അരെയോപ്പഗോസിലെ ഓണാഘോഷം
അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവേ, ബഹുമാനപ്പെട്ട മൈക്കൾ കാരിമറ്റം അച്ചാ, പ്രിയപ്പെട്ട മാരിയോ ജോസഫ്,
ചില സംശയങ്ങൾ ചോദിക്കുകയാണ്. തെറ്റിദ്ധരിക്കരുതേ. ഓണക്കാലമായതുകൊണ്ട് ഞങ്ങളുടെ സംശയങ്ങളും ഓണവുമായി ബന്ധപ്പെട്ടവയാണ്. ഇത് ചോദിക്കാനുള്ള കാരണം ഓണത്തെക്കുറിച്ച് (മാരിയോ ജോസഫിന്റെ താൽപര്യപ്രകാരം ആണെന്ന് തോന്നുന്നു) കാരിമറ്റം അച്ചൻ നടത്തിയ സുദീർഘമായ പ്രഭാഷണം ( ജിജി മാരിയോ എന്ന സഹോദരിയ്ക്ക് കൊടുത്ത ഇന്റർവ്യൂ) കേൾക്കാനും പാംപ്ലാനി പിതാവ് ഓണത്തെക്കുറിച്ച് എഴുതിയ ഒരു ലേഖനം വായിക്കാനും ഇടയായതാണ്. കാലവും കണ്ണാടിയും എന്ന പംക്തിയിൽ ' ഓണപ്പൂക്കളങ്ങളിൽ വിരിയുന്ന അസഹിഷ്ണുത' എന്ന തലക്കെട്ടിലുള്ള ലേഖനമാണ് ഞാൻ ഉദ്ദേശിക്കുന്നത്. അത് ഏത് പ്രസിദ്ധീകരണത്തിൽ വന്നതാണെന്നോ, എപ്പോൾ വന്നതാണെന്നോ എനിക്കറിയില്ല. കഴിഞ്ഞ ദിവസമാണ് ഒരു സുഹൃത്ത് ഈ ലേഖനം എന്റെ ശ്രദ്ധയിൽ പെടുത്തിയത്.
ഓണത്തിന് പൂക്കളമിടുന്നത് പറഞ്ഞു കുമ്പസാരിക്കേണ്ട പാപമാണെന്ന ഉപദേശം സ്വീകരിച്ച് മനഃപൂർവം ഓണാഘോഷം ഉപേക്ഷിച്ച ഭക്തരായ മലയാളി ക്രിസ്ത്യാനികൾ ആണ് ഓണക്കാലത്തിന്റെ നീക്കിയിരുപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് പാംപ്ലാനി പിതാവ് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ലേഖനത്തിലെ പ്രധാന ആശയങ്ങൾ ക്രമമായി കൊടുത്തിരിക്കുന്നതിന് തൊട്ടുതാഴെ എന്റെ സംശയങ്ങളും കൊടുത്തിരിക്കുന്നു.
1. ജാതിമതഭേദമെന്യേ മലയാളികൾ ആഘോഷിച്ചിരുന്ന നാടിന്റെ ഉത്സവമാണ് തിരുവോണം.
തെറ്റ്. കേരളത്തിലെ ഹിന്ദുക്കൾ പരമ്പരാഗതമായി ആഘോഷിച്ചിരുന്ന ഉത്സവമാണ് തിരുവോണം. വിക്കിപീഡിയയും ന്യൂ എൻസൈക്ളോപീഡിയാ ബ്രിട്ടാനിക്കയും ഓണത്തെ നിർവചിക്കുന്നതുതന്നെ കേരളത്തിലെ ഒരു പ്രധാന ഹിന്ദു ഉത്സവം എന്നാണ്. കേരളത്തിലെ 25 ശതമാനത്തിലധികം വരുന്ന മുസ്ലിങ്ങളിൽ വളരെ ചുരുക്കം പേർ മാത്രമേ ഓണം ആഘോഷിക്കുന്നുള്ളൂ. കത്തോലിക്കാ ക്രിസ്ത്യാനികളിൽ നല്ലൊരു ശതമാനം ആഘോഷിക്കുന്നുണ്ടെങ്കിലും ഓണമാഘോഷിക്കാത്തവരുടെ എണ്ണവും ചെറുതല്ല. ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ വരുന്ന പെന്തക്കോസ്തുകാർ ഓണം ആഘോഷിക്കാറേയില്ല.
2. ഓണത്തെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ആഘോഷമായി പരിമിതപ്പെടുത്താനാഗ്രഹിക്കുന്നവർ കൂട്ടായ്മയുടെ അർത്ഥം ഗ്രഹിക്കാത്തവരാണ്.
നമ്മൾ ആഗ്രഹിക്കുന്നതുകൊണ്ടല്ല ഓണം ഒരു മതത്തിന്റെ മാത്രം ഉത്സവമായത്. മറിച്ച് അത് ഒരു ചരിത്രവസ്തുതയായതുകൊണ്ടാണ്. കൂട്ടായ്മയുടെ അർത്ഥം നാം മനസിലാക്കിയത് പ്രളയം പോലുള്ള ദുരന്തകാലങ്ങളിലാണ്. ഓണം ആഘോഷിക്കുന്നവരും അല്ലാത്തവരും കൂട്ടായ്മയോടെ പ്രളയകാലത്ത് തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചത് നാം കണ്ടതാണല്ലോ.കൂട്ടായ്മയില്ലായ്മ എന്തെന്ന് മനസിലാക്കിത്തന്നത് സീറോ മലബാർ സഭയിലെ കഴിഞ്ഞ രണ്ടു വർഷത്തെ സംഭവങ്ങളാണ്. അതിലെ വാദിയും പ്രതിയും ആക്ഷേപക്കാരനും അന്യായക്കാരനും സാക്ഷിയും കമ്മിറ്റിയും പീഡകനും ഇരയും അമ്പുതൊടുത്തവനും അമ്പു കൊണ്ടവനും എല്ലാം (അല്ലെങ്കിൽ ബഹുഭൂരിപക്ഷമെങ്കിലും) ഓണം ആഘോഷിച്ചാഘോഷിച്ച് കൂട്ടായ്മയുടെ അഗാധമായ അർത്ഥതലങ്ങൾ ഗ്രഹിച്ചവരായിരുന്നു എന്ന് ഞങ്ങൾ സാധാരണ വിശ്വാസികൾക്ക് ഇതിനകം മനസിലായിക്കഴിഞ്ഞു.
ഇനി ഞാൻ രണ്ടു സംഭവങ്ങൾ വിവരിക്കാം. ഒന്ന് എന്റെ പഴയൊരു സുഹൃത്തിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടതാണ്. വിവാഹം ഒരു ഞായറാഴ്ചയാണ് നടക്കാനിരുന്നത്. ഞായറാഴ്ചകളിൽ പ്രാർത്ഥനയ്ക്കും, പരിശുദ്ധകുർബാനയ്ക്കും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി നീക്കിവയ്ക്കണം എന്ന ബോധ്യം ഉള്ള ഒരു കത്തോലിക്കാനായതുകൊണ്ട് ഞാൻ കഴിഞ്ഞ കുറേക്കാലമായി ഞായറാഴ്ചകളിൽ ഇത്തരം ആഘോഷങ്ങളിൽ നിവൃത്തിയുണ്ടെങ്കിൽ പങ്കെടുക്കാറില്ല. ഈ വിവരം പറഞ്ഞപ്പോൾ എന്റെ സുഹൃത്തിന് കാര്യം മനസിലായി. ഞങ്ങൾ ശനിയാഴ്ച തന്നെ ആ വീട്ടിൽ പോയി ആശംസകൾ അറിയിച്ചു തിരിച്ചുപോന്നു. ഞങ്ങളുടെ സൗഹൃദത്തിന് ഇന്നും ഒരു കുറവുമില്ല.സമാനമായ മറ്റൊരവസരത്തിൽ അവിടുത്തെ ഗൃഹനാഥനും കുടുംബാംഗങ്ങളും ഞങ്ങൾക്ക് വഴിതെറ്റിപ്പോയി എന്ന് പറഞ്ഞു പരിഹസിക്കുകയാണ് ചെയ്തത്. വ്യത്യാസം ഇത്ര മാത്രം. ആദ്യത്തെ സുഹൃത്ത് ഒരു ഹിന്ദുവും രണ്ടാമത്തെ കക്ഷി ഒരു പുരാതനകത്തോലിക്കനുമായിരുന്നു. മറ്റു മതസ്‌ഥരോടുള്ള കൂട്ടായ്മ നിലനിർത്താൻ നമ്മുടെ വിശ്വാസത്തിൽ വെള്ളം ചേർക്കേണ്ടതില്ല എന്ന് സാരം. എന്നാൽ അടുത്തവീട്ടിലെ കത്തോലിക്കനോട് കൂട്ടായ്മ പ്രകടിപ്പിക്കണമെങ്കിൽ ക്രിസ്ത്യാനിക്ക് അനുവദനീയമല്ലാത്ത പലതും ചെയ്യേണ്ടിവരുന്നു എന്ന് പറയുമ്പോൾ വേദനയുണ്ട്.
രണ്ടാമത്തെ അനുഭവം എന്റെ മകന്റെ പുതിയ ഓഫീസ് ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടതാണ്.. തലേദിവസം അച്ചൻ വന്നു വെഞ്ചരിച്ച ഓഫീസിന്റെ ഉദ്‌ഘാടനകർമ്മം പിറ്റേന്ന് നടത്തിയത് കേരളത്തിലെ ആര് എസ് എസിന്റെ ഏറ്റവും പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസസിദ്ധാന്തങ്ങൾക്ക് അതേപടി അനുരൂപണപ്പെട്ടതുകൊണ്ടല്ല ഇങ്ങനെ സാധിച്ചത്. മറിച്ച്, അത് തികച്ചും വ്യക്തിപരവും തൊഴിൽ പരവുമായ ബന്ധം കൊണ്ടായിരുന്നു.
ഇതരമതസ്ഥരുമായുള്ള കൂട്ടായ്മയുടെ അർഥം ഗ്രഹിക്കാനും അതിനെ പരിപോഷിപ്പിക്കാനും പാംപ്ലാനി പിതാവ് കുറിച്ചുതരുന്ന കുറുക്കുവഴികൾ ഒന്നും വേണ്ട എന്നർത്ഥം. ഇതുപോലുള്ള എത്രയെങ്കിലും അനുഭവങ്ങൾ എനിക്ക് പങ്കുവയ്ക്കാൻ കഴിയും. പാഠം ഒന്ന്. കത്തോലിക്കർ ഓണം ആഘോഷിക്കാത്തതിൽ വിഷമം ഹിന്ദുക്കൾക്കല്ല, മനസുകൊണ്ട് ഹിന്ദുക്കളായ കത്തോലിക്കർക്കാണ്. അക്കൂട്ടത്തിൽ മെത്രാന്മാരും വൈദികരും കന്യാസ്ത്രീകളും അല്മായരും ഒക്കെയുണ്ട്.
