പ്രിയ സഹോദരങ്ങളെ ഇന്ന് നമ്മുടെ ക്രിസ്തീയ കുടുംബങ്ങള്‍ എങ്ങനെ ഉള്ളവയായിരിക്കണം എന്ന് നമുക്ക് അല്‍പ്പം ധ്യാനിക്കാം.
ഓര്‍ക്കുക, കുടുംബമാകാനുള്ള വിളി ദൈവത്തില്‍ നിന്നാണ് ഓരോ വ്യക്തിയും സ്വീകരിക്കുന്നത്. അത് കൊണ്ടുതന്നെ കുടുംബങ്ങള്‍ ദൈവീക പദ്ധതിയുടെ ഭാഗങ്ങളാണ്. സുവിശേഷ ചൈതന്യത്തില്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാതൃക അനുസരിച്ച് ജീവിക്കുവാനാണ് ഓരോ ക്രിസ്തീയ കുടുംബങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ഭവനങ്ങളുടെ വാതില്‍ ക്രിസ്തുവിനായി ഇപ്പോഴും തുറന്നിട്ടിരിക്കണം.
ക്രിസ്തീയ ഭവനങ്ങളില്‍ വിശുദ്ധ ബൈബിള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലം, ഒരു ദൈവാലയത്തിലെ പരിശുദ്ധ കുര്‍ബാന സ്ഥാപിച്ചിരിക്കുന്ന സക്രാരിക്ക് തുല്യമാണെന്ന് മറക്കരുത്. ഒരു ക്രിസ്തീയ ഭവനം ഒരിക്കലും ദൈവം തന്റെ പ്രിയപുത്രന്റെ മാതാവും വളര്‍ത്തു പിതാവുമാകുവാന് തിരഞ്ഞെടുത്ത പരിശുദ്ധ അമ്മയെയും വിശുദ്ധ ഔസേപ്പ് പിതാവിനെയും മാറ്റി നിര്‍ത്തുകയില്ല.കാരണം നസ്രത്തിലെ തിരുക്കുടുംബത്തിനു രൂപം നല്‍കാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് അവര്‍. അപ്പോള്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരെ സ്വീകരിക്കുന്നവര്‍ ദൈവത്തെയാണ് സ്വീകരിക്കുന്നത് എന്നര്‍ത്ഥം.
ആദിമ ക്രൈസ്തവ കൂട്ടായ്മകളില്‍ ഉണ്ടായിരുന്ന സ്നേഹ ചൈതന്യം, ഇന്നത്തെ സ്നേഹക്കൂട്ടയ്മകളില്‍ പങ്കുവെക്കുവാന്‍ ദൈവത്താല്‍ വിളിക്കപ്പെടുന്നവരാണ് ക്രിസ്തീയ കുടുംബങ്ങള്‍. ക്രിസ്തീയ കുടുംബങ്ങള്‍ ഒന്നും തന്നെ അവരവര്‍ക്കുവേണ്ടി തന്നെ ജീവിക്കാതെ സഭക്കും സമൂഹത്തിനും വേണ്ടി കൂടി ജീവിക്കുവാനുള്ള അവരുടെ വിളി മറക്കരുത്. ദൈവീക ദാനങ്ങളിലേക്ക് തുറവിയുള്ളതായിരിക്കണം ക്രിസ്തീയ കുടുംബങ്ങള്‍. ജീവന്‍ ദൈവത്തിന്റെ ദാനമാണെന്നു മനസിലാക്കി ദൈവം നല്‍കുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കുവാനും അവരെ ക്രിസ്തുവിലും, ക്രിസ്തു സ്ഥാപിച്ച സഭയിലുമുള്ള വിശ്വാസത്തില്‍ വളര്‍ത്തുവാനുള്ള പൂര്‍ണമായ ഉത്തര വാദിത്വം ക്രിസ്തീയ മാതാപിതാക്കളില്‍ നിക്ഷിപ്തമാണ്. ഒരുമിച്ചുള്ള കുടുംബ പ്രാര്‍ത്ഥനകള്‍ കുടുംബത്തിന്റെ ഐക്യത്തിനും സമാധാനത്തിനും അനിവാര്യമാണ്.
മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുമ്പോള്‍ അവര്‍ ദൈവത്തിന്റെ സൃഷ്ടികര്‍മത്തിലാണ് പങ്കുചേരുന്നത് എന്നാ സത്യം നമ്മള്‍ മറന്നു പോകരുത്. മക്കള്‍ക്ക് മാതൃക നല്‍കുന്നതിനോടൊപ്പം അവര്‍ക്ക് വേണ്ടുന്ന കത്തോലിക്ക ക്രിസ്തീയ വിശ്വാസവും പഠനങ്ങളും നല്‍കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളാകണം. മൂല്യാധിഷ്ടിതമായ കത്തോലിക്ക വിശ്വാസത്തിന്റെ അഭാവം സമൂഹത്തിന്റെയും കുടുംബങ്ങളുടെയും ഭാവിക്ക് കോട്ടം വരുത്തും എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. കത്തോലിക്ക ക്രിസ്തീയ കുടുംബങ്ങള്‍ തിരുക്കുടുംബത്തിന്റെ മാതൃകയില്‍ ജീവിച്ചു ത്രിയേക ദൈവകുടുംബത്തിന്റെ ഭാഗമായി തീരുവാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്.
അതിനു നമ്മെ സഹായിക്കുന്ന കൂദാശകള്‍ സ്വീകരിക്കുവാനും ഓരോ കൂദാശകളിലും അടങ്ങിയിരിക്കുന്ന ആത്മീയ ചൈതന്യം തിരിച്ചറിഞ്ഞു ജീവിക്കുവാനും ഓരോ ക്രിസ്ത്യാനിക്കും കടമയുണ്ട്. പ്രാര്‍ത്ഥനയും വിശ്വാസവും ഇല്ലാത്ത പുതിയ തലമുറ തീര്‍ക്കുന്ന ലോകം മനുഷ്യവാസയോഗ്യമായിരിക്കുമോ എന്ന് നമുക്ക് ചിന്തിക്കാം. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നമ്മെ കൂടുതല്‍ ഭീതിയിലാക്കുന്നുവെങ്കില്‍ ഓര്‍ക്കുക കുടുംബങ്ങളില്‍ നിന്നും ക്രിസ്തുവും ക്രിസ്തീയതയും ക്രിസ്തുവിന്റെ കുടുംബവും പുറത്താക്കപ്പെട്ടിരിക്കുന്നു.
മക്കള്‍ ഓര്‍ക്കുക, നിങ്ങള്‍ വളര്ന്നതിനോപ്പം നിങ്ങളുടെ മാതാപിതാക്കളും വളര്‍ന്നു. അവരുടെ അറിവിനെ അനുഭവത്തെ മാനിക്കുക, എങ്കില്‍ നിങ്ങളെ മാനിക്കുന്ന ഒരു തലമുറ ഭാവിയില്‍ ഉണ്ടാകും. വിശ്വാസം മാത്രം കൊണ്ട് രക്ഷിക്കപ്പെടുന്നവനല്ല ക്രിസ്ത്യാനി എന്ന് തിരിച്ചറിഞ്ഞു കൊണ്ട് ഓരോ ക്രിസ്ത്യാനിയും തങ്ങളുടെ വിളിയില്‍ അടങ്ങിയിരിക്കുന്ന പുണ്യപ്രവര്‍ത്തികളിലൂടെ ജീവിതം വിശുദ്ധീകരിക്കുവാന്‍ നിരന്തരം ശ്രമിക്കണം.
ഒരുമിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ചു നിലനില്‍ക്കും എന്ന വിശുദ്ധ വാക്യങ്ങള്‍ നാം ഒരിക്കലും മറക്കരുത്. ഭാര്യഭാര്‍ത്താക്കന്മാരാകാന്‍ ദൈവമാണ് നിങ്ങളെ തിരഞ്ഞെടുത്തത്, അതുകൊണ്ട് തന്നെ നിരന്തരം ദൈവവുമായി കൂടിയാലോചിച്ചേ എന്തുകാര്യവും ചെയ്യാവു. വളരെ പ്രധാനമായ ഒരു കാര്യം മാതാപിതാക്കളും മക്കളും ഒരുമിച്ചു പ്രാര്‍ത്ഥിക്കുകയും ഒരുമിച്ചു ദൈവ വചനം വായിച്ചു ധ്യാനിക്കുകയും ചെയ്യുന്നത് കുടുംബ ജീവിതത്തെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.
By
Sabu Joseph