സന്ദേശങ്ങളുടെയും പ്രവചനങ്ങളുടെയും പുറകെ പോകുമ്പോൾ ....
നിരീശ്വരവാദ ചിന്തകൾ താലോലിച്ചു നടക്കുന്ന കാലം കരിസ്മാറ്റിക് പ്രാർഥനകൾ മാത്രമല്ല എല്ലാ ഭക്താഭ്യാസങ്ങളും തട്ടിപ്പാണെന്ന ഒരു തെറ്റായ കാഴ്ചപ്പാടോടെ കുറേക്കാലം തള്ളി നീക്കാനിടയായി. ദൈവത്തെക്കുറിച്ചു ചിന്തയില്ലാത്തവന് പാപത്തെക്കുറിച്ചു ഒരു ചിന്തയോ കുറ്റബോധമോ തോന്നേണ്ട കാര്യവുമില്ല. പൊസിറ്റിവ് ചിന്തകൾ, ജോലിയാണ് ആരാധന എന്നൊക്കെ പറഞ്ഞു സന്തോഷിക്കാൻ ശ്രമിച്ച 15 വർഷങ്ങൾ.
തിരിഞ്ഞു നോക്കുമ്പോൾ ഒരു യഥാർഥ സന്തോഷമോ, ഒരു നല്ല അനുഭവമോ ആ വർഷങ്ങളിൽ ജീവിതത്തിൽ ഉണ്ടായില്ല എന്നു മനസ്സിലായി. ടെൻഷൻ മാറാൻ മദ്യപാനം, കൂടെകൂടെയുള്ള യാത്രകൾ, കൂട്ടുകാർ.... പക്ഷെ ജീവിതത്തിൽ ഒരു സന്തോഷമില്ലായ്‌മ. മദ്യപിക്കുമ്പോൾ മാത്രം ലഭിക്കുന്ന മനസമാധാനം. രാത്രിപകലുകൾ വ്യത്യാസമില്ലാതെ ജോലിചെയ്താലും ഒരു അഭിവൃദ്ധിയോ, സന്തോഷമോ ഇല്ലാത്ത അവസ്‌ഥ. പോരാത്തതിന് കുടുംബത്തിൽ ചില്ലറ കലപിലകളും. മരണമാണ് നല്ലതെന്ന വിഡ്ഢികളുടെ ചിന്ത എന്നെയും പിടികൂടുന്നതുപോലെ.
പരസ്പരം അറിയാത്ത വ്യക്തികളിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ ചിന്തക്കും യുക്തിക്കും അതീതമായിരുന്നു. പക്ഷെ അവയിൽ പലതും സംഭവിക്കുന്നത് കാണുമ്പോൾ എളിമയിലും വിശ്വാസത്തിലും വളരുവാൻ സഹായിച്ചു എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
ഒരു ആന്തരിക സൗഖ്യ ധ്യാനവും, തപസ് ധ്യാനവും, പരിശുദ്ധാത്മാഭിഷേക ധ്യാനവും ഇതെല്ലാം സത്യമാണെന്നു അനുഭവിച്ചറിയാൻ ഇടയാക്കി.
പരസ്പരം അറിയാത്ത വ്യക്തികളിലൂടെ വെളിപ്പെടുത്തപ്പെട്ട കാര്യങ്ങൾ എല്ലാ യുക്തിക്കും അതീതമായിരുന്നു.
ദൈവം ആഗ്രഹിക്കുന്ന കാര്യം മാത്രമേ ജീവിതത്തിൽ ചെയ്യൂ അതാകുമ്പോൾ വലിയ വിഷമങ്ങൾ ഉണ്ടകില്ലല്ലോ എന്നോർത്തു എല്ലാകാര്യങ്ങളും സന്ദേശം സ്വീകരിച്ചു കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചു. രണ്ടു വർഷക്കാലം കൊണ്ടു മനസ്സിലായ ഒരു കാര്യം ജീവിതത്തിൽ ഒന്നും നടക്കുന്നില്ല എന്നു തോന്നുവെങ്കിൽ മാത്രം, വിശ്വാസവും പ്രത്യാശയും നാസ്തപ്പെട്ടു എന്ന് തോന്നുമ്പോൾ സന്ദേശങ്ങളുടെ പുറകെ പോയാൽ മതിയാകുന്നതാണ്. പലപ്പോഴും പ്രവചങ്ങൾ കേട്ട് അതിനെ താലോലിച്ചു നടന്ന പലരും കാലതാമസം മൂലം ഇടറിക്കപ്പെടുന്നതും കാണാൻ ഇടയായിട്ടുണ്ട്. അബ്രാഹത്തിന്റെ സന്താനങ്ങളെ വർധിപ്പിക്കും എന്നു സന്ദേശം നൽകിയ ദൈവം, അബ്രാഹത്തിനു ആദ്യത്തെ പുത്രനെ കൊടുത്തത് എന്നാണെന്നു മനസ്സിലാക്കുന്നത് ഉചിതമായിരിക്കും. അവിടെ മാനുഷിക ബുദ്ധിയിൽ പ്രവചന/സന്ദേശ പൂർത്തീകരണം (അബ്രാഹത്തിന്റെ കുട്ടി ദാസിയിൽ ജനിച്ച സംഭവം ) കൊണ്ട് എന്തെല്ലാം ബുദ്ധിമുട്ടുകൾ പിന്നീട് ഉണ്ടായെന്നു വചനം സാക്ഷ്യപ്പെടുത്തുന്നു.