3. പൊട്ടുതൊടുന്നതിനെതിരെയും കാവിയുടുക്കുന്നതിനെതിരെയും നിലവിളക്ക് കത്തിക്കുന്നതിനെതിരെയും കലാപമുണ്ടാക്കിയവർ തന്നെയാണ് ഓണവിരുദ്ധ ആധ്യാത്മികതയുടെയും പിറകിലുള്ളത്.
മുഴുവൻ ശരിയല്ല. ഇതെഴുതുന്ന ആൾ കാവി മുണ്ട് ഉടുക്കുന്നയാളാണ്. കാവി മുണ്ട് ഉടുത്തുകൊണ്ടുതന്നെയാണ് ഈ ലേഖനം എഴുതുന്നതുപോലും.
നിലവിളക്ക് കത്തിക്കാൻ തയ്യാറല്ല എന്ന് പറഞ്ഞതിന്റെ പേരിൽ മാത്രം 25 വർഷത്തിലധികമായി സ്തുത്യർഹമായി സേവനം ചെയ്തുകൊണ്ടിരുന്ന ഒരു കപ്യാരെ പിരിച്ചുവിടാൻ വേണ്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചതും അതിന് കപ്യാരുടെ എട്ടുപേജ് മറുപടി കിട്ടിയപ്പോൾ നാണം കേട്ട് ആ ശ്രമം ഉപേക്ഷിച്ചതും പാംപ്ലാനി പിതാവ് ഭരണം നടത്തുന്ന തലശ്ശേരി രൂപതയിൽ തന്നെയാണല്ലോ. ഒരു കാര്യം അറിഞ്ഞാൽ കൊള്ളാം. ഏതാനും വർഷം മുൻപുവരെ ബഹുഭൂരിപക്ഷം കത്തോലിക്കാപള്ളികളുടെയും ഏഴയലത്തുപോലും അടുപ്പിക്കാൻ സമ്മതിക്കാതിരുന്ന നിലവിളക്കിനെ ബലം പ്രയോഗിച്ചുതന്നെ അൾത്താരയ്ക്കു മുൻപിൽ സ്ഥാപിക്കാൻ ഏതറ്റം വരെയും പോകുന്ന പുരോഹിതരും മെത്രാന്മാരുമാണോ അതോ ക്രിസ്തീയആരാധനശുശ്രൂഷകളിൽ അവശ്യഘടകം അല്ലാത്തതുകൊണ്ട് താൻ നിലവിളക്ക് കത്തിക്കില്ല എന്ന് പറഞ്ഞ കപ്യാരാണോ ശരി?
പിന്നെ പൊട്ടുതൊടുന്ന കാര്യം. നെറ്റിയിൽ കുരിശുവരയ്ക്കുന്ന ശീലം ഇപ്പോഴും കൈവെടിയാത്തവരാണ് കത്തോലിക്കരിൽ ഭൂരിഭാഗവും. നെറ്റിയിൽ പൊട്ടുതൊട്ടാൽ അത് കുരിശുവരയ്ക്കുന്നതിന് അസൗകര്യമാകില്ലേ എന്ന തികച്ചും യുക്തിപരമായ ചോദ്യം മാത്രം പാംപ്ലാനി പിതാവിന്റെ മുന്നിൽ സമർപ്പിക്കുന്നു. ദൈവശാസ്ത്രപരമായിട്ടൊന്നും ഈ പ്രശ്‌നത്തെ സമീപിക്കാനുള്ള അറിവും കഴിവും പാണ്ഡിത്യവും ഡോക്ടറേറ്റും എനിക്കില്ല.
4.ഇത്തരം അസഹിഷ്ണുതകൾ അപകടകരവും താലിബാനികളുടെയും ഐ എസ് ഭീകരുടെയും ചിന്താഗതികളിലേക്ക് അനുകൂലസാഹചര്യങ്ങളിൽ വളരാൻ സാധ്യതയുള്ളതുമാണ്.
പാംപ്ലാനി പിതാവ് വളരെയധികം അറിവും പാണ്ഡിത്യവും കഴിവും ഉള്ളയാളാണ്. ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്തിട്ടുണ്ട്. വിദേശരാജ്യത്ത് പഠിച്ചിട്ടുണ്ട്. ജർമ്മൻ, ലത്തീൻ, ഗ്രീക്ക്, ഹീബ്രൂ, ഇംഗ്ലീഷ് എന്നീ ഭാഷകൾ അറിയാവുന്ന വ്യക്തിയുമാണ്. പല വിദേശരാജ്യങ്ങളിലും പലതവണ യാത്ര ചെയ്തിട്ടുമുണ്ട്. അസഹിഷ്ണുത മൂത്ത് അനുകൂലസാഹചര്യങ്ങൾ കിട്ടിയപ്പോൾ താലിബാനികളുടെയും ഐ എസ് ഭീകരരുടെയും ചിന്താഗതികളിലേക്ക് വളർന്ന എത്ര കത്തോലിക്കരെ അങ്ങേയ്ക്കറിയാം? മറുവശത്ത് എല്ലാം ഒന്നാണ് എന്ന വ്യാജപ്രബോധനം സൺഡേസ്‌കൂളിൽ പഠിച്ചുപഠിച്ച് ഇസ്‌ലാം മതം സ്വീകരിച്ച അനേകരെ എനിക്കറിയാം. അതിൽ ഗണ്യമായ സംഖ്യ അങ്ങയുടെ രൂപതയിൽ നിന്ന് തന്നെയുള്ളവരാണ്. ഇസ്‌ലാം ആയി മതം മാറിയ പല കത്തോലിക്കരും ഐ എസിന്റെയും താലിബാന്റെയും ചിന്താഗതികളിലേക്ക് വളർന്നിട്ടുണ്ട് എന്നത് സത്യമാണ്. അവരിലാരും ദൈവാലയത്തിൽ ഓണം ആഘോഷിക്കുന്നതിനെ എതിർത്തവരായിരുന്നില്ല പിതാവേ. ഇത്ര നിരുത്തരവാദപരമായ ഒരു പരാമർശം സീറോ മലബാർ സഭയുടെ ഒരു ബിഷപ്പിൽ നിന്നുണ്ടാകുന്നു എന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ വിവരക്കേടാണ്. ഇസ്‌ലാമിക തീവ്രവാദത്തെക്കുറിച്ച് പറഞ്ഞാൽ എനിക്ക് കത്തോലിക്കാ തീവ്രവാദത്തെക്കുറിച്ചും പറയേണ്ടിവരും എന്നു പറഞ്ഞ ഇപ്പോഴത്തെ പോപ്പിന്റെ ചിന്താഗതികൾ പാംപ്ലാനി പിതാവിനെയും സ്വാധീനിച്ചിട്ടുണ്ടാകും എന്ന് കരുതാം. പോപ്പിന്റെ പക്കലും ഏതെങ്കിലും കത്തോലിക്കൻ തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെട്ടതിനുള്ള തെളിവില്ലായിരുന്നല്ലോ.
5. ഓണം യഥാർത്ഥത്തിൽ ഒരു വിമോചനസ്വപ്നമാണ്.
ഞാൻ അഭിപ്രായം ഒന്നും പറയുന്നില്ല. സ്‌കൂളിൽ ഞങ്ങൾ പഠിച്ചിട്ടുള്ളത് മഹാബലി പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് വർഷത്തിലൊരിക്കൽ വരുന്നു എന്ന ഐതിഹ്യമാണ് ഓണത്തിന് പിറകിലുള്ളതെന്നാണ്.
6. അത് അവർണ്ണരോടുള്ള സവർണ്ണരുടെ കിരാതത്വങ്ങളോടുള്ള പ്രതിഷേധമാണ്.
അത് ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടായിരിക്കും ബി ജെ പി നേതാക്കൾ ഓണത്തിന് പകരം വാമനജയന്തി ആശംസകൾ നേർന്നുതുടങ്ങിയത്. ഇങ്ങനെ വിട്ടാൽ യോഗ പോലെ ഓണവും കത്തോലിക്കർ അടിച്ചുമാറ്റും എന്ന് അമിത് ഷായ്ക്ക് മനസിലായി. അവർണ്ണരോടുള്ള സവർണ്ണരുടെ കിരാതത്വത്തിനെതിരായ പ്രതിഷേധമാണ് ഓണം എന്ന തെറ്റായ വാദം അംഗീകരിച്ചാൽ പോലും ഒരു ചെറിയ ലോപോയിന്റ് ബാക്കി കിടക്കുന്നുണ്ട്. യജമാനൻമാരുടെ കിരാതത്വത്തിനെതിരെ പ്രതിഷേധിക്കാനായിരുന്നോ കീഴാളരും കുടിയാന്മാരും എല്ലാ ഓണത്തിനും കാർഷികവിഭവങ്ങളും കാഴ്ചക്കുലകളുമായി തമ്പുരാന്റെ മുറ്റത്ത് കാത്തുനിന്നിരുന്നത്? വാഴക്കുല സമ്മാനം കൊടുത്തുകൊണ്ടുള്ള പ്രതിഷേധപ്രകടനം എന്നത് നല്ലൊരു ആശയമാണ്. രാഷ്ട്രീയക്കാരോട് പറയണ്ട. അവർ അതും പരീക്ഷിച്ചുതുടങ്ങും.
7. വാമനനോ മഹാബലിയെ അല്ല, വിമോചനത്തിന്റെ സദ്‌വാർത്തയാണ് ഓണത്തിന്റെ സ്വപ്നം.
അതായത് വാമനനും മഹാബലിയും ഇല്ലാത്ത ഓണം എന്ന സ്വപ്നം. തെറ്റില്ല. ക്രിസ്തു ഇല്ലാത്ത സഭയിലേക്ക് അടിവെച്ചടിവച്ച് മുന്നേറുന്ന മതേതരസമൂഹത്തിന് പറ്റിയ ഉപമ തന്നെ. നാലു ചക്രവും എൻജിനും സ്റ്റിയറിങ്ങും എടുത്തുമാറ്റിയതിനുശേഷം അവശേഷിക്കുന്നത് ഒരു കാറാണ് എന്ന് പറഞ്ഞാൽ നമുക്കെന്ത് ചെയ്യാൻ കഴിയും?
8. സവർണനും അവർണനും ഉടമയും അടിമയും ഒരുപോലെ കഴിയുന്ന അഴിമതിയും ചതിയും കുടിപ്പകയുമില്ലാത്ത നല്ല നാളെയെക്കുറിച്ചുള്ള ഓണസ്വപ്നത്തിന് ദൈവരാജ്യത്തിന്റെ മിഴിവ് നൽകാനുള്ള അനന്ത സാധ്യതയുണ്ട്.
