എണ്ണം കൂട്ടുവാനും ശ്രമിച്ചപ്പോൾ, ഞാനറിയാതെതന്നെ യേശു ഒരു കാര്യം എനിക്കു ചെയ്തുതന്നു...ഡ്യൂട്ടിക്കിടയിൽ വേദന കാരണം എണീറ്റുനിൽക്കേണ്ട ആവശ്യം ഇപ്പോൾ എനിക്കില്ല. ഡ്യൂട്ടി കഴിഞ്ഞ് അസ്വസ്ഥതകളില്ലാതെ വി. കുർബാനയിൽ സംബന്ധിക്കുന്നു. ഭാര്യ ഡ്യൂട്ടിയിലാണെങ്കിൽ ഒരു വയസ്സുള്ള മകനെ എടുത്തുകൊണ്ട് കുർബാനയിൽ സംബന്ധിക്കുന്നു. നടുവിന് ഒരു കുഴപ്പവുമില്ല !!! വേദനയുമില്ല!!! സ്വയം അഹങ്കരിക്കാതിരിക്കുവാനും പഴയ അവസ്ഥ മറന്നുപോകാതിരിക്കുവാനുമായി ഒരൽപ്പം വേദന ദൈവം ബാക്കിവച്ചിട്ടുണ്ട് കേട്ടോ. അത് നല്ലതായിമാത്രം തോന്നുന്നു. ആത്മീയതയുടെ പടികൾ കൂടുതൽ കയറുവാൻ, ഇനിയും പാപങ്ങൾ ഉപേക്ഷിക്കുവാനുണ്ടെന്നു ചിന്തിക്കുവാനുള്ള കൃപയും ദൈവം തന്നിട്ടുണ്ട്. അതായത് മലയുടെ താഴ്‌വരയിൽതന്നെ ഇപ്പോഴും.. അഹങ്കരിക്കുവാൻ ഒന്നുമില്ല എന്നു ചുരുക്കം... "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും" എന്ന് മത്തായി 6 : 33 ൽ കർത്താവ് വാഗ്ദാനം ചെയ്തത് എത്രയോ സത്യം!!! പക്ഷേ രാജ്യവും നീതിയുമാണ് ആദ്യം അന്വേഷിക്കേണ്ടത് എന്നത് മറക്കരുത് എന്നുമാത്രം. സുവിശേഷം വഴിയും, അനേകം വിശുദ്ധർവഴിയും വിശുദ്ധജീവിതം നയിക്കുന്നവർക്ക് യേശു വാഗ്ദാനം ചെയ്തിരിക്കുന്ന സ്വർഗ്ഗരാജ്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അത് സ്വന്തമാക്കുവാൻ ഈ ലൗകികജീവിതത്തിൽ എന്ത് ആത്മീയമാറ്റമാണ് നിങ്ങൾ വരുത്തികൊണ്ടിരിക്കുന്നത്? യേശുവിനെപ്രതിയും സ്വർഗ്ഗരാജ്യത്തെപ്രതിയും എന്തൊക്കെ നിങ്ങൾ ഉപേക്ഷിച്ചു? എത്രപേരുടെ ആത്മാവിനെ രക്ഷിക്കുവാൻ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നു, പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു? ലൗകികമനുഷ്യൻ ആനന്ദമായിക്കാണുന്ന പലകാര്യങ്ങളും ആത്മീയമനുഷ്യൻ ഉപേക്ഷിക്കേണ്ടിവരും. ഇപ്പോൾ ഇഷ്ടപ്പെടുന്ന പലതും-പാപങ്ങളും ലൗകികാനന്ദങ്ങളും- ഉപേക്ഷിക്കുവാനുള്ള മടികൊണ്ടല്ലേ 'അമിത ആത്മീയത' വേണ്ട എന്ന് നിങ്ങൾ പറയുന്നത്? അതല്ലേ സത്യം? നിങ്ങൾ ആത്മീയവളർച്ചയുടെ പാതയിലാണോ ? ഇതാ ഒരു ടെസ്റ്റ് :- ഇന്നു നിങ്ങൾ കുമ്പസാരിച്ചാൽ, ആ കുമ്പസാരത്തിൽ പറഞ്ഞത് ഭാര്യയോടോ/ ഭർത്താവിനോടോ, അമ്മയോടോ ബുദ്ധിമുട്ടില്ലാതെ തുറന്നുപറയാൻ സാധിക്കുമെങ്കിൽ, നിങ്ങൾ ആത്മീയവളർച്ചയുടെ പാതയിലാണ് എന്നുറപ്പിക്കാം. സ്വയം ചിന്തിക്കുക...നിങ്ങളുടെ ആത്മീയത-ദൈവവുമായുള്ള അടുപ്പം എവിടെയെത്തിനിൽക്കുന്നു? മാറ്റം ആഗ്രഹിക്കുന്നുവെങ്കിൽ ഇനിയും വൈകിയിട്ടില്ല...സ്വർഗ്ഗീയപിതാവ് ഓരോരുത്തരെയും കാത്തിരിക്കുന്നു. പാപത്തെ വെറുക്കുന്നവരാരോ, അവർക്ക്‌ ആത്മീയതയ്ക്ക് അതിർവരമ്പിടാനാവില്ല. ദൈവവുമായി ആത്മാവിലുള്ള കൂടിച്ചേരലാണ് ആത്മീയത...ഇതിലേയ്‌ക്കെത്തുവാൻ പല തലങ്ങൾ...പല മാർഗ്ഗങ്ങൾ... ദൈവം വെറുക്കുന്നത് ആത്മീയതയോ പാപമോ? പ്രാർത്ഥിക്കുക...ആലോചിക്കുക.. … "ദൈവം ആത്മാവാണ്. അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്." (യോഹന്നാൻ 4 :24) ദൈവനാമം മഹത്വപ്പെടട്ടെ...ആമ്മേൻ.... (..റെനിറ്റ്...) # യേശു ഏകരക്ഷകൻ # ലോകരക്ഷകൻ # 🌸🌸Article URL:Quick Links

