മെജ്യുഗോറിയ ജനം ഒഴുകിക്കൊണ്ടിരിക്കുന്നു..
------------------------------------
യൂറോപ്പിലെ ബോസ്‌നിയ-ഹെര്‍സഗോവിന എന്ന രാജ്യത്തെ എന്ന കൊച്ചു ഗ്രാമമായ മെജ്യുഗോറിയ ഇന്ന് ലോകമെമ്പാടുമുള്ള മരിയഭക്തരുടെ പ്രധാന തീര്‍ത്ഥാടനകേന്ദ്രമായി മാറിയിരിക്കുകയാണ്.
1981 ജൂണ്‍ 24,
വൈകുന്നേരം ആറുമണി മണിയോടുകൂടി മെജ്യുഗോറി ഗ്രാമത്തിലെ ആറു കുട്ടികള്‍ക്ക് പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കി എന്ന വാര്‍ത്ത പുറത്തായതോടെയാണ് മെജ്യുഗോറിയ ലോകശ്രദ്ധ നേടിയത്.
ഇവാന്‍ക ഇവാന്‍കോവിക് , മിര്‍ജന ഡ്രാജിസെവിക്, വികാ ഇവാന്‍കോവിക്, ഇവാന്‍ ട്രാജിനിസിവിക്, ഇവാന്‍ ഇവാന്‍കോവിക്, മില്‍ക പവ്‌ലോവിക് എന്നീ കുട്ടികള്‍ക്കാണ് പ്രോഡ്‌ബ്രോ എന്ന സ്ഥലത്തുള്ള മലമുകളില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടത്.
തൂവെള്ള വസ്ത്രംധരിച്ച അതിസുന്ദരിയായ യുവതി കൈയില്‍ കുഞ്ഞുമായി നില്‍ക്കുന്ന ദൃശ്യമാണ് അവര്‍ കണ്ടത്. ഒന്നും സംസാരിച്ചില്ലെങ്കിലും അടുത്തേയ്ക്കുവരാന്‍ യുവതി ആംഗ്യംകാണിച്ചു.
പരിശുദ്ധ അമ്മയാണെന്ന് മനസ്സിലായെങ്കിലും അത്ഭുതംകൊണ്ടും സംഭ്രമംകൊണ്ടും ഇവര്‍ പക്ഷേ, അടുത്തേക്ക് ചെല്ലാന്‍ ധൈര്യപ്പെട്ടില്ല.
പരിശുദ്ധ അമ്മയെ വീണ്ടും കാണണമെന്ന തീവ്രമായ ആഗ്രഹത്താല്‍ അടുത്ത ദിവസം അതേ സ്ഥലത്ത് വീണ്ടും ഒന്നിച്ചുകൂടാന്‍ ഇവര്‍ തീരുമാനിച്ചു പിരിഞ്ഞു. ഇവിടെവച്ച് പരിശുദ്ധ അമ്മ ഇവര്‍ക്ക് രണ്ടാമതും ദര്‍ശനം നല്‍കി.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവലയത്തോടൊപ്പം പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയുടെ കൈകളില്‍ ഇത്തവണ കുഞ്ഞുണ്ടായിരുന്നില്ല. ആദ്യദിവസം ഉണ്ടായിരുന്നവരില്‍ ഇവാന്‍ ഇവാന്‍കോവിക്, മില്‍ക പവ്‌ലോവിക് എന്നിവര്‍ ഏതോ കാരണത്താല്‍ എത്തിയില്ല. പിന്നീടൊരിക്കലും ഈ രണ്ടുപേര്‍ക്ക് പരിശുദ്ധ അമ്മയുടെ ദര്‍ശനം ലഭിച്ചിട്ടില്ല. ഇവര്‍ക്കു പകരമായി മരീജ പൗലോവിക്, ജാക്കോവ് കോളോ എന്നിവര്‍ പിന്നീട് ഈ സംഘത്തില്‍ ചേര്‍ന്നു.
ദാര്‍ശനികര്‍ എന്ന് വിളിക്കപ്പെടാന്‍ തുടങ്ങിയ ഈ ആറുപേരുടെ സംഘം പരിശുദ്ധ അമ്മയോട് സംസാരിക്കുകയും അമ്മയോടൊത്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തുതുടങ്ങി. അന്നുമുതല്‍ ഇവര്‍ക്ക് കൂട്ടായോ ഒറ്റയ്‌ക്കോ പരിശുദ്ധ അമ്മ ദര്‍ശനത്തിലൂടെ ലോകത്തിന് സന്ദേശം നല്‍കി. ഇത് ഇന്നും തുടരുന്നു.
പരിശുദ്ധ അമ്മയുടെ സന്ദേശങ്ങളിലെ ഏറ്റവും പ്രധാന വിഷയം സമാധാനവും ശാന്തിയുമാണ്.
പരിശുദ്ധ അമ്മ മെജ്യുഗോറിയയില്‍ നല്‍കിയ സന്ദേശങ്ങളിലെ രണ്ടാമത്തെ പ്രധാനവിഷയം വിശ്വാസത്തെക്കുറിച്ചാണ്.
മൂന്നാമതായി പരിശുദ്ധ അമ്മ നല്‍കുന്ന വിഷയം മാനസിക പരിവര്‍ത്തനമാണ്.
പ്രാര്‍ത്ഥനയുടെ ആവശ്യകതയെക്കുറിച്ചാണ് പരിശുദ്ധ അമ്മ നല്‍കുന്ന സന്ദേശങ്ങളിലെ അടുത്ത പ്രധാന വിഷയം.
ഉപവാസമാണ് പരിശുദ്ധ അമ്മ ആവശ്യപ്പെടുന്ന അഞ്ചാമത്തെ കാര്യം.
പരിശുദ്ധ അമ്മ മെജ്യുഗോറിയില്‍ നല്‍കിയ സന്ദേശങ്ങളുടെ ചുരുക്കം സമാധാനമാണ് പരമപ്രധാന ലക്ഷ്യമെന്നതാണ്. വിശ്വാസവും പരിവര്‍ത്തനവും പ്രാര്‍ത്ഥനയും ഉപവാസവും ഈ ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാര്‍ഗങ്ങളായി പരിശുദ്ധ അമ്മ നിര്‍ദേശിക്കുന്നു.
ആറു ദാര്‍ശനികര്‍ക്കും പത്തു രഹസ്യങ്ങള്‍വീതം വെളിപ്പെടുത്തിക്കഴിഞ്ഞാല്‍ പരിശുദ്ധ അമ്മ ഇവര്‍ക്കു നല്‍കുന്ന ദിവസേനയുള്ള ദര്‍ശനം നിര്‍ത്തും. ഇതുവരെ മരീജ, വികാ, ഇവാന്‍ എന്നിവര്‍ക്ക് ഒമ്പതുവീതം രഹസ്യങ്ങള്‍ ലഭിച്ചുകഴിഞ്ഞു. ലോകത്തിലെവിടെയായിരുന്നാലും ഈ മൂന്നു ദാര്‍ശനികര്‍ക്ക് പരിശുദ്ധ അമ്മ എല്ലാദിവസവും ദര്‍ശനം നല്‍കുന്നു. പത്താം രഹസ്യം സ്വീകരിക്കുന്നതുവരെ ഇതു തുടരും.
-jaimon