ഇങ്ങനെയൊരു തിയോളജി പ്രചരിപ്പിക്കാൻ അനന്തസാധ്യതയുണ്ട് എന്നും പറയാം . പ്രശ്‌നം അവിടെയല്ല. കർത്താവ് രണ്ടായിരം വർഷം മുൻപ് വന്നതും ദൈവരാജ്യം എന്തെന്ന് പഠിപ്പിച്ചുതന്നതും സ്വപ്നം കണ്ടുകൊണ്ടിരിക്കാനായിരുന്നില്ല. യേശുക്രിസ്തു പഠിപ്പിച്ചുതന്ന ദൈവരാജ്യത്തിലേക്ക് എത്തിച്ചേരാൻ ഓണസ്വപ്നത്തിലൂടെ കടന്നുപോകേണ്ട കാര്യവുമില്ല. കർത്താവ് പറഞ്ഞുതന്നതെല്ലാം ഒരു വളച്ചുകെട്ടുമില്ലാതെ നേരേചൊവ്വേയായിരുന്നില്ലേ?
9.സ്വയം തോറ്റ് പരിത്യജിക്കുന്ന മഹാബലി ദർശനത്തിന് സുവിശേഷത്തോടുള്ള ഇഴയടുപ്പം കാണാതെ പോകുന്നത് അവിവേകമാണ്.
അങ്ങനെയെങ്കിൽ സുവിശേഷത്തോട് കൂടുതൽ ഇഴയടുപ്പമുള്ളത് നമ്മുടെ കാലഘട്ടത്തിൽ തന്നെ ജീവിച്ചിരുന്ന ഒരു കന്യാസ്ത്രീയുടെ ജീവിതദർശനത്തിനല്ലേ?? അവരുടെ ചരിത്രം ഐതിഹ്യമല്ല, പച്ച ജീവിതം തന്നെയായിരുന്നു കൽക്കത്തയിലെ തെരുവോരങ്ങളിൽ ജീവിതം കൊണ്ട് സുവിശേഷം പ്രഘോഷിച്ച മദർ തെരേസയുടെ തിരുനാൾ സെപ്റ്റംബർ 5 ന് ആയിരുന്നു. അങ്ങയുടെ രൂപതയിൽ ഓണത്തിരക്കിനിടയിൽ എത്ര ഇടവകപ്പള്ളികളിൽ മദർ തെരേസയുടെ പേര് അനുസ്മരിക്കുകയെങ്കിലും ചെയ്തിരുന്നു എന്ന് പരിശോധിക്കുന്നത് നല്ലതാണ്. വേണ്ട, ഈ വർഷത്തെ ഓണത്തിന് രണ്ടുദിവസം മുൻപായിരുന്നു പരിശുദ്ധദൈവമാതാവിന്റെ ജനനത്തിരുനാൾ. അങ്ങയുടെ രൂപതയിൽ എത്രയിടങ്ങളിൽ ഓണത്തേക്കാളധികമോ അല്ലെങ്കിൽ ഓണത്തോടൊപ്പമെങ്കിലുമോ പ്രാധാന്യം മാതാവിന്റെ ജനനത്തിരുനാളിന് കൊടുത്തു എന്നറിഞ്ഞാൽ കൊള്ളാം.
10.വിജാതീയ ആചാരങ്ങളിൽ നിന്ന് ക്രിസ്മസും ഈസ്റ്ററും രൂപപ്പെടുത്തിയെടുത്ത പൂർവികരുടെ ക്രാന്തദർശനം നമുക്ക് കൈമോശം വന്നു പോയി.
ഇല്ല പിതാവേ, ആ ക്രാന്തദർശനത്തിന്റെ ഒരംശം എങ്കിലും ബാക്കിയുള്ളതുകൊണ്ടാണ് കത്തോലിക്കാ സഭ ഇതുപോലെ നിലനിൽക്കുന്നത്. അല്ലെങ്കിൽ സർവ വിജാതീയതയെയും ആശ്ലേഷിച്ച് സ്വയം നാശത്തിലേക്ക് നീങ്ങുന്ന മറ്റു പല ക്രൈസ്തവസഭകളുടെയും ഗതിയാകുമായിരുന്നു കത്തോലിക്കാസഭയ്ക്കും. ഇതരമതസ്ഥരുടെ ആചാരങ്ങൾ സ്വീകരിക്കുമ്പോൾ അതിന് ഒരു ലക്ഷ്മണരേഖ വരയ്ക്കാത്തതാണ് പല സഭകളും ആത്മീയമായി മൃതമായതിന്റെ കാരണം എന്ന് ഒരിക്കൽ ക്രൈസ്തവമായിരുന്ന പല രാജ്യങ്ങളിലും പല തവണ പര്യടനം നടത്തിയിട്ടുള്ള അങ്ങേയ്ക്ക് ഇനിയും മനസിലായിട്ടില്ലേ?
11. അരെയോപ്പാഗസിലെ അജ്ഞാതദേവൻ ക്രിസ്തുവായിരുന്നു എന്ന് പ്രസംഗിച്ച പൗലോസ് ശ്ലീഹായുടെ ദർശനപരതയാണ് യഥാർത്ഥ പ്രേഷിതചൈതന്യം.
അരെയോപ്പാഗസിലെ പ്രസംഗം യാഥാർത്ഥപ്രേഷിതചൈതന്യത്തിന്റെ ഉദാഹരണമായി അവതരിപ്പിക്കുമ്പോൾ പിതാവ് മറന്നുപോയ ഒരു കാര്യമുണ്ട്. ആ പ്രസംഗത്തിന്റെ ഫലമായി വളരെക്കുറച്ചുപേർ മാത്രമേ വിശ്വാസം സ്വീകരിച്ചുള്ളൂ എന്നത്. ചിലർ പൗലോസിനെ പരിഹസിച്ചു എന്നും മറ്റു ചിലർ പിന്നീടൊരിക്കൽ വന്നു കാര്യങ്ങൾ കേട്ടുകൊള്ളാം എന്ന് പറഞ്ഞു സ്ഥലം വിട്ടെന്നും അതുകൊണ്ട് പൗലോസ് അവരുടെയിടയിൽ നിന്ന് പോയെന്നും അപ്പസ്തോലപ്രവൃത്തികളുടെ പുസ്തകം പതിനേഴാം അധ്യായത്തിൽ നാം വായിക്കുന്നു. കുറേയാളുകൾ അവനോടു ചേർന്ന് വിശ്വാസം സ്വീകരിച്ചു എന്നുമാത്രമായിരുന്നു അജ്ഞാതദേവനെ യേശുവായി അവതരിപ്പിച്ചുകൊണ്ടുള്ള പൗലോസിന്റെ പ്രസംഗത്തിന്റെ ഫലം. യേശുവിനെക്കുറിച്ച് നേരെചൊവ്വേ പ്രസംഗിച്ച മറ്റിടങ്ങളിലെ പ്രതികരണം വ്യത്യസ്തമായിരുന്നു. അതുകൊണ്ട് പിതാവിനോട് താഴ്മയായി ഒരു കാര്യം പറയട്ടെ. ക്രിസ്തുവിനെ പ്രസംഗിക്കാൻ വലിയ ടെക്‌നോളജിയോ സാംസ്കാരിക അനുരൂപണമോ വേണ്ട. മുണ്ടുടുത്ത്, കുടുമ വച്ച്, ഉടുപ്പിടാതെ നടന്നിട്ടല്ലലോ തോമാശ്ലീഹാ കേരളത്തിൽ സുവിശേഷം പ്രസംഗിച്ചത്. ഇന്ത്യയുടെ വലിയൊരു ഭാഗത്ത് സുവിശേഷം എത്തിച്ച പാശ്ചാത്യമിഷനറിമാരും സാംസ്കാരികാനുരൂപണം നടത്തിയിട്ടല്ല അത് ചെയ്തത്. ഒരു കാര്യംകൂടി ഓർമ്മിപ്പിക്കട്ടെ. സ്വാതന്ത്ര്യം നേടിയപ്പോൾ 2.70 % ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ പടവലങ്ങ പോലെ താഴേക്കു വളർന്നുവളർന്നു ഇപ്പോൾ 2.30 ശതമാനത്തിൽ എത്തിനിൽക്കുന്നതിന്റെ കാരണം അരെയോപ്പാഗസ് ശൈലിയിലുള്ള സുവിശേഷപ്രഘോഷണമല്ലേ?
12. സങ്കല്പങ്ങളിലെ മഹാബലിയുടെ ചരിത്രാവതാരമായി ക്രിസ്തുവിനെ അവതരിപ്പിക്കുമ്പോൾ തുറക്കുന്ന പ്രേഷിതവാതായനങ്ങളെ പുച്ഛിക്കേണ്ടതുണ്ടോ?
ഒരിക്കലുമില്ല. പകരം സഹതപിക്കാമല്ലോ! ഇങ്ങനെ തുറന്ന പ്രേഷിതവാതായനങ്ങളിലൂടെ നാം കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് 0.40 % താഴേക്ക് വളർന്നുവല്ലോ. ദാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ നമ്മൾ ഇങ്ങനെയൊക്കെ ചെയ്തതിന്റെ ഫലമായി ക്രിസ്ത്യാനികളായ കോടിക്കണക്കിനു ആൾക്കാരല്ലേ ഭാരതത്തിലുള്ളത്! എന്റെ പൊന്നുപിതാവേ, മഹാബലിയുടെ ചരിത്രാവതാരമാണ് ക്രിസ്തു എന്ന് കള്ളം പറഞ്ഞാൽ നമ്മുടെ നാട്ടിലെ അക്രൈസ്തവർക്ക് കാര്യം മനസിലാകും.പഴയപോലെയൊന്നുമല്ല, ഇപ്പോൾ എല്ലാവർക്കും സാമാന്യവിദ്യാഭ്യാസം ഉണ്ടെന്നോർക്കണം. എനിക്കറിയാവുന്ന രണ്ടു ചെറുപ്പക്കാരുടെ കാര്യം പറയാം. അവർ വിജാതീയ കുടുംബങ്ങളിൽ ജനിച്ചുവളർന്ന് 30 വയസോടടുത്തപ്പോൾ , ക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചവരാണ്. ഐതിഹ്യങ്ങൾക്കും കെട്ടുകഥകൾക്കും തങ്ങളെ രക്ഷിക്കാനാകില്ല എന്ന ഉത്തമബോധ്യം വന്നതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.അല്ലാതെ കഥകളിൽ വായിച്ചിട്ടുള്ള മഹാബലിയുടെ ചരിത്രത്തിലെ അവതാരമാണ് യേശു എന്ന് തെറ്റിദ്ധരിച്ചിട്ടല്ല.
13. ഇല്ലാത്ത കരിമ്പൂച്ചയെ ഇരുട്ടിൽ തപ്പാനുള്ള ചിലരുടെ ആവേശമല്ലേ പ്രശ്നം സൃഷ്ടിക്കുന്നത് ?
ഇത് അക്ഷരം പ്രതി ശരിയാണ്. ഇല്ലാത്ത കത്തോലിക്കാ ഭീകരരെ ഇരുട്ടിൽ തപ്പാനുള്ള പാംപ്ലാനി പിതാവിന്റെയും അതുപോലുള്ള മറ്റു വ്യക്തികളുടെയും ആവേശമല്ലേ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം?
