ഒരു വിശ്വാസിയുടെ പ്രതികരണം.കഴിഞ്ഞ കുറേനാളുകളായി സീറോമലബാര്‍ സഭയില്‍ ഉടലെടുത്ത ഭൂമിവിവാദവുമായി ബന്ധപ്പെട്ട് സഭാ പിതാക്കന്മാരെയും വൈദീകരെയും അപഹാസ്യരാക്കുന്നവിധത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വളരെയധികം വേദനയുളവാക്കുന്നതാണ്.ഒരു മുറിയിലിരുന്നു സംസാരിച്ചു തീര്‍ക്കേണ്ട വിഷയങ്ങള്‍ തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നവര്‍ കാണാതെ പോകുന്നത് സഭയെ കെട്ടിപ്പടുത്ത വിശ്വാസിയുടെ നൊമ്പരങ്ങളാണ്...
എങ്കിലും മെത്രാന്മാരെയും വൈദീകരെയുമൊന്നും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല.കാരണം ഭൂമിയില്‍ മനുഷ്യനായിപിറന്നവരില്‍ ദൈവപുത്രനായ ഈശോ യല്ലാതെ മറ്റാരും പരിപൂര്‍ണരല്ല.പൂര്‍ണരല്ലാത്ത മാര്‍പ്പാപ്പായ്ക്ക്കും മേത്രാന്മാര്‍ക്കും വൈദീകര്‍ക്കും വിശ്വാസ സമൂഹത്തിനും തെറ്റുകള്‍ സംഭവിക്കുക സ്വാഭാവികം.സഭ അതിന്‍റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു 'സ്ഥാപന'വല്‍ക്കരണതിലെക്കും 'സമ്പാദന'നത്തിലെക്കും പോകുമ്പോഴുള്ള ദൈവിക ഇടപെടലായി ഈ സംഭവങ്ങളെ കാണുവാനാണ് എനിക്കിഷ്ടം.
തിന്മയില്‍ നിന്നുപോലും നന്മയുളവാക്കുന്ന ദൈവത്തിന്‍റെ പദ്ധതികള്‍ തിരിച്ചറിയുവാന്‍ ആര്‍ക്കു കഴിയും.ഈജിപ്തില്‍ നിന്നും നേരെ പോയാല്‍ 240 മൈല്‍ മാത്രം ദൂരമുള്ള പാലസ്തീനായിലേക്ക് 40 വര്‍ഷക്കാലം മരുഭൂമിയിലൂടെ ഇസ്രയേല്‍ ജനതയെ നടത്തിയ ദൈവിക പദ്ധതി മനുഷ്യ ബുദ്ധിക്കു മനസ്സിലാകില്ല.ഉല്‍പ്പത്തി മുതല്‍ വെളിപാടുവരെയുള്ള ബൈബിളിലെ എല്ലാ പുസ്തകങ്ങളിലും മനുഷ്യ ബുദ്ധിക്കു അപ്രാപ്യമായ ദൈവീക ഇടപെടലുകള്‍ മാത്രമല്ലേ കാണുന്നത്.ഇന്നും സഭയിലൂടെ തുടരുന്നതും ഇത് തന്നെ.
രാജ്യത്തിന്‍റെ നീതി വച്ചു ദൈവിക നീതിയെ അളക്കുക അസാധ്യം.ആദ്യം വന്നവനും അവസാനം വന്നവനും ഒരേകൂലികൊടുക്കുന്ന ദൈവത്തിന്‍റെ ഏര്‍പ്പാട് എന്‍റെ മനുഷ്യ നീതിക്ക് അന്ഗീകരികാനാവില്ല.സ്വന്തം അധ്വാനഫലത്തില്‍ നിന്നും സുഭിക്ഷമായികഴിഞ്ഞു എന്ന ഒറ്റകാരണത്താല്‍ നരകത്തിലെത്തിചേര്‍ന്ന ധനവാന് രാജ്യത്തിന്‍റെ നിയമങ്ങള്‍ വച്ചു നീതി ലഭിക്കെണ്ടതല്ലേ....എന്തിനേറെ,ഈശോയുടെ കുറ്റവിചാരണ വേളയില്‍ മൂന്നു വട്ടം കള്ളം പറഞ്ഞ പത്രോസിനെപിടിച്ച് സഭയുടെ താക്കോല്‍ ഏല്‍പ്പിച്ചത് മനുഷ്യ നിയമങ്ങള്‍ക്കു അന്ഗീകരികാനാവുമോ..
ആദ്യം കിട്ടുന്ന മത്സ്യത്തിന്റെ വായ തുറന്നു അതില്‍ നിന്നും കിട്ടുന്ന നാണയമെടുത്തു എനിക്കും നിനക്കും വേണ്ടി നികുതി നല്‍കുക എന്ന് യേശു പറയുന്നത്,ആരും രാജ്യത്തിന്‍റെ നിയമങ്ങല്‍ക്കതീതരല്ല എന്നാണ്.ഏതൊരുവിശ്വാസിയും രാജ്യ നിയമങ്ങള്‍ അനുസരിക്കുന്നതോടൊപ്പം,എഴുതി വയ്ക്കപ്പെടാത്ത ദൈവീക നീതിക്കുവേണ്ടിയും പ്രാര്തിക്കണം.ഒരു വിശ്വാസി എന്ന നിലയില്‍, ഏതെങ്കിലും വൈദീകനിലോ ,മേത്രാനിലോ അല്ല എന്‍റെ വിശാസം.പീഡകള്‍ സഹിച്ചു കുരിശില്‍ തറക്കപ്പെട്ടു സ്വയം അപ്പമായി മാറിയവനിലാണ് എന്‍റെ വിശ്വാസം.
എന്തൊക്കെ തെറ്റുകളുണ്ടായാലും ദിവസവും അപ്പവും വീഞ്ഞും പരികര്‍മ്മം ചെയുന്ന കരങ്ങളെയും ഞാന്‍ വെറുക്കുന്നില്ല.അവരുടെ നീതി ദൈവകരങ്ങളിലാണ് . ദുഖവെള്ളിക്കുമപ്പുറമുള്ള ഉയിര്‍പ്പിലാണ് ഞാന്‍ പ്രത്യാശ വയ്ക്കുന്നത്.ഏതൊരു പീഡാനുഭവത്തിനും ശേഷം ഉത്ഥാനമുണ്ടാകും.കുരിശില്‍ മരിച്ചവനിലല്ല,ഉയിര്‍ത്തെഴുന്നേറ്റവനിലേക്ക് നോക്കാം
...എല്ലാ കൂട്ടുകാര്‍ക്കും ഈസ്റ്റെര്‍ മംഗളങ്ങള്‍ ....