ശരീര സംധാനത്തിന് ഒൻപത് മാസവും ആധ്യാത്മിക വളർച്ചക്ക് മുപ്പതു കൊല്ലവും മറിയത്തിന്റെ അധീനതയിൽ കഴിച്ചു കൂട്ടുവാൻ മിശിഹാ അഭിലഷിച്ചെങ്കിൽ, നമ്മിൽ ക്രിസ്തു ഉരുവാക്കപ്പെടുന്നതിനു ആ വത്സല മാതാവിന്റ ശിക്ഷണത്തിനല്ലയോ നാം സ്വയം അർപ്പിക്കപ്പെടേണ്ടിയിരിക്കുന്നത് ?. എന്തുകൊണ്ടെന്നാൽ ക്രിസ്തുവിന്റെ അമ്മക്കുമാത്രമേ ക്രിസ്ത്യാനിയെ വളർത്താൻ അറിയുകയോള്ളൂ. ആകയാൽ നമ്മുടെ എല്ലാ സംരംഭങ്ങളും കന്യാംബികയുടെ നേതൃത്വത്തിന് ആർപ്പിക്കേണ്ടതാണ്. ഏലീഷ്വായുടെയും സ്നാപകയോഹന്നാന്റെയും കാനായിലെ വധൂവരന്മാരുടെയും അടുക്കലേക്കു യേശുവിനെ ആനയിച്ച പരിശുദ്ധ മറിയം നമ്മിലേക്കും അവിടുത്തെ ആനയിക്കേണ്ടതിനാണ് ഇപ്രകാരം ചെയ്യേണ്ടിയിരിക്കുന്നത്.
മറിയം വഴി മാത്രമേ ലോകം യേശുവിനെ കണ്ടെത്തുകയോള്ളൂ. ഇതിനുള്ള ഒരു ഉപാധിയാണ് കൊന്തനമസ്കാരം. ഈ സുകൃതാഭ്യാസം വഴി നമുക്കൊത്തതിരി അനുഗ്രഹങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അനുദിനം കൊന്ത ജപിക്കുകയും ദൈവനുഗ്രഹത്തോട് സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നവർ ഒരിക്കലും നാശത്തിൽ പതിക്കുകയില്ല എന്നതാണ് ഇതുമൂലം ഉണ്ടാകുന്ന ഏറ്റവും വലിയ അനുഗ്രഹം. അംഗങ്ങൾ കൂട്ടമായി ജപമാല ചൊല്ലുന്ന കുടുംബങ്ങൾ സമാധാന കാലങ്ങളിലും സമര വേളകളിലും ഒന്നുപോലെ ദൈവനുഗ്രഹ സമൃദ്ധമായി പരിലസിക്കും. ഇനിയും ദൈവവിശ്വാസത്തിലും സ്നേഹത്തിലും ഒരുവനെ ശക്‌തിപ്പെടുത്തുവാൻ ഏറ്റവും പറ്റിയ മാർഗമാണ് കൊന്തനാമസ്കാരം. ഒന്നുകിൽ അയാൾ അത് മുടക്കും അല്ലെങ്കിൽ വിശ്വാസ ദാർഢ്യം കരാഗതമാകും. തന്റെ തിരുസുതന്റെ പക്കൽ മറിയം നമ്മെ എത്തിക്കുന്നതിനാണ് ഈ ഭക്തകൃത്യം ലക്ഷ്യമിടുന്നത്.ആ അന്ത്യം ആരാണ് അഭിലഷിക്കാത്തത്.