14.പ്രകൃതിയിലെ പ്രതീകങ്ങളും ( പൂവ്, മരം, സൂര്യൻ, പുഴ മുതലായവ) സാംസ്കാരികപ്രതീകങ്ങളും( വിളക്ക്,കാവിവസ്ത്രം,വിവാഹാചാരങ്ങൾ,ഭക്ഷണരീതികൾ, വസ്ത്രരീതികൾ മുതലായവ) ക്രൈസ്തവർക്ക് സ്വീകാര്യമാണ്.
നല്ല കാര്യം. അല്ലെങ്കിലും ആരാ പറഞ്ഞത് ഇതൊന്നും ക്രിസ്ത്യാനിക്ക് സ്വീകാര്യമല്ലെന്ന്? കഴിയുമെങ്കിൽ എല്ലാദിവസവും മാതാവിന്റെ മുൻപിൽ ഒരു റോസാപ്പൂവോ അതുപോലുള്ള മറ്റെന്തെങ്കിലും പൂവോ വയ്ക്കണം എന്ന അഭിപ്രായക്കാരിയാണ് എന്റെ സഹധർമ്മിണി. മരത്തിന്റെ കാര്യമാണെങ്കിൽ എന്റെ പറമ്പിൽ നിറയെ തെങ്ങും ജാതിയും മാവും പ്ലാവും ഒക്കെയാണ്. ഇനി സൂര്യന്റെ കാര്യം. എന്റെ വീടിന്റെ മുകളിലും തലശ്ശേരിയിൽ ഉദിക്കുന്ന അതേ സൂര്യൻ തന്നെയാണ് ഉദിക്കുന്നത്. പുഴയുടെ കാര്യം പ്രത്യേകം പറയണോ? ഇനി വിളക്ക്. വിളക്കിന്റെ മുൻപിലുള്ള 'നില' പിതാവ് അറിയാതെ വിട്ടുപോയതാണോ? ഞങ്ങളുടെ പള്ളിയിൽ കുർബാനയ്ക്ക് മെഴുകുതിരിയാണ് ഉപയോഗിക്കുന്നത്. പൊടിപിടിച്ച ഒന്നരയാൾ പൊക്കമുള്ള ഒരു നിലവിളക്ക് പള്ളിയുടെ ഒരു മൂലയ്ക്കിരിപ്പുണ്ട്. വീട്ടിൽ വൈദ്യുതി വരുന്നതിനു മുൻപായി സാധാരണ മണ്ണെണ്ണ വിളക്കാണ് കത്തിച്ചിരുന്നത്. ചെറിയൊരു നിലവിളക്ക് വാങ്ങാൻ കാശില്ലാത്തതുകൊണ്ടായിരുന്നില്ല അത്. കാവിവസ്ത്രത്തിന്റെ കാര്യം നേരത്തെ പറഞ്ഞല്ലോ. ഭക്ഷണരീതിയും, വസ്ത്രധാരണരീതിയും ഒരു സാധാരണ മലയാളിയുടേതുതന്നെയാണ്.
ഇതിനൊന്നും ആരും ഒരു എതിർപ്പും പറയുന്നില്ല. എന്നാൽ റോസാപ്പൂവിന് പകരം ചെമ്പരത്തിപ്പൂവോ ചെത്തിപ്പൂവോ ചെമ്പകമോ തന്നെ വേണം എന്ന് പറയുമ്പോൾ നാം എന്തുചെയ്യണം? പള്ളികോമ്പൗണ്ടിൽ അത്തിമരം വേണ്ട, അരയാൽ മതി എന്ന് ഏതെങ്കിലും അച്ചൻ എന്നെങ്കിലും പറഞ്ഞാലോ? സൂര്യൻ പ്രകാശം തരുന്നവനായതുകൊണ്ട് അവനെ ഒന്ന് വണങ്ങിയേക്കാം എന്നും അതിനു മുൻപും ശേഷവും ഏതാനും ആസനങ്ങൾ കൂടി ദൈവാലയപരിസരത്തുവച്ച് കാണിക്കാമെന്നുകൂടി പറഞ്ഞാലോ? എഴുത്തിനിരുത്തൽ പന്തക്കുസ്തയ്ക്കല്ല വിജയദശമിയ്ക്കാണ് വേണ്ടത് എന്ന് പറഞ്ഞാൽ എന്ത് ചെയ്യണം?
14. മതപരമായ പ്രതീകങ്ങൾ ( നടരാജനൃത്തം, ത്രിശൂലം,ദേവി-ദേവന്മാർ മുതലായവ) സ്വീകാര്യമല്ല.
വളരെ നല്ല ഉപദേശം. പിതാവിന് ഒത്തിരി നന്ദി പറയുന്നു. നടരാജനെ ( ശിവനെ) പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ , നൃത്തപരിപാടികൾ, കാമദേവനെയും പരമേശ്വരനെയും പാർവതിയെയും പ്രകീർത്തിക്കുന്ന തിരുവാതിരപ്പാട്ടുകൾ എന്നിവ ക്രിസ്തീയപരിപാടികൾക്ക് ഉപയോഗിക്കരുത് എന്ന് കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ പാംപ്ലാനി പിതാവ് തുറന്നു പറഞ്ഞത് നന്നായി. കത്തോലിക്കാദൈവാലയങ്ങളിൽ വിജാതീയദേവന്മാരുടെ രൂപങ്ങൾ ചിത്രീകരിക്കുന്നതിനും ബൈബിളിന്റെ ഒപ്പം ഗീതയും ഖുർആനും പ്രതിഷ്ഠിക്കുന്നതിനും അനുവാദമുണ്ടോ എന്നുകൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു. കത്തോലിക്കാസ്‌കൂളുകളിൽ സർവമതപ്രാർത്ഥന വയ്ക്കുകയും അതിൽ ഏറ്റവും അവസാനം മാത്രം ബൈബിൾ ഭാഗം വായിക്കുകയും ചെയ്യുന്നത് ഏത് വകുപ്പിൽ പെടുത്തും?
16. ഈ പ്രതീകങ്ങളെല്ലാം സ്വീകരിച്ച് സാംസ്കാരികാനുരൂപണത്തിന് തയാറാകുന്നില്ലെങ്കിൽ നാം സ്വദേശത്ത് വിദേശികളായി മുദ്രകുത്തപ്പെടും.
ശുദ്ധമണ്ടത്തരം. ഇപ്പറഞ്ഞത് ശരിയായിരുന്നെങ്കിൽ ഭാരതത്തിലെ 18 ശതമാനമെങ്കിലും ജനങ്ങൾ സ്വദേശത്ത് വിദേശികളായി മുദ്രകുത്തപ്പെടുമായിരുന്നു. അവർ ഈ പ്രതീകങ്ങൾ ഒന്നും സ്വീകരിക്കാതെ സ്വന്തം മനഃസാക്ഷിയനുസരിച്ചും വിശ്വാസമനുസരിച്ചും ജീവിക്കുന്നു. അങ്ങനെയുമാകാം, ഇങ്ങനെയുമാകാം എന്ന അഴകൊഴമ്പൻ നിലപാടെടുക്കുന്ന കത്തോലിക്കർക്കാണ് ഇപ്പോൾ അടി കിട്ടിത്തുടങ്ങിയിരിക്കുന്നത്. എല്ലാ ആസനവും ചെയ്ത് സൂര്യനെയും നമസ്കരിച്ച്, നിലവിളക്കും കത്തിച്ച് വിഗ്രഹാർപ്പിതഭക്ഷണവും കഴിച്ച് മാവേലിയേയും പൂവിട്ടാരാധിച്ച് തല്ലുകൊള്ളുന്നതിനേക്കാൾ എത്രയോ നല്ലതാണ് പിതാവേ, യേശുവാണ് ഏകരക്ഷകൻ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞിട്ട് അടിവാങ്ങുന്നത്!
ഇനി കാരിമറ്റം അച്ചന്റെ പ്രഭാഷണത്തിലെ പ്രധാന ഭാഗങ്ങൾ.
1.ദാരിദ്ര്യം അനുഭവിച്ച കാലത്ത് സമൃദ്ധിയുടെ ആഘോഷമായിരുന്നു ഓണം.
അതെയതെ. സംശല്ല്യ.
2 . മഴപെയ്തു ഭൂമി തണുത്ത് പൂക്കൾ വിരിഞ്ഞ് പ്രകൃതി പൂവണിയുന്നു. വിളവെടുപ്പുതിരുനാളും കാര്ഷികോത്സവവും ആണ് ഓണം.
പകുതി ശരിയാണ്. ഞങ്ങളുടെ നാട്ടിലൊക്കെ ഭൂമി തണുക്കാൻ ചിങ്ങമാസം വരെ കാത്തിരിക്കേണ്ട കാര്യമില്ല. വിളവെടുപ്പുതിരുനാളും കാർഷികോത്സവവും ആണ് ഓണം എന്ന് പറഞ്ഞത് അത്രയ്ക്കങ്ങട് മനസിലായില്ല. അപ്പൊ ഈ മഹാബലിയും വാമനനും പൂക്കളവും പാതാളവും മൂന്നടി മണ്ണും ആണ്ടോടാണ്ടു സന്ദർശനവും ഒക്കെ ചുമ്മാ പറയുന്നതാണല്ലേ.
2. ഓണത്തപ്പന്റെ കുടവയറു തന്നെ സമൃദ്ധിയുടെ പ്രതീകമാണ്.
അങ്ങനെയും പറയാം. മൂക്കുമുട്ടെ ശാപ്പാടടിച്ച് ദേഹം അനങ്ങാതെ ഇരിക്കുന്നവർക്കാണ് സാധാരണ കുടവയറുണ്ടാകുന്നത്.
3. ആണ്ടിലൊരിക്കൽ കോടിയുടുപ്പ് കിട്ടുന്നത് നല്ല കാര്യമല്ലേ?
തീർച്ചയായും നല്ലകാര്യമാണ്. അത് ക്രിസ്മസിനോ ബലിപ്പെരുന്നാളിനോ ഇനിയിപ്പോ വാമനജയന്തിക്കോ ആയാലും സന്തോഷം തന്നെ.
5.മനുഷ്യനെ ദൈവം സൃഷ്ടിച്ചത് വെജിറ്റേറിയൻ ആയിട്ടാണ്. അതിലേക്കുള്ള തിരിച്ചുപോക്കിന്റെ അടയാളമാണ് ഓണത്തിന് കഴിക്കുന്ന വെജിറ്റേറിയൻ സദ്യ. അതിലെന്താണ് കുഴപ്പം?