വ്യാജപ്രവാചകരെ കണ്ടെത്താനുള്ള ഏതാനും ചില എളുപ്പവഴികൾ.

സ്വർഗ്ഗത്തിൽ പ്രവേശിക്കണമെന്ന് ആർക്കാണ് ആഗ്രഹമില്ലാത്തത്? ::::::::::::::::::::::::::: എന്നാൽ 1)വിശുദ്ധ ഗ്രന്ഥത്തിലുള്ള അജ്ഞത നിമിത്തം 2)ദൈവത്തെ തിരിച്ചറിയാൻ കഴിയാത്തതു നിമിത്തം 3)വ്യാജപ്രവ... Continue reading


ക്രിസ്തുകേന്ദ്രീകൃതമായ സഭയിൽ നിന്ന് പാപ്പാകേന്ദ്രീകൃതമായ ഒരു സഭയിലേക്കുള്ള അബദ്ധപ്രയാണത്തിന്റെ പരിണതഫലമാണ് ഇന്ന് നാം കാണുന്നത്

ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ പ്രസംഗങ്ങളും ബൈബിൾ ക്‌ളാസുകളും എല്ലാം വളരെ താല്പര്യത്തോടെ  കേട്ടുകൊണ്ടിരുന്ന ഒരാളാണ് ഞാൻ. ദീർഘയാത്രക്കിടയിൽ അച്ചന്റെ പ്രസംഗങ്ങൾ ഒന്നിനുപിറകെ ഒന്... Continue reading


സുവിശേഷ പ്രഘോഷണം അവസാനിച്ചോ ?

സുവിശേഷ പ്രഘോഷണം അവസാനിച്ചോ ? ഒരിക്കൽ ഒരു കൗൺസിലറുടെ മുമ്പിൽ ഒരു കുടുംബം എത്തി.നാളുകളായി വിവാഹതടസം നേരിടുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനായ തങ്ങളുടെ മകനു വേണ്ടി പ്രാർത്ഥിക്കണം എന്നഭ്യർത്ഥിച്ച്... കൗൺസിലർ ... Continue reading


വത്തിക്കാനും "പച്ചമാമാ" (PACHAMAMA)പ്രദക്ഷിണവും.

ഒക്ടോബർ ഏഴാം തിയതി പരിശുദ്ധ കത്തോലിക്കാ സഭ പരിശുദ്ധ ജപമാലരാജ്ഞിയുടെ തിരുനാൾ ആഘോഷിക്കുന്നു. അൽബിജേനിയൻ പാഷാണ്ഡത തിരുസഭയെ അന്ധകാരത്തിലാഴ്ത്തികൊണ്ടിരുന്ന കാലത്താണ് 1212 ൽ വിശുദ്ധ ഡൊമിനിക്കിന് പരി... Continue reading


ഭൂമി നമ്മുടെ "അമ്മയോ " ?

ഭൂമി നമ്മുടെ "അമ്മയോ " ? വത്തിക്കാൻ ന്യൂസ് നെ ഉദ്ധരിച്ചു കൊണ്ട് ഇന്നത്തെ "ദീപിക പത്രം " റിപ്പോർട്ട് ചെയ്തിട്ടുള്ളത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് മാർപാപ്പ പലപ്പോഴായി നല്കിയിട്ടുള്... Continue reading


Kerala.myparish.net   |