സന്ദേശങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും വിശുദ്ധിയിൽ കല്പനകളും പ്രമാണങ്ങളും അനുസരിച്ച് ജീവിച്ചാൽ, പ്രാർത്ഥിച്ചു ദൈവഹിതം മാത്രം നടക്കണമെന്നു അപേക്ഷിച്ചാൽ എല്ലാം ദൈവം ഫല പ്രാപ്തിയിൽ എത്തിക്കുന്നത് കാണാൻ സാധിക്കും. അല്ലാതെ എന്നോ പൂർത്തിയാക്കപ്പെടേണ്ട പ്രവചനങ്ങളെ താലോലിച്ചു സമയം നഷ്ടപ്പെടുത്താതെ മുന്നോട്ടു പോകുക. അതിനു വേണ്ടി പ്രത്യകിച്ചു മാനുഷിക പ്രയത്നം ആവശ്യമില്ല എന്ന് തന്നെയാണ് പലരുടെയും ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.
എന്നിരുന്നാലും കർത്താവിനോട് പ്രാർത്ഥിക്കുകയും, അവസരം കിട്ടിയാൽ വര ദാനങ്ങൾ ഉള്ളവരുടെ കൂടെയിരുന്നു ദൈവഹിതം വെളിപ്പെടാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നത് എളിമയിലുള്ള ജീവിതത്തിനും ആത്മീയ വളർച്ചക്കും അനുയോജ്യം തന്നെയാണ്.
കുറച്ചു നാളുകൾക്കു മുൻപ് സന്ദേശം സ്വീകരിച്ചു ചെയ്ത ഒരു കാര്യം യാതൊരു വിധ ഫലവും പുറപ്പെടുവിച്ചില്ലായെന്നു തോന്നുകയുണ്ടായി. കുറെയേറെ സമയവും അധ്വാനവും പണവും നഷ്ടവുമായി. കൂടെ ചെയ്യാൻ കൂടിയവർ പ്പോലും സന്ദേശത്തെ സംശയിച്ചു. മാസങ്ങൾ കഴിഞ്ഞപ്പോൾ നമ്മെ ഒരുക്കാനും ഒത്തിരി കാര്യങ്ങൾ പടിപ്പിക്കാനുമായിരുന്നു എന്ന് മനസ്സിലായി. വിശുദ്ധ പൗലോസ് ശ്ലീഹക്ക് പല ക്ലേശങ്ങളും നേരത്തെ മുന്നറിയുപ്പ് കൊടുത്തിട്ടാണ് കൊണ്ടുപോയത്. എന്നാൽ പിന്നെ എന്തിനാണ് പോയത്, കൊണ്ടുപോയത് എന്ന ചോദ്യങ്ങൾക്ക് ഉത്തരം ദൈവേഷ്ടം നിറവേറ്റുവാൻ, അല്ലെങ്കിൽ ഒരുക്കാൻ എന്നു മാത്രമേ ഉത്തരമൊള്ളു.
അതുകൊണ്ടു പലർക്കും അബദ്ധം പറ്റുന്നതുപോലെ വിശുദ്ധിയില്ലാതെ, പ്രാര്ഥനയില്ലാതെ സന്ദേശങ്ങൾ മാത്രം സ്വീകരിച്ചു മുന്നോട്ടു പോയാൽ, അല്ലെങ്കിൽ സന്ദേശങ്ങൾ ഒരു കുറുക്കുവഴിയായി സ്വീകരിച്ചാൽ പല ഒരുക്കപ്പെടലിന് മുൻപിലും, ക്ലേശങ്ങളിലും പിടിച്ചു നിൽക്കാനാവാതെ സന്ദേശം തന്നവനോട് വഴക്കു കൂടുവാനും, സ്വന്തം വിശ്വാസം നഷ്ടപ്പെടുത്താനും ഇടയാകും. അവസാനം ഇതെല്ലാം ഒരു തട്ടിപ്പാണെന്നുള്ള ഒരു ചിന്തയിലേക്ക് എത്തിച്ചേരാനും കാരണമായേക്കാം.
സന്ദേശങ്ങൾ സ്വീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നടക്കുമെന്ന് പറഞ്ഞ സമയം പലപ്പോഴും ശരിയാകാറില്ല എന്നു തന്നെയാണ്. പാപമേഖല തിരുത്താതെ പ്രവചനം എല്ലാ നടക്കുമെന്നോർത്താലും അപകടം തന്നെയാണ്. പ്രവചനങ്ങളിലൂടെ വെളിപ്പെടുത്തപ്പെട്ട ഭൗതീക ആത്മീയ നന്മകളെ താലോലിക്കാതെ അത് മറ്റാരോടും പറയാതെ മറന്നു കളഞ്ഞു മുൻപോട്ടു പോകുമ്പോൾ ദൈവഹിതങ്ങൾ എല്ലാം നടപ്പിൽ വരുന്നത് കാണാൻ സാധിക്കും.
വിശുദ്ധി അഭ്യസിച്ചു തുടങ്ങുകയും അനുതാപത്തിലൂന്നിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം, അപ്പോൾ നമ്മെ ഒരുപകരണമാക്കി ഉപയോഗിക്കാൻ ദൈവത്തിനു സാധിക്കും.
By
Lijo peter
Myparish.net Member