ഈ വിവരം പറയാൻ എന്താണാവോ ഇത്ര താമസിച്ചത്. ദൈവം സൃഷ്ടിച്ചതുപോലെ ജീവിക്കേണ്ട എന്ന് കരുതിയിട്ടായിരിക്കുമല്ലേ സെമിനാരികളിലും കത്തോലിക്കാസ്ഥാപനങ്ങളിലും എല്ലാം പരമാവധി നോൺ വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കിയിരിക്കുന്നത്? ഇനി വെജിറ്റേറിയൻ സദ്യ തന്നെ വേണമെന്ന് കാരിമറ്റം അച്ചന് തോന്നുന്നുണ്ടെങ്കിൽ അതിന് അമ്പതുനോയമ്പും ഇരുപത്തിയഞ്ചുനോയമ്പും പതിനഞ്ചുനോയമ്പും എട്ടുനോയമ്പും മൂന്നുനോയമ്പും ആയി 101 ദിവസം സഭ തരുന്നുണ്ട്. ഇനി വർഷത്തിൽ 102 ദിവസം വെജിറ്റേറിയൻ ഭക്ഷണം കഴിക്കണമെന്ന് എന്തെങ്കിലും നേർച്ചയുണ്ടെങ്കിൽ ആയിക്കോളൂ, ആയിക്കോളൂ.
പിന്നെ ഓണത്തിന് എല്ലാവരും വെജിറ്റേറിയൻ ഭക്ഷണമല്ല കഴിക്കുന്നത് എന്ന് അച്ചന് അറിയില്ലെന്നു തോന്നുന്നു. മലബാറിലും തിരുകൊച്ചി പ്രദേശങ്ങളിലും ഒരു വലിയ വിഭാഗം ജനങ്ങൾ ( ഞാൻ ഉദ്ദേശിക്കുന്നത് ഹിന്ദുക്കളെത്തന്നെയാണ്) പരമ്പരാഗതമായിത്തന്നെ ഓണത്തിന് നോൺ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നുണ്ട്. ബിവറേജസ് കോർപറേഷന് ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന സമയം ഓണക്കാലമാണ്. മദ്യം പ്യുവർ വെജിറ്റേറിയനാണല്ലോ അല്ലേ? 365 ദിവസവും മാംസഭക്ഷണം വേണ്ടെന്നുവച്ചിരിക്കുന്ന എത്രയെങ്കിലും കത്തോലിക്കാവൈദികരും അൽമായരും കേരളത്തിലുണ്ട് എന്ന വസ്തുത കാരിമറ്റം അച്ചന്റെ അറിവിലേക്കായി പറയട്ടെ.
6.ഓണക്കോടി, കളികൾ,നൃത്തം (ഇവിടെ ഇന്റർവ്യൂ നടത്തുന്ന സഹോദരി തിരുവാതിര എന്ന് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്) ഇവയൊക്കെ ആഘോഷങ്ങളാണ്. അതിനെക്കുറിച്ചൊന്നും പരാതിപ്പെടേണ്ടതില്ല.
പരാതിയില്ല അച്ചോ. തിരുവാതിരയുടെ കാര്യവും നൃത്തങ്ങളുടെ കാര്യവും നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. വീണ്ടും ആവർത്തിക്കണ്ടല്ലോ. ഓണക്കോടിയും കളികളും നൃത്തവും ഒക്കെ മൈതാനത്ത്
അവതരിപ്പിക്കുന്നതും പള്ളിയിൽ അവതരിപ്പിക്കുന്നതും തമ്മിൽ വ്യത്യാസമില്ലെങ്കിൽ പിന്നെ ദൈവാലയത്തിന് എന്താണ് പ്രത്യേകത ? ദൈവാലയത്തിൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാൻ പാടില്ല എന്നൊക്കെ ഒരു മര്യാദയില്ലേ അച്ചാ?
7.ഭക്ഷണവും കോടിയുടുപ്പും പന്തുകളിയുമൊന്നും വിഗ്രഹാരാധനയല്ലല്ലോ. പിന്നെന്തിന് പരാതിപ്പെടണം?
അവയൊന്നും ഒരിക്കലൂം വിഗ്രഹാരാധനയല്ല. പക്ഷെ ഇതെല്ലാം ഓണത്തിന്റെ അന്നുതന്നെ വേണമെന്ന് പറയുമ്പോൾ ഓണം തന്നെ ഒരു വിഗ്രഹമായി മാറുകയല്ലേ എന്ന് ചിന്തിക്കുക.
8.യഹൂദരുടെ പെസഹായും പുളിപ്പില്ലാത്ത അപ്പവും നാം ഏറ്റെടുത്തതുപോലെ ഓണത്തെയും ഏറ്റെടുക്കുന്നതിൽ എന്താണ് തെറ്റ്? കുഞ്ഞാടിന്റെ ബലിയ്ക്ക് നാം പുതിയ വ്യാഖ്യാനം കൊടുത്തില്ലേ?
എത്ര വിദഗ്ദ്ധമായാണ് അച്ചൻ യഹൂദരുടെ ആചാരങ്ങളെയും വിജാതീയ ആചാരങ്ങളെയും കൂട്ടിക്കുഴയ് ക്കുന്നത്? കുഞ്ഞാടിന്റെ ബലിയ്ക്ക് നാം പുതിയ വ്യാഖ്യാനം കൊടുത്തതല്ല. കുഞ്ഞാട് കാൽവരിക്കുരിശിൽ ബലിയായപ്പോൾ പഴയ നിയമത്തിലെ അപൂർണമായ ബലി പുതിയനിയമത്തിലെ എന്നേക്കുമുള്ള പരിപൂർണ്ണബലിയായിതീർന്നതാണ്.
9. പുളിപ്പില്ലാത്ത അപ്പം സത്യത്തിൽ കാനാൻ ദേശത്തെ ബാൽ ആരാധകരുടെ ആചാരമായിരുന്നു.
ഏതായാലും അച്ചൻ സംഭാഷണം ബാലിന്റെ അടുത്ത് എത്തിച്ചല്ലോ. നന്ദി. ഈ ബാലും നമ്മുടെ ബലിയും തമ്മിൽ പേരിൽ മാത്രമേ സാമ്യമുള്ളോ? ബൈബിളിൽ എണ്ണമറ്റ തവണ പരാമർശിച്ചിട്ടുള്ള പേരാണ് ബാൽ. ഏകസത്യദൈവത്തെ ഉപേക്ഷിച്ച യഹൂദർ ആരാധിച്ച ദൈവത്തിന്റെ പേരായിരുന്നു ബാൽ. യേശുവാണ് ഏകരക്ഷകൻ എന്ന് ഏറ്റുപറയാൻ മടിക്കുന്ന കേരളകത്തോലിക്കരുടെ ആരാധനാവിഗ്രഹമായി ബലി മാറിയതിൽ അത്ഭുതപ്പെടേണ്ട. കാനാനിലെ തദ്ദേശീയജനതയുടെ ദൈവമായിരുന്നു ബാൽ. ബാലിന്റെ അമ്മയുടെ പേര് അഷേര. ഈ പേരും പഴയനിയമത്തിൽ ഒരുപാടുതവണ ആവർത്തിക്കപ്പെടുന്നുണ്ട്.അസ്സീറിയക്കാരുടെ ദൈവമായിരുന്നു അഷുർ. അഷുറും അസുരനും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഇൻഡോ-ഇറാനിയൻ, ഇൻഡോ-യൂറോപ്യൻ ഭാഷകൾ തമ്മിലുള്ള സാമ്യങ്ങളോർത്താൽ ഇവ രണ്ടിന്റെയും ഉത്ഭവം ഒരിടത്താണെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല.
10. ക്രിസ്മസ് ആഘോഷിച്ചുതുടങ്ങിയതും ഇതുപോലെ പേർഷ്യക്കാരുടെ ആചാരം റോമക്കാരിലൂടെ നാം സ്വീകരിച്ചതല്ലേ?
ക്രിസ്‌മസ് ആഘോഷിച്ചുതുടങ്ങിയത് പേർഷ്യക്കാരുടെ ആചാരം റോമക്കാരിലൂടെ നാം ഏറ്റെടുത്തതല്ല.
ക്രിസ്മസിന്റെ ദിവസം തീരുമാനിച്ചത് അങ്ങനെയാണെന്നുമാത്രം. എന്നാൽ ക്രിസ്മസ് ആഘോഷിക്കുന്നതിനു പിറകിൽ ഒരു ചരിത്രവസ്തുത( അതായത് യേശുക്രിസ്തുവിന്റെ ജനനം) ഉണ്ടെന്ന കാര്യം ഓർക്കാതെയാണോ അച്ചൻ വെറുമൊരു ഐതിഹ്യം മാത്രമായ മഹാബലിയുടെ ഉത്സവവും നാം ഏറ്റെടുക്കണമെന്ന് പറയുന്നത്?
11. ഇതൊന്നും മതാചാരവുമായി കൂട്ടിക്കുഴയ്ക്കാതിരുന്നാൽ മതി.
മതി. ധാരാളം മതി. അതായത് ഓണവും അതുമായി ബന്ധപ്പെട്ട ആട്ടവും പാട്ടും കൂത്തും ഒക്കെ മതാചാരങ്ങൾക്കായും പരിപാവനമായ ദൈവാരാധനയ്ക്കായും വേർതിരിക്കപ്പെട്ട ദൈവാലയത്തിലോ അതിന്റെ പരിസരങ്ങളിലോ വച്ച് നടത്തരുത് എന്നാണ് ഞങ്ങളും പറയുന്നത്. അത് അംഗീകരിക്കാൻ തയ്യാറാണെങ്കിൽ ഇതുവരെ എഴുതിയതിനെല്ലാം സോറി.
12. മഹാബലിയുടെ കഥയുടെ സാഹചര്യവും നാം മനസിലാക്കണം.( ഇവിടെ അച്ഛൻ ഓണപ്പാട്ട് പാടുന്നുണ്ട്). എന്തിനാണ് വാമനൻ നുണ പറഞ്ഞു മഹാബലിയെ ചതിച്ചത്? ബലിയെ ദേവന്മാർക്ക് ഭയമായിരുന്നു.
നമുക്ക് മനസിലാക്കാൻ ബൈബിളിലെയും സഭാചരിത്രത്തിലെയും നൂറുകണക്കിന് സാഹചര്യങ്ങൾ ഉള്ളപ്പോൾ എന്തിനാണച്ചോ ഒരു ഐതിഹ്യത്തിന്റെ പിറകിലെ സാഹചര്യം മനസിലാക്കാൻ ശ്രമിച്ച് ജീവിതം പാഴാക്കുന്നത്? ഉത്പത്തിപുസ്തകത്തിൽ വിവരിച്ചിട്ടുള്ള ഒരു സംഭവത്തിന്റെ സാഹചര്യം പോലും അച്ചൻ കൃത്യമായി ഇതുവരെയും മനസിലാക്കിയിട്ടില്ല എന്നാണ് എനിക്ക് മനസിലായത്. അത് വഴിയേ പറയാം.
12. ഓണം ഒരു സ്വപ്നമാണ്. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടുമെന്നുള്ള സ്വപ്നം.
