മനുഷ്യന്റെ ചരിത്രം തന്നെ പോരാട്ടങ്ങളുടെ ചത്രമാണല്ലോ. ശത്രുവിനെതിരെ നിരന്തരം പോരാട്ടത്തിലാണ് വ്യക്തികളും സമൂഹങ്ങളും രാജ്യങ്ങളും എല്ലാം. ആത്മീയതലത്തിലാകട്ടെ നമ്മുക്ക് പോരാടാൻ മൂന്നു ശത്രുക്കളാണുള്ളത്. ലോകം, പിശാച്, ശരീരം എന്നിവ. ഇവയിൽ പിശാചിനെയാണ് നമ്മൾ ഏറെ ഭയപ്പെടുന്നത്. എന്നാൽ കൂടുതലായി നമ്മൾ കരുതിയിരിക്കേണ്ട ശത്രു നമ്മുടെ ശരീരം തന്നെയാണ്. കാരണം ലോകവും പിശാചും നമ്മുക്ക് വെളിയിലാണല്ലോ. എന്നാൽ ശരീരമാകട്ടെ, നമ്മിൽ തന്നെയാണ്. അത് നമ്മൾ തന്നെയാണ്.
ആഗ്രഹിക്കുന്ന നന്മ ചെയ്യാൻ കഴിവില്ലാത്ത ആഗ്രഹിക്കാത്ത തിന്മ ചെയ്തുപോകുന്ന ബലഹീനമായ ശരീരം തന്നെയല്ലേ നമ്മുടെ മുഖ്യ ശത്രു? എന്നാൽ സ്വന്തം ശരീരത്തെ ശത്രുവായി കാണാൻ നമ്മളാരും ഇഷ്ടപ്പെടുന്നില്ല. ഈ പരമാർത്ഥം നന്നായറിയുന്ന സാത്താൻ നമ്മുടെ ശരീരത്തെ അവന്റെ ഇച്ഛയ്‌ക്കൊത്തു സദാ നയിച്ചുക്കൊണ്ടിരിക്കുന്നു. കാരണം അരൂപിയായ സാത്താന് പ്രവർത്തിക്കണമെങ്കിൽ നമ്മുടെ ശരീരം കൂടിയേ തീരൂ.
അവനെ നരകാഗ്നിയിലേക്കു തള്ളിയിട്ട അവന്റെ ശത്രുവായ ദൈവത്തിനെതിരെ പോരാടാൻ നമ്മളറിയാതെ നമ്മുടെ ശരീരത്തെ അവൻ ഉപയോഗിക്കുന്നു. ജഡത്തിന്റെ എല്ലാ ആസക്തികളും നമ്മിലേക്ക് നിവേശിപ്പിച്ചുകൊണ്ടാവാൻ നമ്മുടെ ശരീരത്തെ അവന്റെ ഇഷ്ടാനുസരണം പ്രവർത്തിപ്പിക്കുന്നുണ്ട്. പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന അവൻ എല്ലാ മ്ലേച്ഛതകളും കാണാനും കേൾക്കാനും നമ്മുടെ കണ്ണുകളെയും കാതുകളെയും നിർബന്ധിക്കുന്നു. തിന്മ നിറഞ്ഞ പരിപാടികൾ വഴി മാധ്യമങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. നമ്മൾ വഞ്ചിക്കപ്പെടുന്നു.
പ്രിയ കുഞ്ഞുങ്ങളേ , അത് തന്നെയല്ലേ നമ്മുടെ ആദി മാതാപിതാക്കളോടും അവൻ കാണിച്ച വഞ്ചന. വിലക്കപ്പെട്ട കനി ശരീരത്തിന് ആസ്വാദ്യവും കണ്ണിനു കൗതുകകരവുമായി അവൻ അവർക്കു മുന്നിൽ അവതരിപ്പിച്ചു. ലൈംഗിക അരാജകത്വം എന്ന മാരകമായ അവസ്ഥ നമ്മുടെ മകളുടെ മുന്നിലേക്ക് കണ്ണിനും കാതിനും ഇമ്പകരമാകുന്ന വിധത്തിൽ അവൻ വെച്ചുവിളമ്പുകയാണിന്നു. നന്മതിന്മകൾ തിരിച്ചറിയാനാകാത്ത ഇളം പ്രായത്തിൽ ധാരാളം കുട്ടികൾ ഇതെല്ലാം ആർത്തിയോടെ വാങ്ങി ഭക്ഷിച്ച് നാശമടയുന്നു.
പ്രിയ കുഞ്ഞുങ്ങളേ, ദാമ്പത്യ ബന്ധത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങൾ മാരകമായ പാപമാണ്. നമ്മുടെ ശരീരത്തെ നിയന്ത്രിക്കാനും സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുമുള്ള ഏക മാർഗം നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്നുള്ള സത്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുകയാണ്, അതിൽ ദൈവത്തെ കുടിയിരുത്തുകയാണ്. മറ്റെല്ലാ തിന്മകളും ശരീരത്തിന് വെളിയിലാണ് സംഭവിക്കുന്നത്. എന്നാൽ ലൈംഗികപാപങ്ങൾ ശരീരത്തിനുള്ളിൽ തന്നെയാണെന്നും അതിന്റെ ഫലങ്ങൾ ഭയങ്കമാണെന്നും മറക്കരുത്. അതുകൊണ്ടാണല്ലോ ഈശോ ഇത്ര കർശനമായി നമ്മെ താക്കീതു ചെയ്യുന്നത്.
'നിന്റെ കൈ നിനക്ക് ദുഷ്‌പ്രേരണയ്ക്കു കരണമാകുന്നെങ്കിൽ അത് വെട്ടിക്കളയുക. ഇരുകൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അഗ്നിയിൽ നിപതിക്കുന്നതിനേക്കാൾ നല്ലതു അംഗഹീനനാനയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ പാദം നിനക്ക് ദുഷ്‌പ്രേരണയ്ക്കു കരണമാകുന്നെങ്കിൽ അത് മുറിച്ചുകളയുക. രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനേക്കാൾ നല്ലതു മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്. നിന്റെ കണ്ണുമൂലം നിനക്ക് ദുഷ്‌പ്രേരണ ഉണ്ടാകുന്നെങ്കിൽ അത് ചൂഴ്‌ന്നെടുത്ത്എറിഞ്ഞുകളയുക. ഇരുകണ്ണുകളും ഉള്ളവനായി പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക് എറിയപ്പെടുന്നതിനേക്കാൾ നല്ലതു, ഒരു കണ്ണോടു കൂടെ ദൈവാരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്' (മാർക്കോ. 9 :42 -48 ).
മാത്യു മാറാട്ടുകളം