എന്തെങ്കിലും നഷ്ടപ്പെട്ടവർക്ക് തിരിച്ചുകിട്ടുമെന്നുള്ള സ്വപ്നം നല്ലതാണ്. ഒരു ക്രിസ്ത്യാനിയ്ക്ക് യേശുവിന്റെ ബലിയിലൂടെ ഏറ്റവും ശ്രേഷ്‌ഠമായ സമ്മാനം ലഭിക്കാനുള്ള സാധ്യതകൾ തുറക്കപ്പെട്ടുകഴിഞ്ഞു. ഇനിയും എന്തിനു നാം സ്വപ്നം കണ്ടിരിക്കണം? യേശുവിൽ പ്രത്യാശയില്ലാത്തവർ നഷ്ടപ്പെട്ടത് സ്വപ്നം കണ്ടിരിക്കട്ടെ. നഷ്ടപ്പെട്ട പറുദീസ വീണ്ടെടുത്തുതന്ന കർത്താവിനപ്പുറം മറ്റൊരു സ്വപ്നവും നമുക്ക് വേണ്ട.
13. . മഹാബലി എന്നാൽ ഏറ്റവും വലിയ ബലി ആണ്.
ഇത് ഏറ്റവും വലിയ മണ്ടത്തരമാണ്. മഹാമണ്ടത്തരം എന്നും പറയാം. ബലി എന്നത് ബലവുമായി( ശക്തി, കരുത്ത്) ബന്ധപ്പെട്ട പദമാണ്. മഹാബലി എന്ന് പറഞ്ഞാൽ മഹാബലവാനായ ഒരാളെക്കുറിക്കുന്ന പേരാണ്. എന്തുകൊണ്ടാണ് ദേവന്മാർ മഹാബലിയെ ഭയപ്പെട്ടത് എന്നതിന്റെ മറുപടി ഈ പേരിൽ തന്നെയുണ്ട്. ഐതിഹ്യമനുസരിച്ച് ബലി അതിശക്തനായ രാജാവായിരുന്നു. തന്റെ ശക്തി കൊണ്ട് ബലി ദേവലോകം കീഴടക്കിക്കളയും എന്ന ഭീതിയാണ് വാമനരൂപത്തിൽ ഭൂമിയിൽ വന്ന് മഹാബലിയെ വഞ്ചിക്കാൻ വിഷ്ണുവിനെ പ്രേരിപ്പിച്ചത്. മഹാബലി എന്ന പേരിലെ ബലി എന്ന ഭാഗത്തിന് sacrifice ( ത്യാഗം, ജീവാർപ്പണം) എന്ന അർത്ഥം കൊടുത്തത് ആരായാലും ഒരുപാടുപേരുടെ മനസ്സിൽ തെറ്റായ ധാരണ പടർത്താൻ അത് കാരണമായിട്ടുണ്ട്.
14. നഷ്ടസ്വർഗ്ഗത്തെക്കുറിച്ചുള്ള ഓർമ്മകൾ എല്ലാ മതത്തിലുമുണ്ട്.
സമ്മതിക്കുന്നു. എന്നാൽ ദൈവം തന്നെ മനുഷ്യനായി പിറന്ന് നഷ്ടപ്പെട്ടുപോയ ആ സൗഭാഗ്യം മനുഷ്യന് വീണ്ടെടുത്തുകൊടുത്തു എന്നതാണ് ക്രിസ്തീയവിശ്വാസത്തിന്റെ മർമ്മവും അനന്യതയും.
16. പറുദീസ - ഏദൻ - എന്നത് ധനം, ധന്യത എന്നതുമായി ബന്ധപ്പെട്ടതാണെന്ന സംശയമുണ്ട്. ഇതൊക്കെ ഓർമ്മയാണോ അതോ സ്വപ്നമാണോ എന്ന് ഉറപ്പില്ല.
ഏദനും ധനവും തമ്മിൽ ബന്ധമുണ്ടെന്നതൊക്കെ അച്ചന്റെ വെറും സംശയമല്ലേ. ഓർമ്മയുമല്ല സ്വപ്നവുമല്ല, വെറും സംശയം മാത്രം. ഏദൻ എന്ന വാക്കിന്റെ ഉത്ഭവം അതേ ഉച്ചാരണമുള്ള Eden,Edhen എന്ന ഹീബ്രൂ മൂലപദത്തിൽ നിന്നാണ്. ആ വാക്കിന്റെ അർഥം ആനന്ദം എന്നോ അതിയായ ആഹ്ളാദം എന്നോ ഒക്കെ ആണ്.
17. അടിച്ചമർത്തപ്പെട്ടവരുടെ നല്ല നാളെയെക്കുറിച്ചുള്ള സ്വപ്നമാണ് ഓണം.
ഇഷ്ടം പോലെ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം അച്ചനുണ്ട്. പക്ഷെ അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും
ബന്ധിതർക്ക് മോചനവും അന്ധർക്കു കാഴ്‌ചയും നൽകാനായി ലോകത്തിലേക്ക് വന്ന യേശുക്രിസ്തുവിലാണ് ഞങ്ങൾ ക്രിസ്ത്യാനികളുടെ പ്രത്യാശ.
18. അത് ദൈവരാജ്യത്തിന്റെ മുന്നാസ്വാദനമാണ്.
അച്ചൻ പറയുന്നതെന്താണെന്ന് അച്ചനു തന്നെ അറിയുമെന്ന് തോന്നുന്നില്ല.തലശ്ശേരി സീറോ മലബാർ രൂപതക്കാരനായ, 77 വയസുള്ള, വിശുദ്ധഗ്രന്ഥത്തിൽ റോമിൽ നിന്ന് ഡോക്ടറേറ്റ് എടുത്തിട്ടുള്ള, POC മലയാളം ബൈബിളിന്റെ ചീഫ് എഡിറ്റർമാരിലൊരാളായി പ്രവർത്തിച്ചിട്ടുള്ള, 15 വർഷം തലശ്ശേരി അതിരൂപതയുടെ ബൈബിൾ അപ്പൊസ്‌റ്റോലേറ്റിന്റെ തലവനായിരുന്നിട്ടുള്ള,നാലു വർഷം മുരിങ്ങൂരിലെ ഡിവൈൻ ബൈബിൾ കോളേജിന്റെ പ്രിൻസിപ്പൽ ആയി പ്രവർത്തിച്ചിട്ടുള്ള, തൃശ്ശൂർ മേരിമാതാ മേജർ സെമിനാരിയിൽ വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്ന ഒരു വൈദികനാണ് കാരിമറ്റം അച്ചൻ. ഇത്രയും കാലം കൊണ്ട് അച്ചൻ പഠിച്ചത് ദൈവരാജ്യത്തിന്റെ മുന്നാസ്വാദനം ഓണാഘോഷം ആണ് എന്നാണെങ്കിൽ എനിക്കൊന്നും പറയാനില്ല. അച്ചന്റെ വിദ്യാർത്ഥികളുടെ ഭാവിയോർത്ത് സഹതപിക്കുന്നു. ഈ വെള്ളം ചേർത്ത സുവിശേഷമായിരിക്കുമല്ലോ അവിടെയും പഠിപ്പിക്കുന്നത്.
അച്ചൻ സമ്മതിച്ചാലും ഇല്ലെങ്കിലും കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് ഇപ്രകാരമാണ്.
ദിവ്യകാരുണ്യം കർത്താവായ യേശുവിന്റെ പെസഹായുടെ അനുസ്മരണമാണെങ്കിൽ, ബലിപീഠത്തിൽ നിന്നുള്ള നമ്മുടെ ദിവ്യകാരുണ്യസ്വീകരണം വഴി എല്ലാ സ്വർഗീയാനുഗ്രഹങ്ങളും കൊണ്ട് നാം പൂരിതരാകുന്നെങ്കിൽ ദിവ്യകാരുണ്യം സ്വർഗീയമഹത്വത്തിൻറെ ഒരു മുന്നാസ്വാദനമാണ് (CCC 1402).
നീതി നിവസിക്കുന്ന പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള മഹത്തായ ഈ പ്രത്യാശയെ സംബന്ധിച്ച് കുർബാനയെക്കാൾ കൂടുതൽ ഉറപ്പുള്ള ആചാരമോ കൂടുതൽ വ്യക്തമായ അടയാളമോ ഇല്ല. (CCC 1405 ).
19. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പറയുന്നില്ലേ എല്ലാ മതങ്ങളിലും സത്യത്തിന്റെ സ്ഫുലിംഗം
ഉണ്ടെന്ന്. അത് നാം ഓർക്കണം.
ഇങ്ങനെ അബദ്ധങ്ങൾ തന്നെ പറയല്ലേ അച്ചാ. എല്ലാ മതങ്ങളിലും സത്യത്തിന്റെ സ്ഫുലിംഗങ്ങൾ ഉണ്ടെന്നൊന്നും രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിച്ചിട്ടില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ വിഷയത്തെക്കുറിച്ചുള്ള രേഖയിൽ ( Nostra Aetate) പറയുന്നത് ഇപ്രകാരമാണ്. Church rejects nothing what is true and holy in other religions. She has a high regard for anything which may reflect a ray of that truth which enlightens all men. മലയാളത്തിൽ പറഞ്ഞാൽ 'മറ്റു മതങ്ങളിലുള്ള സത്യവും വിശുദ്ധവുമായ ഒന്നിനെയും സഭ നിരാകരിക്കുന്നില്ല. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മികളെ പ്രതിഫലിപ്പിക്കുന്ന ഏതൊന്നിനെയും സഭ വളരെ ആദരവോടെയാണ് വീക്ഷിക്കുന്നത്'. സത്യത്തിന്റെ സ്ഫുലിംഗവും സത്യത്തിന്റെ രശ്മികളുടെ പ്രതിഫലനവും എങ്ങനെയാണ് ഒന്നാകുന്നതെന്ന് മനസിലാകുന്നില്ല. തീയുടെ ഉദാഹരണം എടുത്താൽ, അഗ്നിസ്ഫുലിംഗം എന്നത് തീപ്പൊരി ആണ്. അത് തീയുടെ ഒരു ഭാഗംതന്നെയാണ്. ആ തീയിൽ നിന്നുള്ള പ്രകാശം ഒരു കണ്ണാടിയിൽ തട്ടി പ്രതിഫലിക്കുമ്പോൾ അതിന് തീപ്പൊരിയുടെ സ്വഭാവവിശേഷങ്ങൾ ഉണ്ടാകില്ലല്ലോ. ആ പ്രതിഫലനം കൊണ്ട് ഉണ്ടാകാവുന്ന പരമാവധി പ്രയോജനം യഥാർത്ഥ തീ ഉള്ളിടത്തോളം കാലം അതിന്റെ പ്രകാശം പ്രതിഫലിപ്പിക്കാൻ കഴിയും എന്നതും യഥാർത്ഥമായ അഗ്നി അടുത്തുതന്നെയുണ്ടെന്ന കാര്യത്തിലേക്ക് വിരൽ ചൂണ്ടാൻ കഴിയും എന്നതും ആണ്. ഇത് ഇത്ര വിശദമായി പരാമർശിക്കാൻ കാരണം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഈ പ്രബോധനത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ അടിച്ചുപരത്തിയും വലിച്ചുനീട്ടിയുമാണ് അനുവദനീയമല്ലാത്ത സകല മ്ലേച്ഛതകളും സാംസ്കാരികാനുരൂപണത്തിന്റെ പേരുപറഞ്ഞു കേരളകത്തോലിക്കാസഭയിലേക്ക് കടത്തിക്കൊണ്ടുവരാൻ പലരും ശ്രമിക്കുന്നത് എന്നതുകൊണ്ടാണ്. കാരിമറ്റം അച്ചനെയും പാംപ്ലാനി പിതാവിനെയും പോലുള്ളവരുടെ ലേഖനങ്ങളും പ്രഭാഷണങ്ങളും അതിന് സഹായകമാണ് എന്ന ദുഃഖസത്യം ഇനിയെങ്കിലും മനസിലാക്കണം. അവർക്ക് കൂട്ടായി മാരിയോ ജോസഫും അബദ്ധപ്രബോധനങ്ങൾ നൽകിക്കൊണ്ട് സജീവമായി രംഗത്തുണ്ട്. എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന സത്യത്തിന്റെ ഒരു രശ്മിയെ പ്രതിഫലിപ്പിക്കുന്ന വിവിധ മതങ്ങളോട് ആത്മാർത്ഥമായ ആദരവ് പുലർത്തുന്നതിന് സഭ എതിരല്ല എന്ന് എടുത്തുപറഞ്ഞുകൊണ്ട് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥവും ഇക്കാര്യത്തിൽ കൃത്യമായ [പ്രബോധനം വിശ്വാസികൾക്ക് നൽകുന്നുണ്ട്. ( CCC 2104).
20. സ്വയം ബലിയായി മാറിയ ഉദാരനായിരുന്നു മഹാബലി. ഇത് പിന്നീട് വരാനുള്ള മനുഷ്യരക്ഷയുടെ ബലിയുടെ മുന്നാസ്വാദനം തന്നെയാണ്.
നേരത്തെ പറഞ്ഞ കാര്യം തന്നെ. മഹാബലിയുടെ പേരിലെ ബലിക്ക് 'ത്യാഗം,യാഗം, ജീവാർപ്പണം' എന്ന അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. മറിച്ച് അത് ബലവുമായി ( അതായത്, ശക്തി, കരുത്ത് ഒക്കെ) ബന്ധപ്പെട്ട വാക്കാണ്. അതുകൊണ്ട് ആ ബലിയെയും കാൽവരിയിലെ മനുഷ്യരക്ഷയ്ക്കായുള്ള യേശുവിന്റെ ബലിയെയും കൂട്ടിക്കുഴയ്‌ക്കേണ്ട. ഐതിഹ്യത്തിൽ ബലത്തെക്കുറിച്ച് പറഞ്ഞതും ചരിത്രത്തിൽ ബലിയായി മാറിയതും തമ്മിൽ അജഗജാന്തരമുണ്ട് എന്ന് അച്ചനറിയില്ലെങ്കിലും വിശ്വാസികൾക്കറിയാം. പിന്നെ ഐതിഹ്യമനുസരിച്ചു തന്നെ മഹാബലി കീഴടങ്ങിക്കൊടുത്തത് ആരെയെങ്കിലും രക്ഷിക്കാൻ വേണ്ടിയായിരുന്നില്ല. സ്വന്തം വാക്ക് പാലിക്കാൻ വേണ്ടി മാത്രമായിരുന്നു.
21.. അരെയോപ്പാഗസിലെ പൗലോസിന്റെ പ്രസംഗം ഓർമ്മയില്ലേ? എന്തുകൊണ്ട് മഹാബലിയുടെ പിന്നിൽ യേശുവിന്റെ ചിത്രമുണ്ടെന്ന് പറഞ്ഞുകൂടാ?
നല്ല ആശയം. ഈ ചിത്രം തലശ്ശേരി സ്വദേശികളായ രണ്ടുപേർ ചേർന്ന് വരച്ചതാണോ അതോ ഒറ്റയ്‌ക്കൊറ്റയ്ക്ക് വരച്ചതാണോ എന്നേ സംശയമുള്ളൂ. അരെയോപ്പാഗസിലെ സുവിശേഷപ്രസംഗത്തിന്റെ ഫലം എന്തായിരുന്നു എന്നതിനെക്കുറിച്ച് നേരത്തെ വിശദീകരിച്ചതാണല്ലോ. കൂടുതൽ അറിയണമെന്നുള്ളവർക്ക് ഈ വിഷയത്തെക്കുറിച്ച് ഡാനിയേൽ പൂവണ്ണത്തിൽ അച്ചന്റെ സുദീർഘമായ ക്ലാസ് തന്നെ യൂട്യൂബിൽ ലഭ്യമാണ്.
22. അസതോ മ സത് ഗമയ....... പ്രകാശം, ജീവൻ, വെളിച്ചം ഇതെല്ലം യേശു തന്നെയാണല്ലോ?
അച്ചൻ പറഞ്ഞത് സത്യമാണല്ലോ. പക്ഷെ സത്യം മുഴുവൻ പറഞ്ഞില്ല എന്നതാണ് പ്രശ്നം. പ്രകാശവും ജീവനും വെളിച്ചവും ഒക്കെ യേശു തന്നെ. ഒരുകാര്യം കൂടി അവിടുന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. വഴിയും സത്യവും ജീവനും താൻ തന്നെയാണെന്നതാണ് അത്. അസതോ മ സത്ഗമയ എന്നതിലെ സത് തന്നെയാണ് ഈ സത്യം. ഈ വരികൾ ചൊല്ലി വിശദീകരണം നൽകിയപ്പോൾ അച്ചൻ അതിൽ സത്യം എന്ന് ചേർക്കാൻ വിട്ടുപോയതായിരിക്കണം. സത്യാത്മാവ് വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്ക് നയിക്കും എന്ന വാഗ്ദാനം പരിശുദ്ധാത്മാഭിഷേകത്തിലൂടെ പ്രാപിച്ച സഭ അതുകൊണ്ടാണ് വെളിപാടിന്റെ പൂർണ്ണത യേശുക്രിസ്തുവിലാണെന്ന് ആധികാരികമായി പഠിപ്പിക്കുന്നത്.
23. ഭാരതത്തിന്റെ ദൈവദർശനം മനോഹരമാണ്. എന്നാലും സച്ചിദാനന്ദം (സത്+ചിത്+ ആനന്ദം) എന്നൊക്കെ പറഞ്ഞാൽ സാധാരണക്കാർക്കു മനസിലാകില്ല. അവിടെയാണ് കഥയുടെ ആവശ്യം.
സച്ചിദാനന്ദം എന്നത് ദൈവത്തിന്റെ ഗുണമാണെന്ന് ഞങ്ങൾക്കൊക്കെ പ്രൈമറി ക്ലാസ് മുതലേ അറിയാമായിരുന്നു എന്ന് പറഞ്ഞാൽ ആത്മപ്രശംസ ആയി കരുതരുത്. അത് സാധാരണക്കാർക്ക് മനസിലാകില്ലായിരുന്നു എന്ന് പറഞ്ഞത് ശരിയാണ്. പക്ഷെ അത് രണ്ടായിരം വർഷം മുൻപത്തെ കാര്യമാണ്. കാരിമറ്റം അച്ചൻ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിച്ച POC ബൈബിളിലെ യോഹന്നാന്റെ സുവിശേഷം 14 മുതൽ 17 വരെയുള്ള അദ്ധ്യായങ്ങൾ മാത്രം വായിച്ചാൽ സച്ചിദാനന്ദം എന്നതിന്റെ അർഥം പൂർണ്ണമായി മനസിലാകും.
24. ഇതൊക്കെ ദൈവരാജ്യത്തിന്റെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ്.
പലതവണ മറുപടി പറഞ്ഞു കഴിഞ്ഞു. ക്രിസ്തുവിനെ അറിയാത്തവർക്ക് ഇതൊക്കെ പ്രതീക്ഷയുടെ പ്രതീകങ്ങളായിരിക്കാം. ക്രിസ്തുവിനെ അറിഞ്ഞ നമുക്ക് ഇതിന്റെ ആവശ്യമുണ്ടോ?
25. നമ്മുടെ ദൗത്യം നിങ്ങളറിയാതെ നിങ്ങൾ ആരാധിക്കുന്നത് യേശുവിനെ ആണെന്ന് പറഞ്ഞുമനസിലാക്കുകയാണ്.
തെറ്റ്. നമ്മുടെ ദൗത്യം നിങ്ങൾ ആരാധിക്കേണ്ടത് സത്യദൈവമായ യേശുവിനെയാണെന്ന് പറഞ്ഞുകൊടുക്കുക എന്നതാണ്. അച്ചന്റെ യുക്തി അനുസരിച്ചാണെങ്കിൽ ഒരു സാത്താൻ ആരാധകനെ കാണുമ്പോൾ നാം പറയേണ്ടത് എന്താണ്? നിങ്ങൾ അറിയാതെ ആരാധിച്ചുകൊണ്ടിരിക്കുന്നത് യേശുവിനെ ആണെന്നാണോ? സംശയിക്കേണ്ട, സാത്താൻ ആരാധന രഹസ്യമായും പരസ്യമായും വളരെയധികം വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. എല്ലാ മതത്തിലും പെട്ടവർ സാത്താൻ ആരാധനയിൽ ആകൃഷ്ടരാകുന്നുണ്ടെങ്കിലും പരിശുദ്ധകുർബാനയെ ദുരുപയോഗിക്കാനും അവഹേളിക്കാനും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോൾ കത്തോലിക്കർ ഈ മ്ലേച്ഛതയിലേക്ക് വഴുതിവീഴുന്നത് അത്യന്തം അപകടകരമാണ്.
26. Incarnation, അനുരൂപണം എന്നൊക്കെ പറയുന്നത് മഹാബലിയിൽ യേശുവിന്റെ ബലിയുടെ സൂചന കാണുന്നതാണ്.
കൃത്യമായും ഇവിടെയാണ് സാംസ്കാരിക അനുരൂപണത്തിന്റെ അപകടം വെളിച്ചത്തുവരുന്നത്. അരയപ്പഗോസിലെ അജ്ഞാതദേവനിൽ യേശുവിന്റെ സൂചന കണ്ട ഒരനുഭവം നമ്മുടെ മുൻപിലുണ്ടല്ലോ.
27. മാവേലിയെ നമ്മൾ ആരാധിക്കുന്നൊന്നുമില്ല, പുതിയ പറുദീസയുടെ, സമൃദ്ധിയുടെ, ദൈവരാജ്യത്തിന്റെ ഒരു വെറും ആഘോഷം മാത്രമാണ് ഓണം.
വെറുതെ ഒരു ആഘോഷം. അത്രതന്നെ അല്ലെ? പള്ളിപ്പെരുന്നാളും മനസ്സമ്മതവും കല്യാണവും ഏഴും നാല്പത്തൊന്നും ആണ്ടടിയന്തരവും യൂണിറ്റ് വാർഷികവും കപ്പേള തിരുനാളും പ്രദക്ഷിണവും ആദ്യകുർബാനയും മാമോദീസയും കഴിഞ്ഞാൽ പിന്നെ കേരളത്തിലെ കത്തോലിക്കർക്ക് വേറെ എന്തെങ്കിലും ആഘോഷിക്കാൻ സമയം കിട്ടുമോ അച്ചാ.
28. ദൈവത്തിന്റെ അസൂയയുടെ കഥയാണ് ഓണം. സമാനമായ ഉദാഹരണം ബൈബിളിലുമുണ്ട്. ഉല്പത്തി പുസ്തകത്തിൽ ആദമും ഹവ്വയും അറിവിന്റെ വൃക്ഷത്തിൽ നിന്ന് പഴം തിന്നതിന് ശേഷം ദൈവം പറയുന്നത് ഇനി ഇവർ ജീവന്റെ വൃക്ഷത്തിൽ നിന്ന് കൂടി ഫലം ഭക്ഷിച്ച് അനശ്വരനാകാൻ പാടില്ല എന്നാണ്. അസൂയ പോലെ!
ബെസ്ററ്. ഇത് പറയുന്ന അച്ചൻ ആരാണെന്നുകൂടി ഓർക്കണം. സെമിനാരിയിൽ പിള്ളേർക്ക് വിശുദ്ധഗ്രന്ഥം പഠിപ്പിക്കുന്ന ആളാണ്. അരിഭക്ഷണം കഴിക്കുന്ന കേരളകത്തോലിക്കരോട് ഒരു ചോദ്യം. ദൈവം ആദത്തെയും ഹവ്വയേയും പറുദീസയിൽ നിന്ന് പുറത്താക്കിയത് അവർ ജീവന്റെ വൃക്ഷത്തിൽ നിന്ന് ഫലം ഭക്ഷിച്ച് അനശ്വരരാകരുത് എന്ന ദൈവത്തിന്റെ അസൂയ മൂലമാണോ? ഡോക്ടറേറ്റ് ഒന്നും ഇല്ലാത്തതുകൊണ്ട് ഞാൻ പറയുന്നത് ശരിയാണോ എന്നറിയില്ല. എങ്കിലും എനിക്ക് മനസിലായത് അവിശ്വാസവും അനുസരണക്കേടും കൊണ്ട് പാപം ചെയ്ത മനുഷ്യൻ ആ പാപാവസ്ഥയിൽ ജീവന്റെ വൃക്ഷത്തിൽ നിന്ന് കൂടി ഭക്ഷിച്ച് നിത്യശിക്ഷയ്ക്ക് അർഹനാകരുത് എന്നതുകൊണ്ടാണ് ദൈവം അവരെ
പറുദീസയിൽ നിന്ന് പുറത്താക്കിയതെന്നാണ്. അതുകൊണ്ടാണ് ദൈവം തന്റെ കരുണയാൽ ഒരു രക്ഷകനെ അവർക്ക് വാഗ്ദാനം ചെയ്യുന്നതും. യേശുവിന്റെ രണ്ടാം വരവിൽ വീണ്ടെടുക്കപ്പെട്ടവർക്ക് അതേ ജീവന്റെ വൃക്ഷത്തിന്മേൽ അവകാശംലഭിക്കുമെന്ന് തന്നെയാണ് വെളിപാട് പുസ്തകം 22:14 സാക്ഷ്യപ്പെടുത്തുന്നത്.
29. ബാബേൽ ഗോപുരത്തിന്റ കഥയും അതുപോലെ തന്നെ. മനുഷ്യൻ ദൈവത്തെപ്പോലെയാകും എന്ന ദൈവത്തിന്റെ അസൂയ, ഭയം!
കഷ്ടം. അച്ചൻ പഠിപ്പിക്കുന്നത് കത്തോലിക്കാ ബൈബിൾ തന്നെയാണോ? ശാസ്ത്രസാങ്കേതികപുരോഗതിയിലൂടെ, ജെനെറ്റിക് എൻജിനീറിയങ്ങിലൂടെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ അതിമാനുഷരാകാൻ ശ്രമിക്കുന്ന മാനവവംശം ഒരു ജനതയും ഒരു ഭാഷയും ഒരു മതവും
ഒരു ഭരണകൂടവും ഒരു ജീവിതരീതിയും ഒരു സംസ്കാരവും മാത്രമുള്ള ആഗോളസംവിധാനത്തിലേക്ക് അതിവേഗം നടന്നടുക്കുന്ന ഇക്കാലത്തെങ്കിലും ദൈവത്തെക്കൂടാതെ വലിയവരാകാൻ കൊതിച്ച ബാബേൽ ജനതയുടെ ഉദാഹരണത്തിൽ നിന്ന് നാം എന്തെങ്കിലും പഠിക്കുമോ?
30. കഥയാണ്. വിചിന്തനമാണ്.നന്മതിന്മകളുടെ സംഘട്ടനമാണ്.
ആയിക്കോട്ടെ. അതിലൊന്നും നമുക്ക് എതിർപ്പില്ലല്ലോ.
31. കീഴടക്കലിനെതിരായ പ്രതിഷേധമാണ് ഓണം. അതിൽ മതപരമായോ ദൈവാരാധനയുമായി ബന്ധപ്പെട്ടതോ ആയി ഒന്നുമില്ല. സത്യത്തിൽ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് തന്നെ മാറണം.
ഓണത്തെ സംബന്ധിച്ച രേഖകളിലൊന്നും അത് കീഴടക്കലിനെതിരായ പ്രതിഷേധമാണ് എന്ന ആശയം ശക്തമായി കാണുന്നില്ല. അങ്ങനെയായിരുന്നെങ്കിൽ മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനനെ അവർ ദൈവമായി ആരാധിക്കില്ലായിരുന്നല്ലോ. അതുകൊണ്ടുതന്നെയാണ് അമിത് ഷായും മറ്റു പല ബി ജെ പി നേതാക്കളും കേരളീയർക്ക് ഓണാശംസകൾക്ക് പകരം വാമനജയന്തി ആശംസകൾ നേർന്നതും അതിനെതിരെ ആരും കാര്യമായി പ്രതികരിക്കാത്തതും. അവർക്ക് കാര്യം മനസിലായി. തോമാശ്ലീഹാ നേരിട്ട് മാമോദീസ മുക്കിയ കേരളകത്തോലിക്കർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല. നമ്മൾ ഇപ്പോഴും ദൈവത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റണം എന്ന് പറയുന്ന കാരിമറ്റം അച്ചനെപ്പോലുള്ളവരുടെ പ്രഭാഷണവും കേട്ട് നൂറ്റിരണ്ടാം ദിവസം വെജിറ്റേറിയൻ ഭക്ഷണവും കഴിച്ച് വീണ്ടും നമ്പൂതിരി ആകാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്കിയിരിക്കുകയാണ്.
32. ഇങ്ങനെയൊക്കെയാണെങ്കിലും ലിറ്റർജിക്കൽ പരിപാടികളിൽ ഓണത്തപ്പന്റെ വേഷം കെട്ടി വരുന്നതും ഓണക്കുർബാന ചൊല്ലുന്നതും, അച്ചന്മാർ ഓണക്കവണി, വേഷം ഇവയൊക്കെ ധരിക്കുന്നതും അവഹേളനമാണ്. അത് വിശുദ്ധമായവയെ അശുദ്ധമാക്കുന്നതിനു തുല്യമാണ്. ഓണം വെറുമൊരു സാമൂഹ്യാചാരം മാത്രമായി കണ്ടാൽ ഒരു കുഴപ്പവുമില്ല.
കാരിമറ്റം അച്ചന്റെ പ്രഭാഷണത്തിന്റെ ക്ലൈമാക്സ് വരുന്നതേയുള്ളൂ. ഇത്രയൊക്കെ പറയുന്ന അച്ചൻ അവസാനിപ്പിക്കുന്നത് "ഇങ്ങനെയൊക്കെയാണെങ്കിലും ലിറ്റർജിക്കൽ പരിപാടികളിൽ ഓണത്തപ്പന്റെ വേഷം കെട്ടി വരുന്നതും ഓണകുർബാന ചൊല്ലുന്നതും, അച്ചന്മാർ ഓണക്കവണി, വേഷം ഇവയൊക്കെ ധരിക്കുന്നതും അവഹേളനമാണ് എന്നും അത് വിശുദ്ധമായവയെ അശുദ്ധമാക്കുന്നതിനു തുല്യമാണ്" എന്നും പറഞ്ഞുകൊണ്ടാണ്. ബിഷപ്പുമാരും സെമിനാരി പ്രൊഫസർമാരായ വൈദികരും ചേർന്ന് വർഷാവർഷം ഓണം നല്ലതാണ്, ഓണം കത്തോലിക്കാദൈവാലയങ്ങളിൽ തീർച്ചയായും ആഘോഷിക്കണം, ഓണം കൂട്ടായ്മയുടെ ഉത്സവമാണ്, ഓണം സമൃദ്ധിയുടെ ഉത്സവമാണ്, മഹാബലി യേശുക്രിസ്തുവിന്റെ പ്രതീകമാണ് , ഓണത്തെ എതിർക്കുന്നവർ താലിബാൻ, ഐ എസ് ഭീകരന്മാർക്ക് തുല്യരാണ് എന്നൊക്കെ നാടുമുഴുവൻ പ്രസംഗിച്ചും എഴുതിയും നടക്കുമ്പോൾ ആ ചതിക്കുഴിയിൽ വീണുപോയ ഒന്നോ രണ്ടോ അച്ചന്മാർ ഏതെങ്കിലും പള്ളിയിൽ ഓണക്കവണി ധരിക്കുന്നതും ഓണത്തിന് പ്രത്യേകം കുർബാന ചൊല്ലുന്നതും ഇത്തരം വ്യാജപ്രബോധനങ്ങളിൽ ആകൃഷ്ടരായിട്ടാണെന്നുള്ളതല്ലേ സത്യം! അതിൽ അവരെക്കാൾ ഉത്തരവാദിത്വം സെമിനാരി പഠനകാലത്ത് ഇത്തരം വിശ്വാസവിരുദ്ധ ആശയങ്ങൾ അവരുടെ തലയിലേക്ക് കടത്തിവിട്ട അധ്യാപകർക്കും ഇത്തരം അപഭ്രംശങ്ങൾ തക്കസമയത്ത് തിരുത്തിക്കൊടുക്കാത്ത മെത്രാന്മാർക്കുമല്ലേ. ആശാനാക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നാണല്ലോ പ്രമാണം.
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ എന്റെ വാക്കുകൾ ഉപസംഹരിക്കുകയാണ്. എല്ലാവർക്കും കുരിശിന്റെ
പുകഴ്ചയുടെ തിരുനാൾ ആശംസകൾ. ഉവ്വ്. അങ്ങനെയൊരു തിരുനാളും സഭയിലുണ്ട്. ഓണക്കാലത്തായതുകൊണ്ട് അതിപുരാതനകത്തോലിക്കർ പലരും അത് ശ്രദ്ധിക്കുന്നില്ലെന്നേയുള്ളൂ
നന്ദി, നമസ്കാരം.
(കടപ്